Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൈറ്റ് മെട്രോയിൽ പത്ത് ദിവസത്തിനകം തീരുമാനമോ? അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയാൽ വികസനത്തിൽ നയം പറയാൻ സർക്കാരിന് കഴിയില്ല; നിലപാട് എടുക്കാൻ സമയം ചോദിച്ചത് മെട്രോമാനെ ഒഴിവാക്കാൻ തന്നെ: കള്ളക്കളി തുടർന്നാൽ ലൈറ്റ് മെട്രോയ്ക്ക് ശ്രീധരൻ ഉണ്ടാകില്ല

ലൈറ്റ് മെട്രോയിൽ പത്ത് ദിവസത്തിനകം തീരുമാനമോ? അരുവിക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനമെത്തിയാൽ വികസനത്തിൽ നയം പറയാൻ സർക്കാരിന് കഴിയില്ല;  നിലപാട് എടുക്കാൻ സമയം ചോദിച്ചത് മെട്രോമാനെ ഒഴിവാക്കാൻ തന്നെ: കള്ളക്കളി തുടർന്നാൽ ലൈറ്റ് മെട്രോയ്ക്ക് ശ്രീധരൻ ഉണ്ടാകില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈറ്റ് മെട്രോയുടെ തർക്കത്തിന്റെ പേരിൽ കേരളത്തിന്റെ ഭാവി വികസന പദ്ധതികളിൽ നിന്ന് ഇ ശ്രീധരനെ ഒഴിവാക്കാൻ ആസൂത്രിത നീക്കം തുടരുന്നു. കൊച്ചി മെട്രോയോടെ ശ്രീധരന്റെ സേവനം മതിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് കരുനീക്കങ്ങൾ. ലൈറ്റ് മെട്രോയിൽ സ്വകാര്യ പങ്കാളിത്തമെന്ന നിർദ്ദേശം നടപ്പായാൽ പദ്ധതിയിൽ നിന്ന് ശ്രീധരൻ പിന്മാറും. പത്ത് ദിവസത്തിനകം തീരുമാനം പറയാമെന്നാണ് മുഖ്യമന്ത്രി ശ്രീധരനെ അറിയിച്ചിട്ടുള്ളത്. എന്നാൽ പത്ത് ദിവസം വീണ്ടും നീട്ടിയെടുക്കും. അതിനുള്ള വഴിയും സർക്കാർ കണ്ടെത്തി കഴിഞ്ഞു. അടുത്തയാഴ്ചയോടെ അരുവിക്കര ഉപതെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരും. അതുണ്ടായാൽ പിന്നെ ലൈറ്റ് മെട്രോ പോലുള്ള നയപരമായ തീരുമാനമൊന്നും പ്രഖ്യാപിക്കാൻ സർക്കാരിന് കഴിയില്ല. ഈ സാഹചര്യമുയർത്തി ശ്രീധരനോട് വീണ്ടും കാലാവധി നീട്ടി ചോദിക്കും.

അരുവിക്കര തെരഞ്ഞെടുപ്പ് നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ യുഡിഎഫിന് നിർണ്ണായകമാണ്. മുന്നണിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി പുറത്തുവരുമെന്ന ഭയം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കുണ്ട്. നിലവിലെ അവസ്ഥയിൽ ധനവകുപ്പാണ് ലൈറ്റ് മെട്രോയെ എതിർക്കുന്നത്. ധനമന്ത്രി കെഎം മാണിയെ തള്ളിപ്പറഞ്ഞ് ലൈറ്റ് മെട്രോയ്ക്ക് അനുകൂല തീരുമാനം എടുക്കാൻ മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല. സിപിഎമ്മും ശ്രീധരന്റെ ലൈറ്റ് മെട്രോയെ എതിർക്കുന്നു. അതുകൊണ്ട് തന്നെ ശ്രീധരനെ വികസന പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ പറ്റിയ സമയമായി ഇതിനെ ഭരണ മുന്നണി കാണുന്നു. കൊച്ചി മെട്രോയടക്കമുള്ളവയിൽ കമ്മീഷൻ കിട്ടാത്തതിൽ അരിശം പൂണ്ടവരാണ് ഈ നീക്കത്തിന് പിന്നിൽ. ഇതിനെ മുഖ്യമന്ത്രിക്കും പിന്തുണയ്‌ക്കേണ്ട അവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതിൽ തിരുമാനം നീളുന്നത്.

ധനകാര്യ, വ്യവസായ, പൊതുമരാമത്ത്, ഊർജ വകുപ്പുകളിലെ മന്ത്രിമാരും മന്ത്രി വി എസ് ശിവകുമാറും ഡൽഹി മെട്രോ റെയിൽ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനുമായി ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഡി.എം.ആർ.സി പ്രോജക്ടിന്റെ ശാസ്ത്രീയത കൃത്യമായി പഠിക്കാൻ യോഗം ശ്രീധരനോട് പത്തുദിവസം കൂടി ചോദിച്ചു. ശ്രീധരനെ പൂർണ്ണ വിശ്വാസമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്തിനാണ് ശ്രീധരനോട് സമയം ചോദിക്കുന്നത്. മെട്രോ മാനെന്ന വ്യക്തിയെ അപമാനിക്കാതെ ഒഴിവാക്കാനുള്ള തന്ത്രമായി ഇതിനെ കാണുന്നു. സമയം നീളുമ്പോൾ പദ്ധതിയിൽ നിന്ന് ശ്രീധരൻ സ്വയം ഒഴിയും അതിനുള്ള സാഹചര്യമാണ് യുഡിഎഫ് ഒരുക്കുന്നത്. കൊച്ചി മെട്രോയിലും ഇത്തരം നീക്കങ്ങൾ നടന്നിരുന്നു. അന്ന് ടോം ജോസ് ഐഎഎസ് ശ്രീധരനെതിരെ നടത്തിയ നീക്കങ്ങൾ മാദ്ധ്യമങ്ങൾ ഉയർത്തിക്കാട്ടിയതോടെയാണ് പദ്ധതി പൊളിഞ്ഞത്.

ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച തർക്കങ്ങളിൽ പത്തു ദിവസത്തിന് ശേഷം വീണ്ടും യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്യാനാണ് തീരുമാനം. അപ്പോഴേക്കും അരുവിക്കര തെരഞ്ഞെടുപ്പ് എത്തും. ആ രാഷ്ട്രീയ തിരക്കുകൾ ഉയർത്തി യോഗം പോലും വേണ്ടെന്ന് വയ്ക്കും. സ്വകാര്യ പങ്കാളിത്തം വേണമെന്ന് സർക്കാരും പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന് ഇ. ശ്രീധരനും നിലപാടെടുത്തതോടെയാണ് ഇന്നലത്തെ ചർച്ച എങ്ങുമെത്താതെ പിരിഞ്ഞത്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കണം എന്ന് ധനവകുപ്പ് നിർദ്ദേശിക്കുമ്പോൾ പൊതുമേഖലയിൽ തന്നെ മതി എന്നാണ് ഇ. ശ്രീധരന്റെ നിലപാട്. ലൈറ്റ് മെട്രോക്ക് പകരം മെട്രോ റയിൽ തന്നെ വേണമെന്ന പൊതുമരാമത്ത് വകുപ്പിന്റെ ആവശ്യത്തോടും ശ്രീധരൻ യോജിച്ചില്ല. കൺസൾട്ടൻസി ഫീസിനത്തിലും മറ്റും വൻതുക ഈടാക്കുന്ന ഡൽഹി മെട്രോ റയിൽ കോർപ്പറേഷനെ ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ധന-പൊതുമാരമത്ത് വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഇ. ശ്രീധരനുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഇന്നലെ രാവിലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്നലെ രാവിലെ ക്ലിഫ് ഹൗസിൽ വച്ചാണ് അരമണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. പദ്ധതിയുടെ കൺസൾട്ടന്റിനെ ആഗോള ടെൻഡറിലൂടെ കണ്ടെത്തണമെന്നും , പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ലൈറ്റ് മെട്രോ നടപ്പാക്കണമെന്നുമുള്ള നിർദ്ദേശങ്ങളാണ് പൊതുവേ ധനവകുപ്പ് ഉയർത്തുന്നത്. അതിനോട് ഇ . ശ്രീധരനും ഡി.എം.ആർ .സിക്കും യോജിപ്പില്ല . കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് പദ്ധതി നടപ്പാക്കണമെന്നാണ് ശ്രീധരന്റെ നിലപാട്. നിലപാടിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ശ്രീധരനും വ്യക്തമാക്കി. നിലവിലെ സാമ്പത്തിക പ്രതിസന്ധിയിൽ ലൈറ്റ് മെട്രോ നിർമ്മാണം സർക്കാരിന് ഏറ്റെടുക്കാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നൽകിയ നിർദ്ദേശങ്ങളിൽ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. ലൈറ്റ് മെട്രോ പദ്ധതിക്ക് പകരം ഫുൾമെട്രോ തന്നെ പരിഗണിക്കണമെന്നാണ് പ്രധാന ആവശ്യം. പദ്ധതിക്ക് കൊച്ചി മെട്രോ മാതൃകയിലുള്ള സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കുന്നതിന് പകരം സ്വകാര്യപങ്കാളിത്തമാണ് ആവശ്യങ്ങളിൽ രണ്ടാമത്തേത്. ശ്രീധരൻ മുഖ്യ ഉപദേഷ്ടാവായ ഡി.എം.ആർ. സി.യുടെ പ്രവർത്തനങ്ങൾക്കെതിരെയുള്ള രൂക്ഷമായ വിമർശമാണ് മൂന്നാമത്തേത്. ഇതിൽ മോണോറെയിൽ പദ്ധതിക്കായി ഒമ്പത് കോടി രൂപ ഡി.എം.ആർ.സി. ഈടാക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തതായി ആരോപിക്കുന്നു. ശ്രീധരനെ ഒഴിവാക്കണമെന്നാണ് ഈ നിർദ്ദേശങ്ങളുടെ ആകെ തുക.

നേരത്തെ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികളാണ് സർക്കാർ ലക്ഷ്യമിട്ടത്. എന്നാൽ രണ്ട് നഗരങ്ങളിലും മെട്രോ ലാഭകരമാകില്ലെന്ന് ഡിഎംആർസി പഠനത്തിലൂടെ നിർദ്ദേശം മുന്നോട്ട് വച്ചു. എല്ലാ സാധ്യതകളും പിരശോധിച്ച് ലൈറ്റ് മെട്രോയിലും ഡിഎംആർസി എത്തി. ഇതോടെയാണ് ശ്രീധരനെ ഒഴിവാക്കാനുള്ള കള്ളക്കളി തുടങ്ങിയത്. തിരുവനന്തപുരത്തിനും കോഴിക്കോടിനും മെട്രോ മതിയെന്ന് സിപിഐ(എം) നിലപാട് എടുത്തതോടെ കാര്യങ്ങൾ യുഡിഎഫിലെ ശ്രീധരൻ വിരുദ്ധർക്ക് തുണയാവുകയും ചെയ്തു. ലൈറ്റാ മെട്രോയുടെ ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെയും സാധ്യതാ പഠനത്തിനായി നാറ്റ്പാക്കിനെയും കൊണ്ടുവരണമെന്നാണ് ഇവർ പറയുന്നത്. ധനവകുപ്പിന്റെ നിർദ്ദേശങ്ങളിൽ പദ്ധതിയുടെ സാങ്കേതിക വശങ്ങൾക്ക് അമിത പ്രാധാന്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കെ.എം.ആർ.എല്ലിലെ ഒരു വിഭാഗം ഉദ്യോഗസ്ഥർ തയാറാക്കിയ നിർദ്ദേശങ്ങളുസരിച്ചാണ് ധനവകുപ്പിന്റെ നിർദ്ദേശങ്ങൾ വന്നിട്ടുള്ളതെന്നാണ് ആക്ഷേപം.

ലൈറ്റ് മെട്രോയിൽ 2014 ഒക്ടോബറിൽ തന്നെ വിശദമായ പദ്ധതി രേഖ സമർപ്പിച്ചിട്ടും ഇതുവരെയും സർക്കാർ യാതൊരു പ്രതികരണവും നടത്താത്തതിനെ തുടർന്ന് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്നു കാണിച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീധരൻ സംസ്ഥാന സർക്കാരിന് കത്തുനൽകിയിരുന്നു. തിരുവനന്തപുരത്ത് പള്ളിപ്പുറം ടെക്‌നോസിറ്റി മുതൽ കരമന വരെ 21.821 കിലോമീറ്റർ ദൂരം ലൈറ്റ് മെട്രോ സ്ഥാപിക്കാൻ 4219 കോടിയാണ് ആകെ ചെലവ് കണക്കാക്കുന്നത്. ഇതിൽ 20 ശതമാനം വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകണം. പ്രതിവർഷം 200 കോടി വീതം അഞ്ചു വർഷം കൊണ്ട് 1001 കോടിയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവാക്കേണ്ടത്. 2021ൽ യാഥാർത്ഥ്യമാക്കാനാവുന്ന പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കാവുന്ന ലാഭം രണ്ട് ശതമാനത്തോളം മാത്രമായതിനാൽ പി.പി.പി അടിസ്ഥാനത്തിലോ ബി.ഒ.ടിയിലോ സ്വകാര്യ സംരംഭകർ ഏറ്റെടുക്കാൻ സാദ്ധ്യതയില്ല.

അതുകൊണ്ടുതന്നെ ശേഷിക്കുന്ന 60 ശതമാനം തുക മറ്റ് മാർഗങ്ങളിലൂടെ സമാഹരിക്കുകയോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സമാഹരിക്കുകയോ വേണം. സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 3.04 ഹെക്ടർ ഉൾപ്പെടെ പദ്ധതിക്കാവശ്യമായ ആകെ 11.96 ഹെക്ടർ സ്ഥലവും സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകണം. നിലവിലുള്ള ബസ് ചാർജിന്റെ ഇരട്ടിയോളമായിരിക്കും ലൈറ്റ് മെട്രോയിലെ യാത്രക്കൂലിയെന്നും ശ്രീധരൻ പറയുന്നു. ഇത് തന്നെയാണ് കോഴിക്കോടിന്റെ കാര്യത്തിലും സംഭവിച്ചത്. പദ്ധതി നീണ്ടു പോകുമ്പോൾ നിർമ്മാണ ചെലവ് കൂടുകയും ചെയ്യും. തന്നെ ഒഴിവാക്കാനാണ് നീക്കമെന്ന് മനസ്സിലാക്കിയാണ് ശ്രീധരൻ കടുത്ത നിലപാടിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതോടെ എതിർപ്പുകൾ മറനീക്കി പുറത്തുവന്നു. ശ്രീധരനാണെങ്കിൽ ഒരു പദ്ധതിയും വേണ്ടെന്ന നിലപാടിലാണ് ധനവകുപ്പ്.

ലൈറ്റ് മെട്രോയിൽ എതിരഭിപ്രായം ഉയർന്നതോടെ പദ്ധതിയിൽ നിന്ന് പിന്മാറാൻ ശ്രീധരൻ തീരുമാനം എടുത്തിരുന്നു. എന്നാൽ മോഹൻലാൽ അടക്കമുള്ളവർ പിന്തുണയുമായെത്തി. ശ്രീധരനോട് കേരളത്തിലെ പദ്ധതികളിൽ സജീവമാകണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും വിവാദങ്ങളിൽ ഖേദ പ്രകടനം നടത്തി. ഇതോടെയാണ് സർക്കാരുമായി ചർച്ചയ്ക്ക് ശ്രീധരൻ എത്തിയത്. ഈ സമർദ്ദങ്ങളും ശ്രീധരനെ മെട്രോ പദ്ധതികളുടെ ഭാഗമാക്കാൻ ഗുണകരമാകാത്ത തരത്തിലാണ് മറുപക്ഷത്തിന്റെ കരുനീക്കങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP