Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എണ്ണയിലെ കൊള്ളയടി തുടരുന്നു; സാധാരണക്കാർക്കായി ശബ്ദമുയർത്താൻ ആരുമില്ല; ആഗോള വിപണയിൽ വില കുറയുമ്പോൾ മിണ്ടാതിരിക്കുന്ന പൊതുമേഖലാ കമ്പനികൾ ചെറിയ വർദ്ധനവുണ്ടാകുമ്പോഴും വില ഉയർത്തുന്നു; എല്ലാം റിലയൻസിന് വേണ്ടിയെന്ന് പറയുന്നവരും പ്രതികരിക്കാത്തത് എന്ത്?

എണ്ണയിലെ കൊള്ളയടി തുടരുന്നു; സാധാരണക്കാർക്കായി ശബ്ദമുയർത്താൻ ആരുമില്ല; ആഗോള വിപണയിൽ വില കുറയുമ്പോൾ മിണ്ടാതിരിക്കുന്ന പൊതുമേഖലാ കമ്പനികൾ ചെറിയ വർദ്ധനവുണ്ടാകുമ്പോഴും വില ഉയർത്തുന്നു; എല്ലാം റിലയൻസിന് വേണ്ടിയെന്ന് പറയുന്നവരും പ്രതികരിക്കാത്തത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ കൊള്ളയടി തടയാൻ ആരുമില്ല. റോഡുകളിൽ പൊലിയുന്ന ജീവന്റെ എണ്ണം കുറയ്ക്കാനായി സർക്കാർ കൊണ്ടു വരുന്ന റോഡ് സുരക്ഷാ ബില്ലിനെതിരെ രാജ്യം സ്തംഭിക്കുന്ന വിധത്തിൽ വാഹനപണിമുടക്ക് നടക്കുന്നവർക്കും ഇതൊന്നും പ്രശ്‌നമില്ല. അതുകൊണ്ട് തന്നെ എണ്ണ വില ഇനിയും ഉയരും. ഒരു മാനദ്ണ്ഡവുമില്ലാതെ. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തന ഇടിയുമ്പോൾ ഇന്ത്യാക്കാരും സന്തോഷിച്ചു. പക്ഷേ ഇപ്പോൾ അത് വിനയാവുകയാണ്. ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 110 ഡോളർ ഉണ്ടായിരുന്നപ്പോൾ തിരുവനന്തപുരത്തെ പെട്രോൾ വില ലിറ്ററിന് 75 രൂപയോളമായിരുന്നു. എണ്ണ വിലയിടിഞ്ഞ് അന്താരാഷ്ട്ര വിപണയിൽ 40 ഡോളർ വരെയായി. ഇപ്പോൾ അത് പതിയെ കൂടിക്കൂടി വീപ്പയ്ക്ക് 57 ഡോളറും. ഈ സമയത്ത് തിരുവനന്തപുരത്തെ പെട്രോൾ വില 70 രൂപയും. ഇങ്ങനെ പോയാൽ ക്രൂഡോയിലിന് അന്താരാഷ്ട്ര വിപണി വില നൂറ് ഡോളർ കവിഞ്ഞാൽ ഇന്ത്യാക്കാർ പെട്രോൾ ലിറ്ററിന് നൂറ്റിയമ്പത് രൂപ നൽകേണ്ടി വരും.

എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ആരും മിണ്ടില്ല. എണ്ണ വില കുത്തനെ കുറഞ്ഞപ്പോൾ അതിന് അനുസരിച്ച് വിലകുറച്ചില്ല. അറുപത് ഡോളറിന്റെ വിലയിടിവ് ഉണ്ടായപ്പോഴും പത്ത് രൂപ മാത്രമാണ് ഇന്ത്യയിൽ വിലകുറഞ്ഞത്. സർക്കാർ ഖജനാവിലേക്കുള്ള നഷ്ടം കുറയ്ക്കാൻ നികുതി കുറച്ചതുമില്ല. ഒപ്പം കേരളം അധിക സെസും പെട്രോളിൽ ചുമത്തി. ഇരുപത് ഡോളർ ഇടിയുമ്പോൾ മുന്ന് രൂപയായിരുന്നു വില കുറച്ചത്. എന്നാൽ വില ഉയരുമ്പോൾ അതല്ല സ്ഥിതി മൂന്ന് ഡോളർ കൂടിയാൽ മൂന്ന് രൂപ കൂടും. അതിന് വിലയിലെ വർദ്ധനവിന് അനുസരിച്ചുള്ള മാറ്റമെന്ന വാദവുമുയർത്തും. ഇത് പറയുന്നവർ എന്തുകൊണ്ട് വിലകുറയുമ്പോൾ ആനുപാതിക വർദ്ധന ഏർപ്പെടുത്തിയില്ലെന്ന് വ്യക്തമാക്കുന്നുമില്ല. രാജ്യത്ത് പെട്രോൾ ഡീസൽ വിതരണത്തിന് റിലയൻസുമുണ്ടായിരുന്നു. എന്നാൽ പെട്രോളിനും ഡീസലിനും സർക്കാർ സബ്‌സിഡി നൽകുന്നതിനാൽ റിലയൻസിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അവർ പിന്മാറി. വീണ്ടും അവർ പമ്പുകൾ തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ട് അവർക്ക് വേണ്ടിയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ വില ഉയർത്തി നിർത്തുന്നതെന്നാണ് വിമർശനം.

ഏതായാലും പെട്രോൾ-ഡീസൽ വിലവർദ്ധനവ് എല്ലാ പരിധിയും ലംഘിക്കുന്നതാണ്. പെട്രോൾ ലിറ്ററിന് 3.96 രൂപയും ഡീസലിന് 2.37 രൂപയും രണ്ട് ദിവസം മുമ്പ് കൂട്ടി. ഡൽഹിയിൽ പെട്രോൾ വില 59.20 ൽ നിന്ന് 63.16 ൽ എത്തി. ഡീസൽ വില 47.20 ൽ നിന്ന് 49.57 രൂപയായും ഉയർന്നു. രണ്ടുതവണ വില നേരിയ തോതിൽ കുറച്ചതിനു പിന്നാലെയാണു വൻ വിലവർധന. ഇതോടെ കേരളത്തിൽ പെട്രോൾ വില ലിറ്ററിന് 70 രൂപയായി. കഴിഞ്ഞ 16 നു പെട്രോളിന് 80 പൈസയും ഡീസലിന് 1.30 രൂപയും കുറച്ചിരുന്നു. എല്ലാ മാസവും ഒന്ന്, 16 തീയതികളിലാണു പൊതുമേഖലാ എണ്ണക്കമ്പനികൾ വിലനിർണയം പുനഃപരിശോധിക്കുന്നത്. ഇറക്കുമതി വിലയിലെ മാറ്റത്തിനും ഡോളറുമായുള്ള വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾക്കും ആനുപാതികമായാണിത്. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോ ഓയിൽ ബാരലലിന് 110 രൂപ ഉണ്ടായിരുന്നപ്പോൾ കേരളത്തിലെ വില 75 രൂപയായിരുന്നു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തിരിച്ചുവരവിനുള്ള സാധ്യതകൾ പരിശോധിക്കുകയാണ്. കൃഷിക്കാരുടെ പ്രശ്‌നങ്ങളുയർത്തി പദയാത്ര നടത്തുന്നു. പക്ഷേ രണ്ട് ദിവസമായിട്ടും ഇന്ധന വിലകൂട്ടിയതിൽ വലിയൊരു പ്രതിഷേധത്തിന്റെ സൂചന രാഹൂൽ നൽകിയില്ല. പാർലമെന്റിൽ ഇത് രാഹുൽ ഉയർത്തുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ കേന്ദ്ര സർക്കാരിന് വാ തൂറക്കേണ്ടി വരും. വില നിയന്ത്രണാധികാരം എണ്ണ കമ്പനികളിൽ നിന്ന് എടുത്തു മാറ്റണമെന്ന ആവശ്യം ശക്തമാണ്. അത് അവർക്ക് നൽകിയത് കോൺഗ്രസാണ്. അതുകൊണ്ട് തന്നെ അതിനെതിരായ നിലപാട് കോൺഗ്രസിന് എടുക്കാനാകില്ല. അതുകൊണ്ട് ജനപക്ഷത്താണെന്ന് ആവർത്തിച്ച് അധികാരത്തിലെത്തിയ പ്രധാനമന്ത്രി മോദിക്ക് ആ പ്രശ്‌നത്തിൽ ആരേയും ഭയക്കാനില്ല. ഇടതു പക്ഷത്തിന് പഴയ കരുത്തുമില്ല. അതുകൊണ്ട് തന്നെ എണ്ണ വില കൂടിയാലും ആരും പ്രതിഷേധിക്കാൻ വരില്ല.

2014 ജൂണിലെ എണ്ണ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ ആഗോള വിപണിയിൽ 50 ശതമാനം വില കുറവാണ്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസരിച്ച് ഇന്ത്യയിൽ പെട്രോൾ ഡീസൽ വിലയിൽ മാറ്റം വരേണ്ടതാണെങ്കിലും അങ്ങനെ സംഭവിക്കുന്നില്ല. ഇനി സംഭവിക്കുകയുമില്ല. എന്തുകൊണ്ടെന്ന് കേന്ദ്ര സർക്കാരിനോട് ചോദിച്ചാൽ ഉത്തരം കിട്ടുകയുമില്ല. എണ്ണ വില കുറഞ്ഞ് നിക്കുന്നത് ഇന്ത്യയുടെ എണ്ണ ഇറക്കുമതി വാർഷിക ബിൽ കുറയ്ക്കാൻ സാധിക്കുമെന്നാണ് ആർബിഐ നിലപാട്. 160 ബില്യൺ ഡോളറായിരുന്ന വാർഷിക ബിൽ ഈ വർഷം 100 മുതൽ 110 ബില്യൺ ഡോളറായിരിക്കുമെന്നാണ് കരുതുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും ലോക ശക്തിയായി മാറാൻ ഇന്ത്യയ്ക്ക് കഴിയില്ലത്രേ. സ്വന്തം നാട്ടുകാരെ പിഴിഞ്ഞാലേ അതിന് കഴിയൂ. പെട്രോളും ഡിസലും വിതരണം ചെയ്യുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയവുമെല്ലാം പൊതു മേഖലാ സ്ഥാപനങ്ങളാണ്. ഇവയുടെ ലാഭം ഉയർത്തിയാൽ സർക്കാരിന്റെ ആസ്തി മൂല്യം കൂടും. ഇതിലൂടെ ലോകത്തിന് മുന്നിൽ മേനി നടിക്കാൻ ഇന്ത്യയ്ക്കാകുമെന്ന സാമ്പത്തിക വിശകലനങ്ങളാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്.

'അച്ഛേ ദിൻ ആനേ വാലാഹേ'.. തെരഞ്ഞെടുപ്പ് പ്രചരണച്ചൂടിൽ നരേന്ദ്ര മോദിയുടെ ഉയർത്തിയ പ്രധാന മുദ്രാവാക്യമായിരുന്നു ഇത്. എന്തായാലും മോദി പറഞ്ഞ ആ നല്ലനാളുകൾ ഇപ്പോൾ വന്നിരിക്കയാണ്.. എന്നാൽ അത് റിലയൻസ് അടക്കമുള്ള എണ്ണക്കമ്പനികൾക്കാണെന്ന് മാത്രം. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോൾ സന്തോഷം ഉള്ളിലടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ എണ്ണക്കമ്പനികൾ. ചുളുവിലയ്ക്ക് കിട്ടുന്ന ഇരട്ടിയോളം ലാഭത്തിന് വിൽക്കാൻ കഴിയുന്ന മറ്റേത് രാജ്യമുണ്ട് ലോകത്ത്? എണ്ണക്കമ്പനികൾക്ക് സന്തോഷിക്കാൻ മറ്റെന്ത് കാര്യം വേണം. എണ്ണവില ആദ്യഘട്ടത്തിൽ ഇടിഞ്ഞപ്പോൾ പാക്കിസ്ഥാൻ പോലും 29 രൂപ കുറവു വരുത്തിയപ്പോൾ മോദി ഭരിക്കുന്ന ഇന്ത്യയിൽ കാര്യം മറ്റൊന്നായി. പകരം വില കൂടുമ്പോൾ അതിന് അനുസരിച്ച് പാവങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കുകയും ചെയ്യുന്നു.

എന്നാൽ അന്താരാഷ്ട്ര വില നിർണ്ണയപ്രകാരം ഇന്ത്യയിലെ എണ്ണക്കമ്പനികൾ വരുത്തിയിരിക്കുന്ന ഇടിവ് വെറും നാമമാത്രമാണെന്ന് വ്യക്തമാകുമ്പോഴാണ് എണ്ണക്കമ്പനികളുടെ പകൽകൊള്ള വ്യക്തമാകുന്നത്. ആറ് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എണ്ണവില എത്തിയതോടെ ജനുവരി 15ന്് മാത്രം ചുരുങ്ങിയത് പത്ത് രൂപയെങ്കിലും കമ്പനികൾ കുറക്കേണ്ടിയിരുന്നു. എന്നാൽ കേന്ദ്രസർക്കാർ കൂടി കണ്ണടച്ചതോടെ എണ്ണക്കമ്പനികൾക്ക് കൊള്ളയടിക്കാൻ അവസരം ഒരുങ്ങുകയും ചെയ്തു. വിലനിയന്ത്രണം എടുത്തുകളഞ്ഞതിനുശേഷം ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും 40 രൂപയ്ക്ക് ഡീസലും നൽകാമെന്നിരിക്കെ ആ സമയത്ത് ഈടാക്കിയത് യഥാക്രമം ശരാശരി 64 രൂപയും 54 രൂപയും. അതായത് ലിറ്ററിന് 25 രൂപയ്ക്കുപകരം അതിന്റെ പകുതിയോളം മാത്രമാണ് കുറച്ചത്. ജനങ്ങൾക്ക് ന്യായമായും ലഭിക്കേണ്ട വിഹിതം സർക്കാരും എണ്ണക്കമ്പനികളും പങ്കുവച്ചു. വിലക്കയറ്റം തടയാമെന്നിരിക്കെയാണ് ഈ കൊള്ള. ചുരുക്കത്തിൽ എണ്ണക്കമ്പനികളും സർക്കാറും തമ്മിൽ നടന്ന നഗ്‌നമായ ഒത്തുകളിയാണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ അവസാന ഉദാഹരണമാണ് രണ്ട് ദിവസം മുമ്പും ഉണ്ടായത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്ഓയിൽ വില കുറയുന്നതിനനുസരിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നികുതിയും കമ്പനികൾ ലാഭവിഹിതവും വർദ്ധിപ്പിക്കുന്നതാണ് പെട്രോൾ, ഡീസൽ വില ആനുപാതികമായി കുറയാതിരിക്കാൻ കാരണം. റിഫൈനറിയിൽ നിന്ന് ലിറ്ററിന് 27.62 രൂപയ്ക്ക് എണ്ണക്കമ്പനികൾക്ക് ലഭിക്കുന്ന പെട്രോളാണ് ജനം ജനുവരി 15 വരെ വരെ 65.74 രൂപ നൽകി വാങ്ങിയിരുന്നത്. 2010ലെ 110 ഡോളറിൽ നിന്ന് ക്രൂഡ്ഓയിൽവില 46 ഡോളർ വരെ എത്തിയപ്പോഴായിരുന്നു ഈ സ്ഥിതി. ബാരലിന് 136 ഡോളർ വരെ വിലയുണ്ടായിരുന്ന 2008 ജൂണിൽ പെട്രോൾ വില ലിറ്ററിന് 55 രൂപ മാത്രമായിരുന്നു. ഡോളർരൂപ വിനിമയ നിരക്കും, കമ്പനി ചെലവും, ക്രൂഡ് ഓയിൽ നിലവാരവും എല്ലാം ഏറ്റവും മോശം സ്ഥിതിയിൽ ആണെങ്കിൽ പോലും 110 ഡോളറിന് ക്രൂഡ്ഓയിൽ ലഭിക്കുമ്പോൾ ഓയിൽ കമ്പനികൾക്ക് പെട്രോൾ ലിറ്ററിന് 49 രൂപയ്ക്ക് വിൽക്കാമായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണക്കമ്പികളും സർക്കാറും ജനങ്ങളെ പിഴിഞ്ഞുണ്ടാക്കുന്നത് എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്ത വിധത്തിലുള്ള കോടികളാണ്. കഴിഞ്ഞ ആറു വർഷത്തെ പെട്രോളിയം സബ്‌സിഡി ബാദ്ധ്യത 3.1 ലക്ഷം കോടി രൂപയാണ് സർക്കാറിനുള്ളത്. ഇക്കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്ന് നികുതി, നികുതിയേതര ഇനത്തിൽ ലഭിച്ചത് 15 ലക്ഷം കോടി രൂപയും. കസ്റ്റംസ്, എക്‌സൈസ് നികുതി വരുമാനം 6,21,520 കോടി സംസ്ഥാനങ്ങൾക്ക് വിൽപ്പന നികുതി 6,04,307 കോടി കമ്പനികൾക്ക് എണ്ണപ്പാടങ്ങൾ നൽകിയതിന്റെ റോയൽറ്റി ഒരു ലക്ഷം കോടിയും നേടി. പൊതു മേഖലാ എണ്ണ കമ്പനികളുടെ ലാഭവിഹിതം 90,000 കോടിയിലെത്തുകയും ചെയ്തു. കഴിഞ്ഞവർഷം ഇതാണ് സ്ഥിതിയെങ്കിൽ ഇപ്പോഴത്തെ കഥ പറയേണ്ടതില്ലല്ലോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP