Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിന്റേത് സമാന്തര പ്രവർത്തനം; ഇത് ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല; പ്രസ്താവനകൾ പിബിയെ വെല്ലിവിളിക്കുന്നതും; തള്ളിയ പരാതികൾ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് വിഭാഗീയ ഉദ്ദേശ്യത്തോടെ: പാർട്ടിക്ക് വഴങ്ങിയേ മതിയാകൂ; വിഎസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐ(എം) സംസ്ഥാന നേതൃത്വം; സെക്രട്ടറിയേറ്റ് പ്രമേയം കോടിയേരി പരസ്യമാക്കി

വിഎസിന്റേത് സമാന്തര പ്രവർത്തനം; ഇത് ഒരു കാരണവശാലും വച്ച് പൊറുപ്പിക്കില്ല; പ്രസ്താവനകൾ പിബിയെ വെല്ലിവിളിക്കുന്നതും; തള്ളിയ പരാതികൾ വീണ്ടും വീണ്ടും ഉന്നയിക്കുന്നത് വിഭാഗീയ ഉദ്ദേശ്യത്തോടെ: പാർട്ടിക്ക് വഴങ്ങിയേ മതിയാകൂ; വിഎസിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഐ(എം) സംസ്ഥാന നേതൃത്വം; സെക്രട്ടറിയേറ്റ് പ്രമേയം കോടിയേരി പരസ്യമാക്കി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെതിരെ പരസ്യപ്രമേയവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്. വി എസ് അച്യുതാനന്ദനെ പൂർണ്ണമായും തള്ളിപ്പറയുന്ന പ്രമേയം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യപ്പെടുത്തി. പാർട്ടി താൽപ്പര്യമല്ല വി എസ് പ്രസ്താവനകളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. വലതുപക്ഷ മാദ്ധ്യമങ്ങളുടെ ആരോപണങ്ങൾക്ക് വിശ്വസ്തത വരുത്തും വിധമാണ് വി എസ് അച്യുതാനന്ദന്റെ പ്രസ്താവന. എല്ലാ വിഷയത്തിലും വക്രീകരിച്ച സമീപനമാണ് വി എസ് സ്വീകരിക്കുന്നതെന്ന് കോടിയേരി പറഞ്ഞു. എന്നാൽ പ്രമേയം അച്ചടക്ക നടപടിയല്ല. പോളിറ്റ് ബ്യൂറോയുടേയും കേന്ദ്രകമ്മറിറിയുടേയും തീരുമാനത്തെ വി എസ് എതിർത്തതു കൊണ്ടാണ് ഇത്തരമൊരു പ്രമേയം അംഗീകരിച്ചതെന്നും കോടിയേരി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദനെതിരെ കുറ്റങ്ങൾ അക്കമിട്ട് നിരത്തിക്കൊണ്ടാണ് സിപിഐ(എം). സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കിയത് വി.എസിനെതിരെ രൂക്ഷമായ ഭാഷയിൽ ഇറക്കിയ കുറ്റപത്രം പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെയാണ് ഏ.കെ.ജി.സെന്ററിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ വായിച്ചത്. വീണ്ടും വീണ്ടും നടത്തുന്ന പരസ്യ പ്രസ്താവനകൾ വഴി വി എസ്. പാർട്ടിയെ അപീർത്തിപ്പെടുത്തുകയാണെന്ന് പ്രമേയത്തിൽ പറഞ്ഞു. പലതവണ പാർട്ടി കേന്ദ്ര നേതൃത്വം തള്ളിയ പരാതികൾ വീണ്ടും വീണ്ടും പരസ്യമായി ഉന്നയിക്കുന്നത് പാർട്ടിയുടെ താൽപര്യത്തിലല്ല, മറിച്ച് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ്. യു.ഡി.എഫ് സർക്കാർ പ്രതിസന്ധി നേരിടുമ്പോൾ അതിനെതിരെ പ്രക്ഷോഭം നടത്താതെ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുംവിധമാണ് വി എസ്. പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവന നടത്തുന്നത്.

അടുത്ത കാലത്തെ വി.എസിന്റെ പരാമർശം തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. വി.എസിന്റെ പരാമർശങ്ങൾ പാർട്ടി താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല. വി എസ് പിബിയെ തള്ളിപ്പറഞ്ഞു, വെല്ലുവിളിച്ചു. തെറ്റായ പ്രചാരണങ്ങൾക്ക് വി എസ് വിശ്വാസ്യത നൽകുന്നു. വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ കഴിയും വിധം പരാമർശങ്ങൾ നടത്തുന്നു. വലതുപക്ഷ മാദ്ധ്യമ നിലപാടിനെ ബലപ്പെടുത്തുന്നതാണ് വി.എസിന്റെ നിലപാട്. വി എസ് പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണ്. തിരുത്തിയിട്ടും തെറ്റുകൾ ആവർത്തിക്കുന്നു. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വി എസ് പ്രവർത്തിച്ചു. പാർട്ടിക്ക് വിധേയനാകില്ലെന്ന് വി എസ് മുന്പും തെളിയിച്ചിട്ടുണ്ട്. സംഘടനാ തത്വങ്ങൾ ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. വി.എസിന് പാർട്ടി താൽപര്യങ്ങളില്ല. കേന്ദ്ര കമ്മിറ്റി തള്ളിയ ആരോപണങ്ങളാണ് വി എസ് വീണ്ടും ഉന്നയിക്കുന്നത്. വിഭാഗീയ താൽപര്യങ്ങളാണ് അദ്ദേഹത്തിനുള്ളത്. മുന്നണി വികസനം വി.എസിന്റെ അജണ്ടയിലില്ല.പാർട്ടിയുടെ ശരിയായ നിലപാടിനെ വി എസ് വക്രീകരിക്കുന്നു.

പാർട്ടിക്കെതിരെ നുണപ്രചരണം നടത്തുന്ന വലതുപക്ഷ മാദ്ധ്യമങ്ങളുടെ കള്ളക്കഥകൾക്ക് വിശ്വാസ്യത നൽകുന്ന തരത്തിലുള്ളതാണ് വി.എസിന്റെ പ്രസ്താവനകൾ. ഇതാദ്യമായല്ല വി എസ്. ഇത്തരത്തിലുള്ള പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത്. തിരുത്തിയിട്ടും വി എസ്. തെറ്റുകൾ ആവർത്തിക്കുകയാണ്. വി എസ്. പാർട്ടിയിൽ സമാന്തര പ്രവർത്തനത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നു വേണം സംശയിക്കാൻ. ഇത് പാർട്ടി ഒരു കാരണവശാലും വച്ചു പൊറുപ്പിക്കില്ല പ്രമേയത്തിൽ കുറ്റപ്പെടുത്തി. വലതുപക്ഷ മാദ്ധ്യമങ്ങളുടെ തെറ്റായ പ്രചരണങ്ങൾക്ക് വി എസ്. അച്യുതാനന്ദൻ വിശ്വാസീയത നൽകുന്നു. വിഎസിന്റെ പ്രസ്താവനകൾ പിബിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. സിപിഐ(എം) സംസ്ഥാന സെക്രട്ടറി നടത്തുന്നത് ഒറ്റയാൻ പ്രവർത്തനമല്ല. എല്ലാം കൂട്ടായ ആലോചന പ്രകാരമാണ് നടത്തുന്നത്. പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും വി എസ്. അച്യുതാനന്ദൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മലബാർ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് എളമരീം കരീമിനെതിരെ ഉയർന്ന ആരോപണം അന്വേഷിക്കണമെന്ന് വി എസ് ആവശ്യപ്പെട്ടതും പിണറായി വിജയനെതിരെ നടത്തിയ പ്രസ്താവനയുമാണ് വിഎസിനെതിരെ പ്രമേയം പാസാക്കാനുള്ള കാരണം. എളമരം കരീമിനെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്ന് സിപിഐ(എം) സെക്രട്ടേറിയറ്റ് വിലയിരുത്തി. അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന യുഡിഎഫ് സർക്കാരിനെ രക്ഷിക്കാനാണ് കരീമിനെതിരെ ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

സെക്ഷൻ 164 അനുസരിച്ചുള്ള മൊഴിയിൽ കരീമിനെതിരെ അന്വേഷണം വേണമെന്നായിരുന്നു വിഎസിന്റെ ആവശ്യം. പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്തു കേരളത്തിൽ എൽഡിഎഫ് തകരുകയും അതുവഴി പാർട്ടിയും മുന്നണിയും തോൽവി ചോദിച്ചുവാങ്ങുകയും ചെയ്തു എന്ന ഗുരുതരമായ ആരോപണമാണു വി എസ് ഏതാനും ദിവസം മുൻപ് പരസ്യമായി ഉന്നയിച്ചത്. ജനതാദളിനെയും ആർഎസ്‌പിയെയും ഇടതു മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരാൻ താൻ മുൻകയ്യെടുത്തു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം നേരത്തെ വി എസ് പാർട്ടിക്കകത്ത് ഉന്നയിക്കുകയും കേന്ദ്ര, കേരള നേതൃത്വങ്ങൾ തള്ളുകയും ചെയ്തതാണ്. വി എസ്സിന്റെ ആരോപണ മുന സിപിഐ(എം) മുൻ ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിലേക്കു വരെ നീണ്ടതിനെത്തുടർന്ന് ആ പ്രസ്താവന തൊട്ടുപിറ്റേന്നു തന്നെ പൊളിറ്റ്ബ്യൂറോ ചേർന്നു തള്ളിയിരുന്നു. തുടർന്ന് വി എസ്. അച്യതാനന്ദന് പരസ്യശാസന നൽകിക്കൊണ്ട് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നുവെന്നും കോടിയേരി വിശദീകരിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയത്തിന്റെ പൂർണ്ണ രൂപം ഇവിടെ:

സ: വി എസ്. അച്യുതാനന്ദൻ ചില ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ പാർട്ടിയുടെ കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾക്കെതിരെ നടത്തിയ പരസ്യവിമർശനങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് സിപിഐ (എം) പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. ഈ ആരോപണങ്ങൾ തള്ളിക്കളയുന്നതായും വി.എസിന്റെ പരസ്യമായ ഇത്തരം പറച്ചിലുകൾ പാർട്ടിയുടെ താൽപ്പര്യങ്ങൾക്ക് നിരക്കുന്നതല്ലെന്നും പോളിറ്റ് ബ്യൂറോ വ്യക്തമാക്കി. പി.ബിയുടെ പ്രസ്താവന വന്നതിനുശേഷം പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പി.ബി കാര്യങ്ങൾ ശരിയായി ധരിക്കാതെയാണ് പ്രസ്താവന പുറപ്പെടുവിച്ചതെന്നും വി എസ് മാദ്ധ്യമ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ഇത് പി.ബിയെ തന്നെ തള്ളിപ്പറയലും പി.ബിയെ വെല്ലുവിളിക്കുന്നതിനു തുല്യവുമാണ്. ഈ സാഹചര്യത്തിൽ പി.ബി പുറപ്പെടുവിച്ച പ്രസ്താവന തെറ്റിദ്ധരിച്ചുള്ളതല്ലെന്ന് വ്യക്തമാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് നിർബന്ധിതമാവുന്നു. ഇതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ വിശദമാക്കേണ്ടതുണ്ട്.

പാർട്ടിയുടെ നേതൃത്വം കൂട്ടായാണ് പ്രവർത്തിക്കുന്നത്. പാർട്ടിയുടെ സെക്രട്ടറി ഒറ്റയാൻ പ്രവർത്തനമല്ല നടത്തുന്നത്. കൂട്ടായ ആലോചനയുടെ ഭാഗമായി എടുക്കുന്ന തീരുമാനങ്ങളുടെയും സ്വീകരിക്കുന്ന നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് സെക്രട്ടറി പ്രവർത്തിക്കുന്നതും പരസ്യമായി പ്രതികരിക്കുന്നതും. ഇക്കാര്യത്തിൽ പാർട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ പരത്താനുദ്ദേശിച്ചുകൊണ്ട് ചില വലതുപക്ഷ മാദ്ധ്യമങ്ങളും ബൂർഷ്വാ വക്താക്കളും സെക്രട്ടറി മാറ്റത്തെക്കുറിച്ച് സങ്കൽപ്പകഥകൾ മെനഞ്ഞു പ്രചരിപ്പിച്ചിരുന്നു. അത്തരം നുണപ്രചരണങ്ങൾക്ക് പിന്തുണ നൽകുംവിധത്തിലും വിശ്വാസ്യത നൽകുംവിധത്തിലും ആണ് സ: വി എസ്. അച്യുതാനന്ദൻ പുതിയ സെക്രട്ടറി തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചിരിക്കുന്നത്.

17, 18, 19, 20, 21 പാർട്ടി കോൺഗ്രസ്സുകൾ കേരളത്തിൽ ഉയർന്നുവന്ന സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചും സ: വി എസ് ഉയർത്തിയ പ്രശ്‌നങ്ങളെക്കുറിച്ചും പൊതുവിലുള്ള രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും ദേശീയ രാഷ്ട്രീയത്തോടൊപ്പം വിലയിരുത്തിയതാണ്. കഴിഞ്ഞ അഞ്ച് പാർട്ടി കോൺഗ്രസ്സുകൾ വ്യക്തത വരുത്തിയ പ്രശ്‌നങ്ങളാണ് സ: വി എസ് ഇപ്പോൾ വീണ്ടും ഉന്നയിക്കുന്നത്.ജനങ്ങളുടെ കടുത്ത അവമതിപ്പ് സൃഷ്ടിച്ചുകൊണ്ടാണ് യു.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത്. കേരളം നേടിയ നേട്ടങ്ങളെല്ലാം കനത്ത വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ജനദ്രോഹ നടപടികളും അഴിമതിയും നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. ജനജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലയും പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയാവട്ടെ ഏറെ തകർന്നിരിക്കുകയാണ്. വിലക്കയറ്റം എല്ലാ സീമകളേയും ലംഘിച്ച് മുന്നേറുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികൾ തകർക്കപ്പെടുകയാണ്. ആരോഗ്യവിദ്യാഭ്യാസ മേഖലയും തകർക്കപ്പെട്ടിരിക്കുകയാണ്. ജാതിമത ശക്തികൾ സമൂഹത്തിൽ പിടിമുറുക്കുന്നു. സംസ്ഥാനം നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ഭരണം ഇല്ല എന്ന ഗുരുതരമായ സാഹചര്യം ഉടലെടുത്തിരിക്കുന്നു. ഇതിനു പുറമെ, മന്ത്രിമാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന അവസ്ഥയും ജനങ്ങളിൽ പ്രതിഷേധമുയർത്തിയിരിക്കുന്നു. നിരവധിയായ ഇത്തരം പ്രശ്‌നങ്ങളുടെ ഫലമായി വൻ ജനവികാരം യു.ഡി.എഫിനെതിരെ സംസ്ഥാനത്താകെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്.യു.ഡി.എഫ് ആകട്ടെ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.

യു.ഡി.എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സിലാവട്ടെ മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തുകയും ചേരിതിരിഞ്ഞ് ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയുമാണ്. ഘടകകക്ഷികൾ തമ്മിലുള്ള ഭിന്നതകളും മൂർച്ഛിക്കുകയാണ്. യു.ഡി.എഫിലെ ഓരോ കക്ഷിക്കകത്തും പ്രതിസന്ധി ഉരുണ്ടുകൂടിയിരിക്കുന്നു. യു.ഡി.എഫ് എന്ന നിലയിൽ യോജിച്ചുനിന്ന് ജാഥ നടത്തുന്നതിനുപോലും ഏറെ പ്രയാസപ്പെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. യു.ഡി.എഫ് ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുകയും രാഷ്ട്രീയമായി ഏറെ പ്രതിസന്ധികളിൽ ചെന്നുപെട്ടിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.യു.ഡി.എഫ് പ്രതിസന്ധി നേരിടുന്ന പല ഘട്ടങ്ങളിലും അതിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുമാറ് വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാനാവുംവിധം പാർട്ടിക്കെതിരെ പരസ്യമായി ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിക്കുന്ന സ: വി എസ്. അച്യുതാനന്ദൻ പതിവുപോലെ ഇത്തവണയും അടിസ്ഥാനരഹിതമായ ആക്ഷേപങ്ങൾ പാർട്ടിക്കെതിരെ ഉന്നയിച്ചു.കേരളത്തിലെ പാർട്ടിയെ പരസ്യമായി അപകീർത്തിപ്പെടുത്താനുദ്ദേശിച്ചുകൊണ്ടുള്ള പരസ്യ പ്രസ്താവന ആദ്യമായല്ല സ: വി എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്.

അദ്ദേഹം ഉന്നയിച്ച പ്രശ്‌നങ്ങൾ പാർട്ടി കേന്ദ്രകമ്മിറ്റി തന്നെ ഒന്നിലധികം തവണ ചർച്ച ചെയ്തതാണ്. ചർച്ചയുടെ അവസാനം പാർട്ടി സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാനും അതനുസരിച്ച് പ്രവർത്തിക്കാനും സന്നദ്ധനല്ല എന്ന് മുമ്പുതന്നെ പല ഘട്ടങ്ങളിൽ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ പാർട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചിരുന്നു എന്നും രാഷ്ട്രീയ കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിലും മറ്റും പാർട്ടി നിലപാടിൽനിന്ന് പാർട്ടി കേരള നേതൃത്വത്തിന് വ്യതിയാനം സംഭവിച്ചു എന്നുമാണ് സ: വി എസ് കുറ്റപ്പെടുത്തുന്നത്. ഇപ്പോൾ ഉന്നയിച്ചതിനേക്കാളും കൂടുതൽ പ്രശ്‌നങ്ങൾ കേരളത്തിലെ പാർട്ടി നേതൃത്വത്തിനെതിരായി സ: അച്യുതാനന്ദൻ നേരത്തെ ഉന്നയിച്ചിരുന്നു. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ 2012 ജൂലൈ 21, 22 തീയതികളിൽ ചേർന്ന കേന്ദ്രകമ്മിറ്റി യോഗം കേരള സാഹചര്യത്തെക്കുറിച്ച് ഒരു പ്രമേയം അംഗീകരിച്ചു.

ഇത്തരം ആരോപണങ്ങളെക്കുറിച്ച് കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ വിലയിരുത്തിയ ഭാഗം താഴെ കൊടുക്കുന്നു:''10. പോളിറ്റ് ബ്യൂറോയ്ക്കുള്ള കത്തുകളിൽ സംസ്ഥാന പാർട്ടി നേതൃത്വത്തിന് വലതുപക്ഷ വ്യതിയാനമാണെന്ന് സ: വി എസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ആരോപണം പാർട്ടി കേന്ദ്ര കമ്മിറ്റി തള്ളിക്കളയുന്നു. ഡി.ഐ.സിയുമായുള്ള സഖ്യം, പി.ഡി.പിയുമായുള്ള ബന്ധം തുടങ്ങി മുമ്പ് ഉയർന്നുവന്ന രാഷ്ട്രീയ പ്രശ്‌നങ്ങളിേ&യൗഹഹ;ൽ പി.ബിയുടെ ഇടപെടലുകളെത്തുടർന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. പാർട്ടി കോൺഗ്രസ്സും കേന്ദ്രകമ്മിറ്റിയും മുന്നോട്ടുവച്ചിട്ടുള്ള അടവുനയങ്ങളാണ് കേരള സംസ്ഥാന കമ്മിറ്റി പിന്തുടർന്നുപോരുന്നത്. രാഷ്ട്രീയ പ്രശ്‌നങ്ങളിൽ പി.ബിയുടെയും കേന്ദ്രകമ്മിറ്റിയുടെയും എല്ലാ തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റി പാലിച്ചുപോന്നിട്ടുണ്ട്.''കേരളത്തിൽ പാർട്ടി തുടർന്നുവന്ന അടവുനയവും രാഷ്ട്രീയ നിലപാടുകളും പാർട്ടിയുടെ പൊതു നിലപാടിൽനിന്ന് വ്യതിചലിച്ചുകൊണ്ടുള്ളതാണെന്ന സ: വി.എസിന്റെ ആരോപണം തള്ളിക്കളഞ്ഞ കേന്ദ്രകമ്മിറ്റി, പാർട്ടി സംസ്ഥാന കമ്മിറ്റി, പാർട്ടി കോൺഗ്രസ്സും കേന്ദ്രകമ്മിറ്റിയും പി.ബിയും മുന്നോട്ടുവച്ച നയങ്ങളാണ് പാലിക്കുന്നതെന്ന് പരസ്യമായി പ്രസ്താവിച്ചു.

കേന്ദ്രകമ്മിറ്റി 2012ൽ തന്നെ തള്ളിയ ആരോപണങ്ങൾ സ: വി എസ് ഇപ്പോൾ വീണ്ടും ഉന്നയിക്കുമ്പോൾ അതിനു പിന്നിൽ പാർട്ടി താൽപ്പര്യം ഒട്ടുമില്ലെന്ന് വ്യക്തമാണ്.രാഷ്ട്രീയവും സംഘടനാപരവും ആയ ചില ആരോപണങ്ങളാണ് പാർട്ടി സംസ്ഥാന കമ്മിറ്റിക്കെതിരെ സ: വി എസ്. അച്യുതാനന്ദൻ ഇത്തവണയും ഉന്നയിക്കുന്നത്. സ: വി എസ് വിഭാഗീയ ഉദ്ദേശ്യത്തോടെയാണ് ഇത്തരം ആരോപണങ്ങൾ ഉയർത്തുന്നതെന്ന് കേന്ദ്രകമ്മിറ്റി തന്നെ വിലയിരുത്തിയതാണ്.''13. അതുകൊണ്ട് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമാണ് തന്റെ ഭിന്നതകൾ എന്ന് സ: വി എസ് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. രാഷ്ട്രീയമായ വ്യതിയാനമാണ് ഭിന്നമായ അഭിപ്രായങ്ങളെ അടിച്ചമർത്തുകയും വ്യത്യസ്ത സ്വരങ്ങളെ ഉ&യൗഹഹ;ൂലനം ചെയ്യുകയും ചെയ്യുന്ന സംഘടനാപരമായ പ്രവണത എന്ന സ: വി.എസിന്റെ യുക്തി കേന്ദ്രകമ്മിറ്റിക്ക് അംഗീകരിക്കാൻ കഴിയില്ല.

ഇത്തരം ആരോപണങ്ങൾ വിഭാഗീയ ഉദ്ദേശ്യത്തോടുകൂടിയാണ് ഉയർത്തുന്നത്.'' (പാർട്ടി സി.സിയുടെ 2012 ലെ പ്രമേയം)''14. പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ജനമധ്യത്തിൽ പരസ്യമായി കുറ്റപ്പെടുത്തുന്ന അടിസ്ഥാനരഹിതങ്ങളായ പ്രസ്താവനകൾ ഇറക്കുകയും പാർട്ടിയെ ദുർബ്ബലപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തതിന് സ: വി.എസിനെ ശക്തമായി വിമർശിക്കുവാൻ 2012 ജൂലൈ 21, 22 തീയതികളിൽ ചേർന്ന കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ വാചകമാണ് ഇവിടെ ഉദ്ധരിച്ചത്. ഏതൊരു പാർട്ടി സഖാവും പാർട്ടി തീരുമാനം അംഗീകരിക്കാനും നടപ്പാക്കാനും ബാധ്യതപ്പെട്ടിരിക്കുന്നെങ്കിലും തനിക്ക് അത്തരം സംഘടനാ തത്വങ്ങളൊന്നും ബാധകമല്ലെന്നാണ് ഇത്തരം ആവർത്തനങ്ങളിലൂടെ സ: വി എസ് വ്യക്തമാക്കുന്നത്.എല്ലാ കാര്യങ്ങളും പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്ത പാർട്ടി കേന്ദ്രകമ്മിറ്റി സ: വി.എസിന്റെ പേരിൽ അച്ചടക്ക നടപടി സ്വീകരിച്ചു. നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി പ്രമേയത്തിലെ പ്രസക്തഭാഗം ഉദ്ധരിക്കാം.

''15. ഇതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനത്തിനും തെറ്റായ പ്രസ്താവനകൾ നടത്തിയതിനും സ: വി.എസിനെ പരസ്യമായി ശാസിക്കുവാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.'' പാർട്ടിയുടെ അത്യുന്നത ഘടകം സ്വീകരിച്ച അച്ചടക്ക നടപടി അംഗീകരിച്ച് പറ്റിയ തെറ്റ് തിരുത്താനുള്ള ശ്രമമാണ് ഏതൊരു സഖാവിൽനിന്നും ഉണ്ടാവുക. പക്ഷെ, സ: വി എസ് തിരുത്താൻ തയ്യാറില്ലെന്നു മാത്രമല്ല, പഴയ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആവർത്തിക്കുകയാണ്.ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കുന്നതിനെക്കുറിച്ച് പാർട്ടിയുടെ 21ാം കോൺഗ്രസ്സും സംസ്ഥാന സമ്മേളനവും വിലയിരുത്തിയതാണ്. രാഷ്ട്രീയ ബലാബലത്തിൽ മാറ്റം സൃഷ്ടിക്കുമാറ് ഇടതുപക്ഷ ജനാധിപത്യമുന്നണി വികസിപ്പിക്കേണ്ടതുണ്ടെന്നാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. ഇത് വ്യക്തിപരമായ തന്റെ ഒരു അജണ്ടയാണെന്നു തോന്നുമാറാണ് സ: വി എസ് അവതരിപ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ''ഞാൻ മുൻകൈ എടുത്തുകൊണ്ടിരിക്കുകയാണ്'', ''കിട്ടുന്ന അവസരങ്ങളൊക്കെ ഞാൻ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്'' എന്നൊക്കെ സ: വി എസ് പ്രസ്താവിച്ചിരിക്കുന്നത്.

അതോടൊപ്പം, പാർട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തെ ഇതിന്റെ ഭാഗമായി തന്റെ പ്രത്യേക വീക്ഷണത്തോടെ അവതരിപ്പിക്കാനും വി എസ് തയ്യാറാവുകയാണ്. ''പാർട്ടിയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സീതാറാം യെച്ചൂരിയെപ്പോലുള്ള ലീഡേഴ്‌സ് അവിടെ പാർലമെന്റിൽ ചെല്ലുമ്പോഴും അല്ലാത്തപ്പോഴും ഇവരെല്ലാമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ ഏതെങ്കിലും തരത്തിൽ നിങ്ങൾക്ക് വേദനയുണ്ടാകുന്ന തരത്തിൽ സമീപനമെടുത്തിട്ടുണ്ടെങ്കിൽ ഞങ്ങൾ തിരുത്താൻ തയ്യാറാണ്, അതിന് നിങ്ങൾ സഹകരിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സമീപനം എടുത്തുകൊണ്ടിരിക്കുകയാണ്.''പാർട്ടി സ്വീകരിച്ചിട്ടുള്ള ശരിയായ നിലപാടിനെ വക്രീകരിക്കാനാണ് സ: വി എസ് ശ്രമിക്കുന്നത്. നവ ഉദാരവൽക്കരണ നയം നടപ്പാക്കുന്ന യു.ഡി.എഫിന്റെ ഭാഗമായ പാർട്ടികൾക്ക് അവർ സ്വീകരിച്ച തെറ്റായ നിലപാട് തിരിച്ചറിയാൻ കഴിഞ്ഞെങ്കിലേ തിരുത്തലുണ്ടാകൂ. യു.ഡി.എഫിന്റെ ഭാഗമായ ഒരു പാർട്ടിക്ക് അവിടെ തുടർന്നുകൊണ്ട് എൽ.ഡി.എഫിൽ പ്രവേശിക്കാനാവില്ല എന്ന സാമാന്യധാരണ ഏതൊരാൾക്കും ഉണ്ടാകും. അപ്പോൾ ആദ്യം വേണ്ടത് അത്തരം പാർട്ടികൾ യു.ഡി.എഫ് വിടലാണ്.

പാർട്ടി സംസ്ഥാന സെക്രട്ടറി ആർ.എസ്‌പിയെക്കുറിച്ച് പരാമർശിച്ചത് പാർട്ടി നയത്തെ അടിസ്ഥാനപ്പെടുത്തിയും ആർ.എസ്‌പി നേതാക്കൾ ഉന്നയിച്ച കാര്യങ്ങൾക്ക് മറുപടിയായും ആണ്. ഇത്തരം പാർട്ടികൾ തുടരുന്ന തെറ്റായ രാഷ്ട്രീയ നിലപാട് തുറന്നുകാണിക്കൽ പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതലയാണ്. അതിനെ പരസ്യമായി വിമർശിച്ച സ: വി.എസിന്റെ നടപടി തെറ്റാണ്.യു.ഡി.എഫ് ഘടകകക്ഷികളുടെ നേതാക്കളെ പാർട്ടിയുടെ അഖിലേന്ത്യാ നേതാക്കളോ സംസ്ഥാന നേതാക്കളോ കാണുന്നതിലും സംസാരിക്കുന്നതിലും തെറ്റില്ല. പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സ: സീതാറാം യെച്ചൂരിയെ വിവിധ പാർട്ടി നേതാക്കൾ കാണുന്നതും സംസാരിക്കുന്നതും സ്വാഭാവികമാണ്. കേരളത്തിലെ ചില നേതാക്കൾ തന്നെ കണ്ടതും സംസാരിച്ചതും പാർട്ടി ജനറൽ സെക്രട്ടറി തന്നെ വ്യക്തമാക്കിയതാണ്. അതിനെക്കുറിച്ച് വി.എസിന്റെ മനോനില വച്ചുകൊണ്ടുള്ള വക്രീകരണം ഉണ്ടായതിന്റെ ഭാഗമായാണ് മുമ്പ് വേദനയുണ്ടാകുന്ന സമീപനം ഉണ്ടായെങ്കിൽ ഞങ്ങൾ തിരുത്താൻ തയ്യാറാണ്, സഹകരിക്കണം എന്ന് ജനറൽ സെക്രട്ടറി തന്നെ കണ്ട നേതാക്കളോട് സംസാരിച്ചു എന്ന വി.എസിന്റെ ഭാഷ്യം. ഇത് തീർത്തും അടിസ്ഥാനരഹിതമായതും കേവലം ഭാവനയിൽ കെട്ടിച്ചമച്ചതും ആയ കാര്യങ്ങളാണ്.

മുന്നണി വികസനത്തെക്കുറിച്ച് ജനറൽ സെക്രട്ടറി തന്നെ നയം വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടി സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. പാർട്ടി കോൺഗ്രസ്സിന്റെ കാഴ്ചപ്പാടനുസരിച്ച് കേന്ദ്രകമ്മിറ്റിയും പി.ബിയും ആവിഷ്‌കരിക്കുന്ന രാഷ്ട്രീയ നയത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തിൽ മുന്നണി വികസിപ്പിക്കുന്ന കാര്യം ഉയർന്നുവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഉചിതമായ സമയത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുകയും തീരുമാനിക്കുകയും ചെയ്യും. ആ ഘട്ടത്തിൽ സ: വി.എസിനും അദ്ദേഹത്തിന്റേതായ അഭിപ്രായം പാർട്ടിയിൽ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും.പാർട്ടി സംസ്ഥാന സെക്രട്ടറിയെ കുറ്റപ്പെടുത്തുംവിധത്തിൽ സംസാരിച്ചതിനുശേഷം വി എസ് പ്രകടിപ്പിക്കുന്ന അഭിപ്രായമുണ്ട്. അതിവിടെ ഉദ്ധരിക്കാം ''അതേയതെ, അതിനുവേണ്ടിയുള്ള ശ്രമം ഞങ്ങളൊക്കെ നടത്തുന്നുണ്ട്.

പാർട്ടിയുടെ ജനറൽ സെക്രട്ടറിയടക്കം അതിനുവേണ്ടിയുള്ള ശ്രമം നടത്തുന്നുണ്ട് എന്നുള്ള വിവരം എനിക്കുണ്ട്. അതുകൊണ്ട് കണിശമായിട്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടിവരുന്ന സന്ദർഭത്തിൽ അതിനെ ശക്തമായി നേരിടാൻ തക്ക വിധത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും ഞങ്ങൾ ചെയ്യുകതന്നെ ചെയ്യുമെന്നുള്ളത് ഉറപ്പാണ്.'' പാർട്ടി സംസ്ഥാന സെക്രട്ടറിയെയും സംസ്ഥാന നേതൃത്വത്തെയും മാറ്റിനിർത്തി ഇടതുപക്ഷമതനിരപേക്ഷ കക്ഷികളുമായുള്ള യോജിപ്പ് ശക്തിപ്പെടുത്താൻ ശ്രമിക്കുന്ന 'ഞങ്ങൾ' ആരാണ്? സംസ്ഥാനത്ത് ഒരു സമാന്തര പാർട്ടി നേതൃത്വത്തിന് താൻ നേതൃത്വം നൽകുമെന്നാണോ വി എസ് ഉദ്ദേശിക്കുന്നത്? അത്തരത്തിലുള്ള ഒരു നീക്കവും പാർട്ടി വച്ചുപൊറുപ്പിക്കില്ല.പുതിയ സംസ്ഥാന സെക്രട്ടറിയുടെ ചില അഭിപ്രായപ്രകടനങ്ങൾ പഴയ സെക്രട്ടറിയുടെ ചില നിലപാടുകൾ തന്നെയാണ് എന്നതിന്റെ സൂചനയാണെന്ന് വി എസ് പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംസ്ഥാന സെക്രട്ടറി പാർട്ടി അംഗീകരിച്ച നിലപാടാണ് പരസ്യമായി സംസാരിക്കുന്നത്.

പാർട്ടി നിലപാട് വ്യക്തമാക്കുമ്പോൾ പഴയതും പുതിയതും തമ്മിൽ എന്തു വ്യത്യാസമാണ് സംഭവിക്കുക? പാർട്ടി നിലപാടിനോടൊപ്പം നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് വി.എസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഈ വിമർശനം ഉയർന്നത്.''2004 ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 20ൽ 18 സീറ്റിലും വിജയിച്ചു. അതിനെ ഉലയ്ക്കത്തക്കവിധത്തിൽ, നശിപ്പിക്കത്തക്കവിധത്തിൽ പിന്നീട് അധികാരത്തിൽ വന്ന നേതൃത്വം തെറ്റായ രീതിയിലുള്ള നിലപാടുകൾ സ്വീകരിച്ചതിന്റെ ഫലമായിട്ടാണ് 2009ലും 2014ലുമൊക്കെ തന്നെ മുന്നണി ശിഥിലമായതും കോൺഗ്രസ്സിന് ഗുണം കിട്ടിയതും.'' 2004, 2005, 2006 കേരളത്തിൽ ലോക്‌സഭ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പ്രശംസനീയമായ വിജയം എൽ.ഡി.എഫ് നേടുമ്പോൾ ഉണ്ടായിരുന്ന നേതൃത്വം തന്നെയാണ് അഖിലേന്ത്യാടിസ്ഥാനത്തിലും സംസ്ഥാനതലത്തിലും പാർട്ടിക്ക് 2009ലും 2014ലും തുടർന്നത്. വി എസ് ആരോപിക്കുംപോലെ പുതിയ ഏതെങ്കിലും ഒരു നേതൃത്വം അധികാരത്തിൽ വന്നതിന്റെ ഭാഗമായോ നേതൃത്വം തെറ്റായ രീതി സ്വീകരിച്ചതുകൊണ്ടോ അല്ല പിന്നീട് പരാജയപ്പെട്ടത്.

പരാജയപ്പെടാനിടയായ കാരണങ്ങൾ ശരിയായ രീതിയിൽ തന്നെ പാർട്ടി വിലയിരുത്തിയിരുന്നു. അതിലേക്കാകെ ഇപ്പോൾ പോകുന്നില്ലെങ്കിലും സ: വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കുന്ന അച്ചടക്ക നടപടി സ്വീകരിച്ച കേന്ദ്രകമ്മിറ്റി തീരുമാനത്തിന്റെ ഒരു ഭാഗം ഇവിടെ പ്രസക്തമാണ്.''കേരളത്തിലെ പാർട്ടിയുടെ ഏറ്റവും സീനിയറായ നേതാവാണ് സ: വി എസ്. പോളിറ്റ് ബ്യൂറോ അംഗമെന്ന നിലയിൽ പാർട്ടിയുടെ സംഘടനാ തത്വങ്ങളും അച്ചടക്കവും അദ്ദേഹം ഉയർത്തിപ്പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മുമ്പ് പല ഘട്ടങ്ങളിലും പി.ബിയും സി.സിയും അദ്ദേഹത്തെ ഇക്കാര്യത്തിൽ തിരുത്താൻ ശ്രമിച്ചിരുന്നു.എന്നാൽ, ഏറ്റവും ഒടുവിലത്തെ ഈ ലംഘനങ്ങളും അച്ചടക്കം തെറ്റിക്കലും, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ, ക്ഷമിക്കുവാനാകില്ല.

അതിനാൽ, സ: വി എസ്. അച്യുതാനന്ദനെ പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവാക്കാൻ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു.''യു.ഡി.എഫ് പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലെല്ലാം അതിൽനിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ഇടപെടലുകൾ സ: വി എസ്. അച്യുതാനന്ദന്റെ ഭാഗത്തുനിന്നുണ്ടാകാറുണ്ട്. 2013 ഫെബ്രുവരി 11ന് പാർട്ടി സംസ്ഥാന കമ്മിറ്റി സ: വി.എസിന്റെ ഇത്തരം സമീപനങ്ങളെ വിലയിരുത്തിയത് ഇപ്രകാരമായിരുന്നു: ''പാർട്ടി കേന്ദ്രകമ്മിറ്റി അംഗം സ: വി എസ്. അച്യുതാനന്ദൻ സ്വീകരിക്കുന്ന നിലപാടുകളും സമീപനങ്ങളും പുറപ്പെടുവിക്കുന്ന പ്രസ്താവനകളും കേരളത്തിലെ പാർട്ടിയെ വൻ പ്രതിസന്ധിയിലെത്തിക്കുന്നു. യു.ഡി.എഫും കേരളത്തിലെ വലതുപക്ഷവും വൻ പ്രതിസന്ധിയിലകപ്പെടുമ്പോൾ സ: വി എസ് സ്വീകരിക്കുന്ന സമീപനം പലപ്പോഴും അവരുടെ രക്ഷയ്ക്കുതകുന്നു.'' യു.ഡി.എഫിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ മുമ്പ് സ്വീകരിച്ച സമീപനം വി എസ് തുടരുന്നതിന്റെ ഭാഗമാണ് ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ.

കേരളത്തിലെ ഏറ്റവും സീനിയറായ പാർട്ടി നേതാവായ സ: വി എസ്. അച്യുതാനന്ദനോട് മുമ്പ് കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ച കാര്യങ്ങൾ ഓർമ്മിപ്പിക്കാനാണ് സെക്രട്ടേറിയറ്റ് ആഗ്രഹിക്കുന്നത്.''പാർട്ടിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പൊതു പ്രസ്താവനകൾ അദ്ദേഹം ചെയ്യരുത്.സംസ്ഥാന കമ്മിറ്റിയുടെ കൂട്ടായ തീരുമാനങ്ങൾക്ക് അദ്ദേഹം വഴങ്ങണം.''

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP