Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്വവർഗ വിവാഹത്തോട് പ്രധാനമന്ത്രിക്ക് വിയോജിപ്പ്; ഓസ്‌ട്രേലിയയിൽ റഫറണ്ടം നടപ്പാക്കാനുള്ള ആശയം ടോണി അബോട്ട് തള്ളി

സ്വവർഗ വിവാഹത്തോട് പ്രധാനമന്ത്രിക്ക് വിയോജിപ്പ്; ഓസ്‌ട്രേലിയയിൽ റഫറണ്ടം നടപ്പാക്കാനുള്ള ആശയം ടോണി അബോട്ട് തള്ളി

ഓസ്‌ട്രേലിയ: റഫറണ്ടത്തിലൂടെ അയർലണ്ടിൽ സ്വവർഗ വിവാഹം നിയമാനുസൃതമാക്കിയെങ്കിലും അതിന്റെ ചുവടു പിടിച്ച് ഓസ്‌ട്രേലിയ സ്വവർഗ വിവാഹത്തെ പിന്തുണയ്ക്കില്ലെന്ന് പ്രധാനമന്ത്രി ടോണി അബോട്ട് വ്യക്തമാക്കി. സ്വവർഗ വിവാഹം സംബന്ധിച്ച ജനഹിതപരിശോധന എന്ന ആശയത്തെ ബഹിഷ്‌ക്കരിച്ചുകൊണ്ടാണ് ടോണി അബോട്ട് രംഗത്തെത്തിയിരിക്കുന്നത്.

അയർലണ്ടിൽ നടത്തിയ റഫറണ്ടത്തിൽ 62 ശതമാനം സ്വവർഗ വിവാഹത്തെ അനുകൂലിച്ചുകൊണ്ടാണ് വോട്ടു ചെയ്തിരിക്കുന്നത്. 38 ശതമാനം പേരാണ് എതിർത്തു വോട്ടു ചെയ്തതത്. എന്നാൽ അയർലണ്ടിനെ അനുകരിച്ച് ഓസ്‌ട്രേലിയയിൽ സ്വവർഗ വിവാഹനിയമം നടപ്പാക്കുന്നതിന് എതിർപ്പ് പ്രകടിപ്പിച്ചാണ് പ്രധാനമന്ത്രി ടോണി അബോട്ട് അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.

ഒരു വിഷയത്തിൽ ഭരണഘടനാ മാറ്റം അനിവാര്യമാകുന്ന സമയത്താണ് ജനഹിത പരിശോധന ഏർപ്പെടുത്തുന്നത്. എന്നാൽ നിലവിൽ സ്വവർഗ വിവാഹ നിയമം സംബന്ധിച്ച് ഓസ്‌ട്രേലിയയിൽ ഒരുതരത്തിലുമുള്ള ഭരണഘടനാ മാറ്റം ആവശ്യമില്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ  ഉടൻ ഒരു റഫറണ്ടം ഏർപ്പെടുത്താൻ ഉദ്ദേശമില്ലെന്നും പ്രധാനമന്ത്രി തുറന്നു പറഞ്ഞിരിക്കുകയാണ്.

ഓസ്‌ട്രേലിയയിലെ ദശലക്ഷക്കണക്കിന് പേരെ സംബന്ധിച്ചിടത്തോളം സ്വവർഗവിവാഹപ്രശ്‌നത്തിന് പ്രാധാന്യമേറെയുണ്ടെന്ന് ടോണി അബോട്ട് പറഞ്ഞു. എന്നാൽ  ചെറുകിട ബിസിനസുകളെ വളർത്താനുള്ള പദ്ധതികൾക്കാണ് പുതിയ ബജറ്റിൽ താൻ മുൻഗണന നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി. സ്വവർഗ വിവാഹ വിഷയത്തിൽ ഭരണഘടനയിൽ മാറ്റംവരുത്തണമെങ്കിൽ റഫറണ്ടം നടത്തേണ്ടതുണ്ടെന്ന് ഞായറാഴ്ച ബ്രിസ്ബാനിൽ റിപ്പോർട്ടർമാരോട് സംസാരിക്കവെ ടോണി അബോട്ട് പറഞ്ഞു. എന്നാൽ ഈ ഒരു വിഷയത്തിനെ അനുകൂലിച്ച് ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആരെങ്കിലും  ആവശ്യപ്പെടുമെന്ന് താൻ കരുതുന്നില്ലെന്നും ടോണി പറഞ്ഞു.

വോട്ടിംഗിലൂടെ സ്വവർഗ വിവാഹം നിയമമാക്കിയ ലോകത്തിലെ ആദ്യരാജ്യമെന്ന ബഹുമതിയാണ് അയർലണ്ടിനു കൈവന്നിരിക്കുന്നത്. സ്വവർഗവിവാഹവിഷയം ഫെഡറൽ പാർലമെന്റിലൂടെ ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും അബോട്ട് പറയുന്നു. ഇതൊരു ഗൗരവമാർന്ന വിഷയമാണെന്നും താനിതിനെ  ഗൗരവമായാണ് എടുത്തിരിക്കുന്നതെന്നും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് തന്റെ പാർട്ടിയിലും പാർലമെന്റിലും കുടുംബത്തിലും വ്യത്യസ്തമായ കാഴ്ചപ്പാടുകൾ വച്ച് പുലർത്തുന്നവരുണ്ടെന്നും അബോട്ട് പറയുന്നു. കുടുംബപരമായി പരമ്പരാഗത വിവാഹരീതികളെയാണ് താൻ അനുകൂലിക്കുന്നതെന്ന് അബോട്ട് പറഞ്ഞു. ഇദ്ദേഹത്തിന്റെ സഹോദരിയായ ക്രിസ്റ്റിന ഫോർസ്റ്റർ ഒരു ലെസ്‌ബിയനാണ്. 2003 മുതൽ തന്റെ പാർട്ട്ണറായ വെർജീന എഡ്വാർഡിനൊപ്പമാണ് ഇവർ കഴിയുന്നത്.

സ്വവർവിവാഹ വിഷയം കഴിഞ്ഞ പാർലമെന്റിന് മുന്നിൽ ചർച്ച ചെയ്യപ്പെട്ടതാണെന്നും സെപ്റ്റംബർ 2012ൽ ഇത് പാർലമെന്റിൽ ചർച്ച ചെയ്തപ്പോൾ പ്രൈവറ്റ്‌ മെമ്പർമാരും ടോറിഎംപിമാർ സ്‌പോൺസർ സെനറ്റർമാരും ഇതിനെ എതിർത്തിരുന്നുവെന്നും അബോട്ട് പറയുന്നു. ഈ വിഷയം ഇനിയും പാർലിമെന്റിന് മുന്നിൽ എപ്പോഴാണ് വരികയെന്ന് തനിക്കറിയില്ലെന്നും അബോട്ട് കൂട്ടിച്ചേർത്തു.

അതേസമയം സ്വവർഗ വിവാഹത്തോട് യോജിപ്പ് പ്രകടിപ്പിക്കുന്ന പ്രതിപക്ഷനേതാവ് ബിൽ ഷോർട്ടൻ പ്രധാനമന്ത്രിയുടെ ഈ എതിർപ്പു ചോദ്യംചെയ്ത് രംഗത്തെത്തിയിട്ടുമുണ്ട്. മിക്ക രാജ്യങ്ങളും മാര്യേജ് ഇക്വാളിറ്റിയെ അനുകൂലിക്കുന്നു, ഓസ്‌ട്രേലിയ കൂടുതൽ മോഡേൽ രാജ്യമാകുന്നതിനോട് എന്തിനാണ് അബട്ട് മുഖംതിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരായുന്നു.

സ്വവർഗവിവാഹം സംബന്ധിച്ച ജനാഭിപ്രായം തേടേണ്ടത് ആവശ്യമാണെന്ന് ഷോർട്ടൻ പറയുന്നു. ഇതുസംബന്ധിച്ച ബിൽ പാർലമെന്റിൽ അവതരിപ്പിക്കുകയും വേണം. പാർലമെന്റ് ഈ പ്രശ്‌നം പരിഹരിക്കും എന്നാണ് വിശ്വാസം. ഇതാണ് ഏറ്റവും ഉചിതമായ നടപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP