Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയിഡഡ് കോളേജുകളിൽ അദ്ധ്യാപക നിയമനത്തിന് സംവരണം നിർബന്ധമാക്കി കോടതി; ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിയത് വഴി ക്രൈസ്തവ-മുസ്ലിം സ്ഥാപനങ്ങൾ രക്ഷപ്പെട്ടു

എയിഡഡ് കോളേജുകളിൽ അദ്ധ്യാപക നിയമനത്തിന് സംവരണം നിർബന്ധമാക്കി കോടതി; ന്യൂനപക്ഷ സ്ഥാപനങ്ങളെ ഒഴിവാക്കിയത് വഴി ക്രൈസ്തവ-മുസ്ലിം സ്ഥാപനങ്ങൾ രക്ഷപ്പെട്ടു

കൊച്ചി: ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത, സ്വകാര്യ എയ്ഡഡ് കോളജുകളിൽ നിയമനങ്ങളിൽ സംവരണം പാലിക്കണമെന്നു ഹൈക്കോടതി. അദ്ധ്യാപക/ അനധ്യാപക നിയമനങ്ങളിൽ എസ്‌സി/ എസ്ടി സംവരണം ഉറപ്പാക്കണമെന്നാണ് വിധി. ന്യൂനപക്ഷ സ്ഥാപനങ്ങളല്ലാത്ത സ്വകാര്യ എയ്ഡഡ് കോളജുകളിൽ എസ്‌സി, എസ്ടി സംവരണം ഒഴിവാക്കുന്നതിനു കൃത്യമായ കാരണമില്ലെന്നു കോടതി വ്യക്തമാക്കി.

ഫലത്തിൽ ന്യൂനപക്ഷ പദവിയുള്ള സ്ഥാപനങ്ങൾ ഈ ഉത്തരവിൽ നിന്ന് രക്ഷപ്പെടും. ഇതിലൂടെ മിക്ക ക്രൈസ്തവ-മുസ്ലിം മാനോജ്‌മെന്റ് കോളേജുകൾക്കും തോന്നിയ പടി നിയമനം നടത്താമെന്ന പതിവ് തുടരാനാകും. കേരളത്തിലെ എയിഡഡ് സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ക്രൈസ്തവ-മുസ്ലിം മാനേജ്‌മെന്റുകളുടേതാണ്. ഇവയെ ഭരണഘടനാ പ്രശ്‌നത്തിന്റെ പേരിലാണ് ഒഴിവാക്കിയത്. അതു കൊണ്ട് തന്നെ ഈ ഉത്തരവ് ഉദ്ദേശിച്ച പ്രയോജനം സംസ്ഥാനത്തുണ്ടാക്കില്ല.

ഭരണഘടന അനുശാസിക്കുന്ന സംവരണം നടപ്പാക്കാൻ ബാധ്യതയുള്ളതിനാൽ ആറു മാസത്തിനകം കേരളത്തിലെ സർവകലാശാലകൾ ഇതിനായി ചട്ടങ്ങൾ ഭേദഗതി ചെയ്യണം. നിയമനങ്ങൾ അതുപ്രകാരം നടത്തണമെന്നും കോടതി നിർദ്ദേശിച്ചു. എയ്ഡഡ് കോളജുകളിൽ അദ്ധ്യാപക, അനധ്യാപക നിയമനങ്ങളിൽ എസ്‌സി/എസ്ടി സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള മൂന്നു ഹർജികളിലാണ് ജസ്റ്റിസ് എ.എം. ഷഫീഖിന്റെ ഉത്തരവ്. ദേവസ്വം കോളജുകളിൽ സംവരണം നടപ്പാക്കണമെന്നായിരുന്നു ഒരു ഹർജിയിലെ ആവശ്യം. സംസ്ഥാനത്ത് എയ്ഡഡ് സ്‌കൂളുകളിൽ 7199 അദ്ധ്യാപകരുള്ളതിൽ എസ്‌സി/എസ്ടി വിഭാഗക്കാർ 11 പേർ മാത്രമാണെന്നു ഹർജിക്കാർ ബോധിപ്പിച്ചു.

ന്യൂപക്ഷങ്ങളുടേതൊഴികെ, സർക്കാർ എയ്ഡ്/ ഗ്രാന്റ് ലഭിക്കുന്ന കോളജുകൾ, സെന്ററുകൾ, ഗവേഷണ കേന്ദ്രങ്ങൾ, കേന്ദ്രസർവകലാശാലകൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിൽ സംവരണം നടപ്പാക്കണമെന്നാണ് യുജിസി മാർഗനിർദ്ദേശം. എസ്‌സി15%, എസ്ടി 7.5% എന്നിങ്ങനെയാണു സംവരണം വേണ്ടത്. സർവകലാശാലാ ചട്ടങ്ങളിൽ ഭേദഗതിയില്ലാതെ, യുജിസി മാർഗനിർദ്ദേശം മാത്രം അടിസ്ഥാനമാക്കി എസ്‌സി, എസ്ടി സംവരണം അവകാശപ്പെടാനാവില്ലെന്ന് എയ്ഡഡ് കോളജുകൾ വാദിച്ചു. ഇത് അംഗീകരിച്ചില്ല.

വിദ്യാഭ്യാസ ഏജൻസിയുടെ സമുദായത്തിന് 50% സംവരണം നടപ്പാക്കാനുള്ള വ്യവസ്ഥ സർവകലാശാലാ ചട്ടങ്ങളിലുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന എസ്‌സി /എസ്ടി സംവരണം ചട്ടത്തിലില്ല. സ്വകാര്യ കോളജുകൾക്കു സർക്കാർ ഫണ്ടും ഗ്രാന്റും ലഭിക്കുന്നുണ്ട്. തസ്തിക അനുവദിക്കുന്നതു സർക്കാരാണെന്നു സർവകലാശാലാ ചട്ടങ്ങളിൽ വ്യക്തമാണ്. യുജിസി മാർഗനിർദ്ദേശം നടപ്പാക്കാൻ സർവകലാശാല നടപടിയെടുക്കണം. ഇതിനായി സർവകലാശാലാ നിയമത്തിലും ചട്ടത്തിലും ഉചിതമായ ഭേദഗതി വരുത്തണം.

സർക്കാർ സർവീസിൽ സംവരണം നടപ്പാക്കുന്നുണ്ട്. കേരള സംസ്ഥാന സബോർഡിനേറ്റ് സർവീസ് ചട്ടപ്രകാരം സർക്കാർ കോളജുകളിലും സംവരണ തത്വം നടപ്പാക്കുന്നുണ്ട്. സ്വകാര്യ കോളജിലെ അദ്ധ്യാപക, അനധ്യാപക നിയമനങ്ങളിൽ മാത്രം സംവരണം ഒഴിവാക്കി നിർത്തുന്നതു ന്യായമല്ലെന്നു കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP