Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഡിജെ പാർട്ടികൾ നഗരത്തിൽ നിന്ന് കാടിനുള്ളിലേക്ക്; കൊച്ചിയിലെ റെയ്ഡുകൾ മറികടക്കാൻ പുതു തന്ത്രങ്ങളുമായി മയക്കുമരുന്ന് മാഫിയ; കോഴിക്കോട്ടേക്ക് നിശാപാർട്ടികളുടെ താവളം മാറുന്നു

എം പി റാഫി

കോഴിക്കോട്: കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു മയക്കുമരുന്നു സംഘങ്ങൾ നടത്തുന്ന ഡി.ജെ പാർട്ടികൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഡി.ജെ സംഘങ്ങൾ കോഴിക്കോട് കേന്ദ്രീകരിച്ചു മയക്കുമരുന്നു വിപണനം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചു.

പഞ്ചനക്ഷത്ര ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഡിജെ പാർട്ടികൾ ഫ്‌ളാറ്റുകളിലും വനത്തിനോട് ചേർന്ന പ്രദേശത്തും പാർട്ടികൾ നടത്തുന്നതായാണ് വിവരം. ഇത്തരം പാർട്ടികളിൽ സ്ഥിരമായി എത്തിച്ചേരുന്നത് യുവാക്കളാണ്. ഇവരുടെ പേരുവിവരങ്ങളുൾപ്പടെ എല്ലാ വിവരങ്ങളും ശേഖരിക്കുകയാണ് പൊലീസ്. കോഴിക്കോട്ടെ ആൾ താമസം കുറഞ്ഞ ഫ്‌ളാറ്റുകളിലും വലിയ ഹോട്ടലുകൾ കേന്ദ്രീകരിച്ചും നിശാപാർട്ടികൾ നടക്കുന്നതായാണ് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസ് നടപടി ശക്തമാക്കിയതോടെ നിശാപാർട്ടി സംഘാടകർ കൊച്ചി വിടുന്നതായും കോഴിക്കോട് കേന്ദ്രീകരിക്കാൻ ശ്രമം നടക്കുന്നതായും രഹസ്യാന്വേഷണ വിഭാഗം പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.

മയക്കുമരുന്ന് വിപണനം പൊടിപൊടിക്കുന്ന ഡിജെ പാർട്ടികൾ കൊച്ചി കേന്ദ്രീകരിച്ച് സുലഭമാണെങ്കിലും കോഴിക്കോട് ഇത്തരം പാർട്ടികൾ കുറവാണെന്നാണ് പൊലീസിന്റെ നിരീക്ഷണം. എന്നാൽ കൊച്ചി ഉൾപ്പടെയുള്ള നഗരങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് കോഴിക്കോട് നിന്നുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്നതിനാൽ നിരവധി യുവാക്കളും ഇടപാടുകാരായുണ്ട്. മയക്കുമരുന്ന് ഇടപാടിന്റെ പ്രധാന കണ്ണികൾ കോഴിക്കോടാണെന്നും ഇവരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഷാഡോ പൊലീസിനെ നിയമിച്ചതായും കോഴിക്കോട് അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

കോഴിക്കോട് മയക്കുമുരുന്ന് മാഫിയകളുടെ കേന്ദ്രമാകുന്നെന്ന വാർത്ത ശരിവയ്ക്കുന്നതായിരുന്നു കൊച്ചിയിൽ നിന്നും ഡിജെ പാർട്ടിക്കിടെ പിടിയിലായവരിൽ നിന്നും ലഭിച്ച വിവരങ്ങൾ. ഡിജെ പാർട്ടിയുടെ മറവിൽ മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട സുപ്രധാന ഇടപാടുകാരനായ കൊക്കാച്ചി എന്ന് വിളിക്കുന്ന മിഥുന് മയക്കുമരുന്ന് എത്തിച്ചത് കോഴിക്കോട് നിന്നുമാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. കോക്കാച്ചിയെ ചോദ്യം ചെയ്തതോടെയാണ് കോഴിക്കോട് സ്വദേശികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ഇതേ തുടർന്ന് കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘം ഇന്നലെ കോഴിക്കോട്ടെത്തി നിർണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. മൂന്നു പേരടങ്ങുന്ന കോഴിക്കോട് സ്വദേശികളുടെ നേതൃത്വത്തിലാണ് മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്നത്. ഇവരെ പിടികൂടുന്നതോടെ സംസ്ഥാനത്തെ പ്രധാന മയക്കുമരുന്ന് കണ്ണികളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.

കോഴിക്കോട്ടെ പ്രധാന മയക്കുമരുന്ന് മാഫിയയാണ് മറ്റു പ്രദേശങ്ങളിലേക്കും കൊക്കെയ്ൻ ഉൾപ്പടെയുള്ള മയക്കുമരുന്ന് എത്തിക്കുന്നതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ കൊച്ചിയെ അപേക്ഷിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകൾ കോഴിക്കോട് കുറവാണെന്നതിനാൽ ഫ്‌ളാറ്റുകൾ കേന്ദ്രീകരിച്ച് പാർട്ടികൾ നടക്കുന്നത്. ആൾ താമസമുള്ള ഫ്‌ളാറ്റുകളിൽ റെസിഡൻസ് അസോസിയേഷനുകളുടെ കണ്ണു വെട്ടിച്ച് വളരെ രഹസ്യമായാണ് ഇത്തരം നിശാപാർട്ടികൾ നടക്കുന്നത്. സ്ഥിരം എത്തുന്നവർക്കും പരിചയക്കാർക്കും മാത്രമേ പാർട്ടിയിൽ പ്രവേശനമുള്ളൂ. ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയുമുള്ള പ്രത്യേകം ഗ്രൂപ്പുകളിലൂടെയാണ് ഇടപാട് സംബന്ധിച്ച ആശയവിനിമയം നടത്തുന്നത്.

വിദ്യാർത്ഥികളുൾപ്പടെ ഇവരുടെ ശൃംഖലയിൽ ഉണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. എന്നാൽ ഹോട്ടലുകളും ഫ്‌ളാറ്റുകളും പൊലീസിന്റെ നിരീക്ഷണ വലയത്തിലായതോടെ സംഘങ്ങൾ മലയോര മേഖലയിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്. ആദിവാസികളെ ചൂഷണം ചെയ്ത് വനം പ്രദേശങ്ങളിൽ നിശാപാർട്ടികളും മയക്കുമരുന്ന് കൈമാറ്റവും നടക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.എന്നാൽ അടുത്ത ദിവസങ്ങളിലായി വനമേഖലകൾ കേന്ദ്രീകരിച്ച് നിശാ പാർട്ടികൾ നടക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ആദിവാസി സ്ത്രീകളുൾപ്പടെയുള്ളവരാണ് പാർട്ടികളിൽ നൃത്തം ചെയ്യാനെത്തുന്നത്. ഇവരെ പാർട്ടികളിലേക്ക് എത്തിക്കുന്നതിന് പ്രത്യേക ഇടനിലക്കാർ അവിടെ പ്രവർത്തിക്കുന്നു. കൂടാതെ ഇവിടങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് വിപുലമായിത്തന്നെ ഡിജെ പാർട്ടികൾ നടന്നുവരുന്നുണ്ട്.

വിദേശികളടക്കമുള്ള മയക്കുമരുന്ന് മാഫിയകളാണ് ഇത്തരം സംഘങ്ങളെ നിയന്ത്രിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിലും ഡിജെ സംഘങ്ങൾ പിടിമുറുക്കിയതായി രഹസ്യാന്വേഷണ വിഭാഗം പറയുന്നു. ഗോവയിൽനിന്നുമാണ് കൊക്കെയ്ൻ കേരളത്തിലേക്ക് എത്തിച്ചിരുന്നത്. ട്രെയിൻ മാർഗം ആദ്യം കോഴിക്കോട്ടെത്തിച്ച ശേഷം പ്രധാന ഇടനിലക്കാർക്ക് കൈമാറും. ഇവർ മുഖേനയാണ് കൊച്ചിയിലേക്കും മറ്റു നഗരങ്ങളിലേക്കും എത്തിച്ചിരുന്നത്. ഡിജെ സംഘങ്ങളെ പിടികൂടാൻ പൊലീസ് സംസ്ഥാനത്ത് വലവിരിച്ചിട്ടുണ്ട്. മുഴുവൻ ജില്ലാ പൊലീസ് മേധാവികൾക്കും വിവരം കൈമാറിയിട്ടുണ്ട്. കൂടാതെ ഇത്തരം സംഘങ്ങളെ നിരീക്ഷിക്കാനായി മാത്രം നഗരങ്ങളിൽ വിവിധ സംഘങ്ങളായി ഷാഡോ പൊലീസിനെ നിയോഗിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP