Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാർ അറയ്ക്കൽ വെള്ളാപ്പള്ളിയെ കാണാൻ എത്തിയത് മേജർ ആർച്ച് ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം; ഇടുക്കി ബിഷപ്പിനു സഭയുടെ കടുത്ത വിമർശനം; ഈഴവരും കത്തോലിക്കരും അടുത്തിടപഴുകി കഴിയുന്നിടങ്ങളിലെല്ലാം ആശങ്ക

മാർ അറയ്ക്കൽ വെള്ളാപ്പള്ളിയെ കാണാൻ എത്തിയത് മേജർ ആർച്ച് ബിഷപ്പിന്റെ നിർദ്ദേശ പ്രകാരം; ഇടുക്കി ബിഷപ്പിനു സഭയുടെ കടുത്ത വിമർശനം; ഈഴവരും കത്തോലിക്കരും അടുത്തിടപഴുകി കഴിയുന്നിടങ്ങളിലെല്ലാം ആശങ്ക

കൊച്ചി: ക്രൈസ്തവ സഭയുടെ ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരമായിരുന്നു കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ ഇന്നലെ വൈകിട്ട് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി നടത്തിയ ചർച്ച. എസ്.എൻ.ഡി.പി യോഗത്തിനെതിരെ ഇടുക്കി ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ നടത്തിയ വഴി വിട്ട പരാമർശങ്ങളിൽ ഖേദപ്രകടനവുമായി കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ നേരിട്ടെത്തിയത് സംഘർഷങ്ങൾ കുറച്ചു. ഇതിനിടെയിൽ വിവാദ പരാമർശം നടത്തിയ ഇടുക്കി ബിഷപ്പും ഖേദം പ്രകടിപ്പിച്ചു. എല്ലാം മേജർ ആർച്ച് ബിഷപ്പ് മാർ ആലഞ്ചേരിയുടെ നിർദ്ദേശ പ്രകാരമായിരുന്നു.

ഈഴവരും ക്രൈസ്തവരും ഒരുമിച്ച് ജീവിക്കുന്ന ഏറെ സ്ഥലങ്ങളുണ്ട്. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവ ഈ മേഖലകളിൽ സംഘർഷ സാധ്യതയുണ്ടാക്കി. ഇത് വഷളാവാതിരിക്കാനായിരുന്നു കത്തോലിക്കാ സഭ അടിയന്തരമായി പ്രശ്‌നത്തിൽ ഇടപെട്ടത്. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനിയിലെ അടിയന്തര ഇടപെടൽ എസ്എൻഡിപി യോഗം പോലൂം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സൗഹൃദാന്തരീക്ഷ വേഗത്തിൽ മടങ്ങിയത്തി. പ്രശ്‌ന പരിഹാരത്തിന് മാത്യു അറയ്ക്കൽ പിതാവ് മുൻകൈയെടുത്തതിൽ യോഗത്തിന് നന്ദിയുണ്ടെന്നും, സഭയ്‌ക്കെതിരെ യോഗവും പോഷക സംഘടനകളും നടത്തി വരുന്ന എല്ലാ സമര പരിപാടികളും അവസാനിപ്പിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം വെള്ളാപ്പള്ളി വ്യക്തമാക്കി.

വൈകിട്ട് ആറ് മണിയോടെ എത്തിയ ബിഷപ് ഒരു മണിക്കൂറോളം വെള്ളാപ്പള്ളിയുമായി ചർച്ച നടത്തി. മനഃപൂർവമല്ലാത്ത ഒരു പ്രസ്താവനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗത്തിനുണ്ടായ വിഷമത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മാത്യു അറയ്ക്കൽ പറഞ്ഞു. ആരെയും വേദനിപ്പിക്കാനോ, മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തോടെയോ അല്ല ഇടുക്കി ബിഷപ് പ്രസ്താവന നടത്തിയത്. സഭ എല്ലാവരോടും സ്‌നേഹത്തോടും ബഹുമാനത്തോടുമാണ് പെരുമാറുന്നത്. സാങ്കല്പികമായ ഒരു പ്രസ്താവനയുടെ പേരിൽ യോഗവുമായുള്ള ദീർഘകാലത്തെ ബന്ധം തകരാൻ സഭ ആഗ്രഹിക്കുന്നില്ല. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയുടെ പേരിൽ എസ്.എൻ.ഡി.പി യോഗം നടത്തിവരുന്ന സമര പരിപാടികൾ നിറുത്തി വയ്ക്കണമെന്നും ബിഷപ് മാത്യു അറയ്ക്കൽ അഭ്യർത്ഥിച്ചു.

കാഞ്ഞിരപ്പള്ളി പിതാവുമായി എസ്.എൻ.ഡി.പി യോഗത്തിനും തനിക്കും വർഷങ്ങളായി വ്യക്തിപരമായ അടുപ്പമുണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള ഇടുക്കി ബിഷപ്പിന്റെ പ്രസ്താവന ഈഴവ ഹൃദയങ്ങളിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് പിതാവ് മുൻകൈയെടുത്ത് പ്രശ്‌നങ്ങൾ തീർത്തതിനാൽ എല്ലാ സമുദായാംഗങ്ങളും സംയമനം പാലിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇനി പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും വ്യക്തമാക്കി. വ്യക്തിപരമായ പരാമർശമായി ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനയെ മാറ്റുകയാണ് ഈ ഇടപെടലിലൂടെ കത്തോലിക്കാ സഭ ചെയ്തത്. ഇനി ഇടുക്കി ബിഷപ്പിനെതിരായ കേസുൾപ്പെടെയുള്ള കാര്യങ്ങളുമായി എസ് എൻ ഡി പി യൂണിയൻ മുന്നോട്ട് പോകില്ല.

ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ തുടർന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെ.സി.ബി.സി) കഴിഞ്ഞ ദിവസം ഖേദം പ്രകടിപ്പിച്ചിരുന്നു. ബിഷപ്പിന്റെ വാക്കുകൾ ഏതെങ്കിലും സമുദായത്തിന്റെ ആത്മാഭിമാനത്തെ മുറിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ല എന്നും കെ.സി.ബി.സി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആനിക്കുഴിക്കാട്ടിൽ ഖേദപ്രകടനം നടത്തിയത്. കെസിബിസിയുടെ ഇടപെടലിന് തുടർന്നാണ് ബിഷപ്പും ഖേദപ്രകടനം നടത്തുന്നത്. ആനക്കുഴിക്കാട്ടിലിന്റെ പ്രസ്താവനയെ കഴിഞ്ഞ ദിവസം അതിരൂക്ഷമായ ഭാഷയിൽ എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. യൂത്ത്മൂവ്‌മെന്റ് പ്രവർത്തകർ സെക്രട്ടറിയേറ്റ് മാർച്ചും നടത്തി. ഇതിനൊപ്പം സിപിഎമ്മും വിമർശനവുമായെത്തി. ഇതോടൊപ്പം വ്യാപക പ്രതിഷേധം പല കോണുകളിൽ നിന്ന് ഉയർന്നു. ഈ സാഹചര്യത്തിലാണ്‌ ്രൈകസ്തവ സഭ ബിഷപ്പിനെ തള്ളിപ്പറഞ്ഞത്.

ഇടവേളയ്ക്ക് ശേഷം ലൗ ജിഹാദ് വിവാദങ്ങളെ ആളിക്കത്തിക്കുന്ന ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പ്രസ്താവന രണ്ട് ദിവസം മുമ്പാണ് ഉണ്ടായത്. ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ടും ലൗജിഹാദ് ഉണ്ടെന്ന് ആരോപിച്ചാണ് ഇടുക്കിമെത്രാൻ രംഗത്തെത്തിയത്. മുസ്ലിം യുവാക്കൾക്കൊപ്പം എസ്എൻഡിപിക്കും ഇത്തരം ഒരു അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പെൺകുട്ടികളെ ലൗ ജിഹാദിലും എസ്.എൻ.ഡി.പി.യുടെ രഹസ്യ അജണ്ടയിലും വീഴ്‌ത്താൻ ശ്രമം നടക്കുകയാണെന്നും ബിഷപ്പ് പറഞ്ഞു. ഇതിനെതിരെ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. മിശ്രവിവാദം കത്തോലിക്കാ സഭയുടെ മൂല്യങ്ങളെ തകർക്കാനാണെന്നും ബിഷപ്പ് വിമർശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നടന്ന പാസ്റ്ററൽ കൗൺസിൽ യോഗത്തിലാണ് മിശ്രവിവാഹം വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം ഉദ്‌ഘോഷിച്ചത്. ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.വി എസ്.രാജനാണ് ചേർത്തല ഡിവൈ.എസ്‌പിക്ക് ആനിക്കുഴിക്കാട്ടിലിന്റെ പരാമർശത്തിനെതിരെ പരാതി നൽകിയത്.

അതിനിടെ മിശ്രവിവാഹത്തെ എതിർക്കുന്നത് പുരോഗന ആശയങ്ങളെ കൈയൊഴിയുന്നവരാണെന്ന് സിപിഐ(എം). പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒരഭിപ്രായം പറയാൻ ഇടുക്കി രൂപത ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിന് എങ്ങനെ കഴിയുന്നുവെന്നാണ് സംശയം. എസ്.എൻ. ഡി.പി യോഗം പ്രവർത്തകർ പെൺകുട്ടികളെ വശീകരിച്ച് മതം മാറ്റുന്നുവെന്ന് പറയുന്നത് ഉല്പതിഷ്ണുത്വത്തിനെതിരാണ്. ലോകത്ത് പുരോഗമനത്തിനൊപ്പം നിൽക്കുന്ന ചരിത്രമാണ്‌ ്രൈകസ്തവർക്കുള്ളത്‌ബേബി പറഞ്ഞു. വർഗീയ വിദ്വേഷവും മതസ്പർദ്ധയുമുണ്ടാക്കുന്ന ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിലിനെതിരേ ഐ പി സി 153 എ വകുപ്പ് പ്രകാരം ക്രിമിനൽ കേസ്് എടുക്കണമെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിശദീകരണവുമായി സഭാ നേതൃത്വവും രംഗത്തുവന്നു. ഇടുക്കി ബിഷപ്പിന്റെ പ്രസ്താവനെയെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP