Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാസപ്പിറവി കണ്ടു; ഇന്ന് റമദാൻ ഒന്ന്; കേരളത്തിലും ഗൾഫ് നാടുകളിലും വ്രതാനുഷ്ഠാനത്തിനു തുടക്കം; ഇനി ആത്മാർപ്പണത്തിന്റെ മുപ്പതു പുണ്യനാളുകൾ

മാസപ്പിറവി കണ്ടു; ഇന്ന് റമദാൻ ഒന്ന്; കേരളത്തിലും ഗൾഫ് നാടുകളിലും വ്രതാനുഷ്ഠാനത്തിനു തുടക്കം; ഇനി ആത്മാർപ്പണത്തിന്റെ മുപ്പതു പുണ്യനാളുകൾ

കോഴിക്കോട്: വിശുദ്ധ റമദാൻ വ്രതത്തിന് ഇന്ത്യയിലും ഗൾഫ് നാടുകളിലും ഇന്നു തുടക്കമാകും. ഉത്തര കേരളത്തിൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ അറിയിച്ചു. കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതായും അദ്ദേഹം സ്ഥിരീകരിച്ചു.

ദക്ഷിണ കേരളത്തിലും റമദാൻ വ്രതം ഇന്ന് ആരംഭിക്കുമെന്ന് പാളയം ഇമാം വി പി ഷുഹൈബ് മൗലവി അറിയിച്ചു. മാസപ്പിറവി കണ്ടതായി പാളയം ഇമാം സ്ഥിരീകരിച്ചു. കേരള ജംഇയത്തുൽ ഉലമയും കേരള ഹിലാൽ കമ്മിറ്റിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കെ.എൻ.എം മടവൂർ വിഭാഗവും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഗൾഫ് മേഖലയിലും ഇന്നാണ് റമദാൻ വ്രതം ആരംഭിക്കുന്നത്. ചൊവ്വാഴ്ച ഗൾഫ് മേഖലയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബുധനാഴ്ച ശഅബാൻ 30 ആയിരിക്കുമെന്നും തുടർന്ന് വ്യാഴാഴ്ച റമദാൻ മാസത്തിനു തുടക്കമാകുമെന്നും സൗദി ഉന്നത നീതിന്യായ സമിതിയാണ് ആദ്യം പ്രഖ്യാപിച്ചത്. തുടർന്ന് യു.എ.ഇ.യുടെ ചാന്ദ്രനിരീക്ഷണസമിതിയും പ്രഖ്യാപനമിറക്കി.

മലേഷ്യ, തുർക്കി, ഇൻഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലും വ്യാഴാഴ്ചയാണ് റമദാൻ ആരംഭം. പാശ്ചാത്യരാജ്യങ്ങളിൽ നല്ലൊരു ശതമാനം മുസ്ലിങ്ങളും സൗദി അറേബ്യയുടെ ഹിജ്‌റ കലണ്ടറിനെയാണു പിന്തുടരുന്നത്.

വിശ്വാസികൾ ഇന്നു മുതൽ 30 ദിവസം പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിഞ്ഞു പൂർണമായും സ്രഷ്ടാവിലേക്കു സമർപ്പിക്കും. ഖുർആൻ പാരായണത്തിനു കൂടുതൽ സമയം കണ്ടെത്തി വിശ്വാസികൾ പ്രാർത്ഥനകളിലും ആരാധനകളിലും മുഴുകും. പാവപ്പെട്ടവന്റെ വിശപ്പിന്റെ വിളി മറ്റുള്ളവർ കൂടി മനസ്സിലാക്കുകയെന്നതും റമദാന്റെ പ്രത്യേകതയാണ്. റമദാനിലെ രാത്രിയിൽ ദീർഘനേരത്തെ നമസ്‌കാരമായ 'തറാവീഹ്' ഇന്നലെ രാത്രി തുടങ്ങി.

റമദാനെ മൂന്നു പത്തുകളായാണ് വിശ്വാസികൾ കാണുന്നത്. ആദ്യത്തേത് അനുഗ്രഹത്തിന്റെയും രണ്ടാമത്തേതു പാപമോചനത്തിന്റെയും മൂന്നാമത്തേതു നരകവിമോചനത്തിന്റെയുമാണ്. അവസാന പത്തിൽ പള്ളികളിൽ ഇഅ്തികാഫ് ഇരിക്കുന്നു. ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠമായ ലൈലത്തുൽ ഖദ്ർ അവതീർണമായതും റമസാനിലെ അവസാനപത്തിലെ ഒറ്റയൊറ്റ രാത്രികളിലാണെന്നാണ് വിശ്വാസം.

ഇസ്‌ലാമിക ചരിത്രത്തിൽ ശ്രേഷ്ഠമെന്നു വിശേഷിപ്പിക്കുന്ന ബദർയുദ്ധം നടന്നതു റമദാൻ 17ന് ആണ്. സമ്പത്തിന്റെ ശുദ്ധീകരണത്തിനായി അല്ലാഹു നിർബന്ധമാക്കിയ സക്കാത്ത് കൂടുതൽ പുണ്യം ലഭിക്കുന്നതിനായി പാവപ്പെട്ടവർക്കു നൽകുന്നതും റമദാനിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP