Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാമി അവാർഡ് ദാനവും സെപ്റ്റംബർ ഏഴിന് ന്യൂയോർക്കിൽ

പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാമി അവാർഡ് ദാനവും സെപ്റ്റംബർ ഏഴിന് ന്യൂയോർക്കിൽ

ന്യൂയോർക്ക്: ട്രയർ റണ്ണിൽ തന്നെ ആവേശകരമായ പ്രതികരണം ലഭിച്ച പ്രവാസി ചാനലിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 7ന് നടക്കും. ഇതോടൊപ്പം തന്നെ നോർത്ത് അമേരിക്കൻ മലയാളി ഓഫ് ഇയർ (നാമി) അവാർഡ് ദാനവും നടക്കും.

കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും നടീനടന്മാരും പങ്കെടുക്കുന്ന സമ്മേളനം സ്റ്റാർനൈറ്റിന്റെ മാതൃകയിൽ വർണ്ണാഭമാക്കാൻ പ്രവാസി ചാനൽ പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

ഇന്റർനെറ്റ് വഴി യുണൈറ്റഡ് മീഡിയ ഐ.പി. ടിവി പ്ലാറ്റ് ഫോമിലൂടെ ലോകമെങ്ങും ലഭ്യമാകുന്ന പ്രവാസി ചാനൽ ഈ രംഗത്തെ തുടക്കക്കാരായ (പയനിയർ) , ബോം ടിവിയും മലയാളം ഐ.പി ടിവിയും ഒന്നായി ചേർന്ന് രൂപംകൊടുത്ത യുണൈറ്റഡ് മീഡിയയുടെ സംഭാവനയാണ്.  വ്യൂവർഷിപ്പ് റേറ്റിങ്ങിൽ (എന്തുമാത്രം ആൾക്കാർ കാണുന്നു എന്ന അളവുകോൽ) ഐ പി ടി വി പ്ലാറ്റ്‌ഫോമിൽ ഏഷ്യാനെറ്റ്,  മഴവിൽ മനോരമ ചാനലുകൾക്ക് തൊട്ടുപിന്നിലായി മിക്കവാറും മൂന്നാംസ്ഥാനത്തോ നാലാം സ്ഥാനത്തോ പ്രവാസി ചാനലുമുണ്ട്.  അമേരിക്കൻ മലയാളികൾ അത്ര മാത്രം പ്രവാസി ചാനലിനെ നെഞ്ചിലേറ്റി എന്നതിന്റെ തെളിവാണിതെന്ന് ഇതിന്റെ സംഘാടകർ ഒന്നടങ്കം പറഞ്ഞു.

പ്രാവാസികൾ തന്നെ രൂപം കൊടുത്ത ചാനൽ എന്ന ബഹുമതിക്കർഹമായ പ്രവാസി ചാനൽ വ്യത്യസ്തവും പുതുമയാർന്നതുമായ പ്രോഗ്രാമുകൾകൊണ്ട് ലോകമെങ്ങും ശ്രദ്ധ നേടി. ആഘോഷങ്ങളുടെ നാടായ അമേരിക്കയിൽ അരങ്ങേറുന്ന ഓരോ മലയാളി പരിപാടിയുടെ ഒരുഭാഗവും വിട്ടുകളയാതെ പൂർണ്ണമായിതന്നെ ചാനൽ പ്രദർശിപ്പിക്കുന്നു. അമേരിക്കൻ മലയാളികളുടെ ഹൃദയത്തുടിപ്പുകൾ ഒപ്പിയെടുക്കുന്ന ചാനൽ പ്രധാന സംഭവങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നു. ബ്രേക്കിങ് ന്യൂസ് ആകട്ടെ വൻകിട ചാനലുകൾക്കൊപ്പം ജനങ്ങളിലെത്തിക്കാനും പ്രവാസി ചാനലിനുണ്ട്.

നാട്ടിലെ വി.ഐ.പികൾ നാട്ടിലെ മാദ്ധ്യമങ്ങൾക്ക് അത്രയെളുപ്പം പിടികൊടുക്കാറില്ലെങ്കിലും അമേരിക്കയിലെത്തുമ്പോൾ അവർ പ്രവാസി ചാനലിനു മുന്നിൽ മനസുതുറക്കാൻ മടിക്കാറില്ല. അതിനാൽ തന്നെ വിവാദവിഷയങ്ങളിൽ പ്രതികരണം പലപ്പോഴും അമേരിക്കയിൽ നിന്നാണ് പുറംലോകത്ത് എത്തുന്നത്.

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളായി രൂപംകൊണ്ട മലയാളം ടെലിവിഷനും എം. സി. എൻ. ചാനലും ഒന്നായതോടെ കൂടുതൽ മികവുറ്റ പരിപാടികൾ അവതരിപ്പിക്കാൻ വഴിയൊരുങ്ങുകയായിരുന്നു. നാട്ടിൽ 300 400 പേർ ജോലി ചെയ്യുന്ന ചാനലുകളിൽ നിന്നു ലഭ്യമാകുന്നതുപോലെയോ അതിലും മെച്ചമായോ പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ ചുരുക്കം ജോലിക്കാരുള്ള പ്രവാസി ചാനലിനു കഴിയുന്നതു ഈ രംഗത്തോടുള്ള അർപ്പണബോധത്തിന്റെ പ്രതിഫലനമാണ്.

സാമ്പത്തികനേട്ടങ്ങൾക്കുപരി ജനങ്ങൾക്ക് മികച്ച പരിപാടികൾ ലഭ്യമാക്കാനും, വാർത്തകൾ തത്സമയം അറിയിക്കാനും അവർ രംഗത്തുണ്ട്.  പ്രവാസിയുടെ ശബ്ദം തന്നെയായി ചാനലിന്റെ പ്രക്ഷേപണം തുടരുന്നു. കേരളത്തിൽ നിന്നുള്ള പ്രധാന ചാനലുകളിൽ പോലും ഇല്ലാത്ത പ്രോഗ്രാമുകൾ പ്രവാസി ചാനലിലുണ്ട്. പരസ്യങ്ങളുടെ അതിപ്രസരമില്ല എന്നതും ടെലിവിഷൻ കാഴ്ചക്കാരെ ഒന്നടങ്കം പ്രവാസി ചാനലിലേക്ക് ആകർഷിക്കുന്നു.

ലോകത്ത് എവിടെയും പ്രവാസി ചാനൽ ലഭ്യമാണെങ്കിലും യു കെ, ഓസ്‌ട്രേലിയ, അയർലൻഡ് തുടങ്ങി വിവിധ രാജ്യങ്ങളിൽ ചാനലിന്റെ പ്രാതിനിധ്യം കൂട്ടാനും അവിടെ നിന്നുള്ള പ്രോഗ്രാമ്മുകൾ ഉൾപ്പെടുത്താനും ഉള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.  അത് വഴി  പ്രാദേശിക പരിപാടികൾ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ചാനലിന്റെ അടുത്ത ദൗത്യം. പ്രവാസികളെ ഒന്നിപ്പിക്കുന്ന ചങ്ങലയായി ക്രമേണ ചാനൽ മാറും.

മലയാളികൾ തിങ്ങി പാർക്കുന്ന ഗൾഫ് രാജ്യങ്ങളിലുള്ള രണ്ടു പ്രാദേശിക ചാനലുകളുമായി കൂടി ചേർന്ന് ഇവിടെ നിന്നുള്ള പ്രോഗ്രാമ്മുകൾ അവിടെ കാണിക്കാനും അവിടെ പ്രവാസി മലയാളികളുടെ ഹൃദയ സ്പന്ദനങ്ങൾ ലോകമെമ്പാടും പ്രവാസി ചാനൽ വഴി കാണിക്കാനുള്ള കാര്യങ്ങൾ ധൃത ഗതിയിൽ നടക്കുന്നുണ്ട്.

ഏറ്റവും നൂതനമായ ഹൈ ഡെഫിനിഷൻ സാങ്കേതിക മികവിലാണ് എല്ലാ പ്രോഗ്രാമ്മുകളും തയ്യാറാക്കുന്നത്. മികച്ച ഗുണമേന്മയ്ക്ക് എച്ച്.ഡി ക്വാളിറ്റിയിലാണ് പ്രോഗ്രാമുകൾ ഷൂട്ട് ചെയ്യുന്നതും പ്രക്ഷേപണവും ഹൈഡഫിനിഷൻ ക്യാമറയാണ് ഷൂട്ടിംഗിനുപയോഗിക്കുന്നത്. ഗ്രാസ്സ് വാല്ലി എന്ന ലോക പ്രശസ്ത കമ്പനിയുടെ എഡിറ്റിങ് സംവിധാനങ്ങളാണ് പിന്നിൽ ഉപയോഗിക്കുന്നത്.

ടെലിവിഷൻ രംഗത്ത് 18 വർഷത്തിലേറെ പരിചയമുള്ള ജില്ലി സാമുവേൽ ആണ് പ്രവാസി ചാനലിന്റെ ചീഫ് പ്രൊഡ്യൂസറും എഡിറ്ററും. ദൂരദർശനിലും സഹാറാ ടിവിയിലും നേതൃരംഗങ്ങളിൽ പ്രവർത്തിച്ച ജില്ലി സാമുവേൽ ദൂരദർശനിലെ ഹിറ്റ് പ്രോഗ്രാം 'സുരഭി'യുടെ ചിത്രീകരണത്തിനായി ഇന്ത്യയുടെ മിക്കവാറുമെല്ലാ ഭാഗങ്ങളിലും ചെന്നെത്തുകയുണ്ടായി. കൂടാതെ പ്രവാസി ചാനലിന്റെ എല്ലാമെല്ലാമായ നിരവധി പ്രവർത്തകരുടെയും കൂട്ടായ്മയാണ് ഈ ടെലിവിഷൻ ചാനലും സംപ്രേഷണവും.

അമേരിക്കയിൽ നിന്ന് കഴിവുള്ള നൂറു കണക്കിന് ടെലിവിഷൻ ആങ്കെഴ്‌സിനെയും ജേർണലിസത്തിൽ ബിരുദം എടുത്തവരും അല്ലാത്തവരുമായ നിരവധി ന്യൂസ് റീഡേർസിനെയും വാർത്തെടുക്കാൻ പ്രവാസി ചാനലിനു ഇതിനോടകം കഴിഞ്ഞു എന്നുള്ളത് അഭിമാനിക്കാനാകും എന്ന് വിലയിരുത്തുന്നു.

ന്യൂജേഴ്‌സി പിസ്‌കാറ്റവേയിലുള്ള ചാനൽ ഓഫീസിൽ 3000 സ്‌ക്വയർഫീറ്റിലുള്ള സ്റ്റുഡിയോ, എഡിറ്റിങ് സൗകര്യങ്ങൾ, അട്മിനിസ്‌ട്രെടിവ് ഓഫീസ്  എന്നിവയുമുണ്ട്.  ഷിക്കാഗോ, ഡാളസ്, ന്യൂയോർക്ക് എന്നിവടങ്ങളിലും സ്റ്റുഡിയോ സൗകര്യങ്ങളുണ്ട്.  മലയാളികളുള്ള മിക്കവാറുമെല്ലാ നഗരങ്ങളിലും കാനഡയിലും പ്രതിനിധികളുണ്ട്.

ടോക്ക് ഷോകൾ, സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ, അമേരിക്കൻ സല്ലാപം പോലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കോൾ ഇൻ പ്രോഗ്രാമുകൾ ഗാനങ്ങളെ അധികരിച്ചുള്ള രാഗാർദ്രം, ഹൃദയരാഗം, മുഖാമുഖം, ചമയങ്ങളില്ലാതെ, നക്ഷത്രമൊഴികൾ, കോമഡി ഷോകൾ, തമിഴ് പ്രോഗ്രാം, ഇസൈ മലർ, ഗ്രേറ്റ് ഇന്ത്യൻ വെഡ്ഡിങ്, പാചകലോകം തുടങ്ങി നാനാവിധ പരിപരാടികളാണ് ചാനലിനെ ജനകീയമാക്കുന്നത്.

പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും, പ്രവാസികൾക്ക് താത്പര്യമുള്ള വിഷയങ്ങളും കൂലംകഷമായ ചർച്ചയ്ക്കും വിശകലനത്തിനും വിധേയമാക്കുന്ന 'നമസ്‌കാരം അമേരിക്ക' പ്രോഗ്രാം വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഏറ്റവും മികച്ച ആങ്കർമാരാണ് ഈ പ്രോഗ്രാമിനു ചുക്കാൻപിടിക്കുന്നത്.

സമയക്കുറവുള്ള അമേരിക്കൻ മലയാളിയെ മുന്നിൽകണ്ടാണ് വ്യത്യസ്ത പരിപാടികൾ സജ്ജമാക്കിയിരിക്കുന്നത്. നാട്ടിൽ നടക്കുന്ന കാര്യങ്ങളും അമേരിക്കയിലെ വാർത്തകളും സമജ്ഞമായി കോർത്തിണക്കിയിരിക്കുന്നു.

അമേരിക്കയിൽ വന്നിട്ടുള്ള മിക്കവാറുമെല്ലാ ചലച്ചിത്ര താരങ്ങളും, പ്രവർത്തകരും പ്രവാസി ചാനൽ സന്ദർശിച്ചിട്ടുണ്ട്. ദശാബ്ദങ്ങളായി അമേരിക്കയിൽ കഴിയുന്ന പ്രവാസികൾ തന്നെയാണ് ചാനലിന്റെ മാനേജ്‌മെന്റും അണിയറ ശിൽപികളും. അതിനാൽ തന്നെ പ്രവർത്തനവും ലക്ഷ്യവുമൊന്നന്നതിൽ അവർക്ക് സന്ദേഹമില്ല.

ചരിത്രത്തിലാദ്യമായി പ്രവാസി മലയാളികളുടെ ജീവിതത്തിൽ നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ച നേതാക്കളെ പ്രത്യേകം ആദരിക്കാനായി തുടങ്ങി വച്ച നോര്ത്ത് അമേരിക്കൻ മലയാളീ ഓഫ് ദി ഇയർ വമ്പിച്ച വിജയമായി ചരിത്രത്താളുകളിൽ രേഖപ്പെടുത്തും.  ഇതിനായി 9 പേരെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ  നിന്ന് നോമിനേറ്റ് ചെയ്യുകയും  ഓൺലൈൻ വോട്ടെടുപ്പിലൂടെ ഇതിൽ ഒരാളെ ചാനൽ തെരഞ്ഞെടുക്കുകയും ഈ  പ്രമുഖ അമേരിക്കൻ മലയാളിക്ക് സെപ്റ്റംബർ 7 നു ന്യൂ യോര്കിൽ വച്ച് നടക്കുന്ന ചടങ്ങിൽൽ വച്ച് നൽകുന്ന നാമി അവാർഡ് ഇതിനകം തന്നെ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആളുകൾ നാമിക്കായി  വോട്ട് ചെയ്തു എന്നത് ചാനലിന്റെ വ്യാപ്തിയെ എടുത്തു കാണിക്കുന്നു.  ഫൈനലിൽ വന്ന ഒമ്പത് പ്രമുഖ മലയാളികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയത് കാനഡയില നിന്നുള്ള ജോൺ പി. ജോണും, രണ്ടാമത് ടി.എസ്.ചാക്കോയും ആണ്.  സെപ്റ്റംബർ 7, 5 മണിക്ക് ന്യൂ യോർക്കിലെ  ഗ്ലെൻ ഓക്‌സ് ഹൈ സ്‌കൂൾ ഓടിട്ടോറിയത്തിലാണ് പരിപാടി.  ഈ ദിവസം ലേബർ ഡേ പൊതു അവധി ആണെന്നുള്ളത് കാണികളുടെ തിരക്ക് കൂട്ടും.

ഗ്ലെൻ ഓക്‌സ് ഹൈസ്‌കൂളിൽ സെപ്റ്റംബർ 7ന് നടക്കുന്ന സമ്മേളനത്തിൽ പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.  ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സൗജന്യ ടിക്കറ്റിനായി ബന്ധപ്പെടുക: ിമാ്യ@ുൃമ്മശെരവമിിലഹ.രീാ.

അമേരിക്കയിലെ പ്രമുഖ കലാകാരന്മാരുടെ ഗാനങ്ങൾ, അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ഡാൻസ് സ്‌കൂളുകളുടെ നൃത്തനൃത്യങ്ങൾ തുടങ്ങിയവ  പ്രോഗ്രാമിൽ ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, അമേരിക്കയിലെ സംഘടനാ നേതാക്കൾ, വിവിധ മതനേതാക്കൾ തുടങ്ങിയവർ വർണ്ണാഭമായ പരിപാടിയിൽ പങ്കെടുക്കും.

മികച്ച സാങ്കേതിക വിദ്യയോടെ നീണ്ട പ്രസംഗങ്ങൾ ഇല്ലാതെയാണ് പ്രോഗ്രാം കോർത്തിണക്കിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്  19083455983 FREE എന്ന നമ്പരിൽ ബന്ധപ്പെടാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP