Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അനാഥയുവാവിനെ കാരിയറാക്കി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഏജന്റിനെ പറ്റിച്ച് ബ്രൗൺ ഷുഗർ വിൽക്കാനും ശ്രമിച്ചു; പടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കൊടുത്തയച്ചയാൾ ആത്മഹത്യ ചെയ്തു; എബിന്റെ മരണം മറ്റ് മൂന്ന് പേരേയും കുടുക്കി; അറസ്റ്റിലായത് ആലുവയിൽ നിന്നുള്ള യുവാക്കൾ

അനാഥയുവാവിനെ കാരിയറാക്കി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; ഏജന്റിനെ പറ്റിച്ച് ബ്രൗൺ ഷുഗർ വിൽക്കാനും ശ്രമിച്ചു; പടിക്കപ്പെടുമെന്ന് ഉറപ്പായതോടെ കൊടുത്തയച്ചയാൾ ആത്മഹത്യ ചെയ്തു; എബിന്റെ മരണം മറ്റ് മൂന്ന് പേരേയും കുടുക്കി; അറസ്റ്റിലായത് ആലുവയിൽ നിന്നുള്ള യുവാക്കൾ

ആലുവ: കുവൈത്തിലേക്ക് പോയ അനാഥനായ ഉദ്യോഗാർത്ഥിയുടെ പക്കൽ കൊടുത്തുവിട്ട ഒന്നര കിലോ ബ്രൗൺഷുഗർ നാട്ടിൽ തന്നെ മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതറിഞ്ഞ് ഏജന്റ് തൂങ്ങിമരിച്ചു. ഏജന്റിന്റെ ആത്മഹത്യ തുടർന്ന് പിടിക്കപ്പെടുമെന്ന് ഉറപ്പായായപ്പോൾ ഉദ്യോഗാർത്ഥി ഉൾപ്പെടെ മൂന്ന് പേർ കീഴടങ്ങി. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് ഇടപാടുകൾ വ്യക്തമാക്കുന്നതാണ് സംഭവങ്ങൾ. മയക്കുമരുന്ന് കടത്തിന്റെ കേന്ദ്രമായി ദൈവത്തിന്റെ സ്വന്തം നാട് മാറുന്നു. മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്ന ഒരു തന്ത്രം കൂടിയാണ് ഈ സംഭവത്തോടെ പുറത്തു വരുന്നത്.

പറവൂർ വള്ളുവള്ളി നടുവിലേപ്പറമ്പിൽ നിസാർ അഹമ്മദിന്റെ മകൻ മുഹമ്മദ് ഹാരിസി(27)നെയാണ് ഞായറാഴ്ച പുലർച്ചെ 4.30ഓടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണിയാണ്. കോഴിക്കോട് വേനപ്പാറ പുതുമന വീട്ടിൽ എബിൻ ജോസ് (24), ആലുവ തുരുത്ത് മംഗലശ്ശേരി വീട്ടിൽ ഷാഫി നൗഷാദ് (21), ആലുവ തോട്ടുമുഖം പണിക്കാശ്ശേരി വീട്ടിൽ ആബിക് (27) എന്നിവരാണ് ഇയാൾ കൊടുത്തയച്ച മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ചത്. നിൽക്കക്കള്ളിയില്ലാതെ ആയപ്പോഴാണ് ഇവർ കീഴടങ്ങിയത്. ആത്മഹത്യ ചെയ്ത ഹാരിസ് വള്ളുവള്ളി കൊച്ചാലിലുള്ള എൽജി ഗോഡൗണിൽ സൂപ്പർവൈസറായിരുന്നു.

മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുള്ള പ്രതികളിലൊരാളായ പറവൂർ വള്ളുവള്ളി നടുവിലപ്പറമ്പിൽ മുഹമ്മദ് ഹാരിഷ് ആത്മഹത്യചെയ്തതിനെ തുടർന്ന് താൻ മയക്കുമരുന്ന് റാക്കറ്റിന്റെ വലയിൽ അകപ്പെട്ടതാണെന്ന് പറഞ്ഞ് എബിൻ ജോസും മറ്റ് രണ്ട് സൃഹൃത്തുക്കളും ചേർന്ന് ഹെറോയിൻ ആലുവ എക്‌സൈസ് സ്‌ക്വാഡിന്റെ ഓഫിസിൽ എത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആലുവയിൽനിന്ന് ബംഗളരൂവിലേക്കുള്ള സ്വകാര്യ വോൾവോ ബസിലാണ് എബിൻ ജോസ് കുവൈത്തിലേക്ക് പോകുന്നതിന് യാത്രയായത്. വണ്ടിയത്തെിയ സമയത്താണ് ആലുവ സ്വദേശിയായ ഇബ്രാഹിം എന്നയാൾ മയക്കുമരുന്ന് അടങ്ങിയ ബാഗും വിമാനടിക്കറ്റും വിസയും കൈമാറിയത്.

എന്നാൽ, എബിൻ ജോസിന് വിസ തരപ്പെടുത്താൻ ഇടനിലക്കാരായി നിന്ന സുഹൃത്തുക്കളായ ആലുവ തുരുത്ത് സ്വദേശി മുഹമ്മദ് ഷാഫിയും തോട്ടുംമുഖം സ്വദേശി അബീക്കും ബാഗിൽ കുഴൽപ്പണമാണെന്നും യാത്രാമധ്യേ തൃശൂരിൽ ഇറങ്ങി ബാഗ് കൈമാറണമെന്നും ആവശ്യപ്പെട്ടു. തൃശ്ശൂർ പാലിയേക്കര ടോളിനടുത്ത് ബസിൽനിന്നിറങ്ങി എബിൻ അവിടെ കാത്തുനിന്ന കാറിൽ ആലുവ സ്വദേശിയായ അമിയെന്ന ആളോടൊപ്പം കയറി ബാഗ ് പരിശോധിച്ചപ്പോൾ ബാഗിനകത്ത് പലഹാരങ്ങൾക്കടിയിലായി പ്രത്യേകം തുന്നിചേർത്ത അറയിൽ കാർബൺ പേപ്പറുകളിൽ പൊതിഞ്ഞ നിലയിൽ ഹെറോയിൻ കണ്ടത്തെി. തുടർന്ന്, ആലുവയിൽവച്ച് ബാഗ് കൈമാറിയ ഇബ്രാഹിമിനെ വിളിച്ച് മയക്കുമരുന്നടങ്ങിയ ബാഗ് തിരിച്ചുനൽകണമെങ്കിൽ 25 ലക്ഷം രൂപ തരണമെന്നാവശ്യപ്പെട്ടു. ഇതിനിടെ, മുഹമ്മദ് ഹാരിഷ് മരിച്ചെന്ന് അറിഞ്ഞതോടെയാണ് കേസിൽ തങ്ങൾ അറിയാതെ അകപ്പെട്ടതാണെന്ന് പറഞ്ഞ് മൂവർസംഘം എക്‌സൈസിന് കീഴടങ്ങിയത്. എന്നാൽ തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ കഥയാകെ മാറി. ബ്രൗൺ ഷുഗർ മറിച്ചു വിൽക്കാൻ കീഴടങ്ങിയ മൂവരും ശ്രമിച്ചെന്നും വ്യക്തമായി.

സംഭവത്തെ കുറിച്ച് എക്‌സൈസ് വിശദീകരിക്കുന്നത് ഇങ്ങനെ: കുവൈത്തിലേക്ക് പോയ എബിന്റെ കൈവശമാണ് ഹാരിഷ് ബ്രൗൺഷുഗർ കൊടുത്ത് വിട്ടത്. കുവൈറ്റിലുള്ള ഏജന്റിന് കൈമാറാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, എബിൻ മറ്റു പ്രതികളോടൊപ്പം ചേർന്ന് ബ്രൗൺഷുഗർ തൃശ്ശൂർ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടിൽ ബ്രൗൺഷുഗർ വിറ്റാൽ പിടിക്കപെടുമെന്ന് അറിയാമായിരുന്ന ഹാരിഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. കുവൈറ്റിലേക്ക് ജോലിക്ക് പോകാനിരുന്ന എബിന്റെ കൈവശം ഏജന്റ് ഹാരിഷാണ് മയക്കുമരുന്ന് അടങ്ങിയ ബാഗ് നൽകിയത്. മയക്കുമരുന്ന് മറിച്ചുവിറ്റ് പണം ഉണ്ടാക്കാനുള്ള ശ്രമത്തിലായി എബിൻ. ഇതിന് ഷാഫി നൗഷാദിനെയും ആബിക്കിനെയും ഒപ്പം കൂട്ടി. ഇക്കാര്യം പുറത്തായതോടെയാണ് ഹാരിഷ് ഭയന്ന് ആത്മഹത്യ ചെയ്തത്. തുടർന്ന് എക്‌സൈസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപ്പെടാൻ ആദ്യം ശ്രമിച്ച മൂന്ന് പേരും പിന്നീട് കീഴടങ്ങുകയായിരുന്നു

വീട്ടിൽ സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ എബിൻ ജോസ് കഴിഞ്ഞ പത്ത് വർഷത്തോളമായി ആലുവ സ്‌നേഹക്കൂട് എന്ന അനാഥാലയത്തിലായിരുന്നു. പത്താം ക്‌ളാസിന് ശേഷം സി.സി ടി.വി കാമറയുടെ സർവീസിംഗുമായി ബന്ധപ്പെട്ട് ജോലി ചെയ്തുതുടങ്ങി. അതോടെ, സുഹൃത്തുക്കളുമൊന്നിച്ച് നസ്രത്തിന് സമീപം വീട് വാടകയ്‌ക്കെടുത്തായി താമസം. ഈ സമയം കൂടെ ജോലി ചെയ്തിരുന്നവരാണ് ഷാഫിയും ആബിക്കും. ഷാഫി മുഖേനയാണ് എബിൻ ഹാരിഷിനെ പരിചയപ്പെട്ടത്. 2012 മുതൽ രണ്ട് വർഷം വിദേശത്ത് ജോലി ചെയ്തിട്ടുള്ള എബിൻ വീണ്ടും വിദേശത്ത് പോകാൻ ഹാരിഷിനെ സമീപിക്കുകയായിരുന്നു. കുവൈറ്റിൽ സൂപ്പർമാർക്കറ്റിൽ ജോലിക്കുള്ള സൗജന്യ വിസയും വിമാനടിക്കറ്റുമെല്ലാം ശരിയാക്കിയെന്നാണ് അറിയിച്ചത്.

പ്രതികൾക്കൊപ്പം നേരത്തെ ജോലി ചെയ്തിരുന്ന കാസർകോട് സ്വദേശി അബുവെന്നയാൾ മയക്കുമരുന്ന് കേസിൽ കുവൈറ്റിൽ ജയിലിൽ കിടക്കുകയാണ്. അന്ന് ഹാരിഷാണ് അബുവിന്റെ കൈവശം മയക്കുമരുന്ന് കൊടുത്തുവിട്ടതെന്ന് എബിനും അറിയാം. ഇത്തരത്തിൽ തനിക്കും തന്നയക്കുന്ന മയക്കുമരുന്ന് മറിച്ച് വിൽക്കാമെന്നുമായിരുന്നു എബിന്റെ കണക്കുകൂട്ടൽ. ബാംഗ്‌ളൂരിൽ നിന്ന് ഞായറാഴ്‌ച്ച വൈകിട്ടാണ് വിമാനത്തിന് ടിക്കറ്റ് ലഭിച്ചത്. ഇതനുസരിച്ച് ശനിയാഴ്‌ച്ച വൈകിട്ട് നാലിന് ആലുവ ബൈപ്പാസിൽ നിന്നും സ്വകാര്യ ബസിലാണ് എബിൻ ബാംഗ്‌ളൂർക്ക് തിരിച്ചത്. നാല് മണിയോടെ ഹാരീഷിന്റെ രണ്ട് സുഹൃത്തുക്കൾ ബൈക്കിലെത്തി പലഹാരങ്ങളെന്ന ഭാവേന ബാഗ് കൈമാറി. എബിൻ തൃശൂരിൽ ബസ് ഇറങ്ങിയ ശേഷം കൂട്ടാളികളെ വിളിച്ചു വരുത്തി ആലുവയിലേക്ക് പോകുകയായിരുന്നു.

ഇതിനിടയിൽ ഹാരീഷിനെ എബിൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് മയക്കുമരുന്ന് മറിച്ചുവിൽക്കാൻ ശ്രമിക്കുന്നതിനെപ്പറ്റി ഹാരീഷിന് സൂചന കിട്ടിയത്. തുടർന്നായിരുന്നു ഹാരീഷിന്റെ ആത്മഹത്യ. പ്രതികളെ എക്‌സൈസ് സിഐ ശശികുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഹാരിസിന്റെ മാതാവ്: മറിയുമ്മ, സഹോദരി: തസ്‌നി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP