Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിത രോഗശയ്യയിൽ തന്നെ? തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിവച്ച് വാർത്താക്കുറിപ്പ്‌; കലാമിനെ കാണാൻ പുരട്ച്ചി തലൈവി എത്താത്തിന് വിശദീകരണം നൽകാൻ അണ്ണാ ഡിഎംകെ വിയർക്കും

ജയലളിത രോഗശയ്യയിൽ തന്നെ? തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾ ശരിവച്ച് വാർത്താക്കുറിപ്പ്‌; കലാമിനെ കാണാൻ പുരട്ച്ചി തലൈവി എത്താത്തിന് വിശദീകരണം നൽകാൻ അണ്ണാ ഡിഎംകെ വിയർക്കും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിത എവിടെയാണ്? അവർക്ക് എന്തു പറ്റി? പൊതു വേദികളിൽ നിന്നും ജയലളിത മാറി നിൽക്കുന്നതിൽ ദുരൂഹതകൾ ഏറെയാണ്. ഗുരുതര രോഗം പിടിപെട്ട ജയലളിത രോഗശയ്യയിലാണെന്നാണ് റിപ്പോർട്ട്. രാഷ്ട്രീയ എതിരാളിയായ കരുണാനിധി തന്നെയാണ് ഈ സൂചന നൽകിയത്. തൊട്ടു പിറകെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയും എത്തി. അപ്പോഴെല്ലാം കള്ളപ്രചരണങ്ങളെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ പ്രതികരണം. യാതൊരു പ്രശ്‌നവും ജയലളിതയ്ക്ക് ഇല്ലെന്നും വാദിച്ചു. അതിനിടെയാണ് തമിഴ്‌നാടിന്റെ ആത്മാഭിമാനം ലോക രാഷ്ട്രയങ്ങൾക്ക് മുന്നിൽ ഉയർത്തിയ മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ മരണം എത്തിയത്. രാമശ്വരത്ത് കലാമിന്റെ അന്ത്യകർമ്മങ്ങൾ നടക്കുമ്പോൾ തീർച്ചയായും തമിഴ്‌നാട് മുഖ്യമന്ത്രി തന്നെയാകണം പ്രധാന റോളിൽ നിറയേണ്ടത്.

എന്നാൽ കലാമിന്റെ സംസ്‌കാര ചടങ്ങുകളിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത പങ്കെടുക്കുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് പങ്കെടുക്കാത്തതെന്ന് ജയലളിത പത്രക്കുറിപ്പും ഇറക്കി. അബ്ദുൾ കലാമിനെ ബഹുമാനിക്കുന്നു. സംസ്‌കാര ചടങ്ങുകൾക്ക് പോകണമെന്നുണ്ട്. എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ പങ്കെടുക്കാൻ തനിക്ക് കഴിയില്ലെന്നും ജയലളിത അറിയിച്ചു. അതായത് ആരോഗ്യ പ്രശ്‌നങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രി തന്നെ സ്ഥിരീകരണവുമായി എത്തി. ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ പോലും അവഗണിച്ച് സംസ്‌കാരത്തിൽ പങ്കെടുക്കേണ്ട ഉത്തരവാദിത്തം തമിഴ്‌നാട് മുഖ്യമന്ത്രിയെന്ന നിലയിൽ ജയലളിതയ്ക്കുണ്ട്. ഈ ഉത്തരവാദിത്തം നിർവ്വഹിക്കാതെ മാറി നിൽക്കുന്ന വ്യക്തിയുമല്ല ജയലളിത. തമിഴ ജനതയുടെ മനസ്സിൽ കലാമിനുള്ള സ്ഥാനം കൂടി കണക്കിലെടുക്കുമ്പോൾ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കാരണമാണ് ജയലളിത വിട്ടു നിൽക്കുന്നതെന്ന് തന്നെയാണ് വിലയിരുത്തൽ.

ചെന്നൈയിൽ നിന്ന് 600 കിലോമീറ്റർ ദൂരെ രാമേശ്വരത്താണ് എ.പി.ജെ അബ്ദുൾ കലാമിന്റെ സംസ്‌കാരച്ചടങ്ങ് നടക്കുന്നത്. ധനമന്ത്രി ഒ. പനീർശെൽവം, മന്ത്രിമാരായ നാഥം ആർ വിശ്വനാഥ്, ആർ. വൈത്തലിങ്കം എന്നിവർ തമിഴ്‌നാട് സർക്കാരിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുക്കും. ജയലളിതയുടെ പുതിയ പത്രക്കുറിപ്പോടെ ഏത് രോഗമാണ് അവരെ വലയ്ക്കുന്നതെന്ന ചർച്ചകൾ സജീവമാകും. ജയലളിതയ്ക്ക് കരളിൽ ക്യാൻസറാണെന്ന തരത്തിലാണ് നേരത്തെ വാർത്തകൾ പുറത്തുവന്നത്. ഇതിനോട് വൈകാരികമായാണ് എഐഎഡിഎംകെ എംപി പ്രതികരിച്ചത്. ജയലളിതക്ക് അസുഖമാണെന്ന് പറയുന്നവരുടെ നാവരിയുമെന്നാണ് എഐഎഡിഎംകെ എംപി പി ആർ സുന്ദരം പ്രതികരിച്ചത്. യലളിതക്ക് അസുഖമായതിനാൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി വിശ്രമിക്കണമെന്ന ഡി.എം.കെയുടെ ആവശ്യത്തോട് പ്രതികരിക്കുമ്പോഴാണ് സുന്ദരം ഭീഷണിയുടെ സ്വരം പുറത്തെടുത്തത്.

ജയലളിതയോട് വിശ്രമിക്കാൻ ആവശ്യപ്പെടുന്ന കരുണാനിധിക്ക് 93 വയസ്സായെന്നും നൂറു വയസ്സായാലും മകന് അധികാരം കൈമാറാൻ പോലും അദ്ദേഹം തയ്യാറാവില്ലെന്നും പി.ആർ സുന്ദരം പറഞ്ഞു. ഒരു എംപി എന്ന നിലയിൽ പരസ്യപ്രതികരണങ്ങൾക്ക് തനിക്ക് പരിധിയുണ്ടെന്ന് പറഞ്ഞ ശേഷമാണ് അമ്മയുടെ ആരോഗ്യത്തെ പറ്റി ഇല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നവരുടെ നാവരിയുമെന്ന് സുന്ദരം ഭീഷണിപ്പെടുത്തിയത്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കലാമിന്റെ സംസ്‌കാര ചടങ്ങിൽ ജയലളിത എത്താത്തത് ചർച്ചയാകും. മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയിൽ മെഡിക്കൽ ബുള്ളറ്റിനായി വാദങ്ങളും ഉയരും.

അതുകൊണ്ട് തന്നെ കലാമിന്റെ വിയോഗ ദുഃഖത്തിൽ നിന്ന് തമിഴ് രാഷ്ട്രീയം ഉണരുന്നത് ജയലളിതയുടെ വിട്ടുനിൽക്കലിലേക്കാകും. ജയലളിതയുടെ ആരോഗ്യ സ്ഥിയിയെ കുറിച്ചുള്ള ആശങ്ക മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഒരാൾക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ മുഖ്യമന്ത്രിയെ പോലൊരാളുടെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അറിയാനുള്ള അവകാശം തമിഴ് ജനതയ്ക്കുണ്ട്. ജയ ലളിത പൊതുവേദികളിൽ എത്തുന്നില്ല. പ്രസ്താവനയുമായി മാത്രം മുഖ്യമന്ത്രി വാർത്തകളിലെത്തുമ്പോൾ ഭരണമാണ് പ്രതിസന്ധിയിലാകുന്നത്. എന്താണ് യാഥാർത്ഥ്യമെന്ന് അതുകൊണ്ട് തന്നെ ജനങ്ങളെ അറിയിക്കണമെന്നാണ് കരുണാനിധിയുടേയും മറ്റ് പ്രതിപക്ഷ നേതാക്കളുടേയും ആവശ്യം. അടുത്ത മാസം തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പാണ്. ജയലളിതയുടെ ആരോഗ്യം മോശമാണെങ്കിൽ അത് എഐഡിഎംകെയുടെ സാധ്യതകളെ ബാധിക്കും. അതുകൊണ്ട് മാത്രമാണ് ആരോഗ്യത്തെ കുറിച്ച് രഹസ്യമാക്കി വച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.

ശസ്ത്രക്രിയാ വാർത്ത ജയലളിതയുടെ അവരുടെ പാർട്ടി നേതാക്കൾ നിഷേധിച്ചിട്ടുണ്ടെങ്കിലും ജയലളിത എന്തുകൊണ്ട് ഓഫീസിൽ വരുന്നില്ല എന്നതിന് എ.ഐ.എ.ഡി.എം.കെ നേതാക്കൾ വിശദീകരണം നൽകിയിട്ടില്ല. കലാമിന്റെ മരണമെത്തിയതോടെ അസുഖമാണെന്ന് സമ്മതിക്കേണ്ട സ്ഥിതി വന്നു. ഡി.എം.കെ രാഷ്ട്രീയ വിരോധം തീർക്കുകയാണെന്നാണ് എന്ന എ.ഐ.എ.ഡി.എം.കെയുടെ വാദമാണ് പൊളിയുന്നത്. അതിനിടെ ജയലളിതയുടെ ആരാഗ്യസ്ഥിതി പൊതുജന താൽപര്യമുള്ള വിഷയമാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ അവരുടെ ആരോഗ്യ വിവരങ്ങൾ പുറത്തുവിടണമെന്ന് കോൺഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവൻ ആവശ്യപ്പെട്ടു. അനാരോഗ്യം കാരണം മുഖ്യമന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാൻ ജയലളിതക്ക് സാധിക്കാതെ വന്നിരിക്കുന്നുവെന്ന് വാർത്തകളുടെ സത്യവസ്ഥ പുറത്തു പറയണമെന്നാണ് കോൺഗ്രസ് നിലപാട്.

അനധികൃത സ്വത്ത് സമ്പാദന കേസിലെ തടവ് ശിക്ഷയെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ജയലളിത പുറത്തായിരുന്നു. എംഎൽഎ സ്ഥാനവും നഷ്ടമായി. എന്നാൽ ജയലളിതയെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവോടെ വീണ്ടും മുഖ്യമന്ത്രിയായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കുകയു ംചെയ്തു. കഴിഞ്ഞ ജൂലൈ നാലിനാണ് ജയലളിത നിയമ സഭ സാമാജികയായി സത്യ പ്രതിജ്ഞ ചെയ്തത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ അവർ മുഖ്യമന്ത്രിയുടെ ഓഫീസിലോ പൊതുജന മധ്യത്തിലോ വന്നിട്ടില്ല. അമേരിക്കയിൽ നിന്ന് ഡോക്ടർമാർ ജയലളിതയെ പരിശോധിക്കാൻ ചെന്നൈയിൽ വന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചാണ് സുബ്രഹ്മണ്യം സ്വാമിയുടെ ട്വീറ്റ് എത്തിയത്.

അതീവ ഗുരുതരാവസ്ഥയിലാണ് ജയലളിതെന്നാണ് അഭ്യൂഹം. പൂർണ്ണമായും കിടപ്പിലാണെന്നും പറയുന്നു. എന്നാൽ സർക്കാർ ഇക്കാര്യങ്ങളിൽ ഇതുവരെ നിലപാട് വിശദീകരിച്ചിട്ടില്ല. കരുണാനിധിയാണ് ജയയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. ചെന്നൈയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു കരുണാനിധി വിവാദ വെളിപ്പെടുത്തൽ നടത്തിയത്. മുഖ്യമന്ത്രി ഇല്ലാത്ത ഒരേയൊരു സംസ്ഥാനം തമിഴ്‌നാടായിരിക്കും എന്നായിരുന്നു കരുണാനിധിയുടെ ആരോപണം. അസുഖബാധിതയായതിനാൽ ജയലളിതയ്ക്ക് ജോലി ചെയ്യാനാവില്ല. ജനാധിപത്യത്തിൽ, ഒരു മുഖ്യമന്ത്രിയുടെ അസുഖവിവരം മറച്ചു വയ്ക്കുന്നത് ഭൂഷണമല്ല. മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ സർക്കാർ പുറത്ത് വിടണം എന്നായിരുന്നു കരുണാനിധിയുടെ ആവശ്യം.

ഇതോടെ ചർച്ചകൾ സജീവമായി. എന്നാൽ വ്യക്തവരുത്താൻ എഐഎഡിഎംകെ പോലും തയ്യാറാകുന്നില്ല. ഇതോടെ ജയലളിത അസുഖ ബാധിതയാണെന്ന അഭ്യൂഹത്തിന് ശക്തി പകർന്നു. അണികൾ ആശങ്കയിലായി. പ്രാർത്ഥനകളും തുടങ്ങി. അനധികൃത സ്വത്ത് സമ്പാദന കേസിൽ കുറ്റവിമുക്തയായ ശേഷം മെയ് 23ന് ജയലളിത വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചടങ്ങ് ആകെ 25 മിനിട്ടാണ് നീണ്ടത്. സത്യപ്രതിജ്ഞാചടങ്ങിൽ ജയ ടി.വിയും സർക്കാർ മാദ്ധ്യമങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്. അവർക്കൊപ്പം 28 മന്ത്രിമാരും 14 പേർ വീതമുള്ള രണ്ട് ബാച്ചുകളായി 'കൂട്ടസത്യപ്രതിജ്ഞ'യാണ് ചെയ്തത്. ഇതും ജയയുടെ അനാരോഗ്യം കാരണമാണെന്നാണ് റിപ്പോർട്ടുകൾ.

ജൂലായ് ആദ്യം നടന്ന ഇഫ്താർ പരിപാടിയിൽ ജയലളിത പങ്കെടുത്തില്ല. പകരം ധനമന്ത്രിയും തന്റെ വിശ്വസ്തനുമായ പനീർശെൽവത്തെയാണ് അയച്ചത്. ആരോഗ്യ കാരണങ്ങളാൽ ഇഫ്താറിൽ പങ്കെടുക്കുന്നില്ല എന്നായിരുന്നു ജയയുടെ വിശദീകരണം. മാത്രമല്ല, മുഖ്യമന്ത്രിയായി തിരിച്ചെത്തിയ ശേഷം ചെന്നൈ മെട്രോയുടെ ഉദ്ഘാടന ചടങ്ങും വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു ജയ നിർവഹിച്ചത്. ജയയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെയുടെ ഉടമസ്ഥതയിലുള്ള ജയ ടി.വിക്കും സർക്കാർ ഫോട്ടോഗ്രാഫർമാർക്കും മാത്രമാണ് ചടങ്ങിൽ പ്രവേശനം അനുവദിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സെക്രട്ടേറിയറ്റിൽ എത്തുമായിരുന്നെങ്കിലും ജയലളിത 30 മിനിട്ടിൽ കൂടുതൽ ഓഫീസിൽ ചെലവഴിച്ചിരുന്നില്ല.

പൊതുപരിപാടികൾ ഉണ്ടെങ്കിൽ അത് വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങുമായിരുന്നു. എപ്പോഴെല്ലാം ഓഫീസിൽ വരുമോ അപ്പോഴെല്ലാം മാദ്ധ്യമങ്ങളെ ഒഴിവാക്കും. പടി കയറുന്നത് പോലും ചിത്രീകരിക്കാൻ മാദ്ധ്യമങ്ങളെ അനുവദിക്കുമായിരുന്നില്ല. ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ഒരു കവർ സ്റ്റോറി ദ്വൈവാരികയായ ' നക്കീരൻ' പ്രസിദ്ധീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP