Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യദ്രോഹികളെ തൂക്കിലേറ്റുന്നത് നല്ലതു തന്നെ; എങ്കിലും എന്തിനായിരുന്നു ഈ ധൃതിപ്പെടൽ? വധശിക്ഷയ്‌ക്കെങ്കിലും രണ്ടു നീതി പാടില്ല; മേമന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നവരെയും തിരിച്ചറയണം

രാജ്യദ്രോഹികളെ തൂക്കിലേറ്റുന്നത് നല്ലതു തന്നെ; എങ്കിലും എന്തിനായിരുന്നു ഈ ധൃതിപ്പെടൽ? വധശിക്ഷയ്‌ക്കെങ്കിലും രണ്ടു നീതി പാടില്ല; മേമന്റെ പേരിൽ ഇന്ത്യൻ ജനാധിപത്യത്തെ അവഹേളിക്കുന്നവരെയും തിരിച്ചറയണം

എഡിറ്റോറിയൽ

യാക്കൂബ് മേമന്റെ വധശിക്ഷ പൂർത്തിയായി ഒരു ദിവസം പിന്നിട്ടിട്ടും ഇത് സംബന്ധിച്ച് വിവാദം തീരുന്നില്ല. വധശിക്ഷയുടെ പ്രസക്തിയെക്കുറിച്ച് ബുദ്ധിജീവികൾ ചർച്ച ചെയ്യുമ്പോൾ മേമൻ നിരപരാധിയാണ് എന്ന തരത്തിലും മേമനെ കൊന്നത് മുസ്ലിം ആയതുകൊണ്ടാണ് എന്ന തരത്തിലും ചിലർ പ്രചാരണം നടത്തുന്നു. എന്നാൽ ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യൻ ജനതയാകട്ടെ ഒരു തീവ്രവാദി എങ്കിലും ഇല്ലാതായതിൽ മനസറിഞ്ഞ് സന്തോഷിക്കുന്നു.

ഇന്ത്യയുടെ പരമോന്നത നീതപീഠത്തെയും ജനാധിപത്യ വ്യവസ്ഥയെയും പരിപൂർണമായി വിശ്വസിക്കുന്നതുകൊണ്ട് ഒറ്റ വാചകത്തിൽ പറഞ്ഞാൽ ഈ വധശിക്ഷയെ ഞങ്ങൾ അനുകൂലിക്കുകയാണ്. ഒട്ടേറെ ആശങ്കകളും സംശയങ്ങളും മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ഈ അംഗീകാരം നൽകുന്നത്. ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരപരാധിയായ ഒരാളെ തൂക്കി കൊല്ലാൻ അനുവദിക്കില്ല എന്ന ആത്മവിശ്വാസവും അനുകൂലിക്കുന്നതിന്റെ മൂലകാരണം.

ആയിരം അപരാധികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന അടിസ്ഥാന പ്രമാണത്തിൽ ഊന്നിയാണ് നമ്മുടെ നിയമവ്യവസ്ഥ നിലനില്ക്കുന്നത് എന്നതുകൂടി കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിലപാട് ഞങ്ങൾ എടുക്കുന്നത്. നിയമത്തിന്റെ മുമ്പിൽ തെളിവുകൾ നിർണായകം തന്നെയാണ്. സാക്ഷി മൊഴികൾ മാത്രം അടിസ്ഥാനമാക്കി ഒരാളെ തൂക്കികൊല്ലാൻ ഇന്ത്യൻ സുപ്രീം കോടതിക്ക് കഴിയില്ല. ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അതിന് നിയമത്തിൽ എഴുതി വച്ചിരിക്കുന്ന ശിക്ഷയെ ജഡ്ജിമാർക്ക് വിധിക്കാൻ കഴിയു. യാക്കൂബ് മേമൻ ചെയ്തത് 257 പേരുടെ കൊലപാതകത്തിൽ പങ്കാളിയാവുക എന്ന ക്രൂരമായ തെറ്റാണ്. അത് മാത്രമല്ല രാജ്യദ്രോഹം എന്ന ഏറ്റവും അപകടകാരിയായ ഒരു കുറ്റം കൂടി മേമൻ ചെയ്തിരിക്കുന്നു. അതുകൊണ്ട് വധശിക്ഷ വിധിച്ചതിനോ അത് നടപ്പിലാക്കിയതിനോ കോടതിയെ കുറ്റപ്പെടുത്തുക പ്രയാസമാണ്.

നിർഭാഗ്യവശാൽ മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട ഡിബേറ്റുകൾ രണ്ടു ദിവസമായിട്ടും തീരുന്നില്ല. വധശിക്ഷയ്‌ക്കെതിരെ താത്വികമായി എതിർക്കുന്നവരോട് ഞങ്ങൾക്ക് വിയോജിപ്പില്ല. ഈശ്വരൻ അല്ലെങ്കിൽ പ്രകൃതി സ്വഭാവികമായി നൽകുന്ന ജീവൻ അതിന്റെ സൃഷ്ടികളിൽ ഒന്നായ മനുഷ്യൻ എടുക്കുന്നത് പാരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല എന്നു വിശ്വസിക്കുന്നവരുടെ കൂടെയാണ് ഞങ്ങൾ. പല്ലിനു പകരം പല്ലും ജീവനു പകരം ജീവൻ എന്ന പ്രാകൃത രീതി ഇന്ത്യയെപോലെയൊരു ജനാധിപത്യ രാജ്യത്തിനു ഒട്ടും ഭൂഷണമല്ല. വധശിക്ഷയ്ക്കു മാത്രം വിധിക്കപ്പെട്ട ചിലരെങ്കിലും നിരപരാധികൾ ആണ് എന്നു പിന്നീട് തെളിയിക്കപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രം മതി ഈ ശിക്ഷാരീതിയെ എതിർക്കാൻ.

മാത്രമല്ല രാജ്യദ്രോഹം പോലെയുള്ള കടുത്ത കുറ്റം ചെയ്യുന്നവർക്ക് വധശിക്ഷ ഒരു പരിധിവരെ കുറഞ്ഞ ശിക്ഷയായി മാറുന്നു. ബ്രിട്ടനിലും മറ്റും ഉള്ളതുപോലെ പരോൾ ഇല്ലാത്ത മരിക്കുവരെയുള്ള തടവു നൽകുകയാണ് ഉചിതം. ഒരു തടവുകാരനെ തീറ്റിപ്പോറ്റുന്നതിന്റെ ചെലവ് ചൂണ്ടിക്കാട്ടി ഇതിനെ ചിലർ എതിർത്തു കാണുന്നു. കോടാനുകോടി രൂപ ദിവസവും ധൂർത്തടിക്കുന്ന ഒരു രാജ്യത്ത് ഒരു വ്യക്തിയുടെ പരിപാലനം ഇത്ര വലിയ പ്രശ്‌നമാക്കേണ്ട് കാര്യമില്ല. മന്ത്രിമാരും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരും ഒരു കൊല്ലം വാങ്ങുന്ന യാത്രാപ്പടിയുടെ ചെലവു പോലും വരില്ല അത് എന്ന് മറക്കരുത്.ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ അതിന് നിയമത്തിൽ എഴുതി വച്ചിരിക്കുന്ന ശിക്ഷയെ ജഡ്ജിമാർക്ക് വിധിക്കാൻ കഴിയു. യാക്കൂബ് മേമൻ ചെയ്തത് 257 പേരുടെ കൊലപാതകത്തിൽ പങ്കാളിയാവുക എന്ന ക്രൂരമായ തെറ്റാണ്. അത് മാത്രമല്ല രാജ്യദ്രോഹം എന്ന ഏറ്റവും അപകടകാരിയായ ഒരു കുറ്റം കൂടി മേമൻ ചെയ്തിരിക്കുന്നു. അതുകൊണ്ട് വധശിക്ഷ വിധിച്ചതിനോ അത് നടപ്പിലാക്കിയതിനോ കോടതിയെ കുറ്റപ്പെടുത്തുക പ്രയാസമാണ്.

ഇടതുപക്ഷവും മറ്റും ഉയർത്തിപ്പിടിക്കാൻ ശ്രമിക്കുന്നത് വധശിക്ഷയെക്കുറിച്ചുള്ള ചർച്ചയാണ്. അതിൽ ഒരു തെറ്റും ഞങ്ങൾ കാണുന്നില്ല. എന്നാൽ മേമൻ മാപ്പു സാക്ഷിയായി വന്നപ്പോൾ ചതിച്ചു, മുസ്ലിം ആയതുകൊണ്ട് തൂക്കി കൊന്നു തുടങ്ങിയ ബാലിശമായ വാദങ്ങൾ ഉയർത്തി ചിലർ രംഗത്തുണ്ട്. ഈ ആരോപണം ഉന്നയിക്കുന്നവർ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുകയും ദേശവിരുദ്ധ ശക്തികൾക്കു ഓശാന പാടുകയും മുസ്ലിം സമൂഹത്തിൽ അനാവശ്യമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുകയാണ്. മോദി പ്രധാമന്ത്രിയായത് മുതൽ ഒട്ടേറെ വ്യാജപ്രചാരണങ്ങളിലൂടെ ന്യൂനപക്ഷ വിരുദ്ധമാണ് ഈ സർക്കാർ എന്ന് വരുത്തി തീർക്കാൻ ചിലർ നടത്തുന്ന ബോധപൂർവ്വമായ ശ്രമങ്ങളുടെ ഭാഗമായേ ഈ പ്രചാരണത്തെയും കാണാൻ സാധിക്കൂ.

വളരെ നിരാശാകരമായത്‌ ഈ വധത്തെ പിന്തുണക്കുന്നവരും ഏറി വരുന്നു എന്നതാണ്. മറ്റൊരുകാര്യം മാദ്ധ്യമവും തേജസും പോലെയുള്ള പത്രങ്ങൾ മഹാ ദുരന്തം റിപ്പോർട്ട് ചെയ്യുന്നതുപോലെ വളരെ നാടകീയമായി മേമൻ വധം റിപ്പോർട്ട് ചെയ്തത് ഇതിന് മികച്ച ഉദാഹരണമാണ്. ഏതോ ഒരു മഹാനായ മനുഷ്യനെ ഇന്ത്യൻ ഭരണകൂടം അനീതിപരമായി തൂക്കി കൊന്നു എന്ന തോന്നലാണ് ഈ പത്രങ്ങളുടെ റിപ്പോർട്ടുകൾ കണ്ടാൽ തോന്നുക. ഇതു ഇസ്ലാമിക സമൂഹത്തിൽ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഈ പത്രങ്ങൾ കണക്കിലെടുത്തില്ല. രാജ്യദ്രോഹ കുറ്റം ചുമത്തിയ ഒരാളെ തൂക്കിലേറ്റുമ്പോൾ അതിന്റെ പേരിൽ കണ്ണീർ പൊഴിക്കുന്നത് ഏത് തരം മാതൃകയാണ് നൽകുക എന്നതാണ് ആലോചിക്കേണ്ടത്. അതേ സമയം നീതിമാനായ ഒരു മനുഷ്യനോടാണ് ഭരണകൂടം ഇങ്ങനെ ചെയ്യുന്നതെങ്കിലും അതിനു ന്യായം ഉണ്ടായിരുന്നു.

ഇതൊക്കെയാണെങ്കിലും മേമന്റെ വധശിക്ഷ നടപ്പിലാക്കിയതിൽ ഉണ്ടായ വീഴ്‌ച്ചകൾ ചൂണ്ടിക്കാണിക്കാതിരിക്കാൻ വയ്യ. ലോകത്ത് ഏറ്റവും അധികം മുസ്ലീമുകൾ താമസിക്കുന്ന രണ്ടാമത്തെ രാജ്യം എന്ന നിലയിൽ ആ വിഭാഗത്തിന്റെ വികാരങ്ങൾ കൂടി കണക്കിലെടുത്ത് വേണമായിരുന്നു ഉത്തരവു നടപ്പിലാക്കാൻ. വധശിക്ഷ സംബന്ധിച്ച സുപ്രീം കോടതിയുടെ തന്നെ മുൻവിധികളുടെ ലംഘനമായാണ് മേമന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. പാതിരാത്രിയിൽ കോടതി ചേരുകയും വിധികളും ഹർജികളും ഒക്കെ ഞൊടിയിടകൊണ്ട് തീർപ്പാക്കുകയും ഒക്കെ ചെയ്ത് ആവശ്യമില്ലാത്ത ധൃതി കാണിച്ചു എന്ന ആരോപണം ഗുരുതരമാണ്.

മഹാത്മാഗാന്ധിക്കു ശേഷം ഇന്ത്യ കണ്ട ഏറ്റവും മഹാനായ ഇന്ത്യക്കാരൻ എന്നു വിശേഷിപ്പിക്കപ്പടുന്ന ഡോ. എപിജെ അബ്ദുൾ കലാമിന്റെ സംസ്‌കാര ദിനത്തിൽ തന്നെ തൂക്കിക്കൊല നടത്തിയതിൽ വലിയ അനൗചിത്യം ഉണ്ട്. വധ ശിക്ഷയെ എതിർക്കുകയും പ്രസിഡന്റായിരുന്നപ്പോൾ എത്തിയ എല്ലാ ദയാഹർജികളിൽ ഇളവ് അനുവദിക്കാൻ ശ്രമിക്കുകയും മഹാനായ കലാമിന്റെ ആത്മാവിനോട് ചെയ്ത തെറ്റു തന്നെയാണ് ധൃതിപിടിച്ചു അതേദിവസം തന്നെ വധശിക്ഷ നടത്തിയത്. എന്നു മാത്രമല്ല ഒരു മനുഷ്യന്റെ ജന്മദിനത്തിൽ തന്നെ അയാളുടെ വധശിക്ഷ നടപ്പിലാക്കുക എന്നതും അതീവ ക്രൂരമായ നടപടിയായി പോയി. ഒന്നോ രണ്ടോ ദിവസം കൂടി മാറിയാൽ എന്ത് സംഭവിക്കുമായിരുന്നു എന്നു സർക്കാർ ഉത്തരം നല്‌കേണ്ടതുണ്ട്.

വധശിക്ഷയിൽ പോലും രണ്ടു തരം നീതി എന്ന ആരോപണവും അവഗണിക്കാൻ പാടില്ല. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടേതു മുതലുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ മടിക്കവേ എന്തുകൊണ്ട് അഫ്‌സൽ ഗുരുവിനെയും മേമനെയും ധൃതിവച്ച് തൂക്കി കൊന്നു എന്ന ചോദ്യം ചിലർ ചോദിക്കുമ്പോൾ തൃപ്തികരമായ മറുപടി നൽകേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ആയിരുന്നു ബോംബെ സ്‌ഫോടനം എന്ന് മറക്കരുത്. ബാബറി മസ്ജിദ് തകർക്കാൻ ചരടുവലിച്ചവർ ഭരണത്തിൽ ഇരിക്കുകയും അതിന് ഇരയായ സമൂഹത്തിന് വേണ്ടി പ്രതികരിച്ചവർ വധശിക്ഷയ്ക്കു വിധിക്കപ്പെടുകയും ചെയ്യുന്നു എന്ന തരത്തിലും പ്രചാരണവും സർക്കാർ വിചാരിച്ചാൽ ഒഴിവാക്കാമായിരുന്നു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട അനേകം നിരപരാധികളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അത്തരം പ്രധാന കേസുകൾ ഒന്നും വിചാരണ പോലും ചെയ്യപ്പെടാതെ കിടക്കുകയും അതുമായി ബന്ധമുണ്ട് എന്നു ആരോപണം ഉന്നയിക്കുകയും ചെയ്യുന്നവർ അധികാരത്തിൽ ഇരിക്കുമ്പോൾ ഇത്തരം നടപടികൾ ഉണ്ടാക്കുന്നതിലുമാണ് ഔചിത്യം ഇല്ലാത്തത്.വധശിക്ഷയിൽ പോലും രണ്ടു തരം നീതി എന്ന ആരോപണവും അവഗണിക്കാൻ പാടില്ല. രാജീവ് ഗാന്ധി കൊലക്കേസ് പ്രതികളുടേതു മുതലുള്ള കേസുകളിൽ വധശിക്ഷ നടപ്പിലാക്കാൻ മടിക്കവേ എന്തുകൊണ്ട് അഫ്‌സൽ ഗുരുവിനെയും മേമനെയും ധൃതിവച്ച് തൂക്കി കൊന്നു എന്ന ചോദ്യം ചിലർ ചോദിക്കുമ്പോൾ തൃപ്തികരമായ മറുപടി നൽകേണ്ടതുണ്ട്. ബാബരി മസ്ജിദ് തകർത്തതിന്റെ പ്രതികാരമായി ആയിരുന്നു ബോംബെ സ്‌ഫോടനം എന്ന് മറക്കരുത്. 

ഭാവിയിൽ എങ്കിലും രാജ്യസുരക്ഷ മുൻനിർത്തി ഇത്തരം നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ സർക്കാർ കൂടുതൽ ജാഗ്രത കാണിക്കേണ്ടതുണ്ട്. ഒരു വലിയ ജനതയുടെ വികാരം കൂടി കണക്കിലെടുത്ത് വേണം എന്തു തീരുമാനവും നടപ്പിലാക്കാൻ. അതേസമയം ഭീകരവാദത്തിന്റെ കാര്യത്തിൽ ഒരു തരത്തിലുമുള്ള വിട്ടുവീഴ്‌ച്ചയ്ക്കും ഒരുങ്ങുകയും അരുത്. ഇതായിരിക്കണം യാക്കൂബ് മേമൻ വധത്തിൽ നിന്നും പഠിക്കേണ്ട പ്രധാന പാഠം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP