Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെട്രോൾകാർ ഓടിക്കുന്നതിനേക്കാൾ ചെലവ് ഇപ്പോൾ ഡീസൽ കാറിന്; പ്രവർത്തന ചെലവ് കുറയ്ക്കാൻ വിലകൂടിയ ഡീസൽ കാറുകൾ വാങ്ങിയവർ നിരാശയിൽ

പെട്രോൾകാർ ഓടിക്കുന്നതിനേക്കാൾ ചെലവ് ഇപ്പോൾ ഡീസൽ കാറിന്; പ്രവർത്തന ചെലവ് കുറയ്ക്കാൻ വിലകൂടിയ ഡീസൽ കാറുകൾ വാങ്ങിയവർ നിരാശയിൽ

സ്വന്തമായി പെട്രോൾ കാർ വാങ്ങി അതിൽ കയറി സഞ്ചരിക്കുന്നവരെ വലിയ പണക്കാരായി കാണുന്ന ഒരു പതിവുണ്ട്. എന്നാൽ ആ പതിവൊക്കെ മാറ്റാൻ സമയമായിരിക്കുന്നുവെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. പെട്രോൾ കാർ ഓടിക്കുന്നതിനേക്കാൾ ചെലവ് കൂടുതൽ ഇപ്പോൾ ഡീസൽ കാറിനാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

ഈയടുത്ത മാസങ്ങളിലായി പെട്രോൾ വില കുറഞ്ഞു വരുകയും ഡീസൽ വില കൂടി വരികയും ചെയ്യുന്നുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസം വളരെക്കുറഞ്ഞ ഒരു നിലയിലുമെത്തിയിരിക്കുന്നു. അതിന് പുറമെ പെട്രോൾകാറിന്റെ വിലയും റണ്ണിങ് കോസ്റ്റും ഡീസൽ കാറുകളുടേതിനേക്കാൾ കുറഞ്ഞിരിക്കുകയുമാണ്.

ഓഗസ്റ്റ് 31നാണ് പെട്രോൾ വിലയിൽ ഏറ്റവും പുതിയ കുറവുണ്ടായിരിക്കുന്നത്. ഡീസലിന്റെ വിലയാകട്ടെ സ്ഥിരമായി 50 പൈസനിരക്കിൽ കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇതു വഴി പെട്രോൾ ഡീസൽ വിലകൾ തമ്മിൽ നേരിയ വ്യത്യാസം മാത്രമെ നിലനിൽക്കുന്നുള്ളുവെന്ന് കാണാം. അതായത് ഈ വ്യത്യാസം 9.15 രൂപ മുതൽ 12 രൂപവരെ മാത്രമാണ്. ദൽഹിയിൽ ഇവ തമ്മിലുള്ള അന്തരം ലിറ്ററിന് വെറും 9.45 രുപയാണ്. കൊൽക്കത്തയിലാണ് ഏറ്റവും ഉയർന്ന വ്യത്യാസമായ 12.33 രൂപയുള്ളത്. ചെന്നൈയിലും മുംബൈയിലും ഇത് യഥാക്രമം 8.63 രൂപയും 9.15 രൂപയുമാണ്.

ഒരു ശരാശരി പുതിയ വാഹനം നൽകുന്ന മൈലേജ് ലിറ്ററിന് 14 മുതൽ 15 കിലോമീറ്റർ വരെയാണ്. ഇന്ത്യൻ മെട്രോകളിൽ ഒരു ദിവസം ഒരു വാഹനമോടുന്നത് ശരാശരി 50 കിലോമീറ്ററാണ്. അങ്ങനെ കണക്കാക്കുമ്പോൾ ഒരു വാഹനം ഏകദേശം നാല് ലിറ്ററിനടുത്താണ് പെട്രോൾ ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ മാസത്തിൽ 120 ലിറ്ററോളം പെട്രോൾ വേണ്ടി വരുന്നു. ഈ കണക്കുകളും പെട്രോൾ ഡീസൽ തമ്മിലുള്ള വിലവ്യത്യാസവും വച്ച് കണക്കാക്കുമ്പോൾ ദൽഹിയിലെ ഡീസൽ വാഹന ഉടമക്ക് മാസത്തിൽ 1100 രൂപ ലാഭിക്കാം. മുംബൈയിലും അങ്ങനെത്തന്നെയാണ്. ചെന്നൈയിലെ ഇന്ധന വില കണക്കാക്കുമ്പോൾ ഡീസൽ കാറിന്റെ ഉടമക്ക് മാസത്തിൽ 1000 രൂപ ലാഭിക്കാനാവും. കൊൽക്കത്തയിലാണെങ്കിൽ 1500 ലാഭിക്കാം.

പുതിയ വിലകളുടെ പശ്ചാത്തലത്തിലുള്ള പുതിയ കണ്ടെത്തലുകളാണിനി വ്യക്തമാക്കുന്നത്. അതായത് ഡീസൽ കാറുകളും പെട്രോൾ കാറുകളും തമ്മിൽ ഒരു ലക്ഷം രൂപയുടെയെങ്കിലും വിലവ്യത്യാസമുണ്ടാവാറുണ്ട്. അതായത് ഡീസൽ കാറിന് അതിന്റെ പെട്രോൾ വേരിയന്റിനേക്കാൾ വില കൊടുക്കണം. ഉദാഹരണമായി മാരുതി സുസുക്കി സ്വിഫ്റ്റിനെ എടുത്ത് കാട്ടാം. ഇതിന് പെട്രോളിനും ഡീസലിനും വേരിയന്റുകളുണ്ട്. സ്വിഫ്റ്റ് പെട്രോൾ എൽഎക്‌സ്‌ഐ ബേസ് മോഡലിന് 4.42 ലക്ഷമാണ് ദൽഹിയിൽ നൽകേണ്ടത്. എന്നാൽ ഇതിന്റെ ഡീസൽ വേരിയന്റിന് 5.46 ലക്ഷം നൽകണം. സാധാരണയായി മോട്ടോർലോണുകളുടെ കാലാവധി 48 മാസമാണ്. വിലയിൽ ഒരു ലക്ഷം രൂപ വ്യത്യാസമുണ്ടാകുന്ന അവസരത്തിൽ മാസത്തിൽ 2000 രൂപ ലോണിനത്തിൽ കൂടുതൽ അടയ്‌ക്കേണ്ടതായി വരും. ഇന്ധന ഉപയോഗം കൂടുതലായി ചെന്നൈയിലും മുംബൈയിലും പെട്രോളും ഡിസലും തമ്മിൽ മാസത്തിൽ 1000 രൂപയുടെ വ്യത്യാസം മാത്രമേയുള്ളുവെന്ന് നേരത്തെ സൂചിപ്പിച്ചല്ലോ.. ഡീസൽ വാഹനത്തിന് ലോണെടുത്ത വകയിൽ 2000 രൂപയാണ് അടയ്‌ക്കേണ്ടി വരുന്നത്. പെട്രോൾ വാഹനമോടിക്കുന്നതിന് 1000 രൂപയേ അധികച്ചെലവ് വരുന്നുള്ളൂ. എന്നാൽ ഡീസൽ വാഹനം വാങ്ങി ഓടിക്കുന്നതിന് ലോണടക്കുന്ന വകയിൽ 2000 രൂപ അധികച്ചെലവാണ് വരുന്നത്. അപ്പോൾപ്പിന്നെ പെട്രോൾ കാർ ഓടിച്ചാൽ 1000 രൂപ ലാഭിക്കാമെന്ന് വ്യക്തമായല്ലോ.

ഈ കണക്കുകളെക്കുറിച്ചുള്ള അറിവ് വ്യാപകമായതോടെ ഈയടുത്ത മാസങ്ങളിലായി പെട്രോൾ വാഹനങ്ങൾക്ക് ഡിമാൻഡ് വർധിച്ച് വരികായാണ്. 2012ൽ ഡീസൽ പെട്രോൾ വാഹനങ്ങളുടെ വിൽപന അനുപാതം 70:30 അനുപാതത്തിലായിരുന്നു. എന്നാൽ ഇന്ന് അത് 50: 50 റേഷ്യോവിലെത്തിയിരിക്കുന്നുവെന്നാണ് പ്രമുഖ കാർനിർമ്മാതാക്കൾ പറയുന്നത്. ഡീസലിന്റെ വിലയിലുണ്ടാകുന്ന ഒു ചെറിയ വർധനവ് പോലും ഡീസൽ വാഹന ഉടമകളിൽ വൻ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഒരു വർഷം മുമ്പത്തേതിനേക്കാൾ 14 ശതമാനം അധിക മുടക്ക് ഡീസൽ കാർ ഉടമകൾക്ക് വേണ്ടി വരുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ ഡീസൽ കാറുകൾ പെട്രോൾ വേരിയന്റുകളേക്കാൾ 15 മുതൽ 20 ശതമാനം വരെ മൈലേജ് കൂടുതൽ നൽകുന്നുണ്ടെന്നാണ് ഡീസൽ കാറുകളുടെ വക്താക്കൾ വാദിക്കുന്നത്. പെർ കിലോമീറ്റർ ചെലവിന്റെ കാര്യത്തിൽ ഡീസൽ കാറുകളാണ് ഉപയോക്താവിന് ലാഭമുണ്ടാക്കുന്നതെന്നും അവർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP