Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെബ്‌സൈറ്റ് സന്ദർശിക്കാൻ ആളുകളുടെ ഇടി; ദൂരദർശനിൽ തൽസമയ സംപ്രേഷണം; എന്നിട്ടും നെഹ്രു ട്രോഫി വള്ളംകളിക്കു സ്‌പോൺസർമാരില്ല; സാമ്പത്തിക പ്രതിസന്ധിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലമേള ആടിയുലയുന്നു

വെബ്‌സൈറ്റ് സന്ദർശിക്കാൻ ആളുകളുടെ ഇടി; ദൂരദർശനിൽ തൽസമയ സംപ്രേഷണം; എന്നിട്ടും നെഹ്രു ട്രോഫി വള്ളംകളിക്കു സ്‌പോൺസർമാരില്ല; സാമ്പത്തിക പ്രതിസന്ധിയിൽ ലോകത്തിലെ ഏറ്റവും വലിയ ജലമേള ആടിയുലയുന്നു

ആലപ്പുഴ : ചാച്ചാജിയുടെ പേരിലുള്ള അന്തർദേശീയ വള്ളംകളിയാണെന്നു പറഞ്ഞിട്ടുകാര്യമില്ല, നെഹ്‌റു ട്രോഫി വള്ളംകളി സ്‌പോൺസർ ചെയ്യാൻ ആളില്ല. കളിക്കാർക്ക് ചായക്കാശുപോലും കൊടുക്കാൻ ആളുമില്ല. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട്് നെഹ്‌റുട്രോഫി വള്ളംകളി വേമ്പനാട്ടുകായലിലെ ഓളപ്പരപ്പിൽ ഉലയുന്നു. ലോകത്തിന്റെ നെറുകയിലെത്തിനിൽക്കുന്നുവെന്ന് കൊട്ടിഘോഷിക്കുന്ന വള്ളം കളി ഏറ്റെടുക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്‌പോൺസർമാർ എത്തിയില്ലെന്ന സംഘാടക സമിതി ചെയന്മാൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചതോടെ ആവേശത്തിന്റെ അലയടങ്ങിനിൽക്കുകയാണ് വള്ളംകളി പ്രേമികൾ.

ലക്ഷക്കണക്കിനു വിദേശികളുടെ ലൈക്കുകളായി ആവേശം കടൽ കടന്നെത്തിയിട്ടും സ്‌പോൺസർമാർ എത്തിയില്ലെന്നുള്ളതാണ് വിചിത്രം. ഇക്കുറി നെഹ്‌റുട്രോഫി സൊസൈറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 5,69,292 ഹിറ്റുകളാണ് ലഭിച്ചത്. ദൂരദർശനും ആകാശവാണിയും വള്ളംകളി തൽസമയം സംപ്രേഷണം ചെയ്യുന്നു. ഇങ്ങനെ വൻ സംവിധാനങ്ങൾ ഒരുക്കിയിട്ടും സ്‌പോൺസർ ചെയ്യാനാരുമെത്തിയില്ലെന്നതു നാട്ടുകാരെ സംബന്ധിച്ചിടത്തോളം ഏറെ വേദനാകരമാണ്.

കെ സി വേണുഗോപാൽ കേന്ദ്രവ്യോമയാന മന്ത്രിയായിരുന്നപ്പോൾ ലഭിച്ച വ്യോമയാന മന്ത്രാലയത്തിന്റെ കഴിഞ്ഞവർഷത്തെ സ്‌പോൺസർഷിപ്പല്ലാതെ നാളിതുവരെ ശക്തരായ ആരുംതന്നെ വള്ളംകളി സ്‌പോൺസർ ചെയ്യാൻ എത്തിയിട്ടില്ല. ഏകദേശം നാലു കോടി രൂപയാണ് വള്ളംകളിയുടെ നടത്തിപ്പിനായി വേണ്ടിവരിക. 89,75,000 രൂപ മൂല്യം വരുന്ന 30,000 ടിക്കറ്റുകൾ സർക്കാർ ഓഫീസുകൾ മുഖേന വിൽക്കുന്നതിനായി ആലപ്പുഴക്ക് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ 84 സർക്കാർ ഓഫീസുകളിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇതാണ് പ്രധാന വരുമാനമാർഗം. സർക്കാർ കനത്ത സംഭാവന തരുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സർക്കാർ പി എസ് സിയുടെ ബില്ലുകൾ വരെ മരവിപ്പിച്ചു മുങ്ങുന്ന സാഹചര്യത്തിൽ വള്ളം കളിക്കുവേണ്ടി എന്തുചെയ്യുമെന്ന സംശയം സംഘാടകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ പ്രതിനിധി ഉദ്ഘാടനം ചെയ്യാനെത്തുന്ന പരിപാടിയോട് സർക്കാരിന് അത്ര താല്പര്യവുമില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. വരുന്ന ശനിയാഴ്ചയാണ് ആലപ്പുഴ പുന്നമടക്കായലിൽ വള്ളം കളി അരങ്ങേറുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി ഉദ്ഘാടനം ചെയ്യാനെത്തുമ്പോൾ തുഴച്ചിൽക്കാരുടെയോ അണിയറ പ്രവർത്തകരുടെയോ ഭാഗത്തുനിന്നു പ്രതിഷേധം ഉണ്ടാകുമോയെന്ന ഭീതിയിലാണ് സംഘാടകർ. പതിവിന് വിപരീതമായി ഇക്കുറി ചൈനീസ് അംബാസഡറും എത്തുന്നുണ്ട് വള്ളംകളി ആസ്വദിക്കാൻ.

നേരത്തെ തുഴച്ചിൽക്കാരുടെ ബോണസ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബോട്ടുടമകളുടെ സംഘടന രംഗത്തെത്തിയിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംഘാടകർക്ക് ഈ ആവശ്യം പരിഗണിക്കാൻ കഴിഞ്ഞിരുന്നില്ല. പണം ലഭിക്കാതെ മൽസരത്തിൽ പങ്കെടുക്കാനാവില്ലെന്ന് ചുണ്ടൻ വള്ളം ഉടമകളുടെ തീരുമാനം അധികൃതരെ വെട്ടിലാക്കി. ഇതോടെ പ്രതിസന്ധിയിലായ നടത്തിപ്പ് പിന്നീട് നീണ്ട ചർച്ചകൾക്കൊടുവിലാണ് കരക്കടുപ്പിച്ചത്. എങ്കിലും സ്‌പോൺസർഷിപ്പ് തുക നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. ഒരു ചുണ്ടൻവള്ളം മത്സരത്തിനിറങ്ങുമ്പോൾ അഞ്ചു ലക്ഷത്തിലേറെ രൂപയാണ് ചെലവാകുന്നത്. സ്‌പോൺസർഷിപ്പിൽനിന്നുള്ള തുകയാണ് ഇവർക്കാകെയുള്ള ആശ്വാസം.

ചെറുതും വലുതുമായ 63 വള്ളങ്ങളാണ് ഇക്കുറി മൽസരത്തിനുള്ളത്. ഈ വള്ളങ്ങളെല്ലാംതന്നെ മാസങ്ങൾക്ക് മുമ്പെ പരിശീലനം തുടങ്ങിയിട്ടുള്ളവയാണ്. ലക്ഷങ്ങളാണ് മുന്നൊരുക്കത്തിനായി ചെലവിടുന്നത്. ഇവർക്ക് കൊടുക്കാനാണ് സംഘാടകർക്ക് പണമില്ലാത്തത്. നെഹ്‌റു മുതൽ സോണിയ വരെയുള്ള ലോക നേതാക്കൾ വള്ളം കളി കാണാൻ ആതിഥേയരായി ആലപ്പുഴയിൽ എത്തിയ ചരിത്രമാണ് നെഹ്‌റുട്രോഫിക്കുള്ളത്. ഈ വള്ളം കളിയാണ് സ്‌പോൺസർമാരില്ലാതെ അനാഥമാകുന്നത്. ഒരിക്കൽ വള്ളംകളിക്കിടയിൽ ജവഹർലാൽ നെഹ്‌റു ആവേശംമൂത്ത്് ചുണ്ടൻവള്ളത്തിൽ ചാടിക്കയറിയ സംഭവം വരെയുണ്ടായി. അതോടെ നെഹ്‌റു ട്രോഫി മൽസരമായി മാറിയ വള്ളംകളി പിന്നീട് ലോകത്തിന്റെ തന്നെ ശ്രദ്ധപിടിച്ചുപറ്റി. നെഹ്‌റു ട്രോഫിയുടെ തകർച്ച കേരളത്തിലെ ജലമേളകളെയാകെ തകർക്കുമെന്നാണ് ആശങ്കയുയരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP