Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈയേറ്റക്കാർക്ക് ഓശാന പാടുന്ന ഭൂനിയമ ഭേദഗതി നിൽക്കക്കള്ളിയില്ലാതെ സർക്കാർ പിൻവലിച്ചു; തീരുമാനം വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്; റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ പ്രഖ്യാപനം വന്നതു മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം

കൈയേറ്റക്കാർക്ക് ഓശാന പാടുന്ന ഭൂനിയമ  ഭേദഗതി നിൽക്കക്കള്ളിയില്ലാതെ സർക്കാർ പിൻവലിച്ചു; തീരുമാനം വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന്; റവന്യൂ മന്ത്രി അടൂർ പ്രകാശിന്റെ പ്രഖ്യാപനം വന്നതു മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കുശേഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭൂമി ചട്ട ഭേദഗതി പിൻവലിച്ചുവെന്നു മന്ത്രി അടൂർ പ്രകാശ്. വിവാദങ്ങളെ തുടർന്ന് ഭേദഗതി പിൻവലിക്കുന്നതായി മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2005 വരെയുള്ള കൈവശഭൂമിക്ക് പട്ടയം നൽകാനായിരുന്നു ഭേദഗതി കൊണ്ടുവന്നത്. ഇതിനെതിരെ കോൺഗ്രസിലെ തന്നെ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.

കർഷകർക്ക് കൈവശഭൂമി ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് ഭേദഗതി കൊണ്ടുവന്നത്. ഇടുക്കിയിലെ കർഷകരെ സഹായിക്കുക എന്ന ഉദ്ദേശമേ ഉണ്ടായിരുന്നുള്ളൂ. വേറെ ദുരുദ്ദേശ്യമൊന്നും മനസ്സിലില്ലായിരുന്നുവെന്നും അടൂർ പ്രകാശ് പറഞ്ഞു. സർക്കാർ വൻകിടക്കാരെ സഹായിച്ചിട്ടില്ല. ഉത്തരവ് ഇറക്കിയത് രഹസ്യമായിട്ടുമല്ല. ഇപ്പോൾ ഇതു വിവാദമാക്കിയതിൽ ആരെയും കുറ്റപ്പെടുത്താനില്ലെന്നും മന്ത്രി പറഞ്ഞു.

അടൂർ പ്രകാശ് കൈയേറ്റക്കാരെ സഹായിച്ചു എന്ന് ഒരാളും പറയരുതെന്ന് ആഗ്രഹമുണ്ട്. തെറ്റ് ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടുന്നവരോട് നന്ദി മാത്രമേയുള്ളു. 2015 ജൂൺ ഒന്നിന് ഇറക്കിയ ഉത്തരവിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കും. വിവാദ ഉത്തരവ് കാരണം മൂന്നാർ കൈയേറ്റങ്ങൾ സംബന്ധിച്ച കേസുകൾ ദുർബലമാവുമെന്ന വിമർശനം സർക്കാർ മാനിക്കുന്നതായും മന്ത്രി പറഞ്ഞു.

കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സർക്കാരാണ് കേരളത്തിലേത്. ഹാരിസൺ മലയാളം അടക്കമുള്ള കുത്തകകൾക്കെതിരെ ഹൈക്കോടതിയിൽ ശക്തമായ നിലപാട് സ്വീകരിച്ചത് ഈ സർക്കാർ അധികാരത്തിൽ വന്നശേഷമാണ്. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 23,686 പേർക്കാണ് പട്ടയം നൽകി. അർഹതയുള്ളവർക്ക് എല്ലാം പട്ടയം നൽകുന്നതുമായി സർക്കാർ മുന്നോട്ട് പോവും.

ഈ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് തന്നോട് വിശദീകരണം ചോദിച്ചിട്ടില്ല. തിരുവനന്തപുരത്ത് ഉണ്ടാവുമോയെന്ന് മാത്രം അന്വേഷിക്കുകയാണ് ചെയ്തത്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ ഒറ്റപ്പെടുത്തിയിട്ടില്ല. നല്ല കാര്യങ്ങൾ ചെയ്യുന്‌പോൾ അതിനെ പൂർണമായി പിന്തുണയ്ക്കുക നിലപാടാണ് മുഖ്യമന്ത്രിയുടേത്. തെറ്റുകൾ പറ്റിയാൽ അത് തിരുത്താൻ നിർദ്ദേശം തരാനും അദ്ദേഹം മടിക്കാറില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു.

മുഖ്യമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും അംഗീകാരത്തോടെ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വിശ്വാസ് മേത്ത ഭൂമി പതിച്ചുകൊടുക്കൽ ചട്ടങ്ങൾ (1964) ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കുകയായിരുന്നു. കർഷകരിൽ നിന്ന് ഒട്ടേറെ നിവേദനങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നായിരുന്നു സർക്കാർ വിശദീകരണം. ഉത്തവിനെതിരെ കോൺഗ്രസിലെത്തന്നെ ഒരു വിഭാഗവും പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധമുയർത്തിയ സാഹചര്യത്തിലാണ് സർക്കാർ ഭേദഗതി പിൻവലിച്ചത്.

ഡൽഹിയിലുള്ള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വാർത്താസമ്മേളനം നടത്തിയതിനു തൊട്ടുപിന്നാലെയായിരുന്നു തിരുവനന്തപുരത്ത് മന്ത്രി അടൂർ പ്രകാശിന്റെ വാർത്താസമ്മേളനം. നിയമഭേദഗതിയെക്കുറിച്ചു മുഖ്യമന്ത്രിയോടു ചോദിച്ചപ്പോൾ റവന്യു മന്ത്രി വിശദീകരിക്കും എന്നായിരുന്നു മറുപടി. ഇതിനു പിന്നാലെയാണു മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തശേഷമാണു തീരുമാനം പ്രഖ്യാപിക്കുന്നതെന്നു അടൂർ പ്രകാശ് പറഞ്ഞത്.

അതിനിടെ, മന്ത്രി അടൂർ പ്രകാശിനെതിരെ ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് രംഗത്തെത്തി. ഭൂനിയമ ഭേദഗതിക്ക് കളമൊരുക്കിയതു ഇടുക്കി ഡിസിസിയുടെ അഭിപ്രായം കൂടി പരിഗണിച്ചാണെന്ന് വാർത്താസമ്മേളനത്തിൽ മന്ത്രി അടൂർ പ്രകാശ് പറഞ്ഞിരുന്നു. ഇതിനെതിരായാണു റോയ് കെ പൗലോസ് രംഗത്തെത്തിയത്. ഇടുക്കി ഡിസിസി ഇത്തരം ഒരു അഭിപ്രായം പറഞ്ഞിരുന്നില്ലെന്നു റോയ് കെ പൗലോസ് വ്യക്തമാക്കി. മന്ത്രി അങ്ങനെ പറയാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരെ സംരക്ഷിക്കാനെന്ന പേരിൽ കൈയറ്റക്കാരെ കൈയയച്ച് സഹായിക്കാനുള്ള നീക്കമാണ് റവന്യൂ വകുപ്പ് നടത്തുന്നതെന്ന ആരോപണവുമായാണു കോൺഗ്രസിലെ ഒരുവിഭാഗം തന്നെ നേരത്തെ രംഗത്ത് എത്തിയത്. പ്രതിപക്ഷവും സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിരുന്നു. മൂന്നാർ കൈയേറ്റങ്ങളെ സാധുവാക്കാനാണ് ഇതെന്നാണ് പ്രധാനമായും വിമർശനം ഉയർന്നത്.

രവീന്ദ്രൻ പട്ടയമെന്ന് കുപ്രസിദ്ധമായ ഭൂമി കൈയേറ്റം പോലും ഇതോടെ നിയമസാധുതയുള്ളതാകും. ഈ സാഹചര്യത്തിലാണ് കോൺഗ്രസിനുള്ളിൽ വിമർശനം സജീവമാകുന്നത്. ഇത്രയേറെ പ്രധാനപ്പെട്ട വിഷയം ഒരു ആലോചനയുമില്ലാതെ നടപ്പാക്കിയതിനു പിന്നാലെയാണു വിശദീകരണവുമായി അടൂർ പ്രകാശ് രംഗത്തെത്തിയത്.

മലയോര പ്രദേശത്ത് 2005 വരെ പാട്ടമായോ പാട്ടക്കാലാവധി കഴിഞ്ഞതോ ആയ സ്ഥലം കൈവശമുള്ളവർക്ക് പട്ടയം നൽകാനായി ഭൂമി പതിവ് ചട്ടത്തിലെ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിന് കെപിസിസി അധ്യക്ഷൻ വി എം സുധീരനും എതിരാണ്. ഇക്കാര്യം പാർട്ടിക്കുള്ളിൽ ചർച്ചചെയ്യാതെ നടപ്പാക്കിയതിലാണ് പാർട്ടി നേതൃത്വവും ഇടുക്കി ഡിസിസിയും എതിർപ്പു പ്രകടിപ്പിച്ചത്. ഇതിനൊപ്പം വി ഡി സതീശൻ എംഎൽഎയും ടി എൻ പ്രതാപൻ എംഎൽഎയും സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി.

എംഎൽഎമാർ അടക്കമുള്ള മറ്റു നേതാക്കളും കെപിസിസി പ്രസിഡന്റിനെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. വിവാദമായ സാഹചര്യത്തിൽ വിഷയം കെപിസിസിയും യുഡിഎഫും ചർച്ച ചെയ്യും. അതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് സൂചന.

ഇതിനിടെ കവയത്രി സുഗതകുമാരിയും താമരശ്ശേരി ബിഷപ്പും സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തു വന്നു. കർഷക വിരുദ്ധമാണ് തീരുമാനമെന്ന് താമരശ്ശേരി ബിഷപ്പ് അറിയിച്ചു. ആദിവാസികൾക്ക് ഭൂമി നൽകാതെ കൈയേറ്റക്കാരെ സഹായിക്കുന്നതിന്റെ പ്രശ്‌നങ്ങളാണ് സുഗത കുമാരി ഉയർത്തിയത്. ആറന്മുളയിലെ ഭൂമി കൈയേറ്റം പോലും നിയമ വിധേയമാക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് വിമർശനം. ഈ സാഹചര്യത്തിലാണു സർക്കാർ പുനരാലോചനയ്ക്ക് തയ്യാറായത്. സുപ്രധാനമായ നയവ്യതിയാനം പാർട്ടിയിൽ ചർച്ച ചെയ്യണമായിരുന്നുവെന്നും വെറുമൊരു ഭരണപരമായ നടപടിയായി ഇതിനെ കാണാനാകില്ലെന്നുമാണ് കോൺഗ്രസിൽ സുധീരൻ അടക്കമുള്ളവരുടെ നിലപാട്.

അതിനിടെ ഭേദഗതിയെ അംഗീകരിച്ച് കെ മുരളീധരനും രംഗത്തുവന്നു. എന്നാൽ പാർട്ടിയിലെ എഐ ഗ്രൂപ്പുകൾ ഭേദഗതിക്ക് അനുകൂലമാണ്. ഈ രണ്ട് കൂട്ടരും കൂടി ചർച്ച ചെയ്ത് അംഗീകരിച്ചതാണ് തീരുമാനമെന്നാണ് സൂചന. എന്നാൽ വേണ്ടത്ര ചർച്ചകൾ നടന്നുവെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. അടൂർ പ്രകാശിനെ ആക്രമിക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും ഐ ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടുത്ത വിഭാഗീയ ചർച്ചകളിലേക്ക് കോൺഗ്രസ് എത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഭേദഗതി പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്.

എല്ലാ ശക്തിയും ഉപയോഗിച്ച് നിയമ ഭേദഗതിയെ എതിർക്കുമെന്നും പാർട്ടിക്കുള്ളിൽ പോലും ചർച്ച ചെയ്യാതെ എടുത്ത തീരുമാനമാണ് ഇതെന്നും പുനരാലോചനയ്ക്ക് സർക്കാർ തയ്യാറാകണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. കുടിയേറ്റവും കയ്യേറ്റവും രണ്ടും രണ്ടാണ്. കുടിയേറ്റത്തിന്റെ മറവിൽ കയ്യേറ്റക്കാർക്ക് കേറി വരാൻ അവസരമൊരുക്കുന്നതാണ് പുതിയ ഭേദഗതിയെന്നും അദ്ദേഹം ആരോപിച്ചു. കെപിസിസിയിലോ പാർട്ടി സർക്കാർ ഏകോപന സമിതിയിലോ യു.ഡി.എഫിലോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. ആരും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും പറയണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

കൈയേറ്റക്കാർക്ക് ഭൂമി പതിച്ചുനൽകാനുള്ളതാണ് സർക്കാരിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കയച്ച കത്തിൽ ടി.എൻ പ്രതാപൻ ആരോപിച്ചു. പാർട്ടി യോഗത്തിലോ മുന്നണിയിലോ ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തിരിക്കുന്നത്. 1971ന് ശേഷം 34 വർഷങ്ങളിൽ നടന്ന മുഴുവൻ കൈയേറ്റങ്ങളും സാധൂകരിക്കുന്ന വിചിത്രമായ നടപടിയാണിതെന്നും പ്രതാപൻ കുറ്റപ്പെടുത്തി. വിയോജിപ്പ് അറിയിച്ച് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പി. മോഹൻരാജും രംഗത്തെത്തി. വിഷയം പാർട്ടിയിൽ ഉന്നയിക്കും. ഭ്രാന്തൻ തീരുമാനമെന്ന് ഇടുക്കി മുൻ എംപി പി.ടി തോമസും വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP