Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജേന്ദ്രമൈതാനത്ത് സ്ഥിരം ലേസർ ഷോ; പാട്ടത്തിനു നൽകുന്നത് കൊച്ചിയിലെ പ്രധാന രാഷ്ട്രീയസമ്മേളനങ്ങൾക്ക് വേദിയായ ഇടം; കൊച്ചിക്കാർക്ക് ഒരു പൊതുസ്ഥലം കൂടി അന്യമാകുമോ?

രാജേന്ദ്രമൈതാനത്ത് സ്ഥിരം ലേസർ ഷോ; പാട്ടത്തിനു നൽകുന്നത് കൊച്ചിയിലെ പ്രധാന രാഷ്ട്രീയസമ്മേളനങ്ങൾക്ക് വേദിയായ ഇടം; കൊച്ചിക്കാർക്ക് ഒരു പൊതുസ്ഥലം കൂടി അന്യമാകുമോ?

കൊച്ചി : നഗരത്തിലെ ഏറ്റവും വലിയ തുറന്നിടമായ രാജേന്ദ്ര മൈതാനം സ്വകാര്യ ലേസർ ഷോക്കായി ജിസിഡിഎ പാട്ടത്തിന് നൽകുന്നു. കൊച്ചി മെട്രൊയുടെ കൂടി സൗകര്യം പ്രയോജനപ്പെടുത്തി നഗരത്തെ വ്യവസായിക ഹബ്ബാക്കി മാറ്റുന്നതിന്റെ മുന്നോടിയായാണ് ചരിത്രമുറങ്ങുന്ന രാജേന്ദ്രമൈതാനം ലേസർ ഷോയ്ക്കായി പാട്ടത്തിന് കൊടുക്കുന്നത്. ഇത്തരത്തിലുള്ള ഷോകൾ നടത്തുന്ന ഉത്തരേന്ത്യൻ കമ്പനിക്ക് ദീർഘകാലാടിസ്ഥാനത്തിലാണ് രാജേന്ദ്ര മൈതാനത്തിന്റെ പ്രധാന ഭാഗം തീറെഴുതി നൽകുന്നത്.

പ്രസിദ്ധമായ കായൽ സമരം, ഇന്ത്യൻ സ്വാതന്ത്ര്യസമരം എന്നിവയുടെ പാരമ്പര്യം അവകാശപ്പെടാവുന്ന ഇവിടെ രാജ്യത്തെ പ്രമുഖ നേതാക്കൾ മിക്കവരും പ്രസംഗിച്ചിട്ടുണ്ട്. കൊച്ചി കായലിനോട് ചേർന്ന പ്രദേശം ഇത്തരത്തിൽ ലേസർ ഷോയ്ക്ക് നൽകിക്കഴിഞ്ഞാൽ ആളുകളുടെ പ്രവേശനത്തെ ഉൾപ്പെടെ അത് ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ജിസിഡിഎ ചെയർമാൻ എൻ വേണുഗോപാലിന്റെ എതിർഗ്രൂപ്പുകാരനായ ടോണി ചമ്മിണി നേതൃത്വം നൽകുന്ന കൊച്ചി കോർപ്പറേഷൻ തുടക്കത്തിൽ പദ്ധതിക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ പിന്നീട് നടന്ന മധ്യസ്ഥചർച്ചകളെ തുടർന്ന് മേയർ പിന്മാറി. ഇതോടെയാണ് ലേസർ ഷോയ്ക്ക് പച്ച സിഗ്നൽ ലഭിച്ചിരിക്കുന്നത്.

സിപിഎമ്മും ഡിവൈഎഫ്ഐയും മൈതാനം വിട്ടുകൊടുക്കുന്നതിൽ എതിർപ്പുയർത്തിയിരുന്നെങ്കിലും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ, പ്രൊഫ. എം കെ സാനു എന്നിവരെ ഇടപെടുവിച്ച് സിപിഎമ്മിനെ ഒപ്പം നിർത്താൻ ജിസിഡിഎക്കായി. കോൺഗ്രസിലെ ഗ്രൂപ്പ് ബലാബലത്തിൽ ഐ ഗ്രൂപ്പ് വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങിയതോടെ എ പക്ഷക്കാരനായ ടോണി ചമ്മിണിയും താൽക്കാലികമായി വെടി നിർത്താൻ തയ്യാറായിരിക്കുകയാണ്. എന്നാൽ ലേസർ ഷോയ്‌ക്കെതിരെ എതിർപ്പുമായി വന്നവർ അന്ന് ഉന്നയിച്ച പല പ്രശ്‌നങ്ങളും ഇപ്പോഴും ഉത്തരമില്ലാതെ നിൽക്കുകയാണ്. മൈതാനത്തു കൂടി ആളുകളുടെ സഞ്ചാരത്തിന് ലേസർ ഷോ തടസമാകില്ലെന്ന് പറയുന്ന ജിസിഡിഎ ഷോ നടക്കുന്ന സമയത്ത് ടിക്കറ്റില്ലാത്തവരെ രാജേന്ദ്രമൈതാനിയിൽ നിന്ന് പുറത്താക്കുമോ എന്ന് വ്യക്തമാക്കേണ്ടതുണ്ട്. വൈകുന്നേരങ്ങളിൽ 7 മണിക്ക് ശേഷമാണ് ലോസർ ഷോ നടക്കുക. പ്രത്യേക നിർമ്മാണ പ്രവർത്തനം ഒന്നും നടത്തില്ലെന്നും ജിസിഡിഎ ഉറപ്പ് തരുന്നുണ്ട്. എന്നാൽ മറച്ച് കെട്ടാതെ ഷോ നടത്താൻ കമ്പനി തയ്യാറാകുമോ എന്നതിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. മറച്ച് കെട്ടി രാജേന്ദ്ര മൈതാനത്ത് ലേസർ ഷോ നടത്തിയാൽ ഇതു വഴിയുള്ള സഞ്ചാരം വിലക്കപ്പെടുമെന്നതിനും സംശയം വേണ്ട.

സിപിഐ(എം) നേതൃത്വം ഇവിടെ സമരസപ്പെട്ടപ്പോഴും ഡിവൈഎഫ്ഐയിലെ ഒരു വിഭാഗം ലേസർ ഷോയ്‌ക്കെതിരെ രംഗത്തുണ്ട്. രാജേന്ദ്ര മൈതാനിയിൽ ഏതെങ്കിലും തരത്തിൽ നിർമ്മാണ പ്രവർത്തനം നടന്നാൽ തടയാൻ തന്നെയാണ് അവരുടെ തീരുമാനം. അതേ സമയം ഇന്നു വൈകീട്ട് 7.30ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ലേസർ ഷോയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നത്. സിപിഐ(എം) നേതാവ് ഇ പി ജയരാജൻ മുഖ്യപ്രഭാഷണം നടത്തും.

കൊച്ചിയെ ഗ്ലോബൽ സിറ്റിയാക്കുന്നതിന്റെ ഭാഗമായാണ് വിശാല കൊച്ചി വികസന അഥോറിറ്റി നഗരത്തിലെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് എന്നാണ് വിശദീകരണം. രാജേന്ദ്ര മൈതാനം മുതൽ ജിഡ പാലം വരെയുള്ള നാലര കിലോമീറ്ററാണ് ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നത്. മറൈൻഡ്രൈവ് നടപ്പാതയിൽ ടൈലും പുല്ലും പാകി അത്യാധുനിക വഴിവിളക്കുകൾ സ്ഥാപിച്ചു. മഴവിൽ പാലത്തിന് മോടി കൂട്ടി. ഹൈക്കോടതിക്ക് പിറകിലായി ഗോശ്രീ പാലം വരെയുള്ള പുതിയ നടപ്പാതയിൽ കെട്ടുവള്ളം മാതൃകയിൽ പുതിയ പാലം നിർമ്മിക്കുകയും നാടൻ രുചികൾ പരിചയപ്പെടുത്തുന്ന ഫുഡ്‌കോർട്ട് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജേന്ദ്ര മൈതാനത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ലേസർ പാർക്ക് പൂർത്തിയാകുന്നത്. ഉയർന്നുപൊങ്ങുന്ന ജലധാരയിൽ മിന്നിമറയുന്ന വർണവൈവിധ്യവും സംഗീതവുമാണ് ലേസർ പാർക്കിന്റെ പ്രത്യേകത. റോപ്‌വേ, വാട്ടർ സ്‌ക്രീൻ സിനിമ പ്രദർശനം, ടണൽ മറൈൻ അക്വേറിയം എന്നിങ്ങനെ ഏതാനും പദ്ധതികൾ കൂടി ജിസിഡിഎയുടെ പരിഗണനയിലുള്ളതായും അധികൃതർ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP