Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊച്ചിയിൽ നിന്നും തിരിച്ചുവിട്ട വിമാനം തിരുവനന്തപുരത്ത് ഇന്ധനം തീർന്ന് അപകടത്തെ മുന്നിൽ കണ്ടു; മലയാളി പൈലറ്റിന്റെ മനോധൈര്യത്തിൽ സുരക്ഷിതമായി ഇറങ്ങി; മരണം മുന്നിൽ കണ്ട 155 യാത്രക്കാരെ രക്ഷിച്ച മനോജ് രാമവാര്യർക്ക് അഭിനന്ദന പ്രവാഹം

കൊച്ചിയിൽ നിന്നും തിരിച്ചുവിട്ട വിമാനം തിരുവനന്തപുരത്ത് ഇന്ധനം തീർന്ന് അപകടത്തെ മുന്നിൽ കണ്ടു; മലയാളി പൈലറ്റിന്റെ മനോധൈര്യത്തിൽ സുരക്ഷിതമായി ഇറങ്ങി; മരണം മുന്നിൽ കണ്ട 155 യാത്രക്കാരെ രക്ഷിച്ച മനോജ് രാമവാര്യർക്ക് അഭിനന്ദന പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മരണത്തെ മുഖാമുഖം കണ്ട ജീവിനുകളെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുക എന്നത് അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. തളരാത്ത മനസും ചങ്കുറപ്പും കൊണ്ട് ഒരു മലയാളി പൈലറ്റ് ജീവിതം തിരികെ നൽകിയത് 155 പേർക്കാണ്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഇന്നലെ മലയാളി പൈലറ്റിന്റെ ആത്മവീര്യം കൊണ്ട് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. നിമിഷങ്ങൾ വൈകിയിരുന്നുവെങ്കിൽ തിരുവനന്തപുരം വിമാനത്താവളം ചൊവ്വാഴ്ച ഒരു വിമാനദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമായിരുന്നു. മനോധൈര്യം കൈവിടാതെ സുരക്ഷിതമായി വിമാനമിറക്കിയത് മനോജ് രാമവാര്യർ യുവാവായിരുന്നു.

ഇന്നലെ പുലർച്ചെ 6.50തോടെയായിരുന്നു സംഭവം. ദോഹയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ജെറ്റ് എയർവേയ്‌സിന്റെ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കൊച്ചിയിൽ കനത്ത മൂടൽമഞ്ഞായതിനാൽ വിമാനത്തെ തിരുവനന്തപുരത്തേക്ക് തിരിച്ചുവിടുകയായിരുന്നു. തിരുവനന്തപുരത്തെത്തി ഇറങ്ങാൻ ശ്രമിച്ചെങ്കിലും ഇവിടെയും കനത്ത മൂടൽ മഞ്ഞായിരുന്നു. മാത്രമല്ല ഇൻസ്ട്രുമെന്റൽ ലാൻഡിങ് സംവിധാനം തകരാറിലുമായിരുന്നു. തുടർന്ന് വിമാനമിറങ്ങാതെ വീണ്ടും പറന്നു.

ഇങ്ങനെ മൂന്നുതവണ ശ്രമം നടത്തിയെങ്കിലും അപകടസാധ്യത ഉള്ളതിനാൽ ലാൻഡ് ചെയ്യാൻ സാധിച്ചില്ല. നാലാം തവണ ഇറങ്ങാൻ ശ്രമിച്ചപ്പോൾ ഇന്ധനം തീർന്നുവരുന്നതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. മറ്റൊന്നും ചെയ്യാനില്ല എന്നുപറഞ്ഞ് 'മെയ്‌ ഡേയ്' എന്ന അവസാന സന്ദേശവുമറിയിച്ചു. ഇനി അപകടകരമായ തീരിയിൽ ലാൻഡ് ചെയ്യുക എന്നത് മാത്രമായിരുന്നു മുന്നിൽ. എന്നാൽ, അവിടം കൊണ്ടും ശ്രമം ഉപേക്ഷിക്കാൻ തയ്യാറായില്ല. മനധൈര്യം കൊണ്ട് രാമവാര്യർ ഈ വിഷയത്തെ നേരിട്ടു. തുടർന്ന് എയർട്രാഫിക് കൺട്രോൾ വിമാനത്താവളത്തിൽ അടിയന്തര സംവിധാനം സജ്ജമാക്കണമെന്ന് നിർദ്ദേശം നൽകി. ഇതോടെ അടിയന്തരഘട്ടത്തെ നേരിടാനായി വിമാനത്താവളത്തിൽ അഗ്‌നിശമനസേന, ആംബുലൻസ്, വൈദ്യസഹായത്തിനുള്ള സംവിധാനങ്ങൾ എന്നിവ സജ്ജമാക്കി. വിമാനത്തിലുള്ള യാത്രക്കാരുടെ ബന്ധുക്കളെ വിവരമറിയിക്കാൻ വിമാനകമ്പനി അധികൃതർക്കും നിർദ്ദേശം നൽകി.

ആദ്യമായാണ് തിരുവനന്തപുരത്ത് എത്തുന്ന ഒരുവിമാനത്തിൽ നിന്ന് 'മെയ്‌ ഡേ' സന്ദേശം ലഭിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ സജ്ജീകരണങ്ങൾക്കും പുറമേ മെഡിക്കൽ കോളേജ് അടക്കമുള്ള എട്ട് ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാനുള്ള സംവിധാനങ്ങളും ആംബുലൻസും സജ്ജമാക്കി.

ഇതിനിടയിൽ 7.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ഈ സമയത്ത് ഫ്യൂവൽ മീറ്ററിൽ ഇന്ധനത്തിന്റെ അളവ് പൂജ്യമായിരുന്നു. വിമാനത്തിനുള്ളിൽ കണ്ണടച്ച് പ്രാർത്ഥിച്ചിരുന്ന 155 യാത്രക്കാരും വിമാനജീവനക്കാരും പൈലറ്റിന് നന്ദി പറഞ്ഞു. എന്തായാലും 155 ജീവൻ രക്ഷിച്ച മലയാളി പൈലറ്റിന് യാത്രക്കാരുടെ മനസിൽ ദൈവത്തിന്റെ സ്ഥാനമാണിപ്പോൾ. സുരക്ഷിതരായി പുറത്തിറങ്ങിയ യാത്രക്കാർ പൈലറ്റിന് അഭിനന്ദിക്കാനും യാതൊരു മടിയും കാണിച്ചില്ല. സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം 16,000 ലിറ്റർ ഇന്ധനം നിറച്ചശേഷം ഒൻപത് മണിയോടെ വിമാനം കൊച്ചിയിലേക്ക് തിരികെ പുറപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP