Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആരാണീ മഹാബലി

ആരാണീ മഹാബലി

രാത്രി പെയ്ത മഴ മുറ്റത്തെപാറ്റിയോ ഈറനാക്കിയിരിക്കുന്നു. മേപ്പിൾ മരച്ചില്ലകളിൽ അവശേഷിച്ച നീർക്കണങ്ങൾ ഭൂമിയിൽ പതിക്കാൻ തങ്ങളുടെ ഊഴവും കാത്തിരിക്കുന്നു. നേരം വെളുത്തിട്ടും അന്തരീക്ഷം ഒട്ടും പ്രസന്നമല്ല, ബാർ ലൈസൻസു നഷ്ടപ്പെട്ട ചില മുതലാളിമാരുടെ മുഖം പോലെ.

പതിവുപോലെ രാവിലെ റെഡിയായി ഞാൻ നിരത്തിലേയ്ക്കിറങ്ങി. വർഷങ്ങളായി അനുവർത്തിക്കുന്ന പതിവാണ്. രാവിലെ 6 മണിയോടെ റെയിൽവേസ്‌റ്റേഷനിലേയ്ക്ക് നടക്കുക. 6.30ന്റെ ട്രെയിനിൽ ജോലിക്കു പോവുക.

നിരത്തിൽ അവിടവിടെ ചിലമാഗ് പൈ പക്ഷികൾ ഇരതേടി പറന്നു നടക്കുന്നു. വഴിയെ പതിവുയാത്രക്കാർ ചിലർ എതിരെ കടന്നു പോയി. അങ്ങനെ ഓഗസ്റ്റു് മാസവും കടന്നു പോയ്‌ക്കൊണ്ടിരുന്നു. ഇനി താമസിയാതെ ഓണവും വരവായി. വീണ്ടും ഒരിക്കൽ കൂടി പൊന്നിൻ ചിങ്ങവും മഹാബലിയും ഓണസദ്യയും തിരുവാതിരയുമെല്ലാം. ഇപ്പോൾ സകല മലയാളി അസോസിയേഷനും സടകുടഞ്ഞെഴുന്നേല്ക്കും. പിന്നെ എങ്ങും ഓണം തന്നെ ഓണം.

നാട്ടിലാണെങ്കിൽ ഒരൻപതു തെണ്ടൽക്കാരെ എങ്കിലും കടന്നു വേണം പ്ലാറ്റുഫോമിൽ എത്താൻ. എന്നാൽ ഇവിടെ അത് രണ്ടോ മൂന്നോ ആയി കുറയുന്നു. എന്താണോ ഇവരും റെയിൽവേയും തമ്മിലിത്ര ഇന്റർനാഷണൽ ബന്ധം? മന്തിലീ പാസ് ഉള്ളതുകൊണ്ട് നേരെ പ്ലാറ്റുഫോമിലേയ്ക്ക് പോയാൽ മതി. ഇറങ്ങി 5-ാം നമ്പർ പ്ലാറ്റുഫോമിലെത്തി. നെക്‌സ്റ്റ് ട്രെയിൻ ടു അറൈവ് അറ്റ് പ്ലാറ്റ്‌ഫോം നമ്പർ 5 ഈസ് ദ 6.30 ഗ്രേറ്റ് വെസ്റ്റേൺ ട്രെയിൻ ടു പാഡിങ്ടൺ. അനൗൺസുമെന്റിന് ഒപ്പം തന്നെ ട്രെയിൻ വന്നുനിന്നു. നാട്ടിലെപ്പോലെ ഇടികൂടാതെ ഇവിടെ ട്രെയിൻ കയറിപ്പറ്റാം. അവിടെയാണേൽ ഒരു ഗുസ്തിക്കാരന്റെ മെയ് വഴക്കവും രാഷ്ട്രീയക്കാരന്റെ കൗശലവും വേണം. സീറ്റുപിടിച്ച ശേഷം ഞാൻ മെട്രോ ഒന്നു തുറന്നുനോക്കി തലക്കെട്ടുകളിലൂടെ കണ്ണോടിച്ചുതുടങ്ങി.

സീറ്റിൽ അടുത്തിരുന്ന വെള്ളക്കാരൻ എന്നെ നോക്കി ചെറുതായൊന്നു മന്ദഹസിച്ചു. കാഴ്ചയിൽ ഒരു എഴുപതോടടുത്ത പ്രായം. നല്ല ആഢ്യത്തമുള്ള മുഖം. ബ്രൗൺ നിറത്തിലുള്ള കോട്ടും ക്രീം കളറുള്ള പാന്റും വേഷം. ക്ലീൻ ഷേവുചെയ്തു മുഖത്ത് ഇണങ്ങുന്ന ഒരു കണ്ണടയും. 'ആൾ റൈറ്റ്‌മേറ്റ്, ആർ യു ഫ്രം ഇന്ത്യ' അയാൾ ചോദിച്ചു. ഞാൻ പറഞ്ഞു. 'യേസ്. ഐയാം ഒറിജിനലി ഫ്രം കേരള, ഇന്ത്യ'. എന്റെ ഉത്തരം കേട്ട് ആമുഖം ഒന്നുകൂടി പ്രസന്നമായി. അദ്ദേഹം ഈ അടുത്ത കാലത്തു കേരളം സന്ദർശിച്ചിരുന്നെന്നും വളരെ സുന്ദരമായ സ്ഥലമാണെന്നും ഇഷ്ടപ്പെട്ടെന്നും പറഞ്ഞു. കോവളം, കൊച്ചി മുതലായ സ്ഥലപ്പേരുകൾ അയാൾ ഓർമയിൽ നിന്നു ചികഞ്ഞെടുത്തു വികലമായ ഭാവത്തോടെ എന്നോട് പറഞ്ഞിട്ട് എനിക്കും ഇതൊക്കെ അറിയാം എന്ന ഭാവത്തിൽ ഇരുന്നു. ഇപ്പോളത്തെ കേരളത്തിന്റെ ശരിയായ അവസ്ഥ അദ്ദേഹം അറിയാഞ്ഞത് ആരുടെയോ ഭാഗ്യം.
ഇത്രയുമായപ്പോൾ ഞങ്ങൾ പരസ്പരം കൂടുതൽ പരിചയപ്പെട്ടു. അയാൾ പറഞ്ഞു. പേര് ഡേവിഡ് ബ്രൗൺ ഹിസ്റ്ററിയിൽ ഡോക്ടറേറ്റുള്ള അയാൾ ഓക്‌സ്‌ഫോർഡ് സർവ്വകലാശാലയിൽ നിന്നും ഫ്രഫസറായി റിട്ടയർ ചെയ്തിട്ടു കുറച്ചുനാളായി. ഞാൻ പറഞ്ഞു. എന്റെ പേര് ഡാനിയൽ മാർട്ടിൻ. ലണ്ടനിൽ ജോലി ചെയ്യുന്നു. ഞാൻ ജനലിൽ കൂടി പുറത്തേയ്ക്ക് നോക്കി. വഴിയോരക്കാഴ്ചകളിൽനിന്നു ട്രെയിൻ ലാഗ്ലി സ്‌റ്റേഷൻ ആയിക്കൊണ്ടിരിക്കുന്നു എന്നു മനസ്സിലായി. സായിപ്പ് എന്നെ വിടുന്ന ലക്ഷണമില്ല. അദ്ദേഹം എന്നോട് ചോദിച്ചു. നിങ്ങളുടെ നാട്ടിലല്ലേ ഓണം എന്നൊരാഘോഷം എല്ലാക്കൊല്ലവും നടക്കുന്നത്. അന്നല്ലെ മഹാബലി എന്നൊരു രാജാവ് നിങ്ങളെ കാണാൻ വരുന്നത്, വലിയ വെജിറ്റേറിയൻ സദ്യയല്ലേ അന്നു വിളമ്പുന്നത്? ഇത്രയും കേട്ടപ്പോൾ ഓണത്തെക്കുറിച്ച് എന്തൊക്കെയോ അയാൾക്കും അറിയാം എന്നെനിക്ക് മനസിലായി.

വളരെ ഉത്സാഹത്തോടെ അദ്ദേഹം വീണ്ടും ചോദിച്ചു. എന്താണ് ഈ ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം, ഞാൻ പറഞ്ഞു. മഹാബലി എന്നൊരു പ്രജാവത്സലനായ രാജാവ്, പണ്ട് കേരളം ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ജനങ്ങളെല്ലാം സന്തോഷത്തോടെ സമൃദ്ധിയിലാണ് കഴിഞ്ഞിരുന്നത്. ഇന്നത്തെ കേരളം പോലെ വിഷം കൊണ്ട് അണ്ണൻ അഭിഷേകം ചെയ്തു തരുന്ന പച്ചക്കറികളോ, വിഷലിപ്തമായ പച്ചമാനോ, ചീഞ്ഞ ഇറച്ചിയോ ഒന്നുമില്ല. എല്ലാം നല്ല സാധനങ്ങൾ മാത്രം. തെരുവു പട്ടികളെ കാണാനേയില്ല. പഞ്ഞമില്ല. പണിമുടക്കില്ല. രാഷ്ട്രം എന്ന വാക്ക് ഇല്ലാതിരുന്നതുകൊണ്ട് അതുമൂലമുണ്ടായ രാഷ്ട്രീയക്കാരുമില്ല, ബാറില്ല അതിനാൽ കോഴയുമില്ല. കേരളത്തിൽ ആർക്കും മാണി എന്ന പേരുപോലുമില്ല.

മഹാബലി രാജാവിന്റെ ജനസമ്മതികണ്ട് അന്നത്തെ പ്രതിപക്ഷമായിരുന്ന ദേവന്മാർക്ക് ഇരിക്കപ്പൊറുതി ഇല്ലാതായി. ഇങ്ങനെ പോയാൽ മഹാബലിയെ ഒരു കാലത്തും താഴെ ഇറക്കാൻ ദേവന്മാർക്ക് പറ്റില്ല. അതുകൊണ്ട് മഹാബലിയെ ചതിവിൽ താഴെ ഇറക്കാൻ ദേവന്മാർ യോഗം കൂടി. നേതാവായ മഹാവിഷ്ണുവിനോട് ഇടനെ എന്തെങ്കിലും ചെയ്‌തേ പറ്റു എന്ന ആവലാതി പറഞ്ഞു. ഇത്രയും കേട്ടപ്പോൾ സായിപ്പ് ഇടയ്ക്കുകയറി ഒരു ചോദ്യം. 'ഞങ്ങളുടെ ബ്രിട്ടീഷ് രാജിന്റെ കാലത്ത് ഞങ്ങൾ നിങ്ങളുടെ പല രാജാക്കന്മാരെയും കളിപ്പിച്ച് ഞങ്ങളുടെ പാട്ടിലാക്കിയിട്ടുണ്ട്. പിന്നെ അവരെ ഞങ്ങളു കുപ്പീലാക്കി തള്ളിതാഴെ ഇട്ടിട്ടുമുണ്ട്. അക്കൂട്ടത്തിലെങ്ങാനും ഇനി നിങ്ങളുടെ മഹാബലിയും ഉണ്ടായിരുന്നോ?

ഞാൻ പറഞ്ഞു. ' സായിപ്പേ, മണ്ടത്തരം പറയാതെ, മഹാബലിയുടെ കാലം എന്ന് പറയുന്നത് അതിനൊക്കെ വളരെ വളരെ പണ്ടാണ്. അന്ന് കേരളത്തിൽ ആളുകൾ സമൃദ്ധിയിൽ സുഖിച്ചു കഴിഞ്ഞിരുന്നകാലം, നിങ്ങളുടെ പിതാമഹന്മാർ, താടിയും ഉടുപ്പായി മരത്തോലുമുടുത്ത്, തണുത്തുവിറച്ച് വല്ല എലിയേയും ചുട്ടു തിന്നുന്ന കാലമായിരിക്കണം' ഇതുകേട്ടപ്പോൾ മിസ്റ്റർ ബ്രൗണിന്റെ മുഖമൊന്നു ചുളിഞ്ഞു. എങ്കിലും കഥകേൾക്കാനുള്ള ജിജ്ഞാസകൊണ്ടു അയാൾ ഒന്നുകൂടി ഒന്നിളകി ഇരുന്നു. ഞാൻ തുടർന്നു. അങ്ങനെ അന്നത്തെ പ്രതിക്ഷമായിരുന്ന ദേവന്മാരുടെ താല്പര്യപ്രകാരം മഹാബലിയെ താഴെ ഇറക്കാൻ, മഹാവിഷ്ണു പലദിവസമായി ഉപായം ആലോചിച്ചുകൊണ്ടിരുന്നു. ഒരവിശ്വാസ പ്രമേയം കൊണ്ടുവന്നാലോ? പക്ഷെ ഒരു ജനവും അനുകുലിക്കത്തില്ല; തള്ളിപ്പോകും. മഹാബലിയുടെ ഏതെങ്കിലും ഒരുമന്ത്രിയെ സ്വാധീനിച്ച് മഹാബലിക്കിട്ട് വേല വച്ചാലോ? പക്ഷെ അതിന് അസംതൃപ്തിയുള്ള ഒരു മന്ത്രിയെങ്കിലും വേണ്ടേ. എല്ലാവർക്കു ഇങ്ങനെ സംതൃപ്തിയാണെന്നുവച്ചാൽ എന്തുചെയ്യും, ഒരുനിരാഹാരസമരം നടത്തിയാലോ, പക്ഷെ അതിന്റെ കൂടെക്കുട്ടാൻ ഒരു മനുഷ്യനെയെങ്കിലും കിട്ടണ്ടെ. ഒരുഹർത്താൽ നടത്താമെന്നുവച്ചാൽ ഒരുത്തനും കട അടയ്ക്കത്തില്ല, കാരണം എല്ലാവരും മഹാഹാപ്പിയല്ലേ.

ഇങ്ങനെ മഹാവിഷ്ണു പല ദിവസങ്ങളായി പരിഹാരം കാണാനായി ഉദ്യാനത്തിൽ ഉലാത്തും. സമയമാകുമ്പോൾ കൊട്ടാരത്തിൽ പോയി ശാപ്പാടടിക്കും, പിന്നെയും ഉദ്യാനത്തിൽ പോയി ഉലാത്തും. പക്ഷെ പരിഹാരം മാത്രം ഉരുത്തിരിഞ്ഞു വരുന്നില്ല. ഇതുകണ്ട് ഒരു ദിവസം അദ്ദേഹത്തിന്റെ ഭാര്യപോലും അദ്ദേഹത്തോടു ചോദിച്ചു. 'നിങ്ങൾക്കെന്ന പറ്റി മനുഷ്യേനെ, ഈയ്യിടെയായിട്ട് ഉദ്യാനത്തിൽ ഉലാത്തിത്തിരി കൂടുതലാണല്ലോ' ഇതു കേട്ട മഹാവിഷ്ണു പറഞ്ഞു. നിന്നോടു പറഞ്ഞിട്ടു കാര്യമില്ല. മഹാബലിയെ താഴെ ഇറക്കാൻ ഒരു പണി ആലോചിച്ച് ആലോചിച്ച് എന്റെ തല പിണ്ണാക്കാകാറായി. ഇനിയിപ്പം ഒറ്റവഴിയേ ഒള്ളു.

അങ്ങനെ അദ്ദഹം വേഷം മാറി ഒരുചെറിയ ബ്രാമണനായി വാമനൻ എന്ന പേരും സ്വീകരിച്ച് മഹാബലിയെ സമീപിച്ചു തപസിരിക്കാനായി ഒരു മൂന്നടി മണ്ണ് ദാനം ചോദിച്ചു. ഇതു കേട്ട സായ്‌പ്പിനു സംശയം. ' ഈ മൂന്നടി എന്നൊക്കെപ്പറഞ്ഞാൽ എന്തു കാണിക്കാനാ' ഞാൻ പറഞ്ഞു സായിപ്പേ മീണ്ടാതിരി. നിങ്ങൾക്ക് തോക്ക് ഒക്കെ ഉണ്ടാക്കനറിയാമായിരിക്കും പക്ഷെ തോക്കിൽ കയറി വെടി വയ്ക്കരുതെന്ന് അറിയത്തില്ലെ മിണ്ടാതിരുന്ന് കേൾക്ക്. ഇതു കേട്ടപ്പോൾ സായ്‌പ്പ് അയഞ്ഞു.

മഹാദാനശീലനായ മഹാബലി രാജാവ് മൂന്നടി അളന്നെടുത്തോളാൻ വാമനനോട് പറഞ്ഞു. ഉടനെ വാമനന്റെ രൂപം വളരെ വലുതായി രണ്ടടിയിൽ ഭൂമിയും ആകാശവും ഒതുക്കുകയും പിന്നെ അളക്കാൻ സ്ഥലമില്ലാത്തതിനാൽ മഹാബലിയുടെ ശിരസിൽ കാൽ വച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്‌ത്തുകയും ചെയ്തു.

കഥ കേട്ടിരുന്ന സായിപ്പ് ഒരുകോട്ടുവായിട്ട് പറഞ്ഞു. ഓ ദാറ്റ് വാസ് വെരി അൺഫെയർ. പക്ഷേ മിസ്റ്റർ മാർട്ടിൻ ഇതാണ് നിങ്ങൾക്കറിയാവുന്ന കഥ. എന്നാൽ മഹാബലിയെക്കുറിച്ച് നിങ്ങൾക്കറിയാത്ത കഥകൾ കൂടിയുണ്ട്. മഹാബലി എന്ന പേരു പോലും ഇംഗ്ലീഷാണ് എന്ന് നിങ്ങൾക്ക് അറിയാമോ? എന്ത് മഹാബലി എന്ന പേര് ഇംഗ്ലീഷാണെന്നോ?

ഞാനൊന്നു ഞെട്ടി. എന്നാൽ അതൊന്ന് അറിഞ്ഞിട്ടുതന്നെ കാര്യം. ഞാൻ പറഞ്ഞു' മിസ്റ്റർ ബ്രൗൺ നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ദയവായി പറഞ്ഞുതരു. പക്ഷെ അതുഞാനെങ്ങനെ വിശ്വസിക്കും'

സായിപ്പ് പറഞ്ഞു.വളരെന്യായം പക്ഷെഞാൻ ഓക്‌സ് ഫോർഡ് സർവ്വകലാശാലയിൽ ഹിസ്റ്ററി ഡിവിഷനിൽ നിന്നും റിട്ടയർ ചെയ്ത പ്രഫസറാണ്. അവിടുത്തെ ലൈബ്രറിയിൽ സുക്ഷിച്ചിട്ടുള്ള ആപ്പിൾ ഇലഗ്രന്ഥങ്ങളിൽ നിന്നാണ് ഞാൻ ഈവിവരങ്ങൾ കണ്ടത്. ആപ്പിൾ ഇല ഗ്രന്ഥങ്ങൾ എന്നു പറഞ്ഞാൽ മനസ്സിലായില്ലേ. നിങ്ങളുടെ നാട്ടിൽ പണ്ടു എഴുത്തോല ഗ്രന്ഥങ്ങൾ ഉള്ളതുപോലെ ഇവിടെ പണ്ട് ആപ്പിൾ ഇലയിലാണ് വിവരങ്ങൾ എഴുതി സുക്ഷിച്ചിരുന്നത്. ഈഗ്രന്ഥങ്ങളിൽ കണ്ട കാര്യങ്ങളാണ് ഞാൻ പറയാൻ പോകുന്നത്

താങ്കൾ പറഞ്ഞതുപോലെ വളരെ പ്രജാവത്സലനായ ഒരു രാജാവ് പണ്ട് കേരളം ഭരിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ പേര് 'പരമശുദ്ധൻ മഹാശുദ്ധൻ മഹാരാജാവ്' എന്നായിരുന്നു. അദ്ദേഹം പേരു പോലെ തന്നെ ശുദ്ധഗതിക്കാരനും നല്ലവനുമായിരുന്നു. വിദേശികളായ പല സഞ്ചാരികളും അക്കാലത്ത് അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ അതിഥികളായികഴിഞ്ഞിട്ടുണ്ട്. പക്ഷെ രാജാവിന്റെ പേര് ശരിക്ക് ഉച്ഛരിക്കാൻ അവർക്കെല്ലാം വലിയ പാടായിരുന്നു. അക്കാലത്ത് ഒരു ഇംഗ്ലീഷുകാരൻ സഞ്ചാരി ഇന്ത്യയിൽ വന്നപ്പോൾ പരമശുദ്ധൻ മഹാശുദ്ധൻ മഹാരാജാവിന്റെ കൊട്ടാരത്തിൽ അതിഥിയായി എത്തി. വിദേശികളുമായി രാജാവ് ആംഗ്യഭാഷയിലാണ് ആശയവിനിമയം നടത്തിയിരുന്നത്. പതിവുപോലെ ഇംഗ്ലീഷുകാരൻ രാജാവിന്റെ പേര് ഉച്ഛരിക്കാൻ കഷ്ടപ്പെട്ടു. ഇതിനൊരുപരിഹാരമുണ്ടാക്കണമെന്നയാൾ ഉറപ്പിച്ചു. കൊല്ലത്തിനും,തിരുവനന്തപുരത്തിനും, കൊച്ചിക്കുമൊക്കെ ഇംഗ്ലീഷിൽ വേറെ പേരിടാനറിയാമെങ്കിൽ രാജാവിന്റെ പേര് ഇംഗ്ലീഷിലാക്കാനാണോ പാട്. ഇതിനായി രാജാവിന്റെ ചലനങ്ങൾ ശ്രദ്ധിച്ചു പലദിവസം ആലോചിച്ചു,യോജിച്ച ഒരുപേരുതന്നെ വേണമല്ലോ. മഹാശുദ്ധൻ എന്നു പറയുമ്പോൾ 'ഇന്നസെന്റ്' എന്നാക്കിയാലോ. അല്ലെങ്കിൽ അതുവേണ്ട പേരുകേട്ട് ആരെങ്കിലും മുതലെടുത്താലോ.

ആ സായിപ്പ് ഇങ്ങനെ ഒരു ദിവസം ആലോചിച്ച് ആലോചിച്ചിരിക്കുമ്പോളാണ് മഹാരാജവിന്റെ വലിയ കുടവയർ ശ്രദ്ധയിൽ പെട്ടത്. ഹായ് പേരുകിട്ടിപ്പോയി 'മഹാബല്ലി' സന്തോഷം കൊണ്ട് അയാൾ തുള്ളിച്ചാടി. മഹാബല്ലി അഥവാ വലിയ വയർ ഉള്ളവൻ.

പിറ്റെ ദിവസം തന്നെ ഇംഗ്ലീഷുകാരൻ രാജാവിനെ വിവരം ധരിപ്പിച്ചു. മഹാരാജവിനും പുതിയ പേര് ഇഷ്ടപ്പെട്ടു.. മഹാബല്ലി. കൊള്ളാം. പക്ഷെ പേരിന്റെ ശരിയായ അർത്ഥമെന്താണെന്നു മാത്രം രാജാവിനോടുപറഞ്ഞില്ല, എങ്ങാനും കോപിച്ചാലോ? അന്നത്തെക്കാലത്ത് സായിപ്പ് എന്തു പറയുന്നോ അതാണു ശരി എന്നാണല്ലോ ഇന്ത്യാക്കാർ ധരിച്ചുവച്ചിരുന്നത്. അങ്ങനെ 'മഹാബല്ലി' എന്ന ഇംഗ്ലീഷ് പേര് വിളിച്ച് വിളിച്ച് മഹാബലി എന്നായതാണ്.

ഇത്രയും കേട്ടപ്പോൾ സംഗതി ശരിയല്ലേ എന്നെനിക്കും തോന്നി. മിസ്റ്റർ ബ്രൗൺ തുടർന്നു, ഈ മഹാബലി ശരിക്കും സസ്യഭുക്കായിരുന്നു. കള്ളവും ചതിയുമില്ലാത്ത രാജ്യമായിരുന്നല്ലോ അദ്ദേഹത്തിന്റേത്. എന്നാൽ ഈ പേര് നിലനിർത്താൻ അദ്ദേഹം വളരെ പാടുപെടേണ്ടിവന്നു. കാരണം, എത്രയായലും മലയാളികളല്ലേ പ്രജകൾ. കണ്ണുതെറ്റിയാൽ കള്ളത്തരത്തിനും ചതിവിനുമുള്ള വഴിനോക്കും. അതുണ്ടാകാതിരിക്കാൻ സദാജാഗരൂഗനായിരിക്കേണ്ടി വന്നതുകാരണം മഹാബലിയുടെ ബ്ലഡ് പ്രഷറും ഉൽഖണ്ഡയും സ്റ്റ്രസും (STRESS) കൂടി കൂടി വന്നു. മഹാബലിയുടെ ഈ അവസ്ഥ മനസ്സിലാക്കിയ കൊട്ടാരം വൈദ്യൻ ശങ്കുണ്ണി രാജാവിന്റെ പ്രഷറും സ്ട്രസ്സും കുറക്കാനുള്ള പ്രത്യേക 'മെനു' കണ്ടുപിടിക്കാനുള്ള റിസേർച്ചിലായി. പലതും പരീക്ഷിച്ചു, ഒന്നു ഫലം കണ്ടില്ല. ഒന്നും ഫലം കാണാതെവന്നപ്പേൾ ദേഷ്യം മൂത്ത ശങ്കണ്ണി വൈദ്യൻ അതുവരെ പരീക്ഷിച്ച എല്ലാ 'മെനു' വിന്റെയും കുറുപ്പടികൾ എടുത്ത് കയ്യിലിട്ട് ഞെരടിപ്പൊടിച്ചു കളഞ്ഞു. അപ്പോൾ പെട്ടെന്ന് അദ്ദേഹത്തിന് പിരിമുറുക്കവും ദേഷ്യവും കുറഞ്ഞതായി അനുഭവപ്പെട്ടു. ഈഅനുഭവമാണ് പിന്നീട് അദ്ദേഹത്തെ 'പപ്പടം' കണ്ടുപിടിക്കാൻ സഹായിച്ചത്. ഞാൻ ചോദിച്ചു. 'അപ്പോൾ താങ്കൾ പറഞ്ഞുവരുന്നത് പപ്പടം എന്ന സാധനം അതുവരെ ഉണ്ടായിരുന്നില്ലെന്നും മഹാബലിയുടെ പ്രഷറും സ്്ട്രസ്സും കുറക്കാൻ കണ്ടുപിടിച്ച ഭക്ഷണമാണെന്നുമാണോ?'

അയാൾ തുടർന്നു 'അതേ, തീർച്ചയായും അങ്ങനെ മഹാബലിയുടെ ഭക്ഷണത്തിൽ പപ്പടം ഉൾപ്പെടുത്തി, അതിന്റെ ഉപയോഗം ശങ്കുണ്ണി വൈദ്യൻ രാജാവിന് പറഞ്ഞുകൊടുത്തു.ഉൽകണ്ഡയും പ്രഷറും മൂത്തിരിക്കുന്ന മഹാബലി ഉണ്ണാനിരിക്കുമ്പോൾ വെളിച്ചെണ്ണയിൽ കാച്ചിവച്ചിരിക്കുന്ന പപ്പടം ഓരോന്നെടുത്ത് കയ്യിൽ വച്ച് ശക്തമായി ഞെക്കു. അപ്പോൾ പപ്പടം പൊടിഞ്ഞ് തകർന്നു പോകും. അതുവഴി മഹാബലിയുടെ സ്ട്രസ്സും പ്രഷറും പപ്പടത്തിലേക്ക് റിലീസാകും. അങ്ങനെ അദ്ദേഹത്തിന് വളരെ ആശ്വാസം കിട്ടി. സന്തുഷ്ടനായ രാജാവ് ധാരാളം സ്വർണ്ണവും സ്വത്തുക്കളും ശങ്കുണ്ണിവൈദ്യനു സമ്മാനിക്കുകയും ചെയ്തു. അന്നുമുതൽ കേരളീയരുടെ തീൻ മേശയിൽ പപ്പടം ഒരു അവിഭാജ്യ ഘടകമായി. എന്നാൽ കാലക്രമത്തിൽ പപ്പടത്തിൽ ഉപ്പ് കൂടിക്കൂടി വന്നതിനാൽ ഇപ്പോൾ 'ചക്കിനു വച്ചതുകെക്കിനു കൊണ്ടു' എന്നു പറഞ്ഞപ്പോലെ മനുഷ്യന്റെ പ്രഷറുകൂട്ടുന്ന ഒരു കോടാലി ആയി അത് മാറിയിരിക്കുകയാണ്. ഞങ്ങൾ വെള്ളക്കാർ പ്രഷറും സ്ട്രസ്സും ഒക്കെ കുറയ്ക്കാനായി ഇപ്പോൾ റബ്ബറുകൊണ്ടുള്ള ഒരു ബോൾ കണ്ടു കണ്ടുപിടിച്ചിട്ടുണ്ട്. ഇതുകയ്യിൽവച്ചു ഞെക്കിക്കൊണ്ടിരുന്നാൽ നല്ല ആശ്വാസം കിട്ടുന്നതാണ്.

പിന്നെ നിങ്ങൾക്കറിയാത്ത മറ്റൊരു കാര്യം കൂടിപ്പറയാം മഹാബലിക്ക് പൊക്കം കുറഞ്ഞവരെക്കാണുന്നത് തീരെ ഇഷ്ടമല്ല. അദ്ദേഹത്തിനു കടുത്ത ദേഷ്യം വരും. കാരണം അപ്പോൾ അദ്ദേഹത്തിന് പഴയ വാമനനെയും മൂന്നടി പറഞ്ഞു പറ്റിച്ചതും ഒക്കെ ഓർമ്മവരും അതുകൊണ്ട് ഈ ഓണനാളുകളിൽ മഹാബലി നിങ്ങളെക്കാണാൻ വരുമ്പോൾ കഴിവതും പൊക്കം കുറഞ്ഞ ആൾക്കാരെ മുന്നിൽ നിർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചോണം.

അദ്ദേഹം തുടർന്നു. പിന്നെ വേറൊരു----'ലേഡീസ് ആൻഡ് ജെന്റിൽമെൻ, ദിസ് ഈസ് ലണ്ടൻ -പാഡിങ്ഡൺ ഒൾ ചെയ്ഞ്ച് ഫീസ്' ട്രെയിൻ ഡ്രൈവറുടെ അനൗൺസ്‌മെന്റ്‌കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്. പത്രം വായിച്ച് ട്രെയിനിലിരുന്ന് ഉറങ്ങിപ്പോയത്, പരിസരബോധം വന്നപ്പോഴാണ് മനസ്സിലായത്. ഉറക്കത്തിൽ കടന്നു വന്ന ഡേവിഡ് ബ്രൗൺ സായിപ്പും അദ്ദേഹം പറഞ്ഞ കഥയും എന്റെ മനസ്സിൽ ചിരിയും ചിന്തയുമുണർത്തി. ഓണത്തെക്കറിച്ച് ആലോചിച്ച് നടന്നാലുള്ള ഒരു കുഴപ്പമേ---

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP