Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷപച്ചക്കറി മാത്രമല്ല, കറിപ്പൊടികളിലെ വ്യാജന്മാരെയും പിടികൂടാൻ ടി വി അനുപമ ഐഎഎസ്; ആദ്യം പിടിവീണത് നിറപറയ്ക്ക്; നിറപറയുടെ മൂന്ന് ബ്രാൻഡുകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പനയ്ക്ക് നിരോധനം

വിഷപച്ചക്കറി മാത്രമല്ല, കറിപ്പൊടികളിലെ വ്യാജന്മാരെയും പിടികൂടാൻ ടി വി അനുപമ ഐഎഎസ്; ആദ്യം പിടിവീണത് നിറപറയ്ക്ക്; നിറപറയുടെ മൂന്ന് ബ്രാൻഡുകളിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിൽപ്പനയ്ക്ക് നിരോധനം

തിരുവനന്തപുരം: കേരളീയരെ വിഷം തീറ്റിക്കുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ ടിവി അനുപമ ഇപ്പോൾ തന്നെ പല പ്രമുഖരുടെയും കണ്ണിലെ കരടാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ വിൽപ്പനക്കെത്തിക്കുന്ന പച്ചക്കറികളിലെ വിഷാംശങ്ങൾ വ്യാപകമായ സാഹചര്യത്തിൽ പരിശോധനയും മറ്റുമായി കർശന നിലപാട് സ്വീകരിച്ച ടി വി അനുപമ ഐഎഎസ് ഇപ്പോൾ കൈവച്ചിരിക്കുന്നത് കേരളത്തിലെ ഒരു വമ്പൻ ബ്രാൻഡിന് എതിരെയാണ്. പാക്ക് ചെയ്ത ഭക്ഷ്യോൽപ്പന്ന നിർമ്മാണ രംഗത്തെ പ്രമുഖരായ നിറപറയുടെ തട്ടിപ്പാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ ഇപ്പോൾ പുറംലോകം അറിഞ്ഞിരിക്കുന്നത്.

നിറപറയുടെ കറിപ്പൊടികളിലെ മൂന്ന് ബ്രാൻഡിൽ മായം കണ്ടെത്തിയതിനെ തുടർന്ന് വിപണിയിൽ നിരോധനവും ഏർപ്പെടുത്തി. നിറപറയുടെ മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി എന്നിവയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചിരിക്കുന്നതെന്ന് കമ്മീഷ്ണർ ടി.വി. അനുപമ ഐഎഎസ് അറിയിച്ചു.

നിറപറയുടെ ഉത്പന്നങ്ങളിൽ സ്റ്റാർച്ച് (അന്നജം) സാന്നിദ്ധ്യം കണ്ടെത്തിയയതാണ് കറിപ്പൊടികളിൽ കമ്പനിയുടെ കള്ളത്തരത്തെ പൊളിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല. എന്നാൽ, നിറപറയുടെ മൂന്ന് ഉത്പന്നങ്ങൾ നിരവധി തവണ പരിശോധിച്ചപ്പോഴും അതിൽ 15 മുതൽ 70 ശതമാനം വരെ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്താൻ സാധിച്ചു. അതായാത് വലിയ തോതിൽ തന്നെ കറിപ്പൊടികളിൽ മായം നിറപറ പ്രയോഗിക്കുന്നുണ്ടെന്നാണ് ടി വി അനുപമയുടെ വെളിപ്പെടുത്തലിലൂടെ പുറത്തായിരിക്കുന്നത്.

കേരളത്തിലെ മൂന്നു ലാഭുകളിലും സ്‌പൈസസ് ബോർഡിന്റെ പരിശോധനയിലുമാണ് നിറപറ ഉത്പന്നങ്ങളിൽ മായമുണ്ടെന്ന് കണ്ടെത്തിയത്. ഇതേത്തുടർന്നാണ് ഉത്പന്നങ്ങൾ വിപണിയിൽനിന്ന് തിരികെ വിളിക്കാനുള്ള നോട്ടീസ് കമ്പനിക്ക് നൽകിയതെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണർ വ്യക്തമാക്കി.

മുൻപും നിരവധി തവണ നിറപറ ഉത്പന്നങ്ങളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. 34 കേസുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നിറപറയ്‌ക്കെതിരെ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്. ഇതിൽ ആറ് തവണ കോടതി നിറപറയെ ശിക്ഷിച്ചു. എന്നാൽ, അന്നൊക്കെ പിഴ ഒടുക്കി തടിയൂരുകയാണ് നിറപറ ചെയ്തതെന്നും അനുപമ അറിയിച്ചു. ഉത്പന്നത്തിലെ മായം നീക്കാനുള്ള നടപടി അവർ കൈക്കൊണ്ടില്ലെന്നം ഭക്ഷ്യസുരക്ഷാ കമ്മീഷണർ അറിയിച്ചു.

മൂന്നു തവണ അഞ്ച് ലക്ഷം രൂപ വീതവും, മൂന്ന് തവണ 25,000 രൂപ വീതവും പിഴയാണ് നിറപറ അടച്ചിട്ടുള്ളതെന്നും അനുപമ വ്യക്തമാക്കി. കേരളത്തിലെ ഭക്ഷ്യബ്രാൻഡുകളിലെ വലിയ ബ്രാൻഡാണ് നിറപറ. കോടികളുടെ വിറ്റുവരവുള്ള സ്ഥാപത്തിന്റെ ബ്രാൻഡ് അംബാസിഡർ കാവ്യ മാധവനാണ്. നിറപറയ്‌ക്കെതിരെ 34 തവണ നടപടി സ്വീകരിച്ചിട്ടും പരസ്യങ്ങളുടെ ബലത്തിൽ ഇത് മാദ്ധ്യമങ്ങളിൽ പോലും വാർത്തയായിരുന്നില്ലെന്ന കാര്യവും ഇതോടെ വെളിയിൽ വരികയാണ്.

വിഷ പച്ചക്കറികളുടെ കാര്യത്തിലെന്ന പോലെ മായം കലർന്ന ഭക്ഷ്യോൽപ്പന്നങ്ങളുടെ കാര്യത്തിലും കർശന നിലപാട് ്‌സ്വീകരിക്കാനാണ് അനുപമ ഐഎഎസിന്റെ തീരുമാനം. മായം കണ്ടെത്തിയ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്നും തിരിച്ചുവിളിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വകുപ്പിന്റെ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ കമ്പനിക്കെതിരെ ക്രിമിനൽ നടപടി കൈക്കൊള്ളാനാണ് തീരുമാനമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP