Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എസ്എഫ്‌ഐക്കാർ വൈദികനെതിരെ കൈ ഉയർത്തി വർത്തമാനം പറഞ്ഞാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്; കെഎസ് യു പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്താലും കണ്ടില്ലെന്ന് നടിക്കും: ഇന്നലെ തൊടുപുഴയിൽ കെഎസ് യു നടത്തിയത് അഴിഞ്ഞാട്ടം

എസ്എഫ്‌ഐക്കാർ വൈദികനെതിരെ കൈ ഉയർത്തി വർത്തമാനം പറഞ്ഞാൽ ജാമ്യമില്ലാ വകുപ്പിൽ കേസ്; കെഎസ് യു പ്രിൻസിപ്പലിനെ കയ്യേറ്റം ചെയ്താലും കണ്ടില്ലെന്ന് നടിക്കും: ഇന്നലെ തൊടുപുഴയിൽ കെഎസ് യു നടത്തിയത് അഴിഞ്ഞാട്ടം

തൊടുപുഴ: കാമ്പസുകളിൽ എന്തു നടന്നാലും അതിന്റെയെല്ലാം കുറ്റം എസ്എഫ്‌ഐക്കാർക്ക് മേൽ കെട്ടിവെക്കാൻ ഒരു വിഭാഗം എല്ലായെപ്പോഴും ശ്രമിക്കാറുണ്ട്. നല്ലകാര്യങ്ങൾ ചെയ്താൽ അത് കണ്ടില്ലെന്ന് നടിക്കാനും ഇക്കൂട്ടർ മുന്നിൽ നിൽക്കും. ഒരു വൈദികന്റെ കൊള്ളരുതായ്മ്‌ക്കെതിരെ ശബ്ദമുയർത്തി സംസാരിച്ചാൽ പോലും ഇക്കാര്യത്തിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുക്കാൻ പൊലീസും മുന്നിൽ നിൽക്കും. എന്നാൽ, എത്ര അഴിഞ്ഞാട്ടം നടത്തിയാലും കെഎസ് യുക്കാർക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. വൈദികനെയും കോളേജ് പ്രിൻസിപ്പലിനെയും പരസ്യമായി പ്രകടനവുമായെത്തി കെഎസ് യു പ്രവർത്തകർ കൈയേറ്റം ചെയ്തപ്പോൾ അത് കണ്ടില്ലെന്ന് നടിക്കുകയാണ് ഭരണാധികാരികളും പൊലീസും. ഇന്നലെ തൊടുപുഴ ന്യൂമാൻസ് കോളേജിലാണ് കെഎസ് യുക്കാർ അഴിഞ്ഞാടിയത്.

തിരുവനന്തപുരം സി.ഇ.ടി. കോളജിൽ ഓണാഘോഷത്തിനിടെ വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിലാണ് തൊടുപുഴ ന്യൂമാൻ കോളജിൽ അക്രമം നടത്ത്.
കാമ്പസിനു പുറത്തുനിന്നെത്തിയ പ്രവർത്തകർ കോളജ് പ്രിൻസിപ്പലിനെ ഉൾപ്പടെ കൈയേറ്റം ചെയ്തു. തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കു നേരേയും വിദ്യാർത്ഥികൾ ആക്രമണം അഴിച്ചുവിട്ടു. പൊലീസുകാർക്കു നേരേ കല്ലും ചെരിപ്പുമെറിഞ്ഞ വിദ്യാർത്ഥികൾ എസ്.ഐയുടെ തൊപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്തു.

എന്നാൽ അഴിഞ്ഞാടിയ വിദ്യാർത്ഥി നേതാക്കൾക്കെതിരേ കാര്യമായ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ പൊലീസ് തയാറായില്ല. ഇന്നലെ രാവിലെ 11നാണു സംഭവം. കെ.എസ്.യു. വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്‌തെങ്കിലും ന്യൂമാൻ കോളജിൽ പഠിപ്പുമുടക്ക് അനുവദിച്ചില്ല. കോളജ് വിടാത്തതിനെത്തുടർന്ന് ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രകടനമായി കാമ്പസിലെത്തി. സെക്യൂരിറ്റി ജീവനക്കാരൻ ഇവരെ തടഞ്ഞെങ്കിലും ഇയാളെ തള്ളിനീക്കി വിദ്യാർത്ഥികൾ കാമ്പസിൽ കടന്നു. ഇതിനിടെ ക്ലാസുകളിലേയ്ക്കു കയറുന്നതിനുള്ള ഗേറ്റ് പ്രിൻസിപ്പൽ പൂട്ടിയതിനാൽ പ്രവർത്തകർ ഗേറ്റിനു മുൻപിൽ കുത്തിയിരുന്നു.

തുടർന്നു ചർച്ചയ്ക്കു വന്ന പ്രിൻസിപ്പൽ ടി.എം. ജോസഫിനെയും കോളജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടനെയും അദ്ധ്യാപകരെയും വിദ്യാർത്ഥികൾ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. വിദ്യാർത്ഥികളെ നീക്കാൻ ശ്രമിച്ചതോടെ വിദ്യാർത്ഥികളുടെ അതിക്രമം പൊലീസിനോടായി. വിദ്യാർത്ഥിനേതാക്കൾ എസ്.ഐയെയും എഎസ്ഐയെയും പിടിച്ചു തള്ളുകയും എസ്.ഐയുടെ തലയിലിരുന്ന തൊപ്പി തട്ടിത്തെറിപ്പിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പൊലീസെത്തി നേതാക്കളെ കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രവർത്തകർ പിന്തിരിഞ്ഞ് ഓടി. ഇതിനിടയിൽ ഒരു സംഘം വിദ്യാർത്ഥികൾ പൊലീസിനു നേരെ കല്ലും ചെരിപ്പും വലിച്ചെറിഞ്ഞു.

പിന്നീട് സംഭവുമായി ബന്ധപ്പെട്ട് പത്തുപേരെ കസ്റ്റഡിയിലെടുക്കുകയും കണ്ടാലറിയുന്ന ഇരുപതുപേർക്കെതിരേ കേസെടുക്കുകയും ചെയ്തു. കോളജ് അധികൃതരുടെ പരാതിയെത്തുടർന്നാണു കേസ്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ച സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയാറായില്ല. സ്‌റ്റേഷനിൽ കൊണ്ടുവന്ന് അൽപ്പസമയത്തിനകം നിയാസ് കൂരാപ്പിള്ളിയുൾപ്പെടെ കസ്റ്റഡിയിലെടുത്ത പത്തുപേരെയും നിസാരവകുപ്പുകൾ ചുമത്തി ജാമ്യത്തിൽ വിട്ടയച്ചു.

കെഎസ് യു ജില്ലാ പ്രസിഡന്റ് നിയാസാണ് ഒന്നാം പ്രതി. കോളജിൽ അതിക്രമിച്ചു കയറിയതിനും പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനുമാണു കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നതെന്നു തൊടുപുഴ സിഐ ജിൽസൺ മാത്യു പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP