Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാണി എത്ര കട്ടുമുടിച്ചാലും ഈ 1,11,111 പേർ ജീവിതത്തിൽ മാണിയെ മറക്കില്ല; കെ എം മാണിയുടെ കാരുണ്യ വഴി സഹായം ലഭിച്ചവരുടെ എണ്ണം ലക്ഷം കടന്നു; തുണയായത് മുഴുവൻ പാവപ്പെട്ട രോഗികൾക്ക്

മാണി എത്ര കട്ടുമുടിച്ചാലും ഈ 1,11,111 പേർ ജീവിതത്തിൽ മാണിയെ മറക്കില്ല; കെ എം മാണിയുടെ കാരുണ്യ വഴി സഹായം ലഭിച്ചവരുടെ എണ്ണം ലക്ഷം കടന്നു; തുണയായത് മുഴുവൻ പാവപ്പെട്ട രോഗികൾക്ക്

കൊച്ചി: അഴിമതി ആരോപണങ്ങളിൽ കുടുങ്ങിയ കെ എം മാണിക്ക് മുഖം തിരിച്ചുപിടിക്കാൻ കാരുണ്യ ലോട്ടറി തുണയായി. കാരുണ്യ ലോട്ടറി വഴി ചികിത്സാ ധനസഹായം ലഭിച്ചവരുടെ വിവരങ്ങൾ മന്ത്രി തന്നെ പുറത്തുവിട്ടു. 800 കോടി രൂപയുടെ സഹായം നൽകി കാരുണ്യ പദ്ധതി 1,11,111 രോഗികൾക്ക് ആശ്വാസം പകർന്നതായി മാണി കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ പേർക്ക് ധനസഹായം ലഭ്യമാക്കാൻ സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടും കാരുണ്യ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാരിന്റെ മാനവികതയുടെയും കാരുണ്യത്തിന്റെയും മുഖമാണു കാരുണ്യ പദ്ധതി. 800 കോടി രൂപയാണു സഹായധനമായി നൽകിയത്. പുതിയതായി താലിസീമിയ, സിക്കിൾസെൽ അനീമിയ എന്നീ രോഗങ്ങളെ പദ്ധതി പരിധിയിൽ കൊണ്ടുവരും. അവയവമാറ്റ ശസ്ത്രക്രിയകളിലെ അവയവദാതാവിന് ഒരു ലക്ഷം രൂപ സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. ഡയാലിസിസ് രോഗികൾക്ക് ഇനി രണ്ടു ലക്ഷം രൂപ വരെ ലഭിക്കും. ഡയാലിസിസ് സൗകര്യം കൂടുതൽ ആശുപത്രികളിലേക്കു വ്യാപിപ്പിക്കും. കാരുണ്യ ഹെൽപ് ഡെസ്‌കുകൾ പ്രധാന ആശുപത്രികളിൽ ആരംഭിക്കും. കാരുണ്യ പദ്ധതിയുടെ ഭാഗമായി 2180 കോടി രൂപ സമ്മാന ഇനത്തിലും 1792 കോടി രൂപ ഏജൻുമാരുടെ കമ്മിഷൻ ഇനത്തിലും നൽകി. ലോട്ടറി മാഫിയയെ സംസ്ഥാനത്തു നിന്നു പുറത്താക്കാൻ കഴിഞ്ഞതാണു വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ഭരിക്കുമ്പോൾ ലോട്ടറിയിൽ നിന്നുള്ള വരുമാനം 557 കോടി രൂപയായിരുന്നത് ഇപ്പോൾ 5445 കോടി രൂപയായി ഉയർന്നു. പത്തിരട്ടിയാണു വർധന. ഏജന്റുമാർ സേവന നികുതി നൽകണമെന്ന നിബന്ധന ബുദ്ധിമുട്ടായതിനാൽ ലോട്ടറി വെൽഫയർ ബോർഡ് ആ നികുതി അടയ്ക്കും. ഏജന്റുമാർക്കുള്ള കമ്മിഷൻ വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയിൽ അപേക്ഷിക്കുന്ന എല്ലാവർക്കും സഹായം നൽകണമെങ്കിൽ പ്രതിമാസം 30 കോടി രൂപ വേണം. ഇപ്പോൾ 20 കോടി വരെയാണു ലഭിക്കുന്നത്. ഈ വിടവ് നികത്തുന്നതിനാണു കമ്പനികളുടെ സിഎസ്ആർ ഫണ്ട് ഉപയോഗപ്പെടുത്തുക. ധനവകുപ്പ് വിവിധ പദ്ധതികൾക്കു പണം അനുവദിക്കുന്നില്ലെന്ന ആക്ഷേപത്തിൽ കഴമ്പില്ലെന്നു ചോദ്യത്തിനു മറുപടിയായി മാണി പറഞ്ഞു.

കാരുണ്യ ഗുണഭോക്താക്കളുടെ എണ്ണം 1,11,111 ൽ എത്തിയതിന്റെ പ്രഖ്യാപനം ഈമാസം 10 ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നിർവഹിക്കും. എറണാകുളം ടൗൺ ഹാളിൽ ഉച്ചയ്ക്ക് മൂന്നിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എം മാണി അദ്ധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

കാരുണ്യ, കാരുണ്യ പ്‌ളസ് ലോട്ടറികൾ വഴി സമാഹരിക്കുന്ന തുകയാണ് ചികിത്സാ ചെലവുകൾക്ക് നൽകുന്നത്. അപേക്ഷ നൽകുന്ന എല്ലാവർക്കും സഹായം നൽകാൻ പ്രതിമാസം 20 കോടി വേണം. നിലവിലെ കുറവ് പരിഹരിക്കാനാണ് കമ്പനികളുടെ സാമൂഹ്യ ഉത്തരവാദിത്വ ഫണ്ടും സ്വീകരിക്കുന്നത്. ഇതു സംബന്ധിച്ച് ബാങ്കുകളുമായി അടുത്തയാഴ്ച ചർച്ച നടത്തുമെന്നും കെ എം മാണി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP