Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ സിനിമ ടിപിക്ക് മേലുള്ള മറ്റൊരുവെട്ട്; സിപിഎമ്മിനെ ചാരി വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ തിരുവഞ്ചൂർ ഒറ്റപ്പെട്ടു; എന്നാ പിന്നെ മഴവിൽ മനോരമയ്ക്ക് പ്രദർശിപ്പിച്ചൂടെയെന്ന് പിഎം മനോജ്; കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമം പാളിയപ്പോൾ കൈകഴുകി മനോരമ ചാനൽ

ഈ സിനിമ ടിപിക്ക് മേലുള്ള മറ്റൊരുവെട്ട്; സിപിഎമ്മിനെ ചാരി വിവാദമുണ്ടാക്കാനുള്ള ശ്രമത്തിൽ തിരുവഞ്ചൂർ ഒറ്റപ്പെട്ടു; എന്നാ പിന്നെ മഴവിൽ മനോരമയ്ക്ക് പ്രദർശിപ്പിച്ചൂടെയെന്ന് പിഎം മനോജ്; കലക്കവെള്ളത്തിൽ മീൻപിടിക്കാനുള്ള ശ്രമം പാളിയപ്പോൾ കൈകഴുകി മനോരമ ചാനൽ

ടിപി വധക്കേസിനെ അപലപിക്കാത്തവരായി ഈ നാട്ടിൽ ആരുമില്ല. സിപിഐഎമ്മിന്റെ ഭാവിയെ തന്നെ അവതാളത്തിലാക്കുന്ന വിധത്തിൽ ഇക്കാര്യത്തിൽ സമൂഹമനസ്സാക്ഷിയാകെ ടിപിയ്‌ക്കൊപ്പവും ആ ക്രൂരമായ കൊലപാതകത്തിനെതിരായും നിലപാടെടുത്തിരുന്നു. എന്നാൽ ടിപി ചന്ദ്രശേഖരന്റെ കൊലപാതകമുണ്ടായി അതിന്റെ ചോരയുണങ്ങും മുമ്പ് ടിപി 51 വെട്ട് എന്ന സിനിമയുമായി ചിലർ രംഗത്തെത്തിയതിന്റെ പിന്നിൽ എന്തായിരുന്നു. ഓരോഘട്ടത്തിലുമുണ്ടായ വിവാദങ്ങളെ കുറിച്ചാലോചിക്കുമ്പോൾ എന്തോ ചീഞ്ഞുനാറുന്നുവെന്ന് വേണം കരുതാൻ. ഏറ്റവും ഒടുവിൽ സിനിമാ തിയേറ്ററുകൾ കൂട്ടമായി പിൻവാങ്ങിയെന്നും പറഞ്ഞുള്ള പരാതിയും വിവാദങ്ങളും കൂടിയായതോടെ മനോരമ ന്യൂസ് രാത്രിചർച്ചയ്ക്കും ഈ പ്രശ്‌നം എടുത്തു. എന്നാൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ചർച്ചയിൽ പങ്കെടുത്തവരൊന്നടങ്കം ഈ വിവാദത്തിൽ കഴമ്പില്ലെന്ന നിഗമനത്തിലെത്തിയതോടെ ചർച്ചാവതാരകൻ അയ്യപ്പദാസ് തന്നെ കൈകഴുകി രക്ഷപ്പെടുകയായിരുന്നു.

കെഎസ്എഫ്ഡിസി ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ, എഴുത്തുകാരൻ ടിപി രാജീവൻ, ദേശാഭിമാനി അസോസിയേറ്റ് എഡിറ്റർ പിഎം മനോജ്, സിനിമയുടെ സംവിധായകൻ മൊയ്തുതാഴത്ത്, തിയേറ്ററുടമകളുടെ നേതാവ് ലിബർട്ടി ബഷീർ എന്നിവരാണ് അയ്യപ്പദാസ് നയിച്ച ചർച്ചയിൽ പങ്കെടുത്തതത്. സിപിഐഎമ്മിന്റെ നേതൃത്വത്തിൽ ഈ സിനിമയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇന്നലെ രാവിലെ സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. സിനിമ പ്രദർശിപ്പിക്കാമെന്നേറ്റ 45 ഓളം തിയേറ്ററുകാർ ഒറ്റരാത്രി കൊണ്ട് പിന്മാറിയെന്ന ആരോപണമാണ് മൊയ്തുതാഴത്ത് എന്ന സംവിധായകൻ ഉന്നയിച്ചത്. സിനിമാ വിതരണത്തെ കുറിച്ച് അറിയാത്ത സംവിധായകനാണ് മൊയ്തുതാഴത്തെന്നും വിതരണക്കാർ അദ്ദേഹത്തെ പറ്റിക്കുകയാണെന്നും ലിബർട്ടി ബഷീർ വിശദീകരിച്ചു. വിതരണതരണക്കാർ ഒരുതിയേറ്ററുമായും അങ്ങനെയുള്ള കരാറിൽ ഏർപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാത്രമല്ല, വൻകിട ഓണപ്പടങ്ങൾ നിലനിൽക്കുന്നതിനാൽ തന്റെ ഉടമസ്ഥതയിലുള്ള ലിബർട്ടി തിയേറ്ററിൽ റിലീസ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വടകരയിലെയും തലശ്ശേരിയിലെയും തിയേറ്ററുകൾ പിന്മാറിയതോടെ തിയേറ്ററുടമകൾ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് സംവിധായകൻ മൊയ്തുതാഴത്ത് പറഞ്ഞത്. ഇത് സിപിഐഎമ്മിന്റെ ഭീഷണിയെതുടർന്നാണ്. ഈ സിനിമയ്ക്ക് അത്തരമൊരു ഭീഷണിയുള്ളതായി തനിക്കറിയില്ലെന്നാണ് കോൺഗ്രസ് നേതാവ് കൂടിയായ ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. മറ്റുസിനിമകളൊന്നുമില്ലാത്തതിനാൽ കൈരളിയുടെ അഞ്ച് തിയേറ്ററുകളിൽ ടിപി 51 വെട്ട് പ്രദർശിപ്പിക്കുകയാണെന്നും തങ്ങൾക്ക് ഒരുഭീഷണിയും പരാതിയും ഇതുവരെ കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സമീപകാല സിനിമകൾ ഉദാഹരിച്ചെടുത്താണ് പിഎം മനോജ് ഇക്കാര്യത്തോട് പ്രതികരിച്ചത്. 15 കോടി ചെലവിട്ടെടുത്ത, സകല തിയേറ്ററുകളിലും ആഘോഷത്തോടെയെത്തിയ, ഡബിൾ ബാരൽ എന്ന സിനിമ ഒറ്റദിവസം കൊണ്ട് തിയേറ്ററിൽ പൊളിഞ്ഞുവീണു. തിയേറ്ററുടമകളുടെ പോലും വിലക്കിനെ മറികടന്നെത്തിയ ബാഹുബലി തകർത്തോടുകയും ചെയ്തു. അതുകൊണ്ട് സിപിഐഎം വിലക്കിയിട്ട് സിനിമ പൊളിഞ്ഞുപോകുമെന്ന് അഡ്വാൻസായി പറയുന്നത് കോമഡിയാണ്. സിപിഐഎമ്മിന്റെ ഇല്ലാത്ത വിലക്കിനെ കുറിച്ച് ആരോപണമുന്നയിച്ച് സിനിമയ്ക്ക് പരസ്യമുണ്ടാക്കുന്ന അണിയറപ്രവർത്തകർ തെളിവ് ഹാജരാക്കുകയാണ് വേണ്ടതെന്ന് മനോജ് തിരിച്ചടിച്ചു. വടകരയിലെ തിയേറ്ററുടമയുടെ നമ്പറും പിഎം മനോജ് അയ്യപ്പദാസിന് തൽസമയം കൈമാറി. മാത്രമല്ല, പാർട്ടി വിരുദ്ധ സിനിമകൾ എത്രയോ എണ്ണം നേരത്തെയിറങ്ങിയിട്ടുണ്ടെന്നും അതിന്റെയൊക്കെ ഗതി എല്ലാവർക്കുമറിയാമെന്നും കൂടി കൂട്ടിച്ചേർത്തു.

കലാമൂല്യമില്ലാത്ത സിനിമകൾ എന്തുവിവാവദമുണ്ടാക്കിയാലും രക്ഷപ്പെടില്ല. മാത്രമല്ല മനോരമയുടെ സാഹചര്യം പരിഗണിച്ച് സൗജന്യമായി ഈ സിനിമ മഴവിൽ മനോരമയിൽ പ്രദർശിപ്പിക്കണമെന്നും പിഎം മനോജ് ആഹ്വാനം ചെയ്തു. എന്നാൽ അത് മനോരമയാണ് തീരുമാനിക്കേണ്ടതെന്നും എന്റെ പണിയല്ലെന്നും പറഞ്ഞ അയ്യപ്പദാസ് പാർട്ടി വിരുദ്ധ സിനിമ പാർട്ടിചാനൽ വൻവില കൊടുത്ത് മുക്കിയ കാര്യം ചൂണ്ടിക്കാണിച്ചു. തിയേറ്ററുകാർ സിനിമ എടുക്കാത്തതുകൊണ്ട് സിപിഎമ്മിന്റെ ചുമലിൽ ചാരി വിൽക്കാമെന്നത് നടക്കാത്ത കാര്യമാണെന്ന് പിഎം മനോജ് തിരിച്ചടിച്ചു. മാത്രമല്ല സിനിമ കണ്ട് സഹിക്കാൻ കഴിയാതെ ഇറങ്ങിയോടുന്നവരെ പാർട്ടി പിടിച്ചുനിർത്തുന്നില്ലെന്നും അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായണെന്നും പറയുന്നത് പരിഹാസ്യമാണ് എന്ന് മനോജ് കളിയാക്കി.

അതേ സമയം ടിപിയുടെ ചോരയെ വിവാദമുണ്ടാക്കി കലാമൂല്യമില്ലാത്ത ഒരുസിനിമ കച്ചവടവൽക്കരിക്കുന്നത് ടിപിക്ക് മേലുള്ള മറ്റൊരുവെട്ടാണെന്ന് എഴുത്തുകാരൻ ടിപി രാജീവൻ പറഞ്ഞു. ഞാൻ മനസ്സിലാക്കിയിടത്തോളം ഇതൊരു കലാമൂല്യമില്ലാത്ത സിനിമയാണ്. പത്രവാർത്തകളെ അടിസ്ഥാനമാക്കിയെടുത്ത വെറുമൊരു സിനിമയാണ്. തെറ്റായ കാരണങ്ങൾ ചൂണ്ടിക്കാട്ടി വിവാദമുയർത്തി ശ്രദ്ധനേടുകയെന്നത് സമീപകാലത്ത് കലനേരിട്ടുകൊണ്ടിരിക്കുന്ന ദുർവിധിയാണ്. ടിപി കൊല്ലപ്പെട്ട ഉടനെ പെട്ടെന്നൊരു സിനിമ ചെയ്യുക. അത് വിവാദമാക്കുക അങ്ങനെ ശ്രദ്ധിക്കപ്പെടുമ്പോൾ സിനിമ ഹിറ്റാവുമെന്ന് സ്വപ്‌നം കാണുക ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല എന്ന് കൂടി ടിപി രാജീവൻ വിശദീകരിച്ചതോടെ മൊയ്തുതാഴത്ത് കുഴപ്പത്തിലായി. ഉടനെ, ഇത് ടിപിയുടെ കഥയല്ല, ഇതൊരു ഫാസിസ്റ്റ് വിരുദ്ധ സിനിമയാണെന്ന് പറഞ്ഞ് തടിതപ്പാൻ ശ്രമിച്ചു. മാത്രമല്ല സിപിഐഎമ്മനോട് തിയേറ്ററുകൾ വാങ്ങിത്തരണമെന്ന് കൂടി മൊയ്തുതാഴത്ത് അപേക്ഷിച്ചപ്പോൾ ചർച്ചയ്‌ക്കെത്തിയവർ പോലും ചിരിച്ചുപോയി.

ഭരണകൂട വിരുദ്ധവും സാമൂഹ്യപ്രതിബദ്ധതയുമുള്ള സിനിമയാണെങ്കിൽ തട്ടുപൊളിപ്പൻ സിനിമാക്കാരുടെ വൻകിട തിയേറ്ററുകൾ കിട്ടിയില്ലെന്ന് പറഞ്ഞ് മുറവിളി കൂട്ടുന്നതിൽ എന്തർഥമാണുള്ളതെന്ന് ടിപി രാജീവൻ ചോദിച്ചു. ജോൺഎബ്രഹാമും ഒഡേസ സത്യനും സ്വീകരിച്ച ജനകീയ സിനിമകളുടെ വഴി തേടുകയാണ് വേണ്ടത് എന്ന് ടിപി രാജീവൻ തിരിച്ചടിച്ചു. ഇതോടെ ഇക്കാര്യത്തിൽ ചാനലിന് ഒരു മുൻധാരണയുമില്ലെന്ന് വിശദീകരിച്ച് അയ്യപ്പദാസ് തടിതപ്പുകയായിരുന്നു. ചുരുക്കത്തിൽ ഇന്ന് റിലീസ് ചെയ്യുന്ന സിനിമ കേരളത്തിൽ ആകെ അഞ്ചുതിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുന്നുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP