Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിയമസഭ, ഡിസിസി, ബ്ലോക്ക്...എല്ലാം വരുതിയിലാക്കിയ സുധാകരൻ കണ്ണൂർ കോർപറേഷനും കൈപ്പിടിയിലാക്കാൻ ശ്രമം; തളയ്ക്കാൻ ലീഗിന്റെ അഹമ്മദ് രംഗത്ത്

നിയമസഭ, ഡിസിസി, ബ്ലോക്ക്...എല്ലാം വരുതിയിലാക്കിയ സുധാകരൻ കണ്ണൂർ കോർപറേഷനും കൈപ്പിടിയിലാക്കാൻ ശ്രമം; തളയ്ക്കാൻ ലീഗിന്റെ അഹമ്മദ് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കോൺഗ്രസിലെ കെ.സുധാകരനെ തളയ്ക്കാൻ മുസ്ലിം ലീഗ് ദേശീയ നേതാവ് ഇ.അഹമ്മദ് രംഗത്ത്. ഇ.അഹമ്മദിന്റെ വസതിയിൽ ചേർന്ന മുസ്ലിം ലീഗ് ജില്ലാ സമിതിയിൽ സുധാകരനെ പ്രതിരോധിക്കാൻ ലീഗ് നേതാക്കൾക്ക് അദ്ദേഹം നിർദ്ദേശം നൽകി.

കണ്ണൂർ നഗരസഭയിൽ മുസ്ലിം ലീഗിനുള്ള പദവിക്ക് ഒരു കാരണവശാലും ഇടിവ് തട്ടരുതെന്നാണ് ഇ.അഹമ്മദിന്റെ നിർദ്ദേശം. യു.ഡി.എഫിന്റെ രണ്ടാമത്തെ കക്ഷി ലീഗാണെങ്കിലും ലീഗിനെതിരെ വാളോങ്ങാൻ കിട്ടിയ അവസരങ്ങളെല്ലാം കോൺഗ്രസ്സിലെ ഒരു വിഭാഗം വിനിയോഗിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുന്ന തെരഞ്ഞെടുപ്പിൽ 55 വാർഡുകൾ നിശ്ചയിക്കപ്പെട്ട കണ്ണൂർ കോർപ്പറേഷനിൽ 27 സീറ്റ് ആവശ്യപ്പെടാനാണു മുസ്ലിം ലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്. ഇതിനുള്ള പ്രേരണ നൽകിയതും ഇ.അഹമ്മദ് തന്നെ.

മുസ്ലിം ലീഗിനേയും 'എ' വിഭാഗത്തേയും ഒതുക്കി കണ്ണൂർ കോർപ്പറേഷൻ കൈപ്പിടിയിലാക്കാൻ കെ.സുധാകരൻ വിഭാഗം നേരത്തെ തന്നെ നീക്കം തുടങ്ങിയിരുന്നു. കോൺഗ്രസ്സിൽ ഡി.സി.സി. പ്രസിഡണ്ട്, കണ്ണൂർ എംഎ‍ൽഎ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ സ്വന്തക്കാരെ തിരുകിക്കയറ്റിയ സുധാകരൻ കണ്ണൂർ കോർപ്പറേഷനും വരുതിയിലാക്കാനാണ് ഒരുങ്ങുന്നത്. തന്റെ തട്ടകത്തിൽ അപസ്വരം ഉയരരുതെന്ന കണക്കുകൂട്ടലിലാണ് ജില്ലാ ആസ്ഥാനത്തെ എല്ലാ അധികാര കേന്ദ്രങ്ങളും വരുതിയിലാക്കാനുള്ള സുധാകരന്റെ ശ്രമം. ഘടകകക്ഷിയായ മുസ്ലിം ലീഗിനേയും കോൺഗ്രസ്സിലെ 'എ' വിഭാഗത്തേയും വെട്ടിനിരത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സുധാകരൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്തതോടെ മുന്നണിയിലും പാർട്ടിയിലും നിലവിലുള്ള മേധാവിത്വം ഒന്നു കൂടി ഉറപ്പിക്കുകയാണ് സുധാകരൻ. \

പുതുതായി രൂപീകരിക്കപ്പെട്ട കണ്ണൂർ കോർപ്പറേഷൻ മേയർസ്ഥാനം ഘടകകക്ഷിയായ മുസ്ലിം ലീഗിനോ കോൺഗ്രസ്സിലെ ഇതരവിഭാഗത്തിനോ നല്കാൻ സുധാകരൻ തയ്യാറല്ല. കണ്ണൂരിലെ ആദ്യ മേയർസ്ഥാനം വനിതാ സംവരണമാണ്. കെപിസിസി. ജനറൽ സെക്രട്ടറി സുമാ ബാലകൃഷ്ണനെയോ അഡ്വ. പി. ഇന്ദിരയെയോ ആണ് മേയർ സ്ഥാനത്ത് പരിഗണിക്കപ്പെടുന്നത്. ഇരുവരും കെ.സുധാകരൻ ഗ്രൂപ്പിലെ ഉറച്ച നേതാക്കളുമാണ്. തനിക്കെതിരെ ശബ്ദമുയർത്തുന്ന മറ്റു വിഭാഗങ്ങളെ സുധാകരൻ ഒതുക്കി നിർത്തും. അവർക്ക് കൗൺസിലർ പദവി, ഏറെ പോയാൽ സ്റ്റാന്റിങ് കമ്മിറ്റി വരെയെത്താം. അല്ലാതെ കണ്ണൂർ കോൺഗ്രസ്സിലെ താക്കോൽ സ്ഥാനങ്ങൾ സുധാകര വിഭാഗത്തിന്റെ കയ്യിലാണ്. 

കണ്ണൂർ ലോകസഭാ മണ്ഡലം സ്വന്തമാക്കിയതും നിയമസഭാ മണ്ഡലം അബ്ദുള്ളക്കുട്ടിക്ക് നല്കിയതും നഗരസഭാ ചെയർമാൻ പദവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവയൊക്കെ സുധാകരൻ അനുകൂലികൾക്ക് നൽകിയതും കണ്ടിരിക്കാന്മാത്രമേ മറ്റു ഗ്രൂപ്പുകൾക്കായുള്ളൂ. നേരത്തെ കണ്ണൂർ നിയമസഭാ സീറ്റിൽ അബ്ദുള്ളക്കുട്ടിയെ മത്സരിപ്പിക്കാനൊരുങ്ങുമ്പോൾ കോൺഗ്രസ്സിലെ 'എ' വിഭാഗക്കാരും ഐ.വിഭാഗക്കാരും ഐ. ഗ്രൂപ്പ്ിലെ കരുണാകരൻ വിഭാഗവും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മുസ്ലിം ലീഗും കണ്ണൂർ നിയമസഭാ മണ്ഡലത്തിനു വേണ്ടി അവകാശവാദമുന്നയിച്ചെങ്കിലും അത് തള്ളിക്കളയുകയായിരുന്നു. മുസ്ലിം ലീഗിനെതിരേയും പാർട്ടിയിലെ ഇതര ഗ്രൂപ്പുകൾക്കെതിരേയും സുധാകരനെടുത്ത തീരുമാനത്തെ കെപിസിസി. നേതൃത്വം അംഗീകരിക്കുകയായിരുന്നു.

എ,ഐ ഗ്രൂപ്പുകളുമായി അഭിപ്രായഭിന്നത തുടരുന്ന കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ സുധാകരനുമായുള്ള പ്രശ്‌നങ്ങൾ വരുമ്പോൾ അദ്ദേഹത്തെ പിൻതുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്. ജില്ലയിലെ ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമന പ്രശ്‌നത്തിൽ കണ്ണൂർ ഡി.സി.സി.ക്ക് അന്തൃശാസനം നൽകിയ സുധീരൻ 'അന്തൃശാസനം' വീണ്ടും നീട്ടിയത് സുധാകരനോടുള്ള അനുഭാവമാണ് തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർത്ഥി നിർണ്ണയത്തിലും മുസ്ലിം ലീഗിനേയും കോൺഗ്രസ്സിലെ ഇതര ഗ്രൂപ്പുകളേയും അവഗണിക്കാനാണ് സുധാകരൻ ഒരുങ്ങുന്നത്. എന്നാൽ ഘടകകക്ഷികളിൽ നിന്നും സ്വന്തം പാർട്ടിയിലെ ഗ്രൂപ്പുകളിൽ നിന്നും റിബലുകൾ ഉയർന്നു വരാനുള്ള സാഹചര്യത്തെ എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP