Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

100 കോടി ജനങ്ങൾക്ക് പാർപ്പിടം ഒരുക്കുന്ന വൻ നഗരങ്ങളിൽ പലതും വെള്ളത്തിനടിയിലാകും; ലണ്ടനും ന്യൂയോർക്കും ടോക്കിയോയും മുതൽ കൊച്ചി വരെ മുങ്ങിത്താഴാനുള്ള നഗരങ്ങളുടെ ലിസ്റ്റിൽ

100 കോടി ജനങ്ങൾക്ക് പാർപ്പിടം ഒരുക്കുന്ന വൻ നഗരങ്ങളിൽ പലതും വെള്ളത്തിനടിയിലാകും; ലണ്ടനും ന്യൂയോർക്കും ടോക്കിയോയും മുതൽ കൊച്ചി വരെ മുങ്ങിത്താഴാനുള്ള നഗരങ്ങളുടെ ലിസ്റ്റിൽ

ലണ്ടൻ: കണ്ടോ...കണ്ടോ...ഞങ്ങൾ കൈവരിച്ച പുരോഗതി കണ്ടോ...? സമുദ്രങ്ങൾക്ക് ചാരെ വൻ നഗരങ്ങൾ കെട്ടിപ്പടുക്കുമ്പോൾ മനുഷ്യർ ഈ വിധം അഹങ്കരിക്കുകയാണെന്ന് തോന്നാറുണ്ട്. എന്നാൽ പ്രകൃതിയെ വെല്ലുവിളിക്കുന്ന തരത്തിലേക്ക് ഈ അഹങ്കാരം നീങ്ങുകയാണെങ്കിൽ ഇത്തരം നഗരങ്ങൾ അധികകാലമുണ്ടാകില്ലെന്നും അവയെ കടലെടുക്കുമെന്നുമാണ് പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നത്. ലഭ്യമായ ഫോസിൽ ഇന്ധന റിസർവുകൾ മുഴുവൻ കത്തിക്കുകയാണെങ്കിലാണ് ഈ ദുരന്തം സംഭവിക്കാനുള്ള വഴിയൊരുങ്ങുകയെന്ന് ഇതു സംബന്ധിച്ച റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇതിനെത്തുടർന്ന് 100 കോടി ജനങ്ങൾക്ക് പാർപ്പിടം ഒരുക്കുന്ന വൻ നഗരങ്ങളിൽ പലതും വെള്ളത്തിനടിയിലാകും. ലണ്ടനും ന്യൂയോർക്കും ടോക്കിയോയും മുതൽ കൊച്ചി വരെ മുങ്ങിത്താഴാനുള്ള നഗരങ്ങളുടെ ലിസ്റ്റിലുണ്ടെന്നാണ് റിപ്പോർട്ട്.

കൽക്കരി, ഓയിൽ, ഗ്യാസ് എന്നിവ കത്തുന്നത് മൂലമുണ്ടാകുന്ന കാർബൺ പുറന്തള്ളൽ മൂലം ചൂട് പെരുകുകയും അതിന്റെ പാരമ്യതയിൽ അന്റാർട്ടിക് പാളികൾ മുഴുവൻ ഉരുകുകയും തൽഫലമായി സമുദ്രനിരപ്പ് ഉയർന്ന് നഗരങ്ങളെ വെള്ളത്തിലാഴ്‌ത്തുമെന്നുമാണ് മുന്നറിയിപ്പ്. ഇതിനെ തുടർന്ന് സമുദ്രനിരപ്പ് 60 മീറ്ററോളം ഉയരുമെന്നാണ് കരുതുന്നത്. ലോകമാകമാനമുള്ള വിവിധ നഗരങ്ങളിലെ ഒരു ബില്യൺ ആളുകളുടെ വാസസ്ഥാനങ്ങൾ ഇതിനെത്തുടർന്ന് പ്രളയത്തിലകപ്പെടുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ ഉരുകുന്ന അന്റാർട്ടിക് പാളികളിൽ ഭൂരിഭാഗവും പടിഞ്ഞാറാണുള്ളത്. ഇവിടെ ഉരുകൽ ത്വരിതഗതിയിലായിരിക്കും. ഫോസിൽ ഇന്ധനം കത്തുന്നതുമായി ബന്ധപ്പെട്ട് അന്റാർട്ടിക് ഷീറ്റുകളിലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചുള്ള ആദ്യ ഗവേഷണമാണിത്. ഇതിനെത്തുടർന്ന് കിഴക്കൻ ഷീറ്റിനും ഗവേഷകർ അപകടമുന്നറിയിപ്പ് നൽകുന്നുണ്ട്.

പടിഞ്ഞാറൻ അന്റാർട്ടിക് ഐസ് ഷീറ്റിൽ നിന്ന് അവിരാമം ഐസ് നഷ്ടമുണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അവ ടോക്കിയോ, ഹോംഗ് കോംഗ്, ഷാൻഗായ്, കൊൽക്കത്ത, ഹംബർഗ്, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങൾക്ക് നേരെ പ്രളയഭീഷണിയുയർത്തുന്നുണ്ടെന്നും ഈസ്റ്റ് അന്റാർട്ടിക്കയിൽ കടന്നു കയറി പ്രകൃതിയെ തകിടം മറിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്റ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസർച്ചിലെ പ്രഫസർ ആൻഡേർസ് ലെവർമാൻ മുന്നറിയിപ്പ് നൽകുന്നത്.

ഇതിന് മുമ്പ് അന്റാർട്ടിക്കിനെക്കുറിച്ച് നടന്ന മിക്ക പഠനങ്ങളും വെസ്റ്റ് അന്റാർട്ടിക്ക് ഐസ് ഷീറ്റിനുണ്ടാകുന്ന ക്ഷതത്തിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നാണ് കാർനെജി ഇൻസ്റ്റിറ്റിയൂഷൻ ഫോർ സയൻസിലെ കെൻ കാൽഡെയ്‌റ പറയുന്നത്. എന്നാൽ കൽക്കരി, ഓയിൽ, ഗ്യാസ് എന്നിവയുടെ കത്തൽ മൂലം ഈസ്റ്റ് അന്റാർട്ടിക് ഷീറ്റിനും വൻതോതിൽ നാശമുണ്ടായിക്കൊണ്ടിരിക്കുകയയാണെന്നാണ് തങ്ങളുടെ പഠനം വ്യക്തമാക്കുന്നതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. അന്റാർട്ടിക്ക ഈ വിധം ഉരുകുന്നത് നിർത്തണമെങ്കിൽ ഫോസിൽ ഫ്യൂവൽ കാർബൺ എടുക്കുന്നത് നിർത്തണമെന്നും അത് സിഒ2 രൂപത്തിൽ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത് നിർത്തണമെന്നുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.നാം മാലിന്യമായി സിഒ2 അന്തരീക്ഷത്തിലേക്കും തള്ളുന്നത് നിർത്തിയില്ലെങ്കിൽ പല പ്രമുഖ നഗരങ്ങളും വെള്ളത്തിനടിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ലഭ്യമായ ഫോസിൽ ഇന്ധന റിസർവുകൾ മുഴുവൻ കത്തിക്കുന്നത് അനുചിതമാണെന്നാണ് കരുതുന്നതെന്നാണ് പ്രഫ. ആൻഡേർസ് ഇൻഡിപെൻഡന്റ് യുകെയോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചെറിയൊരു ഭാഗം കത്തിക്കാവുന്നതാണെന്നും അദ്ദേഹം നിർദേശിക്കുന്നു. നാം എല്ലാ വർഷവും ഇത്തരത്തിൽ കാർബൺ പുറന്തള്ളൽ മുമ്പ് ചെയ്തത് പോലെ തുടരുകയാണെങ്കിൽ ലഭ്യമായ ഇന്ധനം 150 വർഷത്തിനുള്ളിൽ കത്തിച്ച് തീർക്കുമെന്നും അദ്ദേഹം പറയുന്നു. സയൻസ് അഡ്വാൻസസിലാണ് ഈ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ ഗവേഷണത്തിൽ കാലിഫോർണിയ റിവർസൈഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

60 മുതൽ 80 വർഷം വരെ ഇന്നത്തെ രീതിയിൽ കാർബൺ പുറന്തള്ളൽ തുടരുകയാണെങ്കിൽ വെസ്റ്റ് അന്റാർട്ടിക് ഐസ് ഷീറ്റ് അസ്ഥിരമാകുമെന്നാണ് പഠനം മുന്നറിയിപ്പ് നൽകുന്നത്.അടുത്ത ആയിരം വർഷത്തേക്ക് സമുദ്രനിരപ്പ് വർഷം തോറും മൂന്ന് സെന്റീമീറ്ററെന്ന തോതിൽ വർധിക്കുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഈ തോതിലാണെങ്കിൽ സഹസ്രാബ്ദത്തിന്റെ അവസാനത്തിൽ സമുദ്രനിരപ്പ് 30 മീറ്റർ ഉയരുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP