Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വക്കം അബ്ദുൽഖാദർ മൗലവിയെയും വി ടി ഭട്ടതിരിപ്പാടിനെയും അധിക്ഷേപിക്കുന്ന വിവാദ ചോദ്യപേപ്പർ പി എസ് സി റദ്ദാക്കി; ചോദ്യകർത്താവിനെതിരെ നടപടിയുണ്ടാവും: മറുനാടൻ മലയാളി ഇംപാക്ട്

വക്കം അബ്ദുൽഖാദർ മൗലവിയെയും വി ടി ഭട്ടതിരിപ്പാടിനെയും അധിക്ഷേപിക്കുന്ന വിവാദ ചോദ്യപേപ്പർ പി എസ് സി റദ്ദാക്കി; ചോദ്യകർത്താവിനെതിരെ നടപടിയുണ്ടാവും: മറുനാടൻ മലയാളി ഇംപാക്ട്

കെ സി റിയാസ്

കോഴിക്കോട്: നവോത്ഥാനനായകരായ വക്കം അബ്ദുൽഖാദർ മൗലവി, വി ടി ഭട്ടതിരിപ്പാട് എന്നിവരെ അപമാനിക്കുംവിധം പൊലീസ് എസ് ഐ/എക്‌സൈസ് പരീക്ഷയ്ക്ക് ചോദിച്ച വിവാദചോദ്യം റദ്ദാക്കാൻ പി എസ് സി തീരുമാനം. ചോദ്യകർത്താവിനെതിരെ നിയമനടപടി സ്വീകരിക്കാനും പി എസ് സി തീരുമാനിച്ചതായാണ് വിവരം. ചരിത്രവസ്തുതയ്ക്കു നിരക്കാത്ത തെറ്റായ ചോദ്യത്തിന് നിമിത്തമായ സാഹചര്യം വ്യക്തമാക്കിയതോടൊപ്പം, ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകുമെന്നു പി എസ് സി ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറുനാടൻ മലയാളി ഇന്നലെ റിപ്പോർട്ട് ചെയ്ത വാർത്തയിൽ എം ടി വാസുദേവൻ നായർ, ഡോ. കെ എൻ പണിക്കർ, സക്കറിയ, ഡോ. സെബാസ്റ്റ്യൻപോൾ തുടങ്ങി കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക-ചരിത്ര-മാദ്ധ്യമരംഗത്തെ പ്രമുഖർ രംഗത്തുവന്നിരുന്നു. വക്കം മൗലവി ഫൗണ്ടേഷനും, കോഴിക്കോട് ആസ്ഥാനമായുള്ള വക്കം മൗലവി പഠന ഗവേഷണകേന്ദ്രവും നടപടി ആവശ്യപ്പെട്ട് സർക്കാറിനെ സമീപിക്കുകയുണ്ടായി. തുടർന്നാണ് അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായത്.

12ന് നടന്ന എസ് ഐ/ എക്‌സൈസ് തസ്തികയിലേക്കുള്ള എഴുത്തുപരീക്ഷയിലാണ് വിവാദ ചോദ്യങ്ങളുണ്ടായത്. ചോദ്യകർത്താവിൽനിന്നു മുദ്രവച്ച കവറിൽ ലഭിക്കുന്ന ചോദ്യങ്ങൾ അതേപടി സെക്യൂരിറ്റി പ്രസിലേക്കാണ് പോകുന്നത്. ചോദ്യപ്പേപ്പറുകൾ അച്ചടിച്ച് സീൽ ചെയ്ത കവറിലാണ് ലഭിക്കുക. അവ പിന്നീട് നേരെ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. പരീക്ഷ കഴിഞ്ഞ ശേഷം മാത്രമാണ് പി എസ് സി ഉദ്യോഗസ്ഥർ ചോദ്യപ്പേപ്പർ കാണുന്നത്. അതിനാൽ ചോദ്യപ്പേപ്പറിൽ തെറ്റ് കടന്നുകൂടിയാൽ പരീക്ഷയ്ക്ക് മുൻപ് തിരുത്താൻ കഴിയില്ലെന്നാണ് പി എസ് സിയുടെ ഭാഷ്യം.

'കാഫിർ' എന്ന് അറിയപ്പെടുന്നതാര് എന്നായിരുന്നു പി എസ് സിയുടെ വിവാദ ചോദ്യം. കളത്തിങ്കൽ മുഹമ്മദ്, തൈക്കാട് അയ്യ, വക്കം മൗലവി, കുമാര ഗുരു എന്നിവരുടെ പേരുകൾ ഓപ്ഷനായി നല്കിയ പി എസ് സി, പിന്നീട് വക്കം മൗലവി എന്നാണ് ശരിയുത്തരമെന്ന് ഉത്തരസൂചികയും പുറത്തിറക്കി. മൂടിവച്ചവൻ/നിഷേധി എന്നി അർത്ഥങ്ങളിൽ മതഭ്രഷ്ടനായവനോ അനഭിമതരായവരെയോ ആണ് അറബി ഭാഷയിൽ പൊതുവെ കാഫിർ എന്ന് പറയാറ്. ഫ്യൂഡൽ കാലത്തെ അത്തരം ആക്ഷേപങ്ങൾക്ക് സ്ഥിരീകരണം ഒരുക്കുകയായിരുന്നു പി എസ് സി ചോദ്യം.

പി എസ് സി നൽകിയ ഉത്തരങ്ങളുടെ ഓപ്ഷനിൽ പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകനായ പൊയ്കയിൽ കുമാരഗുരുദേവന്റെ പേര് കുമാരഗുരു എന്ന് മാത്രമാണ് നൽകിയത്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പി സ്വാമികളുടെയും ഗുരുവായിരുന്ന തൈക്കാട് അയ്യാ സ്വാമിയുടെ പേരും അപൂർണ്ണമായി, തൈക്കാട് അയ്യാ എന്ന് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തരത്തിലെ ഒന്നാമത്തെ ഓപ്ഷൻ കളത്തിങ്കൽ മുഹമ്മദ് എന്ന പേരാണ്. കേരളത്തിലെ നവോത്ഥാന നായകരിൽ കളത്തിങ്കൽ മുഹമ്മദ് ആര് എന്നത് പ്രമുഖ ചരിത്രാന്വേഷികൾക്കും പിടിയില്ല.

വി ടി ഭട്ടതിരിപ്പാടിന്റെ നാടകത്തെക്കുറിച്ചുള്ള ചോദ്യത്തിന് നൽകിയ ഉത്തരങ്ങളുടെ നാല് ഓപ്ഷനിൽ ശരിയുത്തരം (അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്) നൽകാനും പി എസ് സി വിട്ടുപോയി. പി എസ് സി പരീക്ഷയിൽ തെറ്റുകൾ സാധാരണമാണെങ്കിലും ഒരു ചോദ്യത്തിൽ തന്നെ ഇത്രയും ഗുരുതരമായ തെറ്റുകൾ വന്നത് വിചിത്രമാണ്.

സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകനും കേരളത്തിലെ സാമൂഹിക പരിഷ്‌കരണരംഗത്ത് ശ്രീനാരായണ ഗുരുവിന്റെ സമശീർഷനുമായ വക്കം മൗലവിയെയും വി ടി ഭട്ടതിരിപ്പാടിനെയുമെല്ലാം നിന്ദിക്കുന്ന ചോദ്യോത്തരങ്ങളിലൂടെ ഉദ്യോഗാർത്ഥികളുടെ വിവരമളക്കുന്നവരുടെ വിവരക്കേടാണ് മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്നത്. സംഭവം വിവാദമായതോടെ വ്യാപകമായ പ്രതിഷേധവും ഉയർന്നു. സമൂഹത്തിൽ കൊടുകുത്തി വാണ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാതെ പൊരുതിയ നവോത്ഥാന നായകരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും പി എസ് സിക്കു കഴിയേണ്ടിയിരുന്നുവെന്നാണ് പൊതുവിമർശം. എസ് ഐ, എക്‌സൈസ് ഇൻസ്‌പെക്ടർ തസ്തികയിലേക്കു സംസ്ഥാനത്തെ 882 കേന്ദ്രങ്ങളിൽ വച്ച് കഴിഞ്ഞ ശിനിയാഴ്ചയാണ് വിവാദ പരീക്ഷ നടന്നത്.

പി എസ് സി ചോദ്യം സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് എം ടിയും ഡോ. കെ എൻ പണിക്കരും
കോഴിക്കോട്: ഇക്കഴിഞ്ഞ 12-നു പി എസ് സി നടത്തിയ പൊലീസ് എസ് ഐ/എക്‌സൈസ് പരീക്ഷയിൽ വക്കം മൗലവിയെ അധിക്ഷേപിക്കുന്ന രീതിയിൽ ചോദ്യം നൽകിയ സംഭവത്തെ സാഹിത്യ-സാംസ്‌കാരിക-ചരിത്രരംഗത്തെ പ്രമുഖർ അപലപിച്ചു. കേരള നവോത്ഥാനശിൽപികളെ കുറിച്ച് സാമാന്യവിവരം പോലുമില്ലാത്തവരെയാണ് ഉദ്യോഗപരീക്ഷകൾക്ക് ചോദ്യകർത്താക്കളാക്കുന്നത് എന്നത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് സാഹിത്യ-സാംസ്‌കാരിക-ചരിത്ര രംഗത്തെ പ്രമുഖർ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പ്രശസ്ത സാഹിത്യകാരൻ എം ടി വാസുദേവൻ നായർ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ മുൻ ചെയർമാൻ ഡോ. കെ എൻ പണിക്കർ, എഴുത്തുകാരും സാംസ്‌കാരിക-ചരിത്ര-മാദ്ധ്യമപ്രവർത്തകരുമായ സക്കറിയ, ഡോ. സെബാസ്റ്റ്യൻപോൾ, യു എ ഖാദർ, ഡോ. കെ എം സീതി, ഡോ. പി ഗീത, ഒ അബ്ദുർറഹ്മാൻ, അശ്‌റഫ് കടക്കൽ, ഡോ എം എച്ച് ഇല്യാസ് (ജാമിയ മില്ലിയ), പ്രഫ. എ കെ രാമകൃഷ്ണൻ (ജെ എൻ യു), മുജീബുർറഹ്മാൻ കിനാലൂർ (വക്കം മൗലവി പഠന ഗവേഷണ കേന്ദ്രം) എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.

കാഫിർ എന്ന് അറിയപ്പെട്ട വ്യക്തി ആരായിരുന്നു എന്ന ചോദ്യത്തിന് വക്കം മൗലവി എന്നാണു പി എസ് സി ശരിയുത്തരം നൽകിയത്. കേരളത്തിലെ സാമൂഹിക പരിഷ്‌കരണ രംഗത്ത് ശ്രീനാരായണ ഗുരുവിന്റെ സമശീർഷനും സ്വദേശാഭിമാനി പത്രസ്ഥാപകനുമായ വക്കം മൗലവിയെ കാഫിർ എന്ന് ആക്ഷേപിച്ചുള്ള ചോദ്യം പി എസ് സി ചോദ്യപേപ്പറിൽ എങ്ങനെ വന്നുവെന്ന് അന്വേഷിക്കണം.

ശ്രീനാരായണഗുരു ഉൾപ്പെടെയുള്ള പരിഷ്‌കർത്താക്കൾക്ക് യാഥാസ്ഥിതിക സമുദായത്തിന്റെ ആക്ഷേപം ഏൽക്കേണ്ടി വന്നിട്ടുണ്ട്. മതസാമൂഹിക രംഗത്തെ പരിഷകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വക്കം മൗലവിയെ യാഥാസ്ഥിതിക വിഭാഗം മതഭ്രഷ്ടൻ എന്നാക്ഷേപിക്കുകയും കാഫിർ എന്ന് മുദ്രകുത്തുകയും ചെയ്തിരുന്നു. ഫ്യൂഡൽ കാലത്തെ അത്തരം ആക്ഷേപങ്ങളെ ആവർത്തിക്കുന്നതായി പി എസ് സി ചോദ്യം. ഇതെങ്ങനെ സംഭവിച്ചുവെന്നു അന്വേഷിച്ചു കുറ്റക്കാരെ ശിക്ഷിക്കാൻ പി എസ് സി തയ്യാറാകണമെന്നും ഇവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP