Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

223 കോടി രൂപയുടെ കള്ളപ്പണ ഇടപാട് വ്യാജമെന്ന് പറഞ്ഞ് തടിയൂരാൻ വാസൻ ഐ കെയർ; തട്ടിപ്പിന്റെ ചുരുൾ നിവരുമ്പോൾ ഉത്തരം പറയാനാകാതെ ചിദംബരം; വാസൻ ഐ കെയറിന്റെ മറവിൽ നടന്ന പണമിടപാടുകൾ ചിദംബരത്തെയും മകനെയും കുടുക്കുമോ?

223 കോടി രൂപയുടെ കള്ളപ്പണ ഇടപാട് വ്യാജമെന്ന് പറഞ്ഞ് തടിയൂരാൻ വാസൻ ഐ കെയർ; തട്ടിപ്പിന്റെ ചുരുൾ നിവരുമ്പോൾ ഉത്തരം പറയാനാകാതെ ചിദംബരം; വാസൻ ഐ കെയറിന്റെ മറവിൽ നടന്ന പണമിടപാടുകൾ ചിദംബരത്തെയും മകനെയും കുടുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രശസ്ത കണ്ണാശുപത്രി വാസൻ ഐ കെയറിന്റെ മറവിൽ 223 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്ന കണ്ടെത്തൽ കൂടുതൽ വിവാദമാകുന്നു. കമ്പനിയെ മാനം കെടുത്താനുള്ള വ്യാജപ്രചരണമാണിതെന്ന ഒറ്റവരിയിൽ വാസൻ ഐ കെയർ നിഷേധക്കുറിപ്പ് ഇറക്കിയെങ്കിലും, ആരോപണത്തിലുൾപ്പെട്ട മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് ഇത് നിഷേധിക്കാനായിട്ടില്ല. വാസൻ ഐ കെയറുമായി തനിക്കോ തന്റെ കുടുംബത്തിനോ ബന്ധമില്ലെന്ന നിലപാടിലാണ് അദ്ദേഹം.

223 കോടി കള്ളപ്പണം ഇടപാട് നടത്തിയെന്ന പേരിൽ വാസൻ ഐ കെയറിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടക്കുന്നുവെന്ന കാര്യം അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്. ഇക്കാര്യങ്ങൾ കണ്ടെത്തിയ ആദായ നികുതി വകുപ്പ് കമ്മീഷണർ എം.ശ്രീനിവാസ റാവു തന്നെ സ്ഥലംമാറ്റി പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് സെൻട്രൽ അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് നൽകിയ പരാതിയിലാണ് ഈ ഇടപാടിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

ജെ.ഡി ഗ്രൂപ്പ് എന്ന സാമ്പത്തിക സ്ഥാപനമാണ് വാസൻ ഐ കെയറിന് ഇത്രയും തുക കൈമാറിയതെന്നാണ് റാവു കണ്ടെത്തിയത്. എട്ടുകോടിയോളം രൂപ പലിശയില്ലാ വായ്പയായും ശേഷിച്ച തുക കള്ളപ്പണമായുമാണ് നൽകിയിട്ടുണ്ട്. ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവന്ന തന്നെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ട്രിബ്യൂണലിന് പരാതി നൽകിയ റാവുവിന് ആദ്യം സ്റ്റേ ലഭിച്ചിരുന്നു. എന്നാൽ, സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഇതിനെതിരെ ട്രിബ്യൂണലിനെ സമീപിക്കുകയും സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി റദ്ദാക്കിക്കുകയും ചെയ്തു. യുപിഎ സർക്കാരിൽ കേന്ദ്ര മന്ത്രിയായിരുന്ന പി.ചിദംബരത്തിനും മകൻ കാർത്തി ചിദംബരത്തിനും നേരിട്ട് പങ്കാളിത്തമുള്ള സ്ഥാപനമാണ് വാസൻ ഐ കെയർ. എന്നാൽ തനിക്കോ കുടുംബത്തിനോ വാസനുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാനാണ് ചിദംബരത്തിന്റെ ശ്രമം.

കള്ളപ്പണ ഇടപാടിനെക്കുറിച്ച് വന്ന വാർത്തകൾ വ്യാജവും സ്ഥാപനത്തിന് അപമാനമുണ്ടാക്കുന്നതുമാണെന്ന ഒറ്റവരിയിലാണ് വാസൻ ഐ കെയർ നിഷേധക്കുറിപ്പ് ഇറക്കിയത്. എന്നാൽ, ചിദംബരം പുറത്തിറക്കിയ പ്രസ്താവനയിൽ വാസന്റെ പേരുപോലും പരാമർശിച്ചിട്ടില്ല. ബന്ധപ്പെട്ട സ്ഥാപനം എന്നുമാത്രമാണ് ഉള്ളത്. വാസനുമായി തനിക്ക് ബന്ധമില്ലെന്ന് ചിദംബരം പറയുമ്പോഴും, ഈ സ്ഥാപനത്തോട് അദ്ദേഹത്തിനുള്ള താത്പര്യം നിഷേധിക്കാനാവാത്ത വിധം ശക്തമാണ്.

വാസന്റെ വളർച്ചയിൽ എക്കാലവും കൂടെനിന്നിട്ടുള്ളയാളാണ് ചിദംബരം. 2008-ൽ വാസന്റെ 25-ാമത് ക്ലിനിക് മധുരയിൽ ഉദ്ഘാടനം ചെയ്തത് ചിദംബരമായിരുന്നു. 2011 ഡിസംബറിൽ വാസന്റെ 100-ാമത് ക്ലിനിക് ഉദ്ഘാടനം ചെയ്തപ്പോഴും ചിദംബരമുണ്ടായിരുന്നു. 100-ാമത് ക്ലിനിക് വാസൻ തുറന്നത് ചിദംബരത്തിന്റെ മണ്ഡലത്തിലായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.

തനിക്കോ കുടുംബത്തിനോ വാസനുമായി ബന്ധമില്ലെന്ന് ചിദംബരം പറയുമ്പോഴും വാസന്റെ ഐ കെയറിന്റെ ഒന്നരലക്ഷത്തോളം വരുന്ന ഓഹരികൾ ചിദംബരത്തിന്റെ മകൻ കാർത്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി വാങ്ങിയതിനെക്കുറിച്ച് അദ്ദേഹം നിശബ്ദത പാലിക്കുന്നു. ഇക്കാര്യത്തിൽ വാസൻ ഐ കെയർ അധികൃതരും മൗനം പാലിക്കുകയാണ്. ഈ ഇടപാടിനെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുമുണ്ട്.

2007 ജൂണിലാണ് ഡോ. എ.എം.അരുണും ഭാര്യ മീര അരുണും ചേർന്ന് വാസൻ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിന് തുടക്കം കുറിക്കുന്നത്. ട്രിച്ചിയിലായിരുന്നു ഇവരുടെ തുടക്കം. കമ്പനി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി 2008 ഒക്ടോബർ 28-ന് അരുണും മീരയും ചേർന്ന് കമ്പനിയുടെ 27 ലക്ഷം ഓഹരികൾ വിൽപനയ്ക്ക് വച്ചു. 100 രൂപയായിരുന്നു ഓഹരിവില.

ഇതിൽ മൂന്നുലക്ഷം ഓഹരികൾ വി.ദ്വാരകാനാഥൻ എന്നയാളാണ് സ്വന്തമാക്കിയത്. ഓഹരികൾ സ്വന്തമാക്കി രണ്ടുദിവസത്തിനകം ഇതിൽ പാതിയോളം ഓഹരികൾ ദ്വാരകാനാഥൻ അഡ്വാന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറി. കാർത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള ഓസ്ബ്രിജ് ഹോൾഡിങ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് എന്ന കമ്പനിയുടെ കീഴിലുള്ള സ്ഥാപനമാണ് ഇത്. ഫലത്തിൽ, ഒന്നര ലക്ഷം ഓഹരികൾ എത്തിച്ചേർന്നത് കാർത്തിയുടെ കൈയിൽ.

ചിദംബരം കേന്ദ്രത്തിൽ ധനകാര്യ മന്ത്രിയായിരുന്ന ഘട്ടത്തിലാണ് ഈ ഓഹരിക്കൈമാറ്റം നടന്നത്. ഒന്നരക്കോടിയിലേറെ രൂപയ്ക്ക് വാങ്ങിയ ഓഹരികൾ നയാപ്പൈസ ഈടാക്കാതെ കാർത്തി ചിദംബരത്തിന് ദ്വാരകാ നാഥൻ എന്തിനാണ് കൈമാറിയത്? വാസൻ ഐ കെയറിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളുടെ കഥകളിലൊന്ന് മാത്രമാണിത്. ഇത്തരം എത്രയോ ദുരൂഹതകളാണ് ഇനിയും ചുരുൾ നിവരാനുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP