Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപൂർവ സവിശേഷതകളോടെ ഐഫോൺ 6-ഉം 6 പ്ലസ്സും വിപണിയിൽ; ഐ വാച്ചും ആപ്പിൾ പേയും പുറത്തിറങ്ങി; സാംസങ്ങിനെ തോല്പിച്ചു മൊബൈൽ ഫോണുകളുകളുടെ രാജസിംഹാസനം ഉറപ്പിക്കാൻ ഒരുങ്ങി ആപ്പിൾ

അപൂർവ സവിശേഷതകളോടെ ഐഫോൺ 6-ഉം 6 പ്ലസ്സും വിപണിയിൽ; ഐ വാച്ചും ആപ്പിൾ പേയും പുറത്തിറങ്ങി; സാംസങ്ങിനെ തോല്പിച്ചു മൊബൈൽ ഫോണുകളുകളുടെ രാജസിംഹാസനം ഉറപ്പിക്കാൻ ഒരുങ്ങി ആപ്പിൾ

ന്യൂയോർക്ക്: മൊബൈൽ ഫോൺ വിപണിയിലെ ആധിപത്യം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ആപ്പിൾ അതിന്റെ എട്ടാം തലമുറ സ്മാർട്ട്‌ഫോണുകൾ വിപണിയിലിറക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോഞ്ചിങ്ങിലൂടെയാണ് പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിയത്. ഐഫോൺ 6-ഉം ഐഫോൺ 6 പ്ലസ്സും ഉപഭോക്താക്കൾ കാത്തിരുന്നതാണെങ്കിൽ വിപണിയിൽ വേറെയും വിസ്മയങ്ങൾ ആപ്പിൾ സൂക്ഷിച്ചുവച്ചിരുന്നു. ഐഫോണുമായി ചേർന്നു പ്രവർത്തിക്കുന്ന ആപ്പിൾ സ്മാർട്‌വാച്ച്, നിയർഫീൽഡ് കണക്ഷൻ വഴി പണമിടപാടുകൾ നടത്തുന്നതിനുള്ള മൊബൈൽ വാലറ്റ് സംവിധാനമായ ആപ്പിൾ പേ എന്നിയാണ് ഫ്‌ളിന്റ് സെന്ററിൽ ഇന്നലെ രാത്രി നടന്ന ചടങ്ങിൽ ആപ്പിൾ സിഇഒ ടിം കുക്ക് പുറത്തിറക്കിയത്.

4.7 ഇഞ്ച് റെറ്റിന ലിക്വിഡ് ക്രിസ്റ്റൽ ഡിസ്‌പ്ലേയുള്ള സ്‌ക്രീനോടു കൂടിയതാണ് ഐഫോൺ 6 എങ്കിൽ, 5.5 ഇഞ്ച് സ്‌ക്രീൻ വലിപ്പമുള്ളതാണ് ഐഫോൺ 6 പ്ലസ്. സാംസങ്ങടക്കമുള്ള സ്മാർട്ട്‌ഫോൺ നിർമ്മാതാക്കൾക്ക് കനത്ത വെല്ലുവിളിയായി ഐഫോൺ 6 മാറുമെന്ന് ഇതിനകം തന്നെ സൂചനകളുണ്ട്.

ഐഫോണുകളുടെ ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ മോഡലുകളാണ് ഐഫോൺ 6-ഉം 6 പ്ലസ്സും. 6.5 മില്ലീമീറ്റർ കനമുള്ളതാണ് രണ്ടു മോഡലുകളും. വളഞ്ഞ അരികുകളോടു കൂടിയ മോഡലുകൾ, കാഴ്ചയിലും കണ്ണഞ്ചിപ്പിക്കുന്നതാണ്. വ്യക്തിയുടെ മൊത്തം ആരോഗ്യത്തെ നിരീക്ഷിച്ചു റിപ്പോർട്ടുകൾ നൽകുന്നതിനുള്ള ഹെൽത്ത് കിറ്റ്, ഇൻസ്റ്റന്റ് മെസഞ്ചർ ആപ്ലിക്കേഷനുകളുടെ സഹായമില്ലാതെ മൊബൈൽ ഇന്റർനെറ്റ് വഴി വോയ്‌സ് കോളുകൾ ചെയ്യാനുള്ള സംവിധാനം, മൾട്ടി പ്ലേയർ ഗെയിമിങ്ങ് സാധ്യമാക്കുന്ന വെയ്ൻ ഗ്ലോറി, ക്വിക്ക് ടൈപ്പ് കീബോർഡ്, 8 മെഗാപിക്‌സൽ ഐസൈറ്റ് ക്യാമറ, പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 8, എം8 മോഷൻ സെൻസർ, 64 ബിറ്റ് പ്രൊസെസ്സർ തുടങ്ങി ഒട്ടേറെ പുതുമകൾ ഈ ഫോണുകളിലുണ്ട്. ഗോൾഡ്, സിൽവർ, സ്‌പേസ് ഗ്രേ നിറങ്ങളിലെത്തുന്ന ഐഫോൺ 6 19-ാം തീയതി മുതൽ യുഎസ് വിപണിയിൽ ലഭിക്കും.

നിലവിലുള്ള േേമാഡലുകളെക്കാൾ 20 ശതമാനം വേഗത്തിൽ പ്രവർത്തിക്കുന്നതാണ് ഓപ്പറേറ്റിങ് സിസ്റ്റത്തിലെ എ8 64-ബിറ്റ് ചിപ്പ്. എ7-നേക്കാൾ 13 ശതമാനം വലിപ്പക്കുറവുള്ള ഈ ചിപ്പിൽ 200 കോടി ട്രാൻസിസ്റ്ററുകളുണ്ട്. എം8 മോഷൻ കോപ്രൊസ്സസർ എന്ന സെൻസറിലൂടെ ദൂരവും ഉയരവും കണക്കാക്കാനും ഐഫോൺ 6-ൽ സാധ്യമാകും. അന്തരീക്ഷത്തിലെ മർദവും ആൾട്ടിറ്റിയൂഡിലുണ്ടാകുന്ന വ്യത്യാസവുമെല്ലാം ആ ആപ്ലിക്കേഷനിലൂടെ ഉപഭേക്താവിന് അറിയാനാകും. ഐ ഫോൺ അഞ്ചിലേതിനെക്കാൾ ഇരട്ടിവേഗത്തിൽ ഫോക്കസ് ചെയ്യുന്ന ക്യാമറയാണ് പുതിയ ഫോണുകളിൽ ഉള്ളത്. 16 ജിബി മുതൽ 128 ജിബി വരെ സ്‌റ്റോറേജുള്ള ഫോണുകൾ ലഭ്യമാണ്.

ഫ്‌ളിന്റ് സെന്ററിൽ ചടങ്ങിനെത്തിയവരെ കൂടുതൽ ആകർഷിച്ചത് സ്മാർട്ട് വാച്ചുകളാണ്. ഐഫോണുമായി എൻഎഫ്‌സി വഴി ബന്ധിപ്പിച്ച് ഫോണിലെ കോൾ, എസ്എംഎസ്, ഇമെയിൽ നോട്ടിഫിക്കേഷനുകൾ വാച്ചിന്റെ സ്‌ക്രീനിൽ അറിയുന്നതുൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് ആപ്പിൾ വാച്ച് പുറത്തിറങ്ങിയിട്ടുള്ളത്. വാച്ചിന്റെ ഡയലിൽ ഏല്പിക്കുന്ന സ്പർശനത്തിലെ വ്യത്യാസമനുസരിച്ച് അതിന്റെ പ്രവർത്തനങ്ങളും മാറിക്കൊണ്ടിരിക്കും. ഐഫോണിലെ വോയ്‌സ് അസിസ്റ്റന്റ് ആയ സീരി വഴി പ്രവർത്തിപ്പിക്കാവുന്ന വാച്ച് ആവശ്യമെങ്കിൽ ഫോണിന്റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കാനും പ്രാപ്തമാണ്. ശബ്ദനിർദേശങ്ങൾ വഴി എല്ലാ പ്രവർത്തനങ്ങളും സാധ്യമാക്കും. ശബ്ദ സന്ദേശങ്ങൾ അയക്കാനുള്ള സംവിധാനവും ആപ്പിൾ വാച്ചിലുണ്ട്.

ഐഫോൺ 6, 6പ്ലസ്, ആപ്പിൾ വാച്ച് എന്നിവയോട് ചേർന്ന് പ്രവർത്തിക്കുന്ന സംവിധാനമാണ് ആപ്പിൾ പേ. ആപ്പിളിന്റെ പുതിയ പേയ്‌മെന്റ് സിസ്റ്റമാണിത്. ഫോൺ കാണാതാവുകയാണെങ്കിൽ, ഫൈൻഡ് മൈ ഫോൺ ഉപയോഗിച്ചത് എല്ലാത്തരം പേയ്‌മെന്റുകളും നിയന്ത്രിക്കാൻ ഈ സംവിധാനം ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നു. മൊബൈൽ ബാങ്കിങ് രംഗത്തെ വിസ്മയമെന്നാണ് ഇതിനെ ആപ്പിൾ വിശേഷിപ്പിക്കുന്നത്. ക്രെഡിറ്റ് കാർഡുകളുടെയും ഡെബിറ്റ് കാർഡുകളുടെയും വിവരങ്ങൾ ഫോണിൽ ശേഖരിക്കുകയും അതിലൂടെ ഇടപാടുകൾ നടത്തുകയും ചെയ്യാം. ഫോൺ കാണാതെ പോവുകയാണെങ്കിൽ, ആപ്പിൾ പേ സംവിധാനം ഒഴിവാക്കാനും സാധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP