Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെറുപ്പകാലത്തെ കഥകൾ പറഞ്ഞ് ടെക്കി ഭീമന്മാർ കരയിച്ചു; ബോളിവുഡ് നൃത്തങ്ങൾ ചവിട്ടി പ്രധാനമന്ത്രിയെ സ്വീകരിച്ച് കമ്പനികൾ; സിലിക്കൺ വാലിയിൽ താരമായി തിളങ്ങി മോദിയുടെ തോരോട്ടം; ഡിജിറ്റൽ ഇന്ത്യയിൽ മൈക്രോസോഫ്റ്റും ഗൂഗിളും സഹകരിക്കും

ചെറുപ്പകാലത്തെ കഥകൾ പറഞ്ഞ് ടെക്കി ഭീമന്മാർ കരയിച്ചു; ബോളിവുഡ് നൃത്തങ്ങൾ ചവിട്ടി പ്രധാനമന്ത്രിയെ സ്വീകരിച്ച് കമ്പനികൾ; സിലിക്കൺ വാലിയിൽ താരമായി തിളങ്ങി മോദിയുടെ തോരോട്ടം; ഡിജിറ്റൽ ഇന്ത്യയിൽ മൈക്രോസോഫ്റ്റും ഗൂഗിളും സഹകരിക്കും

കാലിഫോർണിയ: ഗൂഗിളിനേയും ഫെയ്‌സ് ബുക്കിനേയും കൈയിലെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സിലിക്കൺ വാലയിലെ താരമായി. ഇതിനൊപ്പം ആഗോള ഐടി കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്‌നങ്ങൾക്ക് പുതിയ പ്രതീക്ഷയായി. സിലിക്കൺവാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സാങ്കേതികരംഗത്തെ പ്രമുഖർക്ക് നൽകിയ വിരുന്നിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇന്ത്യക്കാരായ മൈക്രോസോഫ്റ്റ് സിഇഒ. സത്യം നദെല്ല, ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്, അഡോബിന്റെ സിഇഒ ശന്തനു നാരായൺ തുടങ്ങി 350 പേരാണ് വിരുന്നിനെത്തിയത്. ഡിജിറ്റൽ ഇന്ത്യാ പദ്ധതിയുടെ വിവിധ തലങ്ങളിൽ ഈ സ്ഥാപനങ്ങളുടെ പിന്തുണയുണ്ടാവും. സിലിക്കൺവാലിയിലെ ചെറുപ്പക്കാരായ പ്രൊഫഷണലുകളെമുതൽ വൻകിട കമ്പനികളെ വരെ ഇന്ത്യയുടെ ഡിജിറ്റൽവിപ്ലവത്തിൽ പങ്കാളിയാകാൻ പ്രധാനമന്ത്രി വിരുന്നിൽ ക്ഷണിച്ചു. ഡിജിറ്റൽരംഗത്തുള്ളവരും ഇല്ലാത്തവരും എന്ന വിടവ് നീക്കാനാണ് സർക്കാറിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു.

ഫേസ്‌ബുക്കിന്റേയും ഗൂഗിളിന്റേയും ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നരേന്ദ്ര മോദിയും ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗും കൂടിക്കാഴ്ച നടത്തുകയും ജീവനക്കാരുമായി സംവാദം നടത്തുകയും ചെയ്തു. സമൂഹമാദ്ധ്യമങ്ങൾ നൽകുന്ന സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യവും മോദി തന്റെ സംവാദത്തിൽ സൂചിപ്പിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ വിവര സാങ്കേതിക രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്താൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നും മോദി പറഞ്ഞു. ഫെയ്‌സ് ബുക് ആസ്ഥാനത്ത് ഇടയ്ക്ക് അമ്മയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വന്നപ്പോൾ മോദി വികാരഭരിതനായി കരയുകയും ചെയ്തു. ഇന്ത്യയുടേത് വളരെ വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണ്. ഞങ്ങളുടെ ലക്ഷ്യം 20 ട്രില്യൺ ഡോളർ സമ്പദ്!ഘടനയാവുകയാണെന്ന് മോദി പറഞ്ഞു. നിങ്ങൾ പ്രവർത്തിക്കുന്നത് സേവനമേഖലയിലാണ്. അതിന്റെ ശക്തി ഞാൻ കാണുന്നുവെന്ന് മോദി സുക്കർ ബെർഗിനോട് വ്യക്തമാക്കി.

ഗൂഗിളിന്റെ ആസ്ഥാനത്തും പ്രധാനമന്ത്രിക്ക് വലിയ വരവേൽപ്പ് കിട്ടി. ഭാരത് മാതാ കി ജയ് മുദ്രാവാക്യങ്ങളുയർന്നു. ബോളിവുഡ് പാട്ടുകൾക്കൊപ്പം നൃത്തവും ചവിട്ടി. തുടർന്ന് ജീവനക്കാരെ മോദി അഭിസംബോധന ചെയ്തു. അതിനൊപ്പം ഇന്ത്യയുമായുള്ള ഗൂഗിളിന്റെ സഹകരണത്തിന് നന്ദിയും രേഖപ്പെടുത്തി. സെൽഫിയെടുക്കാനും ജീവനക്കാർ താൽപ്പര്യം കാട്ടി എത്തി. സിലിക്കൺവാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇളക്കിമറിച്ചു. സിലിക്കൺ വാലി സിഇഒമാർക്കു നൽകിയ വിരുന്നിൽ ഇന്ത്യയുടെ ഡിജിറ്റൽ സ്വപ്നങ്ങൾ ഉയർത്തിക്കാട്ടി മോദി കയ്യടി നേടി. ഡിജിറ്റൽ രംഗത്തെ ഇന്ത്യയുടെ മാറ്റങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ അദ്ദേഹം സ്വന്തം അനുഭവങ്ങളും ഗ്രാമീണ സ്ത്രീകൾക്കു പോലുമുണ്ടായ മാറ്റങ്ങളും ഉദാഹരണങ്ങളായി നിരത്തി. സിഇഒമാരോടു മോദി പറഞ്ഞു-''ഞാൻ നിങ്ങളിൽ പലരെയും ഡൽഹിയിലും ന്യൂയോർക്കിലും ഫേസ്‌ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കണ്ടിട്ടുണ്ട്.'' ''ഫേസ്‌ബുക്ക് രാജ്യമായിരുന്നെങ്കിൽ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാവുമായിരുന്നു അത്.''- ഫേസ്‌ബുക്കിനെപ്പറ്റി മോദി പറഞ്ഞു.

''അദ്ധ്യാപകരോട് മുമ്പുണ്ടായിരുന്ന ആദരവുകലർന്ന അദ്ഭുതം കുറയ്ക്കുന്നതാണ് ഗൂഗിൾ. പ്രായം ചെന്നവരെ കൂടുതൽ മടിയന്മാരുമാക്കുന്നു'' എന്നു ഗൂഗിളിനെക്കുറിച്ചു തമാശയായി പറഞ്ഞ മോദി ട്വിറ്ററിനെക്കുറിച്ചു പറഞ്ഞത് ഇങ്ങനെ: ''ട്വിറ്റർ എല്ലാവരെയും റിപ്പോർട്ടർമാരാക്കി.'' ഓരോ പരാമർശത്തിനും കനത്ത കരഘോഷം അകമ്പടിയായി. നിങ്ങൾ ഉണർന്നിരിക്കുകയാണോ ഉറങ്ങുകയാണോ എന്നതല്ല, നിങ്ങൾ ഓൺലൈനാണോ ഓഫ്‌ലൈനാണോ എന്നതാണു കൂടുതൽ പ്രധാനമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവജനങ്ങളുടെ പ്രധാന ചർച്ച ആൻഡ്രോയ്ഡ് വേണോ ഐഒഎസ് വേണോ വിൻഡോസ് വേണോ എന്നതാണെന്നും മോദി പറഞ്ഞു.



ഡിജിറ്റൽ ലോകത്തെ പദപ്രയോഗങ്ങൾ മേമ്പൊടി ചേർത്തായിരുന്നു മോദിയുടെ പ്രഭാഷണം. ഇപ്പോൾ സ്റ്റാറ്റസ് എന്നാൽ നിങ്ങൾ ഓൺലൈനാണോ ഓഫ്‌ലൈനാണോ എന്നതിന്റെ സൂചനയായി എന്ന വാക്ക് കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.'അസ്തമയ സൂര്യൻ അവസാനമെത്തുന്ന സ്ഥലമാണ് കാലിഫോർണിയ. പക്ഷെ, പുത്തൻ ആശയങ്ങൾ ആദ്യം ഉദിക്കുന്നതും ഇവിടെയാണ്' എന്ന വാക്കുകളും സദസ്സിനെ രസിപ്പിച്ചു. ഫേസ്‌ബുക്കും ട്വിറ്ററും ഇൻസ്റ്റഗ്രാമുമാണ് പുതിയ ലോകത്തെ അയൽക്കാരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുട്ടൊപ്പമെത്തുന്ന നിക്കറും ബനിയനും ധരിച്ചും ജോലിചെയ്യാവുന്ന സ്ഥലമായിരുന്നു ഫേസ്‌ബുക്ക്. കോട്ടിന്റെയും ടൈയുടേയും ഔപചാരികത ഉപേക്ഷിച്ചവർ. കോളറില്ലാത്ത ചാരനിറത്തിലുള്ള ബനിയനും ജീൻസും ധരിച്ചെത്തുന്ന സിഇഒ. ഉള്ള സ്ഥാപനം.പക്ഷെ ഞായറാഴ്ച ഫേസ്‌ബുക്കും ഔപചാരികതയെ പുൽകി. മോദിയുടെ സന്ദർശനം പ്രമാണിച്ച് ജീവനക്കാർക്കും പരിപാടി റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവർത്തകർക്കും കമ്പനി 'ഡ്രസ് കോഡ്' നിർദ്ദേശിച്ചിരുന്നു. സ്യൂട്ടാണ് പുരുഷന്മാർക്ക് നിർദ്ദേശിച്ചത്. 'നല്ല വേഷം' ധരിച്ചെത്താൻ സ്ത്രീകളോടും നിർദ്ദേശിച്ചിരുന്നു.

മോദിയുടെ സ്വപ്നപദ്ധതിയായ 'ഡിജിറ്റൽ ഇന്ത്യ'യ്ക്കു പിന്തുണയുമായി ആഗോള ഐടി കമ്പനികൾ ഒരുമിക്കുന്നതും കണ്ടു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ അഞ്ചുലക്ഷം ഗ്രാമങ്ങളിൽ ചെലവു കുറഞ്ഞ ബ്രോഡ്ബാൻഡ് സാങ്കേതികവിദ്യ എത്തിക്കുമെന്നു മൈക്രോസോഫ്റ്റും ഇന്ത്യയിൽ 500 റയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സൗകര്യമൊരുക്കാൻ സഹകരിക്കുമെന്നു ഗൂഗിളും പ്രഖ്യാപിച്ചു. സാൻഹോസെയിലെ സിലിക്കൺ വാലിയിൽ ആഗോള ഐടി തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ പ്രഖ്യാപനങ്ങൾ. ഇന്ത്യയിലെ ഡേറ്റാ സെന്ററുകളിൽ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സർവീസ് സേവനം ഒരാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുമെന്ന് ഇന്ത്യൻ വംശജൻകൂടിയായ സിഇഒ സത്യ നാദെല്ല പറഞ്ഞു.

സിഇഒമാരുടെ വിരുന്നിൽ അക്ഷരാർത്ഥത്തിൽ മോദി താരമായി. ആറുലക്ഷം ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഓപ്റ്റിക്കൽഫൈബർ ശൃംഖലയുടെ വിപുലീകരണം, കോളേജുകളിലും സ്‌കൂളുകളിലും ഇന്റർനെറ്റ് ലഭ്യത, സർക്കാർപദ്ധതികൾ ജനങ്ങളിലെത്തിക്കാനുള്ള 'മൈഗവ്.ഇൻ' പോലുള്ള സൈറ്റുകൾ, മോദി മൊബൈൽ ആപ്പുകൾ തുടങ്ങി സർക്കാർ തുടങ്ങിയതും തുടങ്ങാനിരിക്കുന്നതുമായ പദ്ധതികൾ എടുത്തു പറഞ്ഞായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.'ജനങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനുള്ള ഉപാധിയായാണ് ഞാൻ സാങ്കേതികവിദ്യയെ കാണുന്നത്. രണ്ടുപതിറ്റാണ്ടുമുമ്പ് നമുക്ക് ആലോചിക്കാൻപോലും കഴിയാത്തവിധം ജനജീവിതത്തെ മെച്ചപ്പെടുത്താൻ ഡിജിറ്റൽ കാലത്തിന് കഴിയുന്നുണ്ട്' അദ്ദേഹം പറഞ്ഞു.

''ചെലവു കുറഞ്ഞ ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതികവിദ്യയുടെ വികസനം എന്നിവയിലൂടെ രാജ്യത്തിന്റെ ഉൽപാദനക്ഷമത വർധിപ്പിക്കാനാവും. ഉൽപന്നങ്ങൾ കുറഞ്ഞ ചെലവിൽ നിർമ്മിക്കാനും സേവനങ്ങൾ ചെലവു കുറഞ്ഞതാക്കാനും ഇതുമൂലം കഴിയും. സാങ്കേതികരംഗത്തെ വികസനത്തിലൂടെ ഇന്ത്യയ്ക്കു കുതിച്ചുചാട്ടം നടത്താൻ കഴിയും. അതിനായി നരേന്ദ്ര മോദി ശരിയായ പാതയിലാണു സഞ്ചരിക്കുന്നത്. മൈക്രോസോഫ്റ്റ് ദീർഘകാലത്തേക്കാണു വീക്ഷിക്കുന്നത്''-സത്യ നാദെല്ല പറഞ്ഞു. ഇന്ത്യയിൽ 500 റയിൽവേ സ്റ്റേഷനുകളിലാണു ഗൂഗിളിന്റെ സഹകരണത്തോടെ സൗജന്യ വൈഫൈ ലഭ്യമാവുക. വിമാനത്താവള ലോഞ്ചുകളിൽ മാത്രമല്ല, റയിൽവേ സ്റ്റേഷനുകളിലേക്കും സൗജന്യ വൈഫൈ എത്തുകയാണെന്നും വൈകാതെ ഇതു നടപ്പാക്കുമെന്നും മോദി പറഞ്ഞു.

ഡിജിറ്റൽ സാക്ഷരത വർധിപ്പിക്കാനായി എല്ലാവർക്കും മാതൃഭാഷയിൽ കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യാൻ സൗകര്യമൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്ത്യൻ വംശജനായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു. അടുത്തമാസത്തോടെ ഇന്ത്യയിലെ 10 ഭാഷകളിൽ ടൈപ്പ് ചെയ്യാനുള്ള സൗകര്യം ഗൂഗിൾ ഒരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചു ചിപ് നിർമ്മാണ സ്ഥാപനമായ ക്വാൽകോം ഇന്ത്യയിൽ 15 കോടി ഡോളർ (ഏകദേശം 990 കോടി രൂപ) സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുമെന്ന് എക്‌സിക്യൂട്ടീവ് ചെയർമാൻ പോൾ ഇ. ജേക്കബ്‌സ് അറിയിച്ചു. ക്വാൽകോം വെഞ്ചേഴ്‌സ് എന്ന ഉപസ്ഥാപനംവഴിയാണ് നിക്ഷേപം. മൊബൈൽ, ഇന്റർനെറ്റ്, മാർക്കറ്റിങ്, വ്യാപാരസഹായം തുടങ്ങിയ മേഖലകളിലെ നൂതന സ്റ്റാർട്ട് അപ് സംരംഭങ്ങൾക്കാണ് മുതൽമുടക്കുന്നത്.

ആപ്പിൾ കമ്പനി ഇന്ത്യയിൽ നിർമ്മാണകേന്ദ്രം ആരംഭിക്കണമെന്നു മോദി സിഇഒ ടിം കുക്കിനോട് അഭ്യർത്ഥിച്ചു. വൻ വളർച്ചസാധ്യതയുള്ള മേഖലയാണ് ഇന്ത്യയെന്നു മോദി പറഞ്ഞു. അനുകൂല മറുപടിയാണു ടിം കുക്കിൽനിന്നുണ്ടായത്. കമ്പനിയുടെ ദീർഘകാല ലക്ഷ്യങ്ങളിൽ ഇന്ത്യയിലെ നിർമ്മാണകേന്ദ്രവുമുണ്ടെന്നു ടിം കുക്ക് അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ആപ്പിളിനുവേണ്ടി ഘടകങ്ങൾ നിർമ്മിക്കുന്ന സ്ഥാപനമായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ നിർമ്മാണകേന്ദ്രം തുടങ്ങാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇരുപതോളം വർഷമായി ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നും രാജ്യത്തെ പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ടിം കുക്ക് അറിയിച്ചു. ആപ്പിൾ സിഇഒ. ടിം കുക്കുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചയിലാണ് 'ഇന്ത്യയിൽ നിർമ്മിക്കാൻ' പ്രധാനമന്ത്രി ക്ഷണിച്ചത്.

ഇന്ത്യയിൽ വലിയ മാറ്റം വരുത്തുന്ന പദ്ധതിയാണ് 'ഡിജിറ്റൽ ഇന്ത്യ' എന്നു നരേന്ദ്ര മോദി പറഞ്ഞു. കടലാസ് രഹിത ഇടപാടുകളാണു സർക്കാരിന്റെ ലക്ഷ്യങ്ങളിലൊന്ന്. എല്ലാ പൗരന്മാർക്കും ഡിജിറ്റൽ ലോക്കർ സൗകര്യം നൽകും. എല്ലാ വകുപ്പുകളിലുമുള്ള രേഖകൾ ഇതിൽ സൂക്ഷിക്കാം. മൂന്നു പതിറ്റാണ്ടിനിടെ സിലിക്കൺ വാലി സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു മുന്നോടിയായി ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് തന്റെ ഫേസ്‌ബുക്ക് പ്രൊഫൈൽ പിക്ചറിലൂടെ ഡിജിറ്റൽ ഇന്ത്യയ്ക്കു പിന്തുണയറിയിച്ചു.

ബാറ്ററി സാങ്കേതികവിദ്യ, വീണ്ടും ഉപയോഗിക്കാവുന്ന ഊർജം, ഊർജസംഭരണം എന്നിവയിൽ മുൻനിരക്കാരായ 'തെസ്ല' കമ്പനി പ്രധാനമന്ത്രി സന്ദർശിച്ചു. സിഇഒ.എലൻ മസ്‌കുമായി ചർച്ച നടത്തിയ അദ്ദേഹം ബാറ്ററിയിൽ പ്രവർത്തിക്കുന്ന കാറിൽ ടെസ്റ്റ് ഡ്രൈവും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP