Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

സിലിക്കൺ വാലിയിൽ എത്തിയ മോദി പ്രമുഖരുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ കുപ്പായം മാറിയത് നാലുതവണ! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫാഷൻ ഷോയിൽ അന്തം വിട്ട് ടെക്കിമാർ

സിലിക്കൺ വാലിയിൽ എത്തിയ മോദി പ്രമുഖരുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്കിടെ കുപ്പായം മാറിയത് നാലുതവണ! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഫാഷൻ ഷോയിൽ അന്തം വിട്ട് ടെക്കിമാർ

സാൻജോസ്: ഇന്ത്യൻ രാഷ്ട്രീയക്കാർക്കിടയിലെ സ്റ്റൈൽ മന്നനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പറഞ്ഞാൽ അതിൽ യാതൊരു അത്ഭുതവുമില്ല. മോദി കുർത്തയും പൈജാമയുമൊക്കെ ലോകം മുഴുവൻ ഹിറ്റാണ്. അതൊകൊണ്ട് തന്നെ മോഡൽ കുർത്തകളുടെ ബ്രാൻഡ് അംബാസിഡറാണ് മോദിയെന്നാണ് ഫാഷൻ ലോകം വിശേഷിപ്പിക്കുന്നത്. ഇത്തവണ അമേരിക്കയിൽ പോയപ്പോഴും മോദി എന്തായാലും തന്റെ പതിവ് തെറ്റിച്ചില്ല. ഇത്തവണ സിലിക്കൺ വാലിയിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ ഫാഷൻ പരേഡ് നടന്നത്. സിലിക്കൺ വാലിയിൽ തനിക്ക് കൂടിക്കാഴ്‌ച്ച നടത്തേണ്ടത് ലോകത്തെ അതിപ്രശക്തവായ വ്യക്തിത്വങ്ങളുമായി ആണെന്ന ബോധ്യമുള്ളതു കൊണ്ടു തന്നെ ഓരോ വ്യക്തിക്കും ഓരോ വസ്ത്രം എന്ന നിലയിലാണ് മോദി തിരഞ്ഞെടുപ്പ് നടത്തിയത്. സിലിക്കൺ വാലിയിൽ ഇന്ത്യൻ പ്രധാനമന്ത്രി ചിലവഴിച്ചത് പത്ത് മണിക്കൂറോളം സമയം മാത്രമാണ്. ഈ സമയത്തിനിടെ അദ്ദേഹം കുപ്പായം മാറ്റിയത് നാല് തവണ ആയിരുന്നു. ഇത് സംബന്ധിച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഞായറാഴ്ച രാവിലെ സാൻജോസിൽ എയർഇന്ത്യ വൺ വിമാനത്തിൽ എത്തിയപ്പോൾ വെളുത്തനിറത്തിലെ കുർത്തയും വെള്ളിനിറത്തിലെ ജാക്കറ്റമായിരുന്നു മോദിയുടെ വേഷം. ടെസ്ല മോട്ടോഴ്‌സിന്റെ ആസ്ഥാനത്തു മോദി എത്തിയതാകട്ടെ ഇളം നീല നിറത്തിലെ ഷർട്ടും കാക്കിയുമായിരുന്നു. വി നെക്കിലുള്ള ഐവറി നിറത്തിലെ കോട്ടും നീല നിറത്തിലെ തൂവലയും ഒപ്പം. അതേ വേഷത്തിൽതന്നെയായിരുന്നു ആപ്പിൾ സിഇഒ ടിം കുക്കുമായുള്ള കൂടിക്കാഴ്‌ച്ച നടത്തിയതും.

അടുത്ത ചടങ്ങായ ഡിജിറ്റൽ ഇന്ത്യ സൽകാരത്തിലേക്ക് മോദി എത്തിയപ്പോൾ പ്രധാനമന്ത്രി വേഷം മാറ്റി. ഇത്തവണ തവിട്ട് നിറത്തിലുള്ള കുർത്തയാണ് മോദി ധരിച്ചത്. മൈക്രോസോഫ്റ്റ് തലവൻ സത്യ നദെല്ല, ക്വാൽകോം തലവൻ പോൾ ജേക്കബ്‌സ്, ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ്, സിസ്‌കോ തലവൻ ജോൺ ചേംബേഴ്‌സ് അഡോബ് മേധാവി ശന്തനു നാരായൺ എന്നിവരുമായി കൂടിക്കാഴ്‌ച്ച ഈ വേഷത്തിലായിരുന്നു.

എന്നാൽ മാർക്ക് സുക്കർബർഗിനെ കാണാൻ ഫേസ്‌ബുക്ക് ടൗൺഹാളിലേക്ക് എത്തിയ മോദി പിന്നെയും വേഷം മാറി. വെള്ളനിറത്തിലെ ഫോർമൽ ഷർട്ടും കറുത്ത പാന്റും അണിഞ്ഞാണ് ഇന്ത്യൻ പ്രധാനമന്ത്രി എത്തിയത്. കറുത്ത നിറത്തിലെ നെഹ്‌റു ജാക്കറ്റും ധരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ചയ്ക്കു എസ്എപി സെന്റർ സ്്‌റ്റേഡിയത്തിലെത്തിയപ്പോൾ കുർത്ത പൈജാമയിലേക്കു മാറിയ മോദിക്കു തവിട്ടുനിറത്തിലെ ജാക്കറ്റുമായി വേഷം. എന്തായാലും ഇന്ത്യൻ പ്രധാനമന്ത്രിയുടെ വേഷം മാറൽ കണ്ട് ടെക്കികൾ പോലും അന്തംവിട്ടുവെന്നാണ് കേൾവി.

മോദി ആദ്യമായല്ല വേഷം മാറി മറിമായം കാട്ടുന്നത്. കഴിഞ്ഞ റിപബ്ലിക്ക് ദിനത്തിൽ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ അതിഥിയായി പങ്കെടുത്ത ചടങ്ങുകളിൽ മോദി പ്രത്യക്ഷപ്പെട്ടതു മൂന്നു വേഷങ്ങളിലായിരുന്നു. ഒബാമ ആദ്യന്തം ഒരൊറ്റ സ്യൂട്ടിൽ എത്തിയപ്പോഴാണ് ഒരു ദിവസത്തിനിടെ മൂന്നുവേഷങ്ങളിൽ മോദിയെ കാണപ്പെട്ടത്. ഇത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തു. കൂടാതെ സ്വന്തം പേരെഴുതിയ കുർത്ത ധരിച്ചതിന്റെ പേരിലും മോദി ഏറെ വിമർശനം നേരിടേണ്ടി വന്നിരുന്നു. അടുത്തിടെ അദ്ധ്യാപക ദിനത്തിൽ തന്റെ വസ്ത്രങ്ങൾ തുന്നുന്നത് താൻ തന്നെയാണെന്ന് മോദി കുട്ടികളോടായി പറഞ്ഞിരുന്നു. ഇത്തവണ സിലിക്കൾ വാലിയിൽ എത്തിയ മോദിയുടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്തത് അദ്ദേഹം തന്നെയാണോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP