Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറ്റെന്നാൾ മുതൽ പത്രിക നൽകി തുടങ്ങാം; സീറ്റ് വിഭജനം പോലും പൂർത്തിയാക്കാതെ മുന്നണികൾ; കൂടുതൽ ആശങ്ക യുഡിഎഫിൽ; തർക്കം ഇല്ലാത്തിടത്ത് പ്രചരണം ആരംഭിച്ചു കഴിഞ്ഞു

മറ്റെന്നാൾ മുതൽ പത്രിക നൽകി തുടങ്ങാം; സീറ്റ് വിഭജനം പോലും പൂർത്തിയാക്കാതെ മുന്നണികൾ; കൂടുതൽ ആശങ്ക യുഡിഎഫിൽ; തർക്കം ഇല്ലാത്തിടത്ത് പ്രചരണം ആരംഭിച്ചു കഴിഞ്ഞു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചരണ ചൂട് കേരളത്തിൽ എത്തിക്കഴിഞ്ഞു. കേരളത്തിന്റെ പ്രാദേശീക മനസ്സ് പിടിക്കാൻ മുന്നണികൾ അവസാനവട്ട തയ്യാറെടുപ്പിൽ മാത്രമാണ്. എന്നാൽ മത്സരിക്കാനാകുമെന്ന് ഉറപ്പുള്ള മുന്നണി സ്ഥാനാർത്ഥികളും സ്വതന്ത്രരും പ്രചരണത്തിൽ സജീവമായിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യതയോടെയാകും ഇത്തവണ തദ്ദേശത്തിലും പോരാട്ടം കടുപ്പിക്കുക. നാമനിർദ്ദേശ പത്രിക സമർപ്പണം ബുധനാഴ്ച തുടങ്ങും. അവസാന തീയതി ഈ മാസം 14. ഇതോടെ മത്സരത്തിന്റെ യാഥാർത്ഥ ചിത്രം വ്യക്തമാകും.

ഇനി സ്ഥാനാർത്ഥികൾ ആരൊക്കെയാണ് എന്ന് അറിയാൻ അവശേഷിക്കുന്നത് 9 നാൾ. എന്നാൽ മുന്നണികൾക്ക് സീറ്റ് വിഭജനം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പ്രതീക്ഷിച്ചതിലും നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെന്നാണ് മുന്നണികളുടെ പരാതി. നവംബർ പത്തിനാകും വോട്ടെടുപ്പെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതെല്ലാം തകിടം മറിച്ചാണ് നവംബർ 7ന് വോട്ടണ്ണൽ നടക്കുന്ന തരത്തിൽ തീയതി പ്രഖ്യാപിച്ചത്. ഇതോടെ ഇടത് വലത് മുന്നണികൾ പ്രതിസന്ധിയിലായി. എസ്എൻഡിപിയുമായി സഖ്യസാധ്യത തേടുന്ന ബിജെപിയും സീറ്റ് വിഭജനത്തിൽ തീരുമാനം എടുക്കാൻ കഴിയാതെ പെട്ടു. ഏറ്റവും പ്രതിസന്ധി പതിവ് പോലെ യുഡിഎഫിലാണ്. കോൺഗ്രസും മുസ്ലിം ലീഗും കേരളാ കോൺഗ്രസും ആർഎസ്‌പിയുമെല്ലാം പലവഴിക്കാണ് നിൽപ്പ്. എല്ലാവർക്കും കൂടുതൽ സീറ്റ് വേണമെന്നതാണ് അവസ്ഥ.

ഇനിയെല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ വേണം. സ്ഥാനാർത്ഥി നിർണയക്കാര്യത്തിൽ ഈ ആഴ്ചയ്ക്കകം പൂർണത വരുത്തണം. സീറ്റ് വിഭജന കാര്യത്തിൽ സംസ്ഥാനത്തുടനീളം ഏറക്കുറെ ധാരണയായെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. മുന്നണിയിൽ കക്ഷികളുടെ തള്ളലില്ലാത്തത് അവർക്ക് സീറ്റ് വിഭജനം താരതമ്യേന എളുപ്പമാക്കുന്നു. യു.ഡി.എഫ് വിട്ടുവന്ന പിള്ളയുടെ കേരള കോൺഗ്രസ്ബി, പി.സി. ജോർജിന്റെ സെക്യുലർ കേരള കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി അവരുടെ സ്വാധീനമേഖലകളിൽ നീക്കുപോക്കിനുള്ള ചർച്ചകൾ തുടരുകയാണെന്നാണ് വിവരം. ജെ.എസ്.എസ് ഗൗരിഅമ്മ വിഭാഗം, സി.എംപി അരവിന്ദാക്ഷൻ വിഭാഗം, ആർ.എസ്‌പി ബാബുദിവാകരൻ വിഭാഗം തുടങ്ങിയ കക്ഷികളുമായി പലേടത്തും സീറ്റ് ധാരണയായി. ഐ.എൻ.എല്ലുമായും ധാരണയായി.

ഈ മാസം പത്തിനകം സ്ഥാനാർത്ഥി പട്ടിക പൂർത്തിയാക്കുമെന്നുമാണ് ഇടത് മുന്നണി നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്. യു.ഡി.എഫിൽ പക്ഷേ സ്ഥിതി വ്യത്യസ്തമാണ്. മലപ്പുറത്ത് മുസ്‌ളിംലീഗും കൊല്ലത്ത് ആർ.എസ്‌പിയും ഉയർത്തിയ തർക്കങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം താഴേതട്ടിലേക്ക് വിട്ടുകൊടുത്ത കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ തീരുമാനത്തെ തുടർന്ന് വാർഡ്തല കൺവെൻഷനുകളിൽ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. വാർഡ്, ജില്ലാ തല സബ്കമ്മിറ്റികൾ ഊർജിതമാക്കി പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ നിർദ്ദേശം നൽകിയതായി ഇന്നലെ സുധീരൻ പറഞ്ഞു. ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തോടെ സീറ്റ് വിഭജനക്കാര്യത്തിൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു.

നാളെ കൊച്ചിയിൽ എ.കെ. ആന്റണി ഉദ്ഘാടനം ചെയ്യുന്ന സംസ്ഥാന കൺവൻഷനോടെ യുഡിഎഫ് പ്രചാരണത്തിലേക്ക് കടക്കും. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനാവുന്ന കൺവൻഷനിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പ്രകടനപത്രിക പ്രകാശനം ചെയ്യും. മറ്റന്നാൾ നാലിനു ക്ലിഫ് ഹൗസിൽ ചേരുന്ന യുഡിഎഫ് നേതൃയോഗം സീറ്റ് വിഭജന രൂപരേഖ തയാറാക്കും. പ്രാദേശിക സീറ്റ് വിഭജന ചർച്ചകൾ ആരംഭിക്കുന്നതേയുള്ളൂ. നിലവിലുള്ള സീറ്റുകൾ അതതു പാർട്ടിക്ക് എന്നതു പ്രാഥമിക മാനദണ്ഡമായേക്കും. പുതുതായി വന്ന ആർഎസ്‌പിക്കു പ്രധാനമായി കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ജനതാദളിനു മലബാർ മേഖലയിലും സീറ്റുകൾ ക ണ്ടെത്തേണ്ടിവരും. ആർ ബാലകൃഷ്ണപിള്ളയുടെ പാർട്ടി യുഡിഎഫ് വിട്ടതിനാൽ ആ സീറ്റുകൾ കിട്ടും. സിഎംപിയും ജെഎസ്എസും പിളർന്നതിനാൽ മുൻകാല പരിഗണന വേണ്ടിവരില്ല. മലപ്പുറത്തെ കോൺഗ്രസ്-ലീഗ് തർക്കവും ഇടുക്കിയിലെ കോൺഗ്രസ്-കേരള കോൺഗ്രസ് തർക്കവും തീർക്കാൻ ചർച്ചയും ബുധനാഴ്ച നടക്കും.

എൽഡിഎഫിനും സിപിഎമ്മിനും നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അഗ്‌നിപരീക്ഷയാണിത്. സീറ്റ് വിഭജന ചർച്ചകൾ ജില്ലാ-പ്രാദേശികതലങ്ങളിൽ ഏറെക്കുറെ പൂർത്തിയായി. ഭവനസന്ദർശന പരിപാടികളും ചിലയിടങ്ങളിൽ ആരംഭിച്ചു. മുന്നണിക്കു പുറത്തു സഹകരിപ്പിക്കുന്ന കക്ഷികളുമായി ജില്ലാതലത്തിൽ സിപിഐ(എം) നേതാക്കൾ ചർച്ചയിലാണ്. സോഷ്യൽ മീഡിയയുടെ സഹായത്തോടെ പല സ്ഥാനാർത്ഥികളും ഇടത് മുന്നണിക്കായി വോട്ട് അഭ്യർത്ഥന തുടങ്ങിക്കഴിഞ്ഞു. എസ്എൻഡിപി-ബിജെപി നീക്കം ബാധിക്കാതിരിക്കാനുള്ള കരുതൽ വേണമെന്നു കീഴ്ഘടകങ്ങൾക്കു സിപിഐ(എം) നിർദ്ദേശം. വി എസ്. അച്യുതാനന്ദനെ പ്രചാരണത്തിനു മുന്നിൽ നിർത്തുമെന്ാണ് സൂചന. കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുകളും ഉണ്ട്.

 

സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയായിക്കഴിഞ്ഞെന്നാണ് ഇക്കുറി പുതിയ രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങുന്ന ബിജെപി നേതൃത്വത്തിന്റെ അവകാശവാദം. എസ്.എൻ.ഡി.പി യോഗം പ്രവർത്തകരുമായി ഉണ്ടാക്കിവരുന്ന ധാരണയനുസരിച്ച് അവരുടെ സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി പ്രാദേശിക നേതൃത്വത്തിന് നൽകുന്നുണ്ട്. നൂറ് ശതമാനം ഉറപ്പുള്ള വാർഡുകളിൽ മാത്രമാണ് യോഗം പ്രവർത്തകർ ബിജെപി പിന്തുണയോടെ സ്വതന്ത്രരായി മത്സരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP