Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ നികൃഷ്ട ജീവി പ്രയോഗം കടമെടുത്ത് സുധീരനെ ആക്രമിച്ച് വെള്ളാപ്പള്ളി; സിപിഎമ്മിനെ മാത്രം ടാർഗെറ്റ് ചെയ്തു മുന്നേറാനുള്ള തീരുമാനം എസ്എൻഡിപി മാറ്റി; എ-ഐ നേതാക്കൾക്ക് സുധീരനെ തല്ലാൻ മറ്റൊരു വടികൂടി

പിണറായിയുടെ നികൃഷ്ട ജീവി പ്രയോഗം കടമെടുത്ത് സുധീരനെ ആക്രമിച്ച് വെള്ളാപ്പള്ളി; സിപിഎമ്മിനെ മാത്രം ടാർഗെറ്റ് ചെയ്തു മുന്നേറാനുള്ള തീരുമാനം എസ്എൻഡിപി മാറ്റി; എ-ഐ നേതാക്കൾക്ക് സുധീരനെ തല്ലാൻ മറ്റൊരു വടികൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പിണറായി വിജയന്റെ നികൃഷ്ട ജീവി പ്രയോഗമായിരുന്നു താരം. കൊല്ലത്തെ ആർഎസ്‌പി സ്ഥാനാർത്ഥി പ്രേമചന്ദ്രനെ പിണറായി രാഷ്ട്രീയമായി ആക്രമിക്കാൻ തെരഞ്ഞെടുത്ത വാക്ക് കടന്നു പോയെന്ന് സിപിഐ(എം) പോലും വിലയിരുത്തി. പ്രേമചന്ദ്രന്റെ കൊല്ലത്തെ വിജയവും യുഡിഎഫിന് കിട്ടിയ മുൻതൂക്കത്തിന് കാരണവും പിണറായിയുടെ നികൃഷ്ട ജീവി പ്രയോഗമാണെന്ന് കരുതുന്നവർ ഏറെയാണ്. അത്തരമൊരു വാക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പും ചർച്ചകളിൽ സജീവമാകുന്നു. ഇവിടെ പുതിയ രാഷ്ട്രീയ മോഹങ്ങളുമായി സജീവമാകുന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് നികൃഷ്ട ജീവിയെ വീണ്ടും സജീവമാക്കുന്നത്.

സിപിഎമ്മിന്റെ വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കി നേട്ടമുണ്ടാക്കുകയായിരുന്നു വെള്ളാപ്പള്ളിയുടെ ആദ്യ ലക്ഷ്യം. എന്നാൽ കോൺഗ്രസിനെ വെറുതെ വിട്ട് ഭൂരിപക്ഷ രാഷ്ട്രീയത്തിന് കാലുറയ്ക്കാൻ കഴിയില്ലെന്ന് വെള്ളാപ്പള്ളി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് കരുതലോടെയുള്ള നീക്കം. അതുകൊണ്ട് തന്നെ കെപിസിസി അധ്യക്ഷനെ പ്രതിക്കൂട്ടിലാക്കാൻ നികൃഷ്ട ജീവിയെ തന്നെ അദ്ദേഹം പുറത്തെടുത്തു. കോൺഗ്രസിലെ എ-ഐ വിഭാഗങ്ങളെ തൃപ്തരാക്കി സുധീരനെ ഒറ്റപ്പെടുത്താനുള്ള നീക്കമായും വിലയിരുത്തുന്നു. ഏതായാലും വെള്ളാപ്പള്ളിക്ക് മറുപടി കൊടുക്കാൻ കോൺഗ്രസ് നേതാക്കളൊന്നും എത്തില്ല. അതും സുധീരൻ തന്നെ ചെയ്യണം. വി എസ് അച്യൂതാനന്ദനെ ശിഖണ്ടിയോട് താരതമ്യം ചെയ്യുന്ന വെള്ളാപ്പള്ളി സുധീരനെയും കടന്നാക്രമിക്കാൻ രൂക്ഷമായ വാക്കുകൾ തെഞ്ഞെടുത്തുവെന്നതാണ് ശ്രദ്ധേയം.

കോൺഗ്രസ് പ്രവർത്തകർക്ക് പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണ് വി എം. സുധീരനെന്നാണ് വെള്ളാപ്പള്ളിയുടെ അഭിപ്രായ പ്രകടനം. ആർക്കും വേണ്ടാത്ത സുധീരനോട് തർക്കിക്കാൻ ഞാനില്ല. യോഗത്തിന് സിപിഐ(എം) വിരോധമില്ല. സിപിഐ(എം) തിരുത്തണമെന്നാണ് ആഗ്രഹം. സംഘടിത മതന്യൂനപക്ഷങ്ങൾക്ക് എല്ലാം വാരിക്കോരിക്കൊടുക്കുന്ന യു.ഡി.എഫ് സമീപനം യോഗം തിരിച്ചറിഞ്ഞിട്ടുണ്ട്. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഭൂരിപക്ഷ ഐക്യത്തിൽ നിന്ന് സുകുമാരൻ നായർ പിന്തിരിഞ്ഞതുകൊണ്ട് നായർ സമുദായം മൊത്തത്തിൽ പിൻവലിഞ്ഞുവെന്ന് അർത്ഥമില്ല. നായർ സമുദായത്തിലെ നിരവധിയാളുകൾ ഈ കൂട്ടായ്മയിൽ പങ്കാളിയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. താൻ ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണുന്നതിന്റെ ലക്ഷ്യം വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും അതിനെ ആവശ്യമില്ലാത്ത തരത്തിൽ വിമർശിച്ച വി എം. സുധീരൻ കോൺഗ്രസിൽ പോലും ആർക്കും വേണ്ടാത്ത നികൃഷ്ടജീവിയാണെന്നായിരുന്നു വിശദീകരണം.

കോൺഗ്രസിൽ സുധീരൻ മാത്രമാണ് വെള്ളാപ്പള്ളിയെക്ക് എതിരെ പരസ്യ വിമർശനത്തിന് തയ്യാറായത്. സുധീരനും വെള്ളാപ്പള്ളിയും വളരെ മുമ്പ് തന്നെ രണ്ട് വഴിക്കാണ്. ആലപ്പുഴയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുധീരൻ മത്സരിക്കുമ്പോൾ തുടങ്ങിയതാണ് പിണക്കം. ഈ സാഹചര്യത്തിലാണ് തന്നെ ആക്രമിച്ച സുധീരനെ വെള്ളാപ്പള്ളി നികൃഷ്ട ജീവിയോട് ഉപമിക്കുന്നത്. ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റമുണ്ടാക്കി കോൺഗ്രസ് പിടിക്കുകയാണ് സുധീരന്റെ ലക്ഷ്യം. ഈ സാഹചര്യം മുഖ്യന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ ആരും സുധീരനെ ആക്രമിച്ചാൽ പ്രതികരിക്കാൻ എത്തില്ലെന്ന് വെള്ളാപ്പള്ളിക്ക് അറിയാം. ഈ സാഹചര്യത്തിലാണ് സുധീരനെ ആക്രമിച്ച കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കം. എന്നാൽ വെള്ളാപ്പള്ളിയെ സമുദായ നേതാവായി കണ്ട് രൂക്ഷ വിമർശനങ്ങൾ വേണ്ടെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകൾ

എന്നാൽ നികൃഷ്ടജീവി പ്രയോഗം ചേരുന്നത് അത് പറയുന്നവർക്ക് തന്നെയാണെന്ന് വി എം.സുധീരൻ തിരിച്ചടിച്ചു. നെയ്യാർഡാമിൽ ഐ.എൻ.റ്റി.യു.സി ദ്വിദിന ക്യാമ്പിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യവെയാണ് വെള്ളാപ്പള്ളി തനിക്കെതിരെ നടത്തിയ പ്രയോഗത്തിന് സുധീരൻ മറുപടി പറഞ്ഞത്. ഈ പ്രയോഗം ചേരുന്നവർ അത് മറ്റാർക്കും ചാർത്തിക്കൊടുക്കരുത്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ വിസ്മരിച്ച് സംഘപരിവാറിന്റെ പ്രചാരകരായി മാറാനാണ് ചിലർ ശ്രമിക്കുന്നത്. ഇത്തരക്കാർ നടത്തുന്നതാണ് നികൃഷ്ട പ്രവർത്തനം. യോഗത്തിന്റെ ലക്ഷ്യം ശ്രീനാരായണീയരെ ഉദ്ധരിക്കുകയാണ്. ശ്രീനാരായണ ധർമ്മം കൈവിട്ട് മോദിയുടേയും അമിത് ഷായുടേയും പ്രചാരകരായി മാറാൻ ശ്രമിച്ചാൽ നിരാശയായിരിക്കും ഫലമെന്നും സുധീരൻ ഓർമ്മിപ്പിച്ചു. ഇതോടെ വരും ദിനങ്ങളിലും വെള്ളാപ്പള്ളി-സുധീരൻ പോര് ഉറപ്പായി. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരനെ മാറ്റാൻ ആഗ്രഹിക്കുന്നവർക്ക് ഇത് പുതിയ പ്രതീക്ഷയാണ്. ഈഴവ സമുദായത്തെ സുധീരൻ പിണക്കിയെന്ന് വരുത്താനാണ് നീക്കം.

എസ്.എൻ.ഡി.പി. യോഗം ഇടുക്കി ജില്ലയിലെ യൂണിയൻ, ശാഖായോഗം ഭരണസമിതി അംഗങ്ങളുടെയും പോഷകസംഘടനാ ഭാരവാഹികളുടെയും സംഗമത്തിലാണ് വെള്ളാപ്പള്ളി, വി.എസിനും സുധീരനും എതിരേ ആഞ്ഞടിച്ചത്. ഭീഷ്മാചാര്യനെ കുടുക്കിയ ശിഖണ്ഡിയായി മാറിയിരിക്കുകയാണ് വി എസ്. അച്യുതാനന്ദൻ. ഇത്തരം ശിഖണ്ഡികളെ മുൻനിർത്തി എസ്.എൻ.ഡി.പി. യോഗത്തെ തകർക്കാനുള്ള മാർക്‌സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ നടക്കില്ല. അച്യുതാനന്ദനെ പോരുകോഴിയാക്കി രംഗത്തിറക്കിയിരിക്കുകയാണ് പിണറായി വിജയൻ. തന്നെ ചീത്ത പറയുകയെന്നതാണ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ അജൻഡ. ബദ്ധശത്രുക്കളായ പിണറായിയും വി.എസും ഈഴവരെ തകർക്കാനായി ഒന്നിച്ചിരിക്കുന്നു. ഇതിനു പിന്നിൽ സവർണന്റെ ബുദ്ധിയാണു പ്രവർത്തിക്കുന്നത്. സവർണർ എഴുതി നൽകുന്നത് നോക്കിവായിക്കുക മാത്രമാണ് വി എസ്. ചെയ്യുന്നത്. വി.എസിനെ 1963 മുതൽ അറിയാം.

വി.എസിന്റെ വീട്ടിൽ മാത്രമല്ല, അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് തിരുവനന്തപുരത്തെ മറ്റൊരു വീട്ടിലും പണം കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ഇത്തരത്തിലുള്ള കോടികളുടെ കണക്ക് താൻ പറയുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി ആദർശമില്ലാത്ത പാർട്ടിയായി മാറിയിരിക്കുന്നു. അധികാരത്തിന്റെ കസേര ഉറപ്പിക്കാൻ ഏതറ്റം വരെ പോകാനും അവർ തയാറാണ്. ഇതിനുദാഹരണമാണ് കാന്തപുരവുമായി ഉണ്ടാക്കിയ ചങ്ങാത്തം. ഈഴവരുടെ വോട്ട് വാങ്ങി വിജയിച്ച എൽ.ഡി.എഫ്. സർക്കാർ എസ്.എൻ.ഡി.പി. പ്രസ്ഥാനത്തിനുവേണ്ടി ഒന്നും ചെയ്തുതന്നിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP