Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജീൻസ് വിഷയത്തിൽ യേശുദാസിനോട് വിയോജിച്ചു; പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരക്കാരെ പിന്തുണച്ചു; സോഷ്യൽ മീഡിയയിൽ ദീപ നിശാന്തിന്റെ പോസ്റ്റുകൾ ജനകീയം; വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചർക്ക് പിന്തുണ ഒഴുകുന്നു

ജീൻസ് വിഷയത്തിൽ യേശുദാസിനോട് വിയോജിച്ചു; പൂണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരക്കാരെ പിന്തുണച്ചു; സോഷ്യൽ മീഡിയയിൽ ദീപ നിശാന്തിന്റെ പോസ്റ്റുകൾ ജനകീയം; വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചർക്ക് പിന്തുണ ഒഴുകുന്നു

തിരുവനന്തപുരം: കേരള വർമ്മ കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട അദ്ധ്യാപിക ദീപ നിശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിൽ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദീപ ടീച്ചറെ പിന്തുണച്ച് വിവിധ കോണുകളിൽ നിന്നും ആളുകൾ എത്തി. ഒരു തീപ്പൊരി പോലെ ഈ വിഷയം പടർന്നു പിടിക്കുകയും ചെയ്തു. എന്നാൽ, ദീപ നിശാന്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ആനുകാലിക വിഷയങ്ങളോട് സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുന്ന വ്യക്തിത്വമാണ് അവരുടേത് എന്ന് വ്യക്തമാകും. കോളേജിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ടീച്ചറായിരുന്നു ദീപാ നിശാന്ത്.

വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏത് നിലപാടിനെതിരെയും പ്രതികരിച്ചിരുന്ന വ്യക്തിത്വമായിരുന്നു ദീപ നിശാന്തിന്റേത്. തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവരെ അടിച്ചേൽപിക്കാനോ അതിനെ പിന്തുടരാനോ നിർബന്ധിക്കാതെ ഏതൊരാളുടേയും അഭിപ്രായസ്വാതന്ത്യത്തെ മാനിക്കുന്നതിനോടൊപ്പം തന്റെ ഭിന്നതയും പരസ്യമായി പ്രകടിപ്പിക്കാനുള്ള ആർജവം തന്നെയാണ് സോഷ്യൽ മീഡിയയിൽ ദീപ നിശാന്തിന്റെ പോസ്റ്റുകളെ ജനകീയമാക്കുന്നത്. ബീഫ് വിഷയത്തിൽ മാത്രമല്ല യേശുദാസിന്റെ ജീൻസിനെ കുറിച്ചുള്ള അഭിപ്രായത്തോടും പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സമരത്തിലും തന്റെ നിലപാട് വളരെ വ്യക്തമായി തന്നെ പ്രകടിപ്പിച്ചിരുന്നു.

തന്റെ ഓർമക്കുറിപ്പുകളിലൂടെ സോഷ്യൽ മീഡിയയിൽ എന്നും താരമായിരുന്നു കേരളവർമ കോളേജിലെ അദ്ധ്യാപികയായ ദീപ നിശാന്ത്. വിലകുറഞ്ഞ രാഷ്ട്രീയ നിലപാടുകൾ പോസ്റ്റ് ചെയ്ത് കയ്യടി വാങ്ങുന്ന' സോഷ്യൽ മീഡിയ തൊഴിലാളി'യിൽ നിന്ന് വ്യത്യസ്തമായ തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും ഓർമ്മക്കുറിക്കുപ്പുകളും സാഹിത്യസൃഷ്ടികളുമാണ് എന്നും ദീപ നിശാന്തിന്റെ പോസ്റ്റുകളിൽ നിറഞ്ഞിരുന്നത്. ഉത്തർപ്രദേശിൽ ബീഫ് കൈവശം വച്ചതിന് ഒരാളെ തല്ലിക്കൊന്നതിനെ തുടർന്ന് കേരള വർമ കോളേജിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ അനകൂലിച്ച് ദീപ എഴുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.

ശുഷ്‌ക്കമായ വായനകുറിച്ച് പുതിയ തലമുറയെ വിമർശിക്കുന്നതിനോടൊപ്പം ആത്മവിമർശനവും നടത്താനുള്ള തന്റേടവും ഇവരുടെ പോസ്റ്റുകളെ വ്യത്യസ്തമാക്കിയിട്ടുണ്ട്. സിമൻ ദെ ബൊവയും സാർത്രും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അവരുടെ എഴുത്തുകളിൽ വ്യക്തിബന്ധം സ്വാധീനിച്ചതിനെ കുറിച്ചുമുള്ള കുറിപ്പുകൾ വ്യക്തമായ നിരീക്ഷണത്തിന്റെ നല്ല ഉദാഹരണമാണ്. ദീപ നിശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകളിൽ രാഷ്ട്രീയ മാനമുള്ള ഒരു കുറിപ്പ് ബീഫ് ഫെസ്റ്റിന് അനുകൂലിച്ചെഴുതിയതു മാത്രമാണ്.

'സ്വയംവര'ത്തെ കുറിച്ചും കുട്ടിക്കാലത്തെ വായനയിലൂടെ കടന്നു വന്ന 'അശ്ലീല'മെന്നു മുദ്രകുത്തപ്പെട്ട പല വാക്കുകളിൽ ഒന്ന് അർഥമറിയാതെ പ്രയോഗിച്ചപ്പോൾ കിട്ടിയ അടിയുടേയും സ്‌കൂൾ, കോളേജ് ജീവിതത്തിന്റെയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഓർമക്കുറിപ്പുകൾക്ക് ആരാധകരും ഏറെയുണ്ട്. ദീപ നിശാന്തിന് ഏറ്റവും പ്രിയപ്പെട്ട സാഹിത്യകാരൻ ആരാണ് എന്ന ചോദ്യത്തിന് അവരുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകൾ ഉത്തരം തരും. വൈക്കം മുഹമ്മദ് ബഷീറിനെ നെഞ്ചിലേറ്റി നടക്കുന്ന ടീച്ചർ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാനും മടിയില്ല.

ബീഫ് അനുകൂല പോസ്റ്റിനു മുമ്പ് ദീപ ടീച്ചറുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ച ആയത് ജീൻസിനെ കുറിച്ച് യോശുദാസിന്റെ അഭിപ്രായത്തെ ചൊല്ലിയാണ്.

'ജീൻസ് പാടില്ലെന്ന് യേശുദാസ് പറഞ്ഞതിൽ ഒരു തെറ്റുമില്ലെന്നാണു എന്റെ ഒരിത്..!
നമ്മൾ ഇടയ്ക്ക് തെറ്റിദ്ധരിക്കാറുണ്ട്..ജീൻസ് പാടുമോ എന്ന്..അത് ജീൻസ് പാടുന്നതല്ല..ജീൻസിന്റെ പോക്കറ്റിലുള്ള മൊബെയിലിന്റെ റിങ് ടോണാണു...പണ്ടു തൊട്ടേ ജീൻസും പാന്റും ബർമ്മൂഡയും പാടില്ലാർന്നു..ഈ സത്യം എനിക്കും യേശുദാസിനും മാത്രേ അറിയൂ..(പിന്നെ നന്ദനം സിൽമേലെ ബാലാമണിക്കും! ) സംഗീതമെന്തെന്നറിയാത്ത കൂപമണ്ടൂകങ്ങൾ എന്താച്ചാ പറയട്ടെ ദാസേട്ടാ..ജീൻസ് പാടൂല്ലാ..നമ്മൾ അഭിപ്രായത്തിൽ ഉറച്ചു തന്നെ നിക്കണം!!

2014 ഒക്ടോബർ 2 എഴുതിയ പോസ്റ്റ് ഏറെ ചർച്ചാ വിഷയം ആയിരുന്നു. പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ മറുപടികളും പോസ്റ്റിനു താഴയെത്തി. പോസ്റ്റിനെതിരെ കടന്നാക്രമണം രൂക്ഷമായപ്പോൾ തന്റെ നിലപാട് ഒരിക്കൽ കൂടി ആവർത്തിച്ചു. പ്രകൃതി വിരുദ്ധമെന്ന് സദാചാര മാന്യർ ചവച്ച് തുപ്പുന്ന വാക്കിനെ നിശിതമായി വിമർശിച്ചു കൊണ്ടുള്ള പോസ്റ്റും ശ്രദ്ധേയമായിരുന്നു. 'ജലം കൊണ്ടുള്ള മുറിവുകൾ' എന്ന പേരിൽ തന്റെ വിദ്യാർത്ഥിയെ കുറിച്ച് ദീപ നിശാന്ത് എഴുതിയ ഓർമക്കുറിപ്പും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പൂണെ ഫിലിം ഇൻസ്‌ററ്റിറ്റിയൂട്ടിലെ സമരത്തിന് പിന്തുണ നൽകി കേരളവർമ കോളേജിൽ സംവാദം സംഘടിപ്പിക്കാനും ടീച്ചറായിരുന്നു മുൻനിരയിൽ. കലാരംഗത്തേക്കുള്ള ജനാധിപത്യവിരുദ്ധമായ കടന്നു കയറ്റത്തെ നിശിതമായ വിമർശിക്കുന്ന സംവാദമായിരുന്നു അന്ന് കേരളവർമയിൽ സംഘടിപ്പിച്ചത്. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ പ്രതികരിക്കുന്നതിനെക്കാൾ ദീപ നിശാന്തിന്റെ പോസ്റ്റുകളിൽ ഏറെയും ഓർമക്കുറിപ്പുകളാണ്. ഈ കുറിപ്പുകളിലെ സാഹിത്യത്തിലേക്കാൾ ഉപരി, അതിലെ നന്മയെയാണ് സോഷ്യൽ മീഡിയ പിന്തുടരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP