Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് സുപ്രീംകോടതി പറയുന്ന ഈ കൊളീജിയം? എന്താണ് സർക്കാർ പറയുന്ന ഈ ജുഡീഷ്യൽ നിയമന കമ്മീഷൻ? എങ്ങനെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്? എന്തുകൊണ്ടാണ് ഇത് കോടതി കയറുന്നത്? സുപ്രീംകോടതി വിധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെ എന്നറിയാൻ ചില കാര്യങ്ങൾ

എന്താണ് സുപ്രീംകോടതി പറയുന്ന ഈ കൊളീജിയം? എന്താണ് സർക്കാർ പറയുന്ന ഈ ജുഡീഷ്യൽ നിയമന കമ്മീഷൻ? എങ്ങനെയാണ് ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നത്? എന്തുകൊണ്ടാണ് ഇത് കോടതി കയറുന്നത്? സുപ്രീംകോടതി വിധി നിങ്ങളെ ബാധിക്കുന്നത് എങ്ങനെ എന്നറിയാൻ ചില കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമ സാക്ഷരതയുടെ കാര്യത്തിൽ ഇന്ത്യയിലെ ജനങ്ങൾ മറ്റ് പാശ്ചാത്യ രാജ്യങ്ങളുമായി തട്ടിച്ചു നോക്കുമ്പോൾ അത്രയ്ക്ക് അറിവില്ലാത്തവരാണ്. കേരളം പോലുള്ള സാക്ഷര സംസ്ഥാനങ്ങളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളിലും ചാനലുകളിലും വൻപ്രാധാന്യത്തോടെ ചർച്ച ചെയ്യുകയും ചെയ്ത ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (എൻജെഎസി) റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി എത്രകണ്ട് സാധാരണക്കാർക്ക് വ്യക്തമായി മനസിലാക്കാൻ സാധിച്ചു എന്ന കാര്യം വ്യക്തമല്ല. സുപ്രീംകോടതിയുടെ ഈ വിധി സാധാരണക്കാരനെ ബാധിക്കുമോ എന്നു തുടങ്ങിയ ചോദ്യങ്ങളും ചിലർ ഉന്നയിക്കുന്നു.

ഇന്നലെ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായ വിധി നമ്മുടെ കോടതികളിൽ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ആർക്ക് എന്നതിനെ സംബന്ധിച്ചത് ആയിരുന്നു. ഒരു എംപിയെ തിരഞ്ഞെടുക്കാനുള്ള അധികാരം ജനങ്ങൾക്കാണ് എന്ന കാര്യം എല്ലാവർക്കും അറിയാം. അതുപോലെ കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പിഎസ് സി എന്ന സംവിധാനം വഴിയാണെന്നും മിക്കവർക്കും ബോധ്യമുണ്ട്. എന്നാൽ പലപ്പോഴും ചിലർക്കുള്ള സംശയമാണ് നമ്മുടെ ന്യായാധിപരെ ആരാണ് നിയമിക്കുന്നത് എന്നത്? ചിലർ കരുതിയിരിക്കുന്നത് ജഡ്ജിമാരെ നിയമിക്കുന്നതും സർക്കാറുകൾ ആണെന്നാണ്. എന്നാൽ, അങ്ങനെയല്ല, നമ്മുടെ ന്യായാധിപരെ നിയമിക്കുന്നത് ന്യായാധിപർ തന്നെയാണ്. ഇന്ത്യയിൽ നിലവിൽ നിൽക്കുന്ന വ്യവസ്ഥ ഇങ്ങനെയാണ്. സുപ്രീംകോടതി ജഡ്ജിമാർ അടങ്ങിയ ഒരു സംഘം അടങ്ങിയ 'കൊളിജിയം' എന്ന സംവിധാനം വഴിയാണ് നിലവിൽ നമ്മുടെ ന്യായാധിപരെ തിരഞ്ഞെടുക്കുന്നത്. ഈ സംവിധാനത്തിൽ മാറ്റം കൊണ്ടുവരാൻ ഒരുങ്ങിയപ്പോഴാണ് സുപ്രീംകോടതി ബെഞ്ച് ഇന്നലെ കോടതി വിധിയിലൂടെ ഇത് റദ്ദാക്കിയത്.

എന്താണ് ഈ കൊളീജിയം?

നിലവിൽ രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപരെ നിയമിക്കുന്നതുകൊളീജിയം എന്ന ഈ സംവിധാനത്തിൽ നിന്നാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും സുപ്രീം കോടതിയിലെ നാല് മുതിർന്ന ജഡ്ജിമാരും അടങ്ങിയ സമിതിക്കാണ് കൊളീജിയം എന്ന് പറയുന്നത്. ഈ സംവിധാനത്തിനാണ് ഉന്നതനീതിപീഠങ്ങളിലെ ജഡ്ജിമാരെ തിരഞ്ഞെടുക്കാനും സ്ഥലംമാറ്റ കാര്യത്തിൽ തീരുമാനമെടുക്കാനുമുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിൽ, നിയമനിർമ്മാണസഭയ്ക്കും സർക്കാറിനും പങ്കുണ്ടായാൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ആശങ്കയിൽ നിന്നാണ് കൊളിജീയം എന്ന സംവിധാനം രൂപപ്പെട്ടത്. ഈ സംവിധാനത്തിലേക്ക് കാര്യങ്ങൾ മാറിയിട്ട് രണ്ട് പതിറ്റാണ്ടായി. മൂന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ജഡ്ജിമാരുടെ നിയമന കാര്യത്തിൽ കൊളിജിയം എന്ന സംവിധാനം ഒരുങ്ങിയത്.

1981ൽ ജഡ്ജിമാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട എസ്‌പി. ഗുപ്ത കേസാണ് ആദ്യത്തേത്. 1993ൽ സുപ്രീം കോടതിയിലെ അഡ്വക്കേറ്റ്‌സ് ഓൺ റെക്കോഡ് നൽകിയ കേസിലാണ് മുതിർന്ന ജഡ്ജിമാരുടെ സംഘം ജഡ്ജിമാരെ നിയമിക്കുന്ന സംവിധാനത്തിന് രൂപം നൽകിയത്. 1998ൽ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണന്റെ റഫറൻസിനുള്ള അഭിപ്രായത്തിലൂടെയാണ് കൊളീജിയം സംവിധാനം ഉറച്ചത്. ഈ സംവിധാനം മാറ്റി ദേശീയ ജുഡീഷ്യൽ അപ്പോയ്‌മെന്റ് കമ്മീഷൻ എന്ന സംവിധാനം രൂപീകരിക്കാൻ ഒരുങ്ങിയതോടെയാണ് സുപ്രീംകോടതി ഇതിനെ എതിർത്ത് ഉത്തരവ് പുറത്തിറങ്ങിയത്. ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തിൽ ജഡ്ജിമാർക്ക് തന്നെയുള്ള സ്വാതന്ത്ര്യം നഷ്ടമാകുമോ എന്ന ആശങ്കയാണ് ഇന്നലത്തെ കോടതി വിധിയിൽ പ്രതിഫലിച്ചത് എന്നതാണ് ഇതിലെ ആക്ഷേപം.

ജുഡീഷ്യൽ നിയമന കമ്മീഷൻ എന്നാൽ എന്താണ്?

നിലവിൽ ജഡ്ജിമാരെ ജഡ്ജിമാർ തന്നെ നിയമിക്കുന്ന കൊളിജീയം സംവിധാനത്തിൽ നിന്നു മാറി സർക്കാറിന് കൂടി നിയമന കാര്യത്തിൽ പങ്കാളിത്തം ലഭിക്കുന്ന വിധത്തിൽ രൂപീകരിക്ക ഉദ്ദേശിച്ച സംവിധാനമാണ് ജുഡീഷ്യൽ നിയമന കമ്മീഷൻ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രണ്ട് മുതിർന്ന ജഡ്ജിമാർ, കേന്ദ്ര നിയമമന്ത്രി എന്നിവരും രണ്ട് പ്രമുഖവ്യക്തികളുമാണ് ഈ കമ്മീഷനിലെ അംഗങ്ങൾ. ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് രണ്ട് പ്രമുഖവ്യക്തികളെ നാമനിർദ്ദേശം ചെയ്യുന്നത്. മൂന്നുകൊല്ലമായി ഒരു കമ്മീഷന്റെ കാലാവധി നിജപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞവർഷം ആഗസ്തിൽ നിയമന ജുഡീഷ്യൽ കമ്മിഷൻ രൂപവത്കരിക്കുന്നതിനുള്ള 99ാം ഭരണഘടനാഭേദഗതി പാർലമെന്റ് പാസാക്കി. ഇതിനോടൊപ്പം, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ നിയമവും പാസാക്കിയിരുന്നു. 20 സംസ്ഥാന നിയമസഭകൾ രണ്ട് ബില്ലുകൾക്കും അംഗീകാരം നൽകിയതിനെത്തുടർന്ന് 2014 ഡിസംബർ 31ന് രാഷ്ട്രപതി അംഗീകാരം നൽകി. 2015 ഏപ്രിൽ 13 മുതൽ ഭരണഘടനാ ഭേദഗതിയും നിയമന കമ്മിഷനും നിലവിൽ വന്നിരുന്നു.

ഇങ്ങനെ ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം ജുഡീഷ്യൽ കമ്മീഷനിലേക്ക് നിക്ഷിപ്തമാക്കാൻ രൂപം കൊടുത്ത സംവിധാനത്തെ എതിർത്തുകൊണ്ടും ഇതിനായുള്ള നിയമത്തെയും നിയമ ഭേദഗതിയെയും അതിനു വ്യവസ്ഥ ചെയ്ത ഭരണഘടനാ ഭേദഗതിയും ചോദ്യംചെയ്തുള്ള ഹർജികളിലാണ് ഇന്നലെ സുപ്രീംകോടതി വിധി പറഞ്ഞത്.

എന്തുകൊണ്ടാണ് ജുഡീഷ്യൽ നിയമന കമ്മീഷനെ സുപ്രീകോടതി തള്ളിയത്?

ജഡ്ജിമാരുടെ നിയമനം ദേശീയ ന്യായാധിപ നിയമന കമീഷന് കീഴിലാക്കി പാർലമെന്റ് നടത്തിയ നിയമനിർമ്മാണം ഭരണഘടനാവിരുദ്ധവും അസാധുവുമാണ് എന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. രണ്ട് ദശകമായി നിലവിലുണ്ടായിരുന്ന കൊളീജിയം സമ്പ്രദായം പോരായ്മ പരിഹരിച്ച് തുടരുമെന്നും വിധിയിൽ വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതി ജഡ്ജിമാരെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെയും ജഡ്ജിമാരെയും നിയമിക്കുന്നതിനും സ്ഥലം മാറ്റുന്നതിനുമുള്ള നിയമനിർമ്മാണത്തിന് മുമ്പുണ്ടായിരുന്ന കൊളീജിയം സമ്പ്രദായമായിരിക്കും പിന്തുടരുകയെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം, കൊളീജിയം പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നടപടി നവംബർ മൂന്നിനകം നിർദ്ദേശിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.

ഭരണഘടനാ ഭേദഗതിയിലൂടെ കൊളീജിയം അവസാനിപ്പിച്ച സ്ഥിതിക്ക് പരീക്ഷണമെന്ന നിലയിലെങ്കിലും കമ്മിഷൻ പ്രവർത്തിക്കട്ടെയെന്ന സർക്കാർ നിലപാടും സുപ്രീംകോടതി തള്ളിയിരുന്നു. കമ്മീഷനിലെ ഏതെങ്കിലും രണ്ടംഗങ്ങൾ എതിർക്കുന്ന ഒരാളെ ജഡ്ജിയായി ശിപാർശ ചെയ്യരുതെന്ന പുതിയ നിയമത്തിലെ 6(6) വകുപ്പാണ് ഭരണഘടനാവിരുദ്ധമാണെന്ന് ജഡ്ജിമാർ ചൂണ്ടിക്കാട്ടിയത്. ഇത് അംഗീകരിച്ചാൽ ജഡ്ജിമരുടെ നിയമത്തിൽ ജഡ്ജിമാർക്കുള്ള അധികാരം നഷ്ടമാകുകയും രാഷ്ട്രീയ താൽപ്പര്യം കടന്നുവരുമെന്നുമുള്ള സന്ദേഹം ഉണ്ടായിരുന്നു. ഇതാണ് ജുഡീഷ്യൽ നിയമന കമ്മീഷനെ റദ്ദാക്കാൻ തീരുമാനിച്ചത്.

ജഡ്ജിമാരായ ജെ.എസ്. കേഹാർ, ജസ്തി ചെലമേശ്വർ, മദൻ ബി. ലൊക്കൂർ, കുര്യൻ ജോസഫ്, ആദർശ് കുമാർ ഗോയൽ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതിൽ ചെലമേശ്വർ വിധിയോട് വിയോജിച്ചു.

വിധി സാധാരണക്കാരനെ ബാധിക്കുമോ? സർക്കാറിന് തിരിച്ചടിയാണോ?

സുപ്രീംകോടതി വിധി നിലവിലെ സാഹചര്യത്തിൽ സാധാരണക്കാരനെ ബാധിക്കില്ലെന്ന് തന്നെ പറയേണ്ടി വരും. ജഡ്ജിമാരുടെ നിയമനം സാധാരണക്കാരെ പ്രത്യക്ഷത്തിൽ ബാധിക്കില്ലെന്നതു തന്നെയാണ് ഇതിന് കാരണം. എന്നാൽ കേന്ദ്രസർക്കാറിനെ സംബന്ധിച്ചിടത്തോളം കോടതി ഉത്തരവ് തിരിച്ചടി സമ്മാനിക്കുന്നത് തന്നെയാണ്. കാരണം ലോക്‌സഭയിൽ ഒരംഗത്തിന്റെ പോലും വിയേജിപ്പില്ലാതെയാണ് ഈ നിയമം കേന്ദ്രം പാസാക്കിയത്. രാജ്യസഭയിലും ഏതാണ്ട് ഇതുന്നെയായിരുന്നു അവസ്ഥ. രാജ്യത്തെ 20 നിയമസഭകളും ഈ ഭരണഘടന ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. ചുരുക്കത്തിൽ പാലമെന്റിന്റെ ഏകകണഠമായ തീരുമാനത്തിനെതിരാണ് സുപ്രീംകോടതി വിധി വിലയിരുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP