Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അമേരിക്കൻ പിന്തുണയുള്ള റിബലുകളുടെ താവളങ്ങളിലേക്ക് റഷ്യൻ ജെറ്റുകളുടെ അകമ്പടിയോടെ സിറിയൻ സേന മാർച്ച് ചെയ്യുന്നു; ഐസിസിനെതിരെയുള്ള അന്തിമപോരാട്ടത്തിന് മുമ്പ് റിബലുകളെ തുടച്ച് നീക്കാൻ ഉറച്ച് റഷ്യ; കുതന്ത്രങ്ങൾ മെനഞ്ഞ് പാശ്ചാത്യ രാജ്യങ്ങൾ

അമേരിക്കൻ പിന്തുണയുള്ള റിബലുകളുടെ താവളങ്ങളിലേക്ക് റഷ്യൻ ജെറ്റുകളുടെ അകമ്പടിയോടെ സിറിയൻ സേന മാർച്ച് ചെയ്യുന്നു; ഐസിസിനെതിരെയുള്ള അന്തിമപോരാട്ടത്തിന് മുമ്പ് റിബലുകളെ തുടച്ച് നീക്കാൻ ഉറച്ച് റഷ്യ; കുതന്ത്രങ്ങൾ മെനഞ്ഞ് പാശ്ചാത്യ രാജ്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ഡമാസ്‌കസ്: സിറിയയിലെ അമേരിക്കൻ നിലപാടുകൾക്ക് പുറകിലെ കള്ളക്കളികൾ പൊളിച്ചു കൊണ്ടും ഇക്കാര്യത്തിൽ യുഎസിന്റെ മുഖം മൂടി വലിച്ച് കീറിക്കൊണ്ടും സിറിയയിൽ റഷ്യ റിബലുകൾക്കെതിരെയും ഐസിസിനെതിരെയും നടത്തുന്ന സായുധാക്രമണം അനുദിനം ശക്തമാവുകയാണ്.

അമേരിക്ക സിറിയയിലെ ചില റിബൽ ഗ്രൂപ്പുകൾക്ക് ആയുധവും അർത്ഥവും നൽകി സഹായിക്കുന്നുവെന്ന് വ്യക്തമായ സംഗതിയാണ്. ഇത്തരം റിബൽ ഗ്രൂപ്പുകൾക്കെതിരെ ഇപ്പോൾ റഷ്യ ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. ഇത്തരം റിബലുകളുടെ താവളങ്ങളെ തകർക്കാൻ അവിടേക്ക് മാർച്ച്‌ചെയ്യുന്ന സിറിയൻ സേനയ്ക്ക് കരുത്ത് പകർന്ന് കൊണ്ട് റഷ്യൻ ജെറ്റുകൾ അകമ്പടി സേവിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐസിസിനെതിരെയുള്ള അന്തിമ പോരാട്ടത്തിന് മുമ്പ് യുഎസ് പിന്തുണയുള്ള സിറിയൻ വിമതരെ വേരോടെ നശിപ്പിക്കുകയാണ് വേണ്ടതെന്ന് റഷ്യ തിരിച്ചറിഞ്ഞ് കഴിഞ്ഞു.

സിറിയയിലെ വിവിധ മേഖലകളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിക്കുകയാണ്. 24 മണിക്കൂറിനകം 49 ഐസിസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ച് 36 ആക്രമണങ്ങൾ നടത്തിയതായി റഷ്യൻ സൈനിക മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഹമാ, ഇദ്‌ലിബ്, ലതാകിയ, ഡമസ്‌കസ്, അലെപ്പോ പ്രവിശ്യകളാണ് റഷ്യയുടെ ലക്ഷ്യം. വടക്കൻ സിറിയയിലെ ഹിംസ് നഗരത്തിൽ റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ 48 പേർ കൊല്ലപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനകൾ ആരാേപിച്ചു. ആക്രമണത്തിൽ വീടുകൾ തകർന്നാണ് ഉറക്കത്തിലായിരുന്ന ഇവർ കൊല്ലപ്പെട്ടത്. റഷ്യയുടെ നീക്കങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിൽ. അതിലുപരി എത്രത്തോളം രൂക്ഷമാണ് സിറിയയിലെ റഷ്യയുടെ ഇടപെടൽ എന്നതും ബ്രിട്ടന്റെ വാക്കുകളിൽ തന്നെയുണ്ട്. ഇറാന്റേയും സിറിയയുടേയും പിന്തുണയോടെയാണ് ഈ നീക്കങ്ങൾ.

അതുകൊണ്ട് തന്നെ പശ്ചാത്യരാജ്യങ്ങളുടെ ഇടപെടൽ മനസ്സിലാക്കിയുള്ള യുദ്ധ തന്ത്രങ്ങളാണ് റഷ്യ ഇവിടെ പയറ്റുന്നതെന്ന് കാണാം. തുറന്ന മനസോടെ റഷ്യ സിറിയയിൽ നടത്തുന്ന പോരാട്ടങ്ങളോട് നേരിട്ട് വിയോജിപ്പ് പ്രകടിപ്പിക്കാൻ അമേരിക്കയ്ക്കും കൂട്ടാളികൾക്കും ധൈര്യമില്ലെങ്കിലും തങ്ങളുടെ കള്ളക്കളികൾ പൊളിച്ച് കൊണ്ടുള്ള റഷ്യയുടെ നീക്കത്തിൽ യുഎസിനും കിങ്കരന്മാർക്കും അസംതൃപ്തിയേറെയുണ്ട്. ഇതിന്റെ ഭാഗമായി റഷ്യൻ ആക്രമണത്തിന് തുരങ്കം വയ്ക്കാൻ ഇവർ നിരവധി കുതന്ത്രങ്ങൾ മെനയുന്നുമുണ്ടെന്നാണ് അണിയറ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. സിറിയയിൽ വ്യോമാക്രമണം നടത്തുന്ന റഷ്യൻ വിമാനങ്ങൾ കിഴക്കൻ രാജ്യങ്ങളിലേക്ക് പറക്കുന്ന യൂറോപ്യൻ വിമാനങ്ങൾക്ക് ഭീഷണിയാണെന്ന് അമേരിക്കയും കൂട്ടരും പ്രചരിപ്പിച്ചത് ഇതിന്റെ ഭാഗമായാണ്.

സിറിയയിൽ ദിവസം തോറും 300 ഓളം വ്യോമാക്രമണങ്ങൾ നടത്താനും തങ്ങളുടെ യുദ്ധവിമാനങ്ങൾക്കായി ഇവിടെ പുതിയ റൺവേ നിർമ്മിക്കാനും ആലോചിക്കുന്നതായി റഷ്യ വ്യക്തമാക്കിയിരുന്നു. സിറിയൻ സേനയ്ക്ക് റഷ്യൻ ജെറ്റുകൾ അകമ്പടി സേവിക്കുന്നതും പുതിയ യുദ്ധതന്ത്രത്തിന്റെ ഭാഗമാണ്. രണ്ടാഴ്ചയിലധികമായി റഷ്യൻ ജെറ്റുകൾ സിറിയയിലെ ഐസിസുകാരുടെയും വിമതന്മാരുടെയും താവളങ്ങൾക്ക് നേരെയുള്ള ബോംബാക്രമണം തുടരുകയാണ്. ആലെപ്പോ നഗരത്തിന് തൊട്ട് തെക്കുള്ള തന്ത്രപ്രധാനമായ അൽഹാഡെർ ഗ്രാമം റഷ്യൻ വിമാനങ്ങളുടെ ആക്രമണത്തിൽ തകർന്നതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. ഈ ഗ്രാമം പിടിച്ചെടുക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് വിമതർ പ്രഖ്യാപിച്ചതിന് തൊട്ടുപിറകെയാണ് റഷ്യ ഇതിന് മുകളിൽ നിർണായക വിജയം നേടിയതെന്നതും ശ്രദ്ധേയമാണ്.

സിറിയൻ പ്രസിഡന്റ് ബഷാർ അൽആസാദിനെ പിന്തുണച്ച് കൊണ്ട് റഷ്യ സിറിയയിൽ ബോംബാക്രമണം ആരംഭിച്ചതിന് ശേഷം സിറിയൻ ആർമി റിബലുകൾക്ക് നേരെ നാല് കരയാക്രമണങ്ങൾ നടത്തിയിരുന്നു. ഇതിനിടെ റഷ്യ ഐസിസിനെയും അൽക്വയ്ദയിൽ അഫിലിയേറ്റ് ചെയ്ത ഭീകരസംഘടനയാ അൽ നസ്രയെയും ഉന്മൂലനം ചെയ്യാനും തീവ്രശ്രമം നടത്തുന്നുണ്ട്. എന്നാൽ റിബൽ ക്യാംപുകൾക്ക് നേരെ റഷ്യ നടത്തുന്ന ആക്രമണങ്ങളെ ചില പാശ്ചാത്യ രാജ്യങ്ങൾ അപലപിച്ചിരുന്നു. റിബൽ ഗ്രൂപ്പുകളിൽ ചിലതിന് ചില പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ധനസഹായവും ആയുധസഹായവും ലഭിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുമുണ്ട്. ഹാമ പ്രവിശ്യ, ലടാക്കിയ, ഇപ്പോൾ ആലെപ്പോ എന്നിവിടങ്ങളിൽ സിറിയൻ സേന മുന്നേറ്റം നടത്തുന്നുണ്ട്. ഇവിടങ്ങളിലെ നിയന്ത്രണം 2012മുതൽ ഐസിസ്, റിബൽ ഗ്രൂപ്പുകൾ, അൽനുസ്ര എന്നിവ പങ്ക് വയ്ക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. അവർക്ക് മേൽ നിർണായക വിജയം നേടിക്കൊണ്ടാണ് റഷ്യയുടെ പിന്തുണയോടെ സിറിയൻ സൈന്യം മുന്നേറുന്നത്.

ഇന്നലെ ആലെപ്പോയിലെ തന്ത്രപ്രധാനമായ അഞ്ച് ഗ്രാമങ്ങളാണ് സിറിയൻ സേന തിരിച്ച് പിടിച്ചിരിക്കുന്നതെന്നാണ് സിറിയൻ ഒബ്‌സർവേറ്ററി ഓഫ് ഹ്യൂമൻ റൈറ്റ്‌സ്(എസ്ഒഎച്ച്ആർ) പറയുന്നത്.വെള്ളിയാഴ്ച മുതൽ റഷ്യൻ വിമാനങ്ങൾ ആലെപ്പോയിൽ 80 വ്യോമാക്രമണങ്ങളാണ് നടത്തിയിരിക്കുന്നതെന്നാണ് ആക്ടിവിസ്‌റ്‌റുകൾ സാക്ഷ്യപ്പെടുത്തുന്നത്. 49 ഐസിസ് കേന്ദ്രങ്ങളെ 24 മണിക്കൂറുകൾക്കുള്ളിൽ തകർത്തുവെന്നാണ് റഷ്യയുടെ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടിരിക്കുന്നത്. നിത്യേനയുള്ള സിറിയയിലെ മിഷനുകളുടെ എണ്ണം 200 മുതൽ 300 വരെ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റഷ്യയുടെ ആക്രമണവുമായി അടുത്ത ഉറവിടങ്ങൾ സൺഡേ ടൈംസിനോട് വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ തന്നെ ദേശീയ താൽപര്യവും സുരക്ഷയും സംരക്ഷിക്കാനാണ് സിറിയയിൽ ബോംബാക്രണം നടത്തുന്നതെന്നാണ് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെഡ് വെഡെവ് പറയുന്നത്. മുൻ സോവിയറ്റ് യൂണിയനിൽ നിന്നുള്ള ആയിരക്കണക്കിന് പേർ ഐസിസിന് വേണ്ടി സിറിയയിൽ പോരാടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിനിടെയാണ് പ്രധാമന്ത്രിയുടെ ഈ പ്രതികരണമുണ്ടായിരിക്കുന്നത്. സിറിയയിലെ വിധ്വംസക ശക്തികളെ തുരത്തിയില്ലെങ്കിൽ അവർ റഷ്യയിലേക്ക് വരുമെന്ന് പ്രസിഡന്റ് വ്‌ലാദിമർ പുട്ടിൻ പറഞ്ഞിരുന്നുവെന്നും ദിമിത്രി വെളിപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP