Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മോദി നെഹ്‌റുവിനെ മറന്നപ്പോൾ ആഫ്രിക്കൻ നേതാക്കൾ നിരനിരയായി ഓർമ്മിപ്പിച്ചു; ഇൻഡോ-ആഫ്രിക്കൻ ഉച്ചകോടിക്ക് വർണാഭമായ തുടക്കം; ഇന്ത്യൻ നീക്കങ്ങൾക്കെല്ലാം പിന്തുണയുമായി ഇരുണ്ട ഭൂഖണ്ഡം

മോദി നെഹ്‌റുവിനെ മറന്നപ്പോൾ ആഫ്രിക്കൻ നേതാക്കൾ നിരനിരയായി ഓർമ്മിപ്പിച്ചു; ഇൻഡോ-ആഫ്രിക്കൻ ഉച്ചകോടിക്ക് വർണാഭമായ തുടക്കം; ഇന്ത്യൻ നീക്കങ്ങൾക്കെല്ലാം പിന്തുണയുമായി ഇരുണ്ട ഭൂഖണ്ഡം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളുമായുള്ള ഊഷ്മളമായ സൗഹൃദത്തിന് തുടക്കമിട്ടത് താനാണെന്ന ചിന്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടായിരുന്നെങ്കിൽ, അത് ഇൻഡോആഫ്രിക്കൻ ഉച്ചകോടിയുടെ ആദ്യദിനം തന്നെ ഇല്ലാതായിക്കാണും. ഇന്ത്യയും ആഫ്രിക്കയുമായുള്ള സൗഹൃദത്തിന് തുടക്കമിട്ട ജവഹർലാൽ നെഹ്‌റുവിന്റെ പേര് പറയാൻ മോദി മറന്നെങ്കിലും, പിന്നാലെ പ്രസംഗിച്ച ആഫ്രിക്കൻ നേതാക്കൾ അത് മറന്നില്ല. നിരനിരയായി പ്രസംഗിച്ചവരെല്ലാം ഇൻഡോആഫ്രിക്കൻ ബന്ധത്തിന്റെ ശില്പിയായ നെഹ്‌റുവിനെ അനുസ്മരിച്ചുകൊണ്ടാണ് പ്രസംഗിച്ചത്.

നെഹ്‌റുവിനെ പൂർണമായും മറന്നുകൊണ്ടല്ല ഇൻഡോ-ആഫ്രിക്കൻ ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചത്. ഉച്ചകോടിക്ക് മുന്നോടിയായി നടന്ന സാംസ്‌കാരിക പരിപാടിക്കിടെ, സ്റ്റേജിലെ കൂറ്റൻ സ്‌ക്രീനിൽ നെഹ്‌റുവിന്റെയും മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് നാസറിന്റെയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഇന്ത്യയുടെയും ആഫ്രിക്കയുടെയും സംസ്‌കാരം വിളിച്ചോതുന്ന പരിപാടികളോടെയാണ് ഉച്ചകോടിക്ക് തുടക്കം കുറിച്ചത്. തന്റെ പ്രസംഗത്തിൽ മഹാത്മാഗാന്ധി, നെൽസൺ മണ്ടേല, നൈജീരിയയിൽനിന്നും ഈജിപ്തിൽനിന്നുമുള്ള നൊബേൽ ജേതാക്കളായ വോൾ സോയിങ്ക, നഗ്യൂബ് മഹ്ഫ്യൂസ് എന്നിവരെ മോദി അനുസ്മരിച്ചെങ്കിലും നെഹ്‌റുവിനെക്കുറിച്ച് പരാമർശമൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ, പിന്നാലെ പ്രസംഗിച്ച സിംബാവെ പ്രസിഡന്റ് റോബർട്ട് മുഗാബെ ഈ തെറ്റ് തിരുത്തി. നെഹ്‌റു ഇന്ത്യയുടെ മഹാനായ നേതാവായിരുന്നുവെന്ന് പറഞ്ഞ മുഗാബെ, കോൺഗ്രസ് മഹത്തായ രാഷ്ട്രീയ പ്രസ്ഥാനമാണെന്നും കൂട്ടിച്ചേർത്തു. പിന്നീട് പ്രസംഗിച്ച മൊറോക്കോ രാജാവ് മുഹമ്മദ് ആറാമനും ഈജിപ്ത് പ്രസിഡന്റ് അബ്ദൽ ഫത്തേ അൽ സിസിയും നെഹ്‌റുവും ആഫ്രിക്കൻ സമൂഹവുമായുള്ള ബന്ധത്തെ എടുത്തുപറഞ്ഞു. നെഹ്‌റുവിന്റെ ആഗോള കാഴ്ചപ്പാടിനെ പ്രകീർത്തിച്ചുകൊണ്ടാണ് ഈ നേതാക്കൾ പ്രസംഗിച്ചത്. ഇന്ത്യാ-ആഫ്രിക്കൻ ബന്ധം വിശാലമാക്കുന്ന തീരുമാനങ്ങളാണ് ഉച്ചകോടിയിൽ ഉണ്ടായത്.

ആഫ്രിക്കൻ നാടുകൾക്ക് അടുത്ത അഞ്ചു വർഷത്തിനിടയിൽ ഉദാരനിരക്കിൽ 10 ബില്യൺ ഡോളറിന്റെ (ഏകദേശം 65,000 കോടി രൂപ) വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ഇന്ത്യ-ആഫ്രിക്ക വികസന നിധിയായി 10 കോടി ഡോളർ, ആരോഗ്യനിധി ഇനത്തിൽ ഒരു കോടി ഡോളർ എന്നിവയടക്കം 3900 കോടി രൂപയുടെ ഗ്രാന്റ് ഇതിനു പുറമേ നൽകും. ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നത്തെുന്ന 50,000 വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ് നൽകുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 41 ആഫ്രിക്കൻരാജ്യങ്ങളുടെ ഭരണത്തലവന്മാർ പങ്കെടുത്ത, അഭൂതപൂർവമായൊരു നയതന്ത്ര ദൗത്യമാണ് കഴിഞ്ഞദിവസങ്ങളിൽ ഡൽഹിയിൽ നടന്നത്. യു.എൻ രക്ഷാസമിതി വിപുലീകരണത്തിൽ എല്ലാ ആഫ്രിക്കൻ രാജ്യങ്ങളുടെയും പിന്തുണ നേടുന്നതിനാണ് ഈ സമ്മേളനത്തിൽ ഇന്ത്യ ശ്രമിച്ചത്.

രക്ഷാസമിതി അംഗത്വത്തിന് ഇന്ത്യയും ആഫ്രിക്കൻനാടുകളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ അഭ്യർത്ഥിച്ചു. ഇന്ത്യക്കും ആഫ്രിക്കക്കും മതിയായ പ്രാതിനിധ്യം നൽകാത്ത അന്താരാഷ്ട്ര സ്ഥാപനങ്ങൾക്ക് ലോകത്തിന്റെ പ്രാതിനിധ്യം അവകാശപ്പെടാൻ കഴിയില്ല. യു.എൻ അംഗങ്ങളിൽ നാലിലൊന്നും ഇവിടെയാണ്. ജനസംഖ്യയിൽ ആറിലൊന്നും ഈ മേഖലയിലാണ്. സമീപകാലത്തില്ലാത്ത വേഗമുണ്ട് ലോകത്തിന്. ഇതൊന്നും അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ പ്രതിഫലിക്കുന്നില്ല. മാറുന്ന ലോകത്തിനൊത്ത മാറ്റം ഉണ്ടായില്‌ളെങ്കിൽ ഈ സ്ഥാപനങ്ങളുടെ പ്രസക്തിതന്നെ ഇല്ലാതാവും. ഈ വർഷാവസാനം നൈറോബിയിൽ നടക്കുന്ന ലോക വ്യാപാരസംഘടനാ സമ്മേളനത്തിൽ ഭക്ഷ്യസുരക്ഷ, കാർഷിക സബ്‌സിഡി വിഷയങ്ങളിൽ ശാശ്വതപരിഹാരം ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP