Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിന് സമസ്തയിലെ ലീഗ് വിരോധികൾക്കു പഴി; ലീഗ് സ്വർഗത്തിലേക്കുള്ള കോണിയെന്നു പണ്ഡിതരെ കൊണ്ടു കുടുംബസംഗമങ്ങളിൽ പറയിച്ചിട്ടും രക്ഷയുണ്ടായില്ല

മലപ്പുറത്തെ ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കിയതിന് സമസ്തയിലെ ലീഗ് വിരോധികൾക്കു പഴി; ലീഗ് സ്വർഗത്തിലേക്കുള്ള കോണിയെന്നു പണ്ഡിതരെ കൊണ്ടു കുടുംബസംഗമങ്ങളിൽ പറയിച്ചിട്ടും രക്ഷയുണ്ടായില്ല

എം പി റാഫി

മലപ്പുറം: മലപ്പുറത്തെ ലീഗ് കോട്ടകളിലെല്ലാം വിള്ളൽ വീണതോടെ പഴിയെല്ലാം കേൾക്കുന്നത് സമസ്തയിലെ ലീഗ് വിരോധികൾക്കാണ്. കാലങ്ങളായി ലീഗിനെ തുണച്ചിരുന്ന ഇ.കെ സമസ്തക്കാർ ഇടതുമുന്നണിയെയും വികസന മുന്നണിയെയുമെല്ലാം തുണച്ചതും ലീഗിനെതിരെ പരസ്യമായി രംഗത്തു വന്നതുമാണ് ലീഗിനെ പ്രകോപിപ്പിച്ചിരിക്കുന്നത്.

ലീഗ് വിരോധം വച്ചുപുലർത്തുന്ന സമസ്ത നേതാക്കളെയും കീഴ്ഘടകങ്ങളെയും വച്ചുപൊറുപ്പിക്കേണ്ടന്നാണ് ലീഗിന്റെ നിലപാട്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും മറ്റു സമസ്ത നേതാക്കളെയും ലീഗ് ഇക്കാര്യം അറിയിച്ചു കഴിഞ്ഞു. ലീഗിനെ എക്കാലവും തുണച്ച പാരമ്പര്യമാണ് സമസ്ത കേരള ജംഇയ്യത്തു ഉലമയുടേത്, ഇതിനാൽ ലീഗിന്റെ ആനുകൂല്യം പറ്റി ലീഗിനെതിരെ തിരിയുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് മുസ്ലിം ലീഗ്. എന്നാൽ സമസ്തക്ക് രാഷ്ട്രീയമില്ലെന്നും വ്യക്തികൾക്ക് മാത്രമാണ് സമസ്ത രാഷ്ട്രീയം അനുവദിക്കുന്നെന്നുമാണ് ഇ.കെ സുന്നികൾ പറയുന്നത്. ഇതിനാൽ എക്കാലവും ലീഗിനെ പിന്തുണക്കണമെന്നു പറയുന്നത് ഉൾക്കൊള്ളാൻ സാധിക്കില്ലെന്നുമാണ് ഒരു വിഭാഗം ഇ.കെ സമസ്തയുടെ നേതാക്കളുടെ നിലപാട്. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ ലീഗ്-സമസ്ത പോര് കൂടി ശക്തമായിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി അഷ്‌റഫലിയെ പരാജയപ്പെടുത്താൻ ഇ.കെ സുന്നികളുടെ കൺവെൻഷൻ നടത്തിയിരുന്നു. ഇത് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെയ്ക്കുകയായിരുന്നു. തുടർന്ന് ഇ.കെ സുന്നിയിലെ സമുന്നതനായ നേതാവ് അമ്പലക്കടവ് ഹമീദ് ഫൈസിയെ പുറത്താക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം ആരംഭിച്ചതു മുതൽ ടി.പി അഷ്‌റഫലിയെ പരാജയപ്പെടുത്താൻ രഹസ്യനീക്കങ്ങൾ പലതും സമസ്ത നേതാക്കളും വിദ്യാർത്ഥി, യുവജന വിഭാഗങ്ങളും തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പിന് തലേദിവസം കരുവാരക്കുണ്ട് ഡിവിഷനിലെ പലവീടുകളിലും സജീവ ഇ.കെ സുന്നി പ്രവർത്തകർ അഷ്‌റഫലിക്കെതിരെ വോട്ടുമുക്കുന്നതിനും രംഗത്തിറങ്ങി.

മുസ്ലിം സ്ത്രീകളുടെ വിവാഹപ്രായത്തിലും ശരീഅത്ത് നിലപാടിലും സമസ്ത എടുത്ത നിലപാടിന് വിരുദ്ധമായി അഷ്‌റഫലി പരസ്യമായി രംഗത്തെത്തിയതാണ് സമസ്തയിലെ ഒരു വിഭാഗം അഷ്‌റഫലിയുടെ പരാജയത്തിനായി അഹോരാത്രം പരിശ്രമിച്ചത്. അതേസമയം, അമ്പലക്കടവ് ഹമീദ് ഫൈസിക്ക് പിന്തുണയുമായി സമസ്തയുടെ വിദ്യാർത്ഥി വിഭാഗം എത്തി. കഴിഞ്ഞ ദിവസം നടന്ന എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ഹമീദ് ഫൈസിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം അറിയിച്ചിരുന്നു. മാത്രമല്ല, എസ്.കെ എസ്.എസ്.എഫ് ജില്ലാ, സംസ്ഥാന നേതാക്കൾ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ നേരിൽ കണ്ട് ഹമീദ് ഫൈസിയെ തിരിച്ചെടുക്കണമെന്ന ആവശ്യം മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇതിനു വഴങ്ങാൻ പാണക്കാട് തങ്ങളും ലീഗ് നേതൃത്വവും തയ്യാറായിട്ടില്ല.

എന്നാൽ കരുവാരക്കുണ്ട് ഡിവിഷനിൽ നിന്നും ടി.പി അഷ്‌റഫലി 2317 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചതോടെ ഇ.കെ സുന്നികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം ഡിവിഷനിൽ നിന്നും മത്സരിച്ച ഡി.സി.സി സെക്രട്ടറി എ.കെ അബ്ദുറഹിമാനെ പരാജയപ്പെടുത്താനും ഇ.കെ സുന്നികൾ പരസ്യമായി രംഗത്തു വന്നിരുന്നു. ബദ്ധശത്രുവായ എ.പി സമസ്തയെ സഹായിക്കുന്നതിനാലായിരുന്നു ഇ.കെ സുന്നികൾ ഈ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാൽ എ.കെ അബ്ദുറഹിമാനും വൻഭൂരിപക്ഷത്തിൽ ജയിച്ചത് ഇ.കെ സുന്നികൾക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്.

ടി.പി അഷ്‌റഫലിയെ പരാജയപ്പെടുത്തലായിരുന്നു ഒരു വിഭാഗം ഇ.കെ സുന്നികളുടെ ലക്ഷ്യം. അതേസമയം, കുരവാരക്കുണ്ട് പോലുള്ള ലീഗ് കോട്ടയിൽ നിന്നും ഭൂരിപക്ഷം രണ്ടായിരത്തിലേക്ക് താഴ്ന്നത് സമസ്തയുടെ വിജയമായാണ് ഇ.കെ സുന്നികൾ കണക്കാക്കുന്നത്. മാത്രമല്ല, ഇ.കെ സുന്നികൾ ഇടതുപക്ഷത്തിന് പിന്തുണ നൽകിയ മിക്ക ഇടങ്ങളിലും ലീഗിന്റെ പരാജയവും നേട്ടമായി കാണുന്നു. ഇ.കെ സമസ്തയുടെ വിദ്യാർത്ഥി വിഭാഗം നേതാവ് അഷ്‌റഫ് തറമ്മൽ തിരൂർ നഗരസഭയിലെ പതിനാലാം വാർഡിൽ നിന്നും ലീഗിനെതിരെ ഇടത് സ്ഥാനാർത്ഥിയായി ജനവിധി തേടിയിരുന്നു. അഞ്ചു വോട്ടിന്റെ ഭൂരിപക്ഷത്തിന് അഷ്‌റഫ് തറമ്മലിന്റെ വിജയം ഇ.കെ സുന്നികളുടെ വിജയം കൂടിയായാണ് കണക്കാക്കുന്നത്. ലീഗ്-സമസ്ത നേർക്കുനേർ പോരാട്ടം നടന്ന പ്രദേശം കൂടിയാണ് ഇവിടെ. ചരിത്രത്തിലാദ്യമായാണ് ലീഗിനെതിരെ ഇ.കെ സുന്നികൾ രംഗത്തെത്തുന്നത്.

യൂത്ത് ലീഗ് നേതാവ് സി ജൗഹറിനെ പരാജയപ്പെടുത്തിയായിരുന്നു അഷ്‌റഫ് തറമ്മലിന്റെ വിജയം. എന്നാൽ ഒരു സീറ്റിനു മാത്രം മുൻതൂക്കത്തിൽ ഇടതുമുന്നണി പിടിച്ചെടുത്ത തിരൂർ നഗരസഭയിൽ അഷ്‌റഫ് തറമ്മൽ നിർണായകമായിരിക്കുകയാണ്. പതിനെഞ്ചു വർഷത്തിനു ശേഷം നഗരസഭാ ഭരണം നഷ്ടമായതിലും കനത്ത പരാജയമാണ് അഷ്‌റഫ് തറമ്മൽ വിജയിച്ചതിലൂടെ നേരിട്ടിരിക്കുന്നതെന്നാണ് ലീഗിന്റെ വിലയിരുത്തൽ. സമസ്തയുടെ വിദ്യാർത്ഥി സംഘടന എസ്.കെ എസ്.എസ്.എഫ് മലപ്പുറം ജില്ലാ കൗൺസിലറും തിരൂർ താലൂക്ക് ട്രഷററുമാണ് അഷ്‌റഫ്.

ലീഗുമായി ഇടഞ്ഞു നിൽക്കുന്ന ഒരു വിഭാഗം ഇ.കെ സുന്നികൾ അഷ്‌റഫിന്റെ വിജയത്തിനായി പരസ്യമായി രംഗത്തു വന്നിരുന്നു. ഇതോടെ ലീഗ് പ്രതിരോധത്തിലാകുകയും വിജയിക്കുക ലീഗിന്റെ ലക്ഷ്യമായി മാറുകയുമായിരുന്നു. അഷ്‌റഫിന്റെ വിജയത്തിനായി സമസ്ത നേതാക്കൾ രഹസ്യമായി ചരടുവലി നടത്തിയതോടെ ലീഗ് സ്ഥാനാർത്ഥിക്കു വേണ്ടി ഉന്നത നേതാക്കൾ പ്രചരണത്തിനിറങ്ങുകയും പാണക്കാട് തങ്ങൾമാരോടൊപ്പം നിൽക്കുന്ന ലീഗ് സ്ഥാനാർത്ഥിയുടെ ഫോട്ടോ ഓരോ വീടുകളിലും പ്രചരിപ്പിക്കുകയായിരുന്നു. മാത്രമല്ല, സമസ്തയിൽ തന്നെയുള്ള ലീഗ് അനുകൂലികളായ പണ്ഡിതരെ കൊണ്ടുവന്ന് കുടുംബ സംഗമവും ലീഗിന് വോട്ടു ചെയ്യാൻ ആഹ്വാനവും നടത്തിയിരുന്നു.

ലീഗ് സ്വർഗത്തിലേക്കുള്ള കോണിയാണെന്നും ലീഗിനു വോട്ടു ചെയ്താൽ മാത്രമെ പരലോകത്തു വിജയിക്കുകയുള്ളൂവെന്നും ഈ പണ്ഡിതർ ഒരോ പ്രദേശത്തും ക്ലാസെടുത്തു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ലീഗിന് കനത്ത തിരിച്ചടി നേരിട്ടതോടെ ഇ.കെ വിഭാഗത്തിനെതിരെ പരസ്യ പോരിനിറങ്ങിയിരിക്കുകയാണ് ലീഗ്. ഇ.കെ സുന്നികൾ ലീഗിനെ പരാജയപ്പെടുത്താൻ ശ്രമിച്ച പലസ്ഥലങ്ങളിലും ലീഗിന് വിജയം ലഭിച്ചെങ്കിലും, ഭൂരിപക്ഷ തിളക്കം മങ്ങിത്തന്നെ നിലനിന്നു. ലീഗ്-സമസ്ത ബന്ധത്തിലെ അകൽച്ചയും പരസ്പര കലഹവും 2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ നാഴികക്കല്ലായിരിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP