Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചാനലുകൾ പുറത്തുവിട്ടതും യഥാർത്ഥത്തിൽ കോടതിയിൽ നടന്നതും രണ്ട് കാര്യങ്ങളോ? കീഴ് കോടതിയുടെ പരാമർശങ്ങൾ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിനെതിരെയുള്ള പരാമർശങ്ങൾ എല്ലാം റദ്ദാക്കിയ കോടതി നിയമോപദേശം തേടിയത് ശരിവച്ചു; മന:സാക്ഷിക്ക് വിടേണ്ട വിഷയമാണെന്ന് പറഞ്ഞത് സാന്ദർഭികമായി: കോടതി വിധിയുടെ പകർപ്പ് മറുനാടൻ പുറത്തുവിടുന്നു

ചാനലുകൾ പുറത്തുവിട്ടതും യഥാർത്ഥത്തിൽ കോടതിയിൽ നടന്നതും രണ്ട് കാര്യങ്ങളോ? കീഴ് കോടതിയുടെ പരാമർശങ്ങൾ അനാവശ്യമെന്ന് ചൂണ്ടിക്കാട്ടി വിജിലൻസിനെതിരെയുള്ള പരാമർശങ്ങൾ എല്ലാം റദ്ദാക്കിയ കോടതി നിയമോപദേശം തേടിയത് ശരിവച്ചു; മന:സാക്ഷിക്ക് വിടേണ്ട വിഷയമാണെന്ന് പറഞ്ഞത് സാന്ദർഭികമായി: കോടതി വിധിയുടെ പകർപ്പ് മറുനാടൻ പുറത്തുവിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ എം മാണി രാജിവച്ച് പുറത്തുപോകണമെന്ന സൂചനയോടെ ഹൈക്കോടതി പരാമർശം നടത്തിയെന്ന് ചാനലുകളും മറുനാടൻ അടക്കമുള്ള പത്രങ്ങളുമെല്ലാം റിപ്പോർട്ട് ചെയ്ത വാർത്ത ഭാഗികമായി മാത്രമാണോ ശരി? ഹൈക്കോടതി വിധിയുടെ പകർപ്പ് മറുനാടന് ലഭിച്ചപ്പോൾ ചാനലുകളുടെ ബ്രേക്കിങ് ന്യൂസിൽ സൂചിപ്പിക്കുന്നത് പോലെയുള്ള പരാമർശങ്ങൾ ഒന്നുമില്ലെന്ന് വ്യക്തമാകുന്നു. വിജിലൻസ് ആവശ്യപ്പെട്ട കാര്യങ്ങൾ എല്ലാം അഗീകരിച്ച കോടതി കീഴ്‌കോടതി ഉത്തരവിൽ വിജിലൻസിന് എതിരെയുള്ള പരാമർശങ്ങൾ എല്ലാം റദ്ദു ചെയ്യുകയും ചെയ്തതായാണ് കോടതി ഉത്തരവിൽ സൂചിപ്പിക്കുന്നു. തുടരന്വേഷണം പ്രഖ്യാപിക്കാനള്ള ധൃതിയിൽ കീഴ്‌കോടതി അമിതാവേശം കാട്ടിയാണ് വിജിലൻസിനെ കുറ്റപ്പെടുത്തിയതെന്നും വിജിലൻസിന് നിയമോപദേശം തേടാനുള്ള പൂർണ്ണ അവകാശവും ഉണ്ടെന്നുമാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം സാന്ദർഭികമായി പറഞ്ഞ രണ്ട് കാര്യങ്ങൾ ആണ് ചാനലുകളിൽ ചർച്ചകൾക്കും ബ്രേക്കിങ് ന്യൂസുകൾക്കും കാരണമായതെന്നാണ് വ്യക്തമാകുന്നത്. 'സീസറിന്റെ ഭാര്യ സംശങ്ങൾക്ക് അതീതയാകണം' എന്ന പരാമർശവും ചില കാര്യങ്ങൾ കുറ്റാരോപിതന്റെ മന:സാക്ഷിക്ക് വിടുന്നുവെന്ന് പരാമർശവുമാണ് ചാനലുകളിൽ മാണിക്കെതിരെയുള്ള ഗുരുതര ആരോപണമായി റിപ്പോർട്ട് ചെയ്തത്. യഥാർത്ഥത്തിൽ ഈ രണ്ട് പരാമർശങ്ങളും സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ ആണെന്നുമാണ് മാണിയുടെ രാജിയുമായി യാതൊരു ബന്ധവും ഇല്ലെന്നുമാണ് കോടതി ഉത്തരവിൽ നിന്നും വ്യക്തമാകുന്നത്. വൈകുന്നേരം വിധി പകർപ്പ് കിട്ടിയതോടെ ചാനലുകൾ വാർത്തയുടെ രൂക്ഷതയിൽ നിന്നും പന്മാറുകയും ചെയ്തിട്ടുണ്ട്.

കോടതി ഉത്തരവിലെ 38ാം പാരഗ്രാഫിൽ വിജിലൻസിന്റെ നടപടിയിൽ ഒരു തെറ്റുമില്ലെന്നാണ് വ്യക്തമാക്കുന്നത്. വിദഗ്ധരിൽ നിന്നും ഉപദേശം തേടാൻ വിജിലൻസ് ഡയറക്ടർ എടുത്ത തീരുമാനത്തിൽ ഒരു തെറ്റുമില്ലെന്നും കോടതി എടുത്തു പറയുന്നു. അതേസമയം കേസിന്റെ ഈ പ്രത്യേക ഘട്ടത്തിൽ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ശ്രമിക്കേണ്ടിയിരുന്നോ എന്ന് പരിശോധിക്കേണ്ടതാണ് എന്ന് കോടതി പരാമർശിക്കുന്നതാണ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതെന്നാണ് സൂചന.

പരാതിക്കാരന്റെ അപേക്ഷയിൻ മേലുള്ള അന്തിമ വിധിയിൽ അവസാന പാരഗ്രാഫിൽ വിജിലൻസിന്റെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചിരിക്കയാണ്. കോടതിയുടെ പരിഗണനാ വിഷയവുമായി ബന്ധമില്ലാത്ത അനാവശ്യമായ പരാമർശങ്ങൾ ആണ് വിജിലൻസ് കോടതി നടത്തിയിരിക്കുന്നത് എന്ന പരാമർശം ഹൈക്കോടതി ശരിവച്ചിട്ടുണ്ട്. ഈ പരാമർശങ്ങൾ പരിഗണിച്ച കോടതി പിരിയുന്നത് ഇങ്ങനെയാണ്: ''ഈ പരാമർശത്തിലൂടെ കടന്നുപോയപ്പോൾ കേസിൽ തുടർ അന്വേഷണം പ്രഖ്യാപിക്കാനും ധൃതിയിൽ ജഡ്ജി കേസുമായി ഒരു ബന്ധവുമില്ലാത്ത പരാമർശങ്ങൾ നടത്തി എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരം ഒരു നിരീക്ഷണം കോടതി ഒഴിവാക്കേണ്ടതായിരുന്നു. കോടതിയുടെ പരാമർശങ്ങളിൽ ഉള്ള വിഷയവുമായി ഇത്തരം ഒരു പരാമർശത്തിന് യാതൊരു ബന്ധവുമില്ല. തുടരന്വേഷണം ആവശ്യമാണ് എന്ന് തോന്നിയാൽ പോലും ഇങ്ങനെ ഒരു പരാമർശം അനാവശ്യമായിരുന്നു''.

 

വിജിലൻസ് ഡയറക്ടർക്ക് കേസ് അന്വേഷണങ്ങളിൽ ഇടപെടാൻ അധികാരം ഇല്ല എന്ന കോടതി പരാമർശവും ഹൈക്കോടതി റദ്ദു ചെയ്തു. ഇത് സംബന്ധിച്ച് വ്യക്തമായി നിയമങ്ങൾ ചൂണ്ടിക്കാട്ടിയ ജഡ്ജി വിജിലൻസ് ഡയറക്ടർ പ്രവർത്തിച്ചത് പൂർണ്ണമായും നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണെന്ന് ആവർത്തിച്ച് വ്യക്തമാക്കി. തുടർന്ന് വിജിലൻസിനെതിരായാള്ള അത്തരം പരാമർശങ്ങൾ എല്ലാം റദ്ദു ചെയ്തു.

'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്ന കോടതി പാരമർശവും ചില കാര്യങ്ങൾ മനസാക്ഷിക്ക് വിടുന്നു എന്ന പരാമർശവുമാണ് വ്യാപകമായി തെറ്റിദ്ധാരണക്ക് കാരണമാക്കിയത്. ഇവിടെ പകർപ്പിന്റെ 39ാം ഖണ്ഡത്തിലാണ് ഇത് സംബന്ധിച്ച് പരാമർശം ഉണ്ടായിരിക്കുന്നത്. നീതി നടപ്പിലാക്കുക മാത്രമല്ല, നീതി നടപ്പിലാക്കി എന്ന് വ്യക്തമാക്കുക കൂടി ചെയ്യണം എന്ന ഒരു തത്വം സൂചിപ്പിക്കാൻ ആണ് കോടതി സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം എന്ന ഷേക്‌സ്‌പേറിയൻ ചൊല്ല് പരാമർശിച്ചത്. ഇത്തരം ഒരു കേസിനെ കുറിച്ച് അന്വേഷണം നടക്കുമ്പോൾ കുറ്റാരോപിതനായ ആൾ മന്ത്രിയായിരിക്കുന്നു എന്നത് സാധാരണക്കാർക്കിടയിൽ സംശയം ജനിപ്പിക്കാൻ ഇടയാകും എന്ന പരാമർശമാണ് തുടർന്ന് കോടതി നടത്തിയത്. എന്നാൽ, രാജി വെക്കണമെന്ന സൂചനയോ കോടതി വിധിയിൽ നടത്തിയിരുന്നില്ല. മനസാക്ഷിയുടെ കാര്യം കോടതി സൂചിപ്പിച്ചത് ഇത് പറഞ്ഞതിന് ശേഷമല്ല താനും. മറ്റൊരു പരാമർശത്തോടൊപ്പം മനസാക്ഷിക്ക് വിടുന്നു എന്ന് പറഞ്ഞതും സീസറിന്റെ ഭാര്യയുടെ ഉദാഹരണവും ചൂണ്ടിക്കാട്ടിയപ്പോൾ സംശയത്തിന് അതീതമായിരിക്കാൻ മന്ത്രി രാജി വെക്കണമെന്നാണ് ജഡ്ജി പറഞ്ഞെന്നതായി വ്യാഖ്യാനം ഉണ്ടാകുകയായിരുന്നു.

എ ജിയുടെ അഭിപ്രായം ചോദിക്കാതെ നിയമോപദേശത്തിന് പോയെന്ന കാര്യത്തെ കുറിച്ചുള്ള പരാമർശം നടത്തിയപ്പോഴാണ് കോടതി മനസാക്ഷിയുടെ കാര്യം പറഞ്ഞത്. മന്ത്രിയുടെ കീഴിലുള്ള അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെയുള്ള കേസ് നിർണ്ണയിക്കുന്നത് ശരിയല്ല എന്നതു കൊണ്ടാണ് നിയമോപദേശത്തിന് പോയത് എന്ന വാദം എടുത്തു പറഞ്ഞാണ് കോടതി മനസാക്ഷിയെ കുറിച്ച് പരാമർശിച്ചത്. ഇത്തരം ഒരു കാര്യത്തിനുള്ള ചെലവ് സർക്കാറിന്റെ നികുതി പണത്തിൽ നിന്നും കൊടുക്കണമോ എന്ന ധാർമ്മിക ചോദ്യമാണ് കോടതി ഉയർത്തിയത്. ഈ ചോദ്യത്തിന് ഉത്തരം കുറ്റാരോപിതന്റെ മനസാക്ഷിക്ക് വിടുന്നു എന്നാണ് കോടതി പറഞ്ഞത്.

എന്നാൽ ഈ പരാമർശവും വ്യാപകമായി വളച്ചൊടിച്ചിരിക്കയുകാണ്. രാജി വെക്കണമോ എന്ന കാര്യം മന്ത്രിയുടെ മനസാക്ഷിക്ക് വിടുന്നു എന്ന രീതിയിലാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞാൻ അടക്കമുള്ള സാധാരണക്കാരന്റെ നികുതിപ്പണം ദുരുപയോഗിക്കുകയാണോ എന്ന് ജഡ്ജി ചോദിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കോടതി സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത കാര്യം ചാനലുകളിൽ ബ്രേക്കിങ് ന്യൂസ് ആയി കൊടുക്കുകയായിരുന്ന മറുനാടൻ അടക്കമുള്ള ഓൺലൈൻ പത്രങ്ങളും അത് പിന്തുണക്കുകയുമായിരുന്നു.

മുകളിൽ സൂചിപ്പിക്കുന്ന ഭാഗങ്ങളിൽ വ്യക്തമാകുന്ന വിധിയുടെ ഭാഗത്തിലാണ് ഞങ്ങൾ വാർത്തയുടെ ഉള്ളിൽ പ്രസിദ്ധീകരിച്ചിരിക്കുന്നന്നത്. കോടതി വിധിയുടെ പ്രസക്ത ഭാഗങ്ങൾ ഉൾപ്പെട്ട അവസാനത്തെ കുറച്ചു പാരഗ്രാഫുകളും പ്രസിദ്ധീകരിക്കുന്നു. ആദ്യ ഭാഗത്തിലാണ് കേസിന്റെ പിന്നാമ്പുറങ്ങളിൽ മാത്രമാണുള്ളത്. അതിനപ്പുറം യാതൊരു പരാമർശങ്ങളും ഉണ്ടായിരുന്നില്ല. സത്യം അറിയാതെ ചാനലുകളിൽ വാർത്ത പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ രാജി ആവശ്യം സജീവം ആകുകയും ചെയ്ത ശേഷം അപ്രതീക്ഷിതമായാണ് കോടതി വിധിയുടെ പകർപ്പ് വെളിയിൽ വരുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP