Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശരണ്യയുടെ മിക്ക പെർമിറ്റുകളും പാതി വഴി വരെ; കാലാവധി കഴിഞ്ഞാലും പുതുക്കാൻ മെനക്കെടാറില്ല; മിക്ക ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് എടുത്ത് സൂപ്പർഫാസ്റ്റ് ബോർഡ് വച്ച് യാത്രക്കാരുടെ പോക്കറ്റ് അടിക്കുന്നു; നാഷണൽ ഹൈവേയിലൂടെ ചട്ടം ലംഘിച്ച് പറക്കുന്ന റോക്കറ്റ് ബസുകളും ഏറെ; എല്ലാം ആർടിഒയുടെ അറിവോടെ: പിള്ള വണ്ടി പാവങ്ങളുടെ ജീവനെടുക്കുന്ന വഴി

ശരണ്യയുടെ മിക്ക പെർമിറ്റുകളും പാതി വഴി വരെ; കാലാവധി കഴിഞ്ഞാലും പുതുക്കാൻ മെനക്കെടാറില്ല; മിക്ക ബസുകളും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റ് എടുത്ത് സൂപ്പർഫാസ്റ്റ് ബോർഡ് വച്ച് യാത്രക്കാരുടെ പോക്കറ്റ് അടിക്കുന്നു; നാഷണൽ ഹൈവേയിലൂടെ ചട്ടം ലംഘിച്ച് പറക്കുന്ന റോക്കറ്റ് ബസുകളും ഏറെ; എല്ലാം ആർടിഒയുടെ അറിവോടെ: പിള്ള വണ്ടി പാവങ്ങളുടെ ജീവനെടുക്കുന്ന വഴി

ബി രഘുരാജ്‌

പത്തനംതിട്ട: സാധാരണക്കാരൻ ഹെൽമറ്റില്ലാതെ ബൈക്ക് ഓടിച്ചാൽ പിടിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും സജീവം. വീട്ടിനടുത്തെ പെട്ടിക്കടയിൽ സാധാനം വാങ്ങിക്കാൻ ഇറങ്ങിയവർക്ക് പോലും ബൈക്കോടിക്കുമ്പോൾ ഹൈൽമറ്റില്ലെങ്കിൽ പിഴ നൽകാതെ പോകാൻ കഴിയാത്ത നാടാണ് കേരളം. എന്നാൽ പെർമിറ്റില്ലെങ്കിലും ബസ് ഓടിക്കാം. ആരും ചോദ്യം ചെയ്യില്ല. ഇതാണ് അവസ്ഥ. എല്ലാ നിയമങ്ങളും സ്വാധീനങ്ങൾക്ക് മുന്നിൽ വഴിമാറും.

കൊട്ടാരക്കര കേന്ദ്രമായി സർവിസ് നടത്തുന്ന ശരണ്യ ബസ് എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി സർവീസ് നടത്തുന്നു. എന്നാൽ നാട്ടുകാരുടെ ആകുലത കേൾക്കേണ്ടവർ ഒന്നും മനപ്പൂർവ്വം കാണാതെ നടക്കുന്നു. കേരളാ കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ആർ ബാലകൃഷ്ണ പിള്ളയുടെ ബസിനെ തൊടാൻ ധൈര്യമുള്ളവർ ആരുമില്ല. ദേശാസാൽകൃത റൂട്ടുകളിലൂടെ തോന്നിയ പടി ബസ് ഓടിക്കുകയാണ് ശരണ്യയെ നയിക്കുന്ന മനോജ്. പെർമിറ്റും മറ്റ് അനുമതികളുമൊന്നും ആരും പരിശോധിക്കില്ല. അമിത വേഗതയിൽ ചീറിപ്പാഞ്ഞ് ബസുകൾ പോകുമ്പോൾ അപകടത്തിലാകുന്നത് സാധാരണക്കാരുടെ ജീവനാണ്. രാമപുരത്തെ ആകാശെന്ന മിടുക്കന്റെ മരണത്തിന് കാരണവും നിയമങ്ങൾ കാറ്റിൽപ്പറത്തുന്ന ശരണ്യ ബസിന്റെ മത്സര ഓട്ടമാണ്.

ഗതാഗത മന്ത്രിയായിരുന്നു വളരെക്കാലം ബാലകൃഷ്ണപിള്ള. കെഎസ്ആർടിസിയുടെ കുതിപ്പ് മാത്രമാണ് മനസ്സിലുള്ളത്. ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ എന്നും കുറ്റം പറയുകയും ചെയ്യുന്നു. എന്നാൽ ശരണ്യയെ പോലുള്ള സ്വകാര്യ ബസുകളാണ് കെഎസ്ആർടിസിയുടെ വരുമാനം തട്ടിയെടുക്കുന്നത്. ശരണ്യ മോട്ടോർസ് ദേശസാൽകൃത റൂട്ടിലൂടെ നാൽപ്പതും അൻപതും കിലോമീറ്ററുകൾ പെർമിറ്റ് പോലും ഇല്ലാതെ ആണ് സഞ്ചരിക്കുന്നത്. ഇതിനെതിരെ കെഎസ്ആർടിസി നാൽപ്പതിൽ കൂടുതൽ പ്രാവശ്യം പരാതി പെട്ടിട്ടും മോട്ടോർ വാഹന വകുപ്പിൽ നിന്നും ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിനെല്ലാം കാരണം ഗതാഗത വകുപ്പിൽ പിള്ളയ്ക്കുള്ള സ്വാധീനം തന്നെയാണ്. ഇത്തരം സ്വകാര്യ ബസുകളുടെ കള്ളക്കളികളാണ് കെഎസ്ആർടിസിയെ തകർത്തതും. ദേശീയ പാതകളിൽ നിശ്ചിത ദൂരപരിധിയിൽ കൂടുതൽ സ്വകാര്യ ബസുകൾക്ക് ഓട്ടം അനുവദനീയമല്ലെന്നാണ് ചട്ടം. ഇതാണ് ശരണ്യ കാറ്റിൽ പറത്തി വൻലാഭമുണ്ടാക്കുന്നത്.

ബസിൽ ശരണ്യ എന്ന പേരുണ്ടെങ്കിൽ പിന്നെ തെക്കൻ കേരളത്തിലെ റോഡിൽ എന്തുമാകാമെന്നാണ് സ്ഥിതി. ശരണ്യയുടെ ബസ്സാണ് കെഎൽ 34-സി 7088. നാട്ടുകാർ ഇതിനെ വിളിക്കുന്നത് ചേനപ്പാടി റോക്കറ്റ് എന്നാണ്. ഈ ബസിന്റെ ശരിയായ പെർമിറ്റ് മലയാലപ്പുഴ എറണാകുളം ലിമിറ്റഡ് സ്‌റ്റോപ് എന്നാണ്. എന്നാൽ ഓടുന്നത് പുനലൂർ എറണാകുളം ലിമിറ്റഡ് സൂപ്പർ ഫാസ്റ്റായി. ഒരുദിവസം 80 കിലോമീറ്ററോളം പെർമിറ്റ് ഇല്ലാതെ ഓടുന്നു. ഇതിലൂടെ കൂടുതൽ ദൂരം ഓടുന്നു. അർഹിക്കുന്നതിനേക്കാൾ കൂടുതൽ ചാർജ്ജും യാത്രക്കാരിൽ നിന്ന് ഈടാക്കുന്നു. ഈ ബസ് ഓടുന്ന റൂട്ടിൽ ചുമതലയുള്ള എല്ലാ ആർടിഒമാർക്കും ഇക്കാര്യം അറിയാം. സ്വകാര്യ ബസുകൾക്കും എതിർപ്പുണ്ട്. എന്നാൽ ആരും ചോദ്യം ചെയ്യുന്നില്ല. ചോദ്യം ചെയ്താൽ പണികിട്ടുമെന്ന് മറ്റ് ബസ് ഉടമകൾക്കും അറിയാം. സ്വകാര്യ ബസ് ഉടമകളുടെ അസോസിയേഷൻ നേതാവെന്ന മനോജിന്റെ സ്ഥാനവും ഇതിന് ഒരുപരിധിവരെ കാരണമാണ്.

ദേശസാൽകൃത റൂട്ടിൽ കെഎസ്ആർടിസി മാത്രം മതിയെന്നാണ് കോടതി ഉത്തരവ്. സർക്കാരിൽ ഇടപെടൽ നടത്തി കോടതി ഉത്തരവ് കാറ്റിൽ പറത്തുന്നത് മനോജിന്റെ സ്വാധീനമാണെന്നാണ് വയ്‌പ്പ്. അതുകൊണ്ട് തന്നെ ശരണ്യയുടെ അനധികൃത ഇടപെടലിനെ ബസുടമകളും ചോദ്യം ചെയ്യുന്നില്ല. കെഎസ്ആർടിസിയുടെ പരാതികൾ ആരും കണക്കിലെടുക്കുകയുമില്ല. സർക്കാർ സംവിധാനമായതിനാൽ പരാതികൊടുക്കലിനപ്പുറം ഒന്നും കെഎസ്ആർടിസിയും ചെയ്യില്ല. അതുകൊണ്ട് തന്നെ സർവ്വ നിയമങ്ങളും കാറ്റിൽപ്പറത്തി ശരണ്യയുടെ ബസുകൾ ഓടുന്നു. ബാലകൃഷ്ണ പിള്ളയോ ഗണേശോ മന്ത്രിയാണെങ്കിൽ പിന്നെ എല്ലാ നിയമവും ശരണ്യ തന്നെ നിശ്ചയിക്കും.

നിരവധി നിരപരാധികളുടെ ജീവനാണ് അമിതവേഗത്തിൽ പായുന്ന ഈ ബസുകൾ കവർന്നെടുത്തത്. നൂറുകണക്കിനു ബസുകളുള്ള വൻകിട ബസ് മുതലാളിമാരായതിനാൽ അവരെ തൊടാൻ അധികൃതർക്കും പേടിയാണ്. വൻ തുക കൈക്കൂലി നൽകി ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്താണ് ഇവർ യാതൊരു തടസവുമില്ലാതെ ജനങ്ങളുടെ ജീവൻ പന്താടിക്കൊണ്ട് മരണപ്പാച്ചിൽ നടത്തുന്നത്. ഇതിന്റെ അവസാനത്തെ ഇരയാണ് ഇന്നലെ രാമപുരത്ത് അമിതവേഗത്തിൽ വന്ന ശരണ്യ ബസ് ഇടിച്ചു മരിച്ച ആകാശ് സാജൻ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി. ആകാശിനെ ഇടിച്ച ബസിനു പെർമിറ്റില്ല. എറണാകുളത്തുനിന്നും ഉഴവൂർ വഴി ചുങ്കപ്പാറയ്ക്കുള്ള പെർമിറ്റിലാണ് രാമപുരം വഴി പത്തനംതിട്ടയ്ക്ക് സർവീസ് നടത്തുന്നത്.

ശരണ്യ ബസ് സർവീസുകൾ മുഴുവൻ നിഗൂഢതകൾ നിറഞ്ഞതാണ്. ശരണ്യ ബസ് സർവീസിലെ ബസുകൾ മുഴുവൻ ബിനാമി പേരുകളിലാണ്. ബസുകൾ ഒരാളുടെ പേരിലാണെങ്കിൽ പെർമിറ്റ് വേറൊരാളുടെ പേരിലാണ്. യഥാർഥ ഉടമസ്ഥന്റെ പേരിൽ ബസുകൾ ഒന്നുമില്ല. രാമപുരത്ത് വിദ്യാർത്ഥിയെ ഇടിച്ച ശരണ്യ ബസ് കാഞ്ഞിരപ്പള്ളിയിൽ ഹോട്ടൽ നടത്തുന്ന ബിനു എന്നയാളുടെ പേരിലാണ്. ഇതുവഴി സർവീസ് നടത്തുന്ന എറണാകുളംകട്ടപ്പന ശരണ്യ ബസ് തൃശൂർ സ്വദേശിയായ വിസ തട്ടിപ്പുകേസിലെ പ്രതി എൻ.പി. അജിത് കുമാറിന്റെ പേരിലും. സീതത്തോട്എറണാകുളം സർവീസ് നടത്തുന്ന ബസ് വിജയപ്പൻനായർ എന്നയാളുടെ പേരിലും വർഷങ്ങളായി തളർന്നു കിടക്കുന്ന ലൈല കുഞ്ഞുകുഞ്ഞ് എന്ന സ്ത്രീയുടെ പേരിലുമാണ്.

ശരണ്യയുടേതാണ് കെഎൽ 34 ബി 8688 എന്ന ബസ്. റൂട്ട് പുനലൂർ-പത്തനംതിട്ട-കോട്ടയം-എറണാകുളം. പെർമിറ്റ് ലിമിറ്റഡ് സ്്‌റ്റോപ്പ് ആണെങ്കിലും സൂപ്പർ ഫാസ്റ്റ് ബോർഡും വച്ച് യാത്രക്കാരിൽ നിന്ന് അമിതമായ ചാർജ് ഈടാക്കി സർവീസ് നടത്തുന്നു. കെഎസ്ആർടിസി ബസുകൾക്ക് ഏറെ ലാഭമുണ്ടാകുന്ന റൂട്ടാണ് ഇത്. ബോർഡ് സൂപ്പർ ഫാസ്റ്റ് ആയതിനാൽ ചാർജ്ജ് കൂടുതൽ കിട്ടും. എന്നാൽ എല്ലാ സ്ഥലത്തും ബസ് നിർത്തുകയും ചെയ്യും. ഇതിലൂടെ പരമാവധി യാത്രക്കാരെ കുത്തിനിറയ്ക്കും. അതിന് ശേഷം സമയത്ത് എത്താൻ മരണപ്പാച്ചിലും. ഇവിടെ കെഎസ്ആർസിയെ തളർത്തി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി കൈയുംവിട്ടൊരു കളിയാണ് ശര്യണ നടത്തുന്നത്.

കെഎൽ 34 ബി 7088-റൂട്ട്. ശാന്തിഗ്രാം-എറണാകുളം ലിമിറ്റഡ് സ്റ്റോപ്പിനാണ് പെർമിറ്റ്. എന്നാൽ ഓടുന്നത് കട്ടപ്പന-എറണാകുളം സൂപ്പർ ഫാസ്റ്റായി. കട്ടപ്പനയിൽ നിന്ന് യാത്ര തുടങ്ങിയാൽ കൂടുതൽ ആളെ കിട്ടും. എങ്കിൽ മാത്രമേ സൂപ്പർഫാസ്റ്റ് എന്ന ബോർഡിനെ ആളുകൾ വിശ്വസിക്കുകയുമുള്ളൂ. ഇതും ശരണ്യയുടെ തന്ത്രമാണ്. കെഎൽ 34 ബി 9599- റൂട്ട് . കൈപ്പട്ടൂർ-ആലുവ ലിമിറ്റഡ് സ്റ്റോപ്പ്. ഓടുന്നത് പുനലൂർ ആലുവ സൂപ്പർ ഫാസ്റ്റായി. ഇവിടേയും കൈപ്പട്ടൂരിന് അപ്പുറമുള്ള പ്രധാന കേന്ദ്രത്തിൽ നിന്ന് സർവ്വീസ് തുടങ്ങുകയാണ്. പുനലൂരിൽ നിന്ന് ആലുവയിലേക്കുള്ള യാത്രയും അങ്ങനെ ശരണ്യയ്ക്ക് ലാഭക്കണക്കുകൾ മാത്രമാകുന്നു. ഏകദേശം നൂറിന് മുകളിൽ കിലോമീറ്റർ പെർമിറ്റ് ഇല്ലാതെ ഓടുന്നു. ബസ് നിറച്ച് ആളും കയറുന്നു.

എറണാകുളം-സീതത്തോട്, സീതത്തോട്-എറണാകുളം എന്നീ രണ്ട് ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ ഓടുന്നത് സീതത്തോട് പോകാതെ പത്തനംതിട്ടക്ക് പെർമിറ്റ് ഇല്ലാതെ സൂപ്പർ ഫാസ്റ്റായി ഓടുന്നു. അതായത് എറണാകുളം-പത്തനംതിട്ട ബസ്സായി മാറുന്നു. സൂപ്പർ ഫാസ്റ്റായി ഓടിയാലും ആർക്കും സംശയം തോന്നാത്ത സർവ്വീസ്. സീതത്തോട്ടിലേക്ക് പോയിട്ടും കാര്യമില്ല. തോട്ടം മേഖലയിൽ നിന്ന് എറണാകുളത്തേക്ക് ആരേയും കിട്ടില്ല. ലോക്കൽ ബസുകളിൽ യാത്ര ചെയ്യാനാണ് അവിടെയുള്ളവർക്ക് താൽപ്പര്യവും. അതുമനസ്സിലാക്കി ആളെ കിട്ടാത്ത റൂട്ട് സ്വയം ഒഴിവാക്കുകയാണ് ശരണ്യ. ഇതിന് സമാനമായി നിരവധി സർവ്വീസുകളുണ്ട്. എരുമേലിക്ക് അടുത്ത് കരിങ്കല്ലുംമൂഴി നിന്ന് എറണാകുളം വരെ പെർമിറ്റ് ഉള്ള ശരണ്യ ബസ് ഓടുന്നത് പുനലൂർ എറണാകുളം ആയി. നൂറിലധികം കിലോമീറ്റർ അധികമായി ഓടുന്നു.

പിന്നെ മുണ്ടക്കയം പരവൂർ, ഇളംകാട് കൊല്ലം , ചുങ്കപ്പാറ എറണാകുളം , കൊല്ലം കോതമംഗലം , അട്ടിപീടിക പുനലൂർ തുടങ്ങിയ ഗ്രാമ പ്രദേശങ്ങളിലൂടെ ഉള്ള സർവീസ്സുകൾ ഓടാതെ ആണ് യാത്ര മാർഗം ഏറയുള്ള ഹൈവെ വഴി അനധികൃത സർവീസ്സ് നടത്തുന്നത്. ഇതിലൂടെയും അമിത ലാഭം കൊയ്യുകയാണ് ശരണ്യ. പാവപ്പെട്ട ഗ്രാമീണരുടെ യാത്രാ സൗകര്യം ഇതിലൂടെ ഇല്ലാതാവുകയും ചെയ്യുന്നു. സ്‌കൂൾ കുട്ടികളെ കയറ്റാതിരിക്കാനാണ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പറാകുന്നതെന്നതും എല്ലാവർക്കും അറിയാവുന്നതാണ്. ഇതൊക്കെ മോട്ടോർ വാഹന വകുപ്പിന് അറിയില്ലെന്ന് ആരും പറയില്ല. എല്ലാ ആർടിഒകളും ഈ തോന്ന്യവാസത്തിനെ കണ്ടില്ലെന്ന് നടിക്കും. കാരണം രാഷ്ട്രീയ സ്വാധീനത്തെ ഭയം തന്നെയാണ് എല്ലാ ഉദ്യോഗസ്ഥർക്കും. കൂട്ടുനിന്നാൽ കീശ വീർക്കുകയും ചെയ്യും.

സ്വകാര്യ സൂപ്പർ ഫാസ്റ്റ് ദേശസാൽക്കരണത്തിൽ പെർമിറ്റ് നഷ്ടപ്പെട്ട 161 സൂപ്പർഫാസ്റ്റ് ബസുടമകളിൽ ഉന്നത ബന്ധമുള്ളവയാണ് ഇപ്പോഴും നിയമവിരുദ്ധമായി പെർമിറ്റ് ഇല്ലാതെ സർവീസ് നടത്തുന്നത്. കെഎസ്ആർടിക്ക് കനത്ത നഷ്ടമാണ് ഇത്തരം അനധികൃത സ്വകാര്യ ബസ് സർവീസുകൾ വഴി ഉണ്ടാകുന്നത്. കേരളത്തിൽ ആകെയുള്ള 241 സ്വകാര്യ സൂപ്പർക്ലാസ് ബസുകളിൽ 161 എണ്ണം റൂട്ടുകളാണ് കെഎസ്ആർടിസി അടുത്തകാലത്തായി ഏറ്റെടുത്തു ഓടിത്തുടങ്ങിയത്. ഇതോടെ ഭൂരിപക്ഷം ബസ് ഉടമകളും സർവീസ് നിർത്തിയെങ്കിലും അധികാരത്തിന്റെ ബലമുള്ളവ യാതൊരു കൂസലുമില്ലാതെ സർവീസ് നടത്തുന്നത് തുടരുകയായിരുന്നു. അഴിമതിക്കെതിരെ സമരം നയിക്കുന്ന ആർ ബാലകൃഷ്ണപിള്ളയുടെ അനന്തിരവൻ ശരണ്യ മനോജിന്റെ 6 സൂപ്പർക്ലാസ് ബസ്സുകളാണ് പെർമിറ്റില്ലാതെ ഓടിക്കൊണ്ടിരിക്കുന്നത്.

മലയാലപ്പുഴ എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 സി/7088, സീതത്തോട് എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 സി/7081, ശാന്തിഗ്രാം കട്ടാന എടപ്പാറ വാഗമൺ എറണാകുളം റൂട്ടിലോടുന്ന കെഎൽ 24 ബി/6060, പുനലൂർ മല്ലപ്പള്ളി കോട്ടയം എറണാകുളം റൂട്ടിലോടുന്ന കെഎൽ 34 ബി/8688, കൊട്ടാരക്കര കുമളി റൂട്ടിലോടുന്ന കെഎൽ 24 എഫ്/645, നെടുങ്കണ്ടം മുണ്ടക്കയം റാന്നി അടൂർ റൂട്ടിലോടുന്ന കെഎൽ 24 എഫ്/5565 എന്നീ ബസുകളാണ് തീർത്തും അനധികൃതമായി സർവീസ് നടത്തുന്നതെന്ന് മറുനാടൻ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കൂടാതെ എറണാകുളം ജില്ലാ കൗൺസിൽ അംഗവും കേരള കോൺഗ്രസ് നേതാവുമായ ജോസഫ് ബാബുവിന്റെ തുഷാരം ബസും പെർമിറ്റില്ലാതെ തേക്കടികുമളി കൂത്താട്ടുകുളംഎറണാകുളം റൂട്ടിൽ സർവ്വീസ് നടത്തിയിരുന്നു.

സ്വകാര്യ ബസുകളുടെ സർവീസ് സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. ബസുകൾ ഇട്ട് ടേക്ക് ഓവർ എന്ന പേരിൽ ആരംഭിച്ച പദ്ധതി പ്രകാരം പെർമിറ്റില്ലാത്ത മറ്റു കമ്പനികളുടെ സർവീസുകൾ അധികൃതർ തടഞ്ഞെങ്കിലും ശരണ്യയുടെ ബസുകൾ മാത്രം പെർമിറ്റില്ലാതെ നിർബാധം സർവീസ് നടത്തുകയായിരുന്നു. സ്പീഡ് ഗവേണർ ഇല്ലാതെ 100 കി.മീ. വേഗത്തിലാണ് ഈ ബസുകൾ പായുന്നത്. പെർമിറ്റില്ലാത ഇത്തരം ബസുകൾ പായുമ്പോൾ ഏതെങ്കിലും വിധേന അപകടം ഉണ്ടായാൽ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ പോലും കിട്ടില്ലെന്നതാണ് ഗുരുരതമായ അവസ്ഥ. അപകടമുണ്ടായാൽ അതിന്റെ ബാധ്യത ബസുടമയ്ക്ക് മാത്രമായിരിക്കുകയും ചെയ്യും. പക്ഷെ ബസിന്റെ വിലയേക്കാൾ വായ്പ എടുത്തിരിക്കുന്ന ബസുകളിൽ നിന്ന് യാത്രക്കാർക്ക് അപകടം സംഭവിച്ചാൽ യാതൊരു നഷ്ടപരിഹാരവും ലഭിക്കുകയില്ല.

കെ എസ്ആർടിസിയെ തകർക്കുന്നതിനെതിരെയും സ്വകാര്യ ബസ് ഉടമകൾ രാഷ്ട്രീയക്കാരുടെ ഓശാരം കൈപ്പറ്റി കൊഴുത്ത് തടിക്കുന്നതിനെതിരെയും കടുത്ത നിലപാട് എടുക്കുന്നവർക്കെതിരെ എന്ത് പ്രചരണവും ശരണ്യാ മനോജ് നടത്തും. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ റിസേർച്ചിനേയും അതിന്റെ സാരഥിയായ ഡിജോ കാപ്പനെയും അപമാനിക്കാൻ ചാനൽ ചർച്ചയെ ഉപയോഗിച്ചത് നിയമ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. സ്വകാര്യ ബസ് ഉടമകളിൽ നിന്നും കാപ്പൻ പണം വാങ്ങാറുണ്ടെന്നായിരുന്നു ചാനൽ ചർച്ചയിൽ മനോജ് ആരോപിച്ചത്. ഇതേ തുടർന്ന് കൊച്ചിയിലെ മനയാനി അസോസിയേറ്റ്‌സിലെ അഭിഭാഷകൻ ജോൺസൺ മനയാനി മുഖേന 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കാപ്പൻ മനോജിന് നോട്ടീസ് അയച്ചു. കെഎസ്ആർടിസിയെ തകർക്കുന്ന നിലപാടുകൾ പല കോണുകളിൽ നിന്ന് ഉയരുന്നതിനെതിരെ ഡിജോ കാപ്പൻ കോടതിയെ സമീപിച്ചിരുന്നു. മനയനാനി അസോസിയേറ്റ്‌സ് മുഖാന്തിരം നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ നിരവധി സുപ്രധാന വിധികൾ കോടതി പുറപ്പെടുവിക്കുകയും ചെയ്തു.

ഡിജോ കാപ്പന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് സൂപ്പർ ക്ലാസ് പെർമിറ്റുനൽകുന്ന വിഷയത്തിലുൾപ്പെടെ സർക്കാരിനോട് വിശദീകരണം തരാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കോടതിയിൽ നിന്ന് എതിർപ്പുണ്ടാകുമെന്നും വിമർശനമേൽക്കേണ്ടിവരുമെന്നും ഭയന്ന് സർക്കാർ മാനംരക്ഷിക്കാൻ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിച്ച ഉത്തരവ് പിൻവലിച്ച തടിയൂരുകയും ചെയ്തു. കെഎസ്ആർടിസി ബസുകൾക്ക് മാത്രമായി സൂപ്പർ ക്ലാസ് പെർമിറ്റ് അനുവദിച്ചത് സ്വകാര്യ ബസുകളുടെ കുത്തകയ്ക്ക് പലമേഖലകളിലും ഇടിവുണ്ടായിരുന്നു. ഇത്തരം സംഭവങ്ങളുടെ ബാക്കി പത്രമായാണ് ചാനൽ ചർച്ചയിൽ ഡിജോ കാപ്പനെതിരെ ആരോപണം മനോജ് തന്നെ ഉയർത്തിയത്. സോളാർ കേസിലെ ഇടപാടുകളിലും മനോജ് നിറഞ്ഞു. ഇങ്ങനെ ഒരാളെ പിണക്കാൻ സ്വകാര്യ ബസ് മുതലാളിമാർ തയ്യാറല്ല. അതുകൊണ്ട് കൂടിയാണ് ശരണ്യ ബസിന്റെ നിയമ ലംഘനങ്ങൾ തുടരുന്നതിന് കാരണവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP