Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ഗോപിനാഥ് മുതുകാടും യുനിസെഫും കൈകോർക്കുന്നു; സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ പദവി കേരളത്തിന്റെ പ്രിയ മാന്ത്രികന്

കുട്ടികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കു ഗോപിനാഥ് മുതുകാടും യുനിസെഫും കൈകോർക്കുന്നു; സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ പദവി കേരളത്തിന്റെ പ്രിയ മാന്ത്രികന്

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികൾക്കായുള്ള യുനിസെഫിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഇനി മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാന്ത്രികസ്പർശം. കുട്ടികളെ സംബന്ധിച്ച പ്രശ്‌നങ്ങളിൽ ബോധവൽക്കരണത്തിനായി മുതുകാട് തന്റെ കലാപ്രവർത്തനം ഉപയോഗിക്കും.

കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നൽകുന്ന 'സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ' പദവി തിരുവനന്തപുരത്ത് നടന്ന പ്രത്യേക ചടങ്ങിൽ യുനിസെഫ് കേരള-തമിഴ്‌നാട് മേധാവി ജോബ് സഖറിയ ഗോപിനാഥ് മുതുകാടിന് സമ്മാനിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് യുനിസെഫ് ഈ പദവി നൽകുന്നത്.

കേരളത്തിലെ കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ ജോബ് സഖറിയ മുതുകാടിനെ ക്ഷണിച്ചു. ഒരു കുട്ടിയുടെആദ്യ 1000 ദിവസങ്ങളുടെ പ്രാധാന്യവും ആ ദിവസങ്ങളിൽ നിർബന്ധമായും ചെയ്യേണ്ട പതിനഞ്ചോളം കാര്യങ്ങളെക്കുറിച്ചും 'സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ' എന്ന നിലയിൽ മുതുകാട് ബോധവൽക്കരണം നടത്തുമെന്ന് ജോബ് സഖറിയ പറഞ്ഞു. ബാലാവകാശങ്ങൾ ഉൾപ്പെടെ യുനിസെഫ് ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾ അമ്മമാർ, കുട്ടികളെ പരിപാലിക്കുന്നവർ, യുവജനങ്ങൾ എന്നിവരടക്കം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക്, മാജിക്കിലൂടെ ഫലപ്രദമായി എത്തിക്കാൻ മുതുകാടിന് കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

'സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ' പദവി അഭിമാനത്തോടെയാണ് സ്വീകരിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശസംരക്ഷണത്തിനായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ്. കുട്ടികളുടെ അവകാശങ്ങളുടെയും അവരുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളുടെയും ബോധവൽക്കരണത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ പ്രവർത്തനങ്ങൾക്കാണ് മുതുകാടിന് സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടർ പദവി നൽകുന്നത്. മാജിക്കിന്റെ സഹായത്തോടെ, കുട്ടികളുടെ ക്ഷേമത്തിനായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ഇതോടെ അരങ്ങൊരുങ്ങുന്നു. ലോകത്തിലെതന്നെ ഇത്തരത്തിലുള്ള ആദ്യ സംരഭമായ തിരുവനന്തപുരം കഴക്കൂട്ടത്തെ മാജിക്ക് പ്‌ളാനറ്റിൽ യുനിസെഫ് ആശയങ്ങളുടെ പ്രചാരണത്തിന് പ്രത്യേകവിഭാഗം ആരംഭിക്കും.

കുഞ്ഞുങ്ങളുടെയും കുട്ടികളുടെയും ആരോഗ്യവിഷയങ്ങൾ, മുലയൂട്ടൽ, രോഗപ്രതിരോധം, ദിനചര്യകളിൽ ശീലിക്കേണ്ട ആരോഗ്യപരമായ രീതികൾ എന്നിവയടക്കം യുനിസെഫ് നിർദേശിക്കുന്ന വിവിധ വിഷയങ്ങളിൽ മുതുകാട് മാജിക്കിലൂടെ ബോധവൽക്കരണം നടത്തും. ദൃശ്യ-ശ്രാവ്യ സംവിധാനങ്ങളുടെ സഹായത്തോടെ നവ-സാമൂഹിക മാദ്ധ്യമങ്ങളടക്കം ഉപയോഗിച്ചാവും പ്രവർത്തനങ്ങൾ. കുട്ടികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുക, അവരുടെ അവകാശങ്ങളടക്കമുള്ള വിഷയങ്ങൾ പൊതുശ്രദ്ധയിലും നയകർത്താക്കളിലും എത്തിക്കുക, യുനിസെഫിന്റെ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട് സമാഹരണം എന്നിവയാണ് സെലിബ്രിറ്റി യുനിസെഫ് സപ്പോർട്ടറുടെ ചുമതലകൾ.

ബാല്യവുംമാജിക്കും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷൻ അധ്യക്ഷ ശോഭ കോശി പറഞ്ഞു. മാജിക്കിലൂടെ ബാലാവകാശത്തെ കുറിച്ച് എളുപ്പത്തിൽ ബോധവൽക്കരിക്കാനാവും എന്നും അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് ശുചിത്വം, ശുചിമുറി, ശുദ്ധജലം എന്നിവ കമ്മീഷൻ പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP