Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പരാതി സ്വീകരിച്ച ബെഞ്ച് ക്ലാർക്ക് ലോകായുക്തയെ കാണിച്ച് മടങ്ങിയ ഉടൻ കീറിക്കളഞ്ഞ് നമ്പർ വെട്ടി; നിവൃത്തികെട്ട പരാതിക്കാരൻ വിജിലൻസ് കോടതിയിൽ പോയി; പ്രമുഖരുടെ ഉറക്കം കെടുത്തി തൃശ്ശൂരിലെ ജോർജ്ജ് വട്ടുകുളത്തിന്റെ അടുത്ത ലക്ഷ്യം മന്ത്രി സി എൻ ബാലകൃഷ്ണൻ

പരാതി സ്വീകരിച്ച ബെഞ്ച് ക്ലാർക്ക് ലോകായുക്തയെ കാണിച്ച് മടങ്ങിയ ഉടൻ കീറിക്കളഞ്ഞ് നമ്പർ വെട്ടി; നിവൃത്തികെട്ട പരാതിക്കാരൻ വിജിലൻസ് കോടതിയിൽ പോയി; പ്രമുഖരുടെ ഉറക്കം കെടുത്തി തൃശ്ശൂരിലെ ജോർജ്ജ് വട്ടുകുളത്തിന്റെ അടുത്ത ലക്ഷ്യം മന്ത്രി സി എൻ ബാലകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മന്ത്രി കെ ബാബുവിനെ ബാർകോഴയിൽ വീഴ്‌ത്തിയതിൽ മുഖ്യപങ്ക് ബിജു രമേശിന് ആണെന്ന് പറയുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ ബാബുവിന് പണി കൊടുത്ത് ജോർജ്ജ് വട്ക്കുളം എന്ന പൊതുപ്രവർത്തകൻ ആയിരുന്നു. ഇദ്ദേഹം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിന്മേലാണ് ബാബുവിനെതിരെ കർശനമായ പരാമർശങ്ങൾ കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. മാണി രാജിവച്ചതോടെ ബിജു രമേശുമായി സർക്കാർ ഒത്തു തീർപ്പിൽ എത്തിയിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വട്ടക്കുളം വിഷയത്തിൽ ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിയുടെയും ബാബുവിന്റെയും പരിശ്രമങ്ങളെല്ലാം പാളി.

സ്വാധീനത്തിന്റെ ബലത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനെ അതിജീവിച്ചാണ് വട്ടക്കുളം നീതി നേടിയത്. ബാർകോഴക്കേസിൽ കെ. ബാബുവിന് എതിരെ ജോർജ്ജ് വട്ടക്കുളം ആദ്യം പരാതി നൽകിയത് ലോകായുക്തയിലായിരുന്നു. എന്നാൽ ലോകായുക്ത പരാതി സ്വീകരിക്കാൻ തയ്യാറായില്ലെന്നും പരാതി കീറികളഞ്ഞുവെന്നും പരാതിക്കാരനായ ജോർജ്ജ് വട്ടുകുളം പറയുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിയുമായി വിജിലൻസിനെ സമീപിച്ചത്.

പരാതിയുമായി ലോകായുക്തയിൽ എത്തിയപ്പോൾ ബഞ്ച് ക്ലർക്ക് പരാതി നമ്പരിട്ട് സ്വീകരിച്ച്, പരാതിയുമായി ഓഫീസിന് അകത്തേയ്ക്ക് പോയി. എന്നാൽ തിരിച്ചെത്തിയ ക്ലർക്ക്, ഇത് മന്ത്രിമാർ ആരോപണ വിധേയരായ കേസാണെന്നു പറയുകയും നമ്പർ വെട്ടിക്കളഞ്ഞശേഷം ബഞ്ച് ക്ലർക്ക് പരാതി കീറിക്കളയുകയുമായിരുന്നു എന്നും ജോർജ്ജ് വട്ടുകുളം ആരോപിച്ചു. ലോകായുക്തയെ കാണിച്ചശേഷം ബഞ്ച് ക്ലർക്ക് കീറിക്കളഞ്ഞത്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായി നിൽക്കുന്ന ആളാണ് ലോകായുക്തയെന്ന വിമർശനം മുമ്പും ഉയർന്നിട്ടുണ്ട്. പാറ്റൂർ ഇടപാടിൽ അടക്കം ഉമ്മൻ ചാണ്ടിയുടെ രക്ഷകന്റെ റോളിലായിരുന്നു ലോകായുക്ത. അതുകൊണ്ട് തന്നെയാണ് ബാബുവിനെതിരായാ പരാതി കീറിക്കളഞ്ഞതെന്നും വിമർശനം ഉണ്ട്.

എന്നാൽ അതുകൊണ്ടൊന്നു പിന്മാറാൻ ജോർജ്ജ് വട്ടക്കുളം തയ്യാറായില്ല. തുടർന്ന് വിജിലൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഇത് ബാബുവിന് പുറത്തേക്കുള്ള വഴിയും തുറന്നു. വിജിലൻസ് കോടതിയിൽ തുടർച്ചയായി നടത്തിയ ഇടപെടലുകളിലൂടെയാണു ഹർജിക്കാരനും മലയാളവേദി സംസ്ഥാനപ്രസിഡന്റുമായ തൃശൂർ രാമവർമപുരം സ്വദേശി വട്ടുകുളം ജോർജ്(54) ശ്രദ്ധേയനായത്.

അടുത്ത 30നു മന്ത്രി സി.എൻ. ബാലകൃഷ്ണന് എതിരേയുള്ള കേസും വിജിലൻസ് കോടതിയുടെ പരിഗണനയ്ക്ക് എടുക്കുന്നുണ്ട്. ജോർജ് തന്നെയാണ് ഹർജിക്കാരൻ. ഉന്നതരുടെ ദുഷ്‌ചെയ്തികൾ തുറന്നു കാട്ടാൻ വേണ്ടിയുള്ള പോരാട്ടം തപസ്യയാക്കി മാറ്റിയ ജോർജ് വട്ടുകുളത്തിന് വ്യവഹാരവും കോടതിയും ജീവിതഭാഗമാണിപ്പോൾ. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ മരുമകൻ ശ്രീനിജൻ പുഴ കൈയേറിയെന്ന പരാതി നൽകിയതും ജോർജാണ്. സൗമ്യക്കേസിൽ ഗോവിന്ദച്ചാമി, ഡോ. ഉന്മേഷ്, ഡോ. ഹിതേഷ് ശങ്കർ എന്നിവർക്കെതിരേ ഇദ്ദേഹം കോടതിയെ സമീപിച്ചതും മാദ്ധ്യമശ്രദ്ധ നേടിയിരുന്നു. കേസിൽ ദ്രുതപരിശോധനയ്ക്ക് കോടതി ഉത്തരവിട്ടിരുന്നു.

മന്ത്രിക്ക് 50 ലക്ഷം രൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തൽ കേട്ടപ്പോഴാണ് ഹർജിനൽകണമെന്നു തോന്നിയതെന്നു ജോർജ് പറഞ്ഞു. കോഴ വാങ്ങുന്നതും നൽകുന്നതും ഒരുപോലെ കുറ്റമായതിനാൽ ഇരുകൂട്ടരേയും എതിർകക്ഷികളാക്കി.
വിജിലൻസ് സംഘം പരിശോധനാറിപ്പോർട്ട് സമർപ്പിക്കാൻ കോടതിയിൽ കൂടുതൽ സമയം തേടിയതാണു മന്ത്രി ബാബുവിനു വിനയായത്. സമയം നീട്ടിചോദിച്ചതിനെ ഹർജിക്കാരനായ ജോർജ് എതിർത്തു.

എഫ്.ഐ.ആർ. എടുത്ത് കേസ് രജിസ്റ്റർ ചെയ്താലല്ലാതെ അന്വേഷണം ശരിയായ വഴിയിലെത്തുകയില്ലെന്ന ഹർജിക്കാരന്റെ നിലപാടു കോടതി ശരിവച്ചു. സമയം നീട്ടിത്തരുമെന്നു പ്രതീക്ഷിച്ച് എത്തിയ അഡീഷണൽ ലീഗൽ അഡൈ്വസർ കടുത്ത പ്രതിരോധത്തിലുമായി. കൂടുതൽ സമയം ചോദിച്ചു കാരണങ്ങൾ നിരത്തിയെങ്കിലും കോടതി വഴങ്ങിയില്ല. ഒന്നരമണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നരമാസം പിന്നിട്ടിട്ടും അന്വേഷണ റിപ്പോർട്ട് ഹാജരാക്കാത്തത് വിജിലൻസിന്റെ വീഴ്‌ച്ചയായി കോടതി വിലയിരുത്തി. അന്വേഷണം സംബന്ധിച്ച് കർശന നിരീക്ഷണങ്ങളും കോടതി നടത്തി.

ബാർ കോഴ ആരോപണത്തിൽനിന്നു പിന്മാറാൻ മദ്യവ്യവസായി ബിജു രമേശിന് പ്രതിഫലമായി 150 കോടിയുടെ നിർമ്മാണക്കരാർ നൽയിരുന്നുസർക്കാർ. വിഴിഞ്ഞം തുറമുഖത്തിനു സാധനസാമഗ്രികൾ നൽകാനുള്ള കരാറാണ് അടൂർ പ്രകാശ് ഇടപെട്ട് ഉറപ്പിച്ചത്. തൃശൂർ വിജിലൻസ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുന്നതിന് മുമ്പ് തന്നെ ഈ നീക്കം തുടങ്ങിയിരുന്നു. കോടതിയുടെ നിർദ്ദേശമെത്തിയപ്പോൾ എല്ലാം വേഗത്തിലായി. ഒത്തുതീർപ്പിലെ വ്യവസ്ഥ പ്രകാരം ഓപ്പറേഷൻ അനന്തയിൽ നിന്ന് രാജധാനി ബിൽഡിംഗിനേയും ഒഴിവാക്കാനും ധാരണയായിരുന്നു. ഇതോടെ ബിജു രമേശും വിഷയത്തിൽ നിന്നും പിന്നോട്ടു പോയിരുന്നു. എന്നാൽ, ജോർജ്ജ് വട്ടക്കുളം ഒരുങ്ങി തന്നെ രംഗത്തുവന്നതോടെ സമാവായ സാധ്യതകളും വെറുതേ ആകുകയായിരുന്നു. എന്തായാലും സിഎൻ ബാലകൃഷ്ണനെ നോട്ടമിട്ടാണ് ജോർജ്ജിന്റെ അടുത്ത നീക്കം. ഇത് എവിടെ എത്തുമെന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP