Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വക്കത്തെ കൊലയാളിയുടെ പോസ്റ്റിലുള്ളത് 'ദൈവപ്പുരയിലെ' വാളുകൾ; പടമഹോൽസവത്തിനുള്ള ഉലയകുടയ പെരുമാൾ ക്ഷേത്ര ആയുധങ്ങളിലെ ചിലത് സന്തോഷും കൂട്ടരും അടിച്ചു മാറ്റി; ഫോട്ടോയെടുത്തത് ഉൽസവകാലത്ത്

വക്കത്തെ കൊലയാളിയുടെ പോസ്റ്റിലുള്ളത് 'ദൈവപ്പുരയിലെ' വാളുകൾ; പടമഹോൽസവത്തിനുള്ള ഉലയകുടയ പെരുമാൾ ക്ഷേത്ര ആയുധങ്ങളിലെ ചിലത് സന്തോഷും കൂട്ടരും അടിച്ചു മാറ്റി; ഫോട്ടോയെടുത്തത് ഉൽസവകാലത്ത്

മറുനാടൻ മലയാളി ബ്യൂറോ

വക്കം: പട്ടാപ്പകൽ നടുറോഡിൽ യുവാവിനെ ക്രൂരമായി അടിച്ചുകൊന്നകേസിലെ മുഖ്യ പ്രതി സന്തോഷ് ആയുധങ്ങൾ സംഘടിപ്പിച്ചിരുന്നത് വക്കം ഉലയകുടയ പെരുമാൾ ക്ഷേത്രത്തിൽ നിന്ന്. വാളുകളുമായി സന്തോഷ് കഴിഞ്ഞവർഷം ഇട്ട ഫെയ്‌സ് ബുക്ക് പോസ്റ്റിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പൊലീസ് ഇത് കണ്ടെത്തിയത്. ദൈവപ്പുര ക്ഷേത്രത്തിന് സമീപത്തെ പ്രതികളുടെ താവളത്തിൽ ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ വാളും കമ്പിവടിയും പാരയും കണ്ടെത്തി. ഇതെല്ലാം വക്കം ഉലകുടയ പെരുമാൾ ക്ഷേത്രത്തിലേതാണ്.

ക്ഷേത്ര ആചാരങ്ങൾ കൊണ്ട് പ്രശസ്തമായ ഈ ക്ഷേത്രത്തിൽ രണ്ടു വർഷത്തിൽ ഒരിക്കൽ മാത്രം ചരിത്ര പ്രശസ്തമായ പടമഹോത്സവം നടന്നു വരുന്നു. ആ ക്ഷേത്രത്തിലെ ഉത്‌സവത്തിന് വാളുകൾ ധരിച്ച പോരാളികളുടെ വേഷത്തിൽ ഭക്തർ നേർച്ച പൂർത്തിയാക്കാൻ എത്തും. എഴുന്നള്ളത്തിന് സമാനമായി അവിടെ നടക്കുന്ന ഘോഷയാത്രയുടെ പേര് 'പട' എന്നാണ്. രാപ്പട, പകൽപ്പട എന്നിങ്ങനെ രണ്ട് പടകൾ ഉണ്ട്. കൂടാതെ ആന ക്ഷേത്ര കാര്യങ്ങൾക്ക് ഉപയോഗിക്കാത്ത അമ്പലമാണിത്. കുതിരയാണ് അവിടെ ഉപയോഗിക്കുന്നത്. ഇതിനായി സൂക്ഷിച്ച വാളുകളുമായാണ് സന്തോഷ് ഫോട്ടോ എടുത്തത്. ഫെയ്‌സ് ബുക്കിലിട്ട വാളുകളുടെ ശേഖരവും ക്ഷേത്രത്തിന്റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. എന്നാൽ ഇതിൽ നിന്നും വാളുകളും മാറ്റും മറ്റൊരിടത്തേക്ക് സന്തോഷും കൂട്ടരും മാറ്റിയതായും പൊലീസിന് തെളിവ് കിട്ടി.

അതായത് വലിയൊരു ആയുധ ശേഖരം സന്തോഷിന്റെ കൈയിലില്ല. പടമഹോൽസവത്തിന് ആയുധങ്ങൾ പുറത്തെടുത്തപ്പോൾ അതുപയോഗിച്ച് ഫോട്ടോ എടുക്കുകയായിരുന്നു. അത് അറിയാവുന്നതു കൊണ്ടാണ് ഫെയ്‌സ് ബുക്കിലെ ഫോട്ടോയിൽ അന്ന് ആരും വിമർശനങ്ങളോ എതിർപ്പോ ഉന്നയിക്കാത്തതെന്നും പൊലീസ് തിരിച്ചറിയുന്നു. ഇവിടെ നിന്ന് സംഘടിപ്പിക്കുന്ന ആയുധങ്ങളുമായാണ് ഷബീറിന്റെ സംഘത്തെ സന്തോഷും കൂട്ടരും പലപ്പോഴും നേരിട്ടിരുന്നത്. ഇത്തരം ചെറിയ അക്രമങ്ങളിൽ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ സന്തോഷിന്റെ ആയുധ ശേഖരം നേരത്തെ തന്നെ പൊലീസിന് കണ്ടെടുക്കാമായിരുന്നു.

വക്കം പുത്തനനട ശിവക്ഷേത്രത്തിലെ പ്രശ്‌നങ്ങളാണ് ഷെബീറും സന്തോഷും തമ്മിലെ പ്രശ്‌നങ്ങൾക്ക് കാരണം. ക്ഷേത്രകമ്മറ്റി അംഗമായിരുന്ന ഷെബീർ അമ്പലത്തിൽ ആന ഇടഞ്ഞ സംഭവത്തിലാണ് സന്തോഷമുമായി പിണങ്ങിയത്. സന്തോഷും കൂട്ടരും ആനയുടെ വാലിൽ പിടിച്ചത് ഷബീർ പൊലീസിന് മൊഴി നൽകി. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. മതേതരത്വത്തിന് പേരുകേട്ട പുത്തനനടയിലെ ഉൽസവത്തിന് നേതൃത്വം നൽകിയത് ഷബീർ അടക്കമുള്ള മുസ്ലിം മതവിഭാഗത്തിലുള്ളവരുടെ കൂട്ടായ്മയാണ്. ഇത് തന്നെയാണ് വക്കം ഉലകുടയ പെരുമാൾ ക്ഷേത്രത്തിന്റേയും പാരമ്പര്യം. പടമഹോൽസവമാണ് വക്കം ഉലകുടയ പെരുമാൾ ക്ഷേത്രത്തിലെ പ്രധാന ഉൽസവം. കോലം തുള്ളലും തമ്പുരാൻ പാട്ടും ചൂട്ട് കെട്ടി പടയും കാലാൾ പടയും കുതിര പടയും കൂടിയ വിവിദ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വക്കം ഗ്രാമത്തിൽ ഒന്നാകെ പടമഹോത്സവം ചുറ്റി സഞ്ചരിക്കുന്നു.

ഇതോടൊപ്പം ക്ഷേത്ര മേൽശാന്തിയും കിരീടവുമെന്തി പ്രജകളെ കാണാൻ നാടൊട്ടുക്ക് സഞ്ചരിക്കുന്നു. വിഗ്രഹമില്ലാതെ പ്രതിഷ്ടയില്ലാത്ത കിഴക്കോട്ട് ദർശനം ഉള്ള കേരളത്തിലെ ഏക തമ്പുരാൻ ക്ഷേത്രങ്ങളിൽ ഒന്നാണ് വക്കം ദൈവപ്പുര ഉലകുടയ പെരുമാൾ തമ്പുരാൻ ക്ഷേത്രം. തമ്പുരാന്റെ പ്രധാന നേര്ച്ചകളിൽ ഒന്നാണ് വാൾ എടുത്തു ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വക്കുന്നതു. നവഗ്രഹ പ്രതിഷ്ടയും ചാമുണ്ടി ദേവി പ്രതിഷ്ടയും കൊണ്ട് പ്രശസ്തമായ ഈ ക്ഷേത്രത്തിൽ രാത്രി പുറപ്പെടുന്ന രാപ്പടയും പകൽ പുറപ്പെടുന്ന പകൽ പടയും പ്രസിദ്ധമാണ്. പടമഹോത്സവത്തിൽ ജാതിമത ഭേദമന്യേ വക്കം നിവാസികൾ പങ്കെടുക്കുന്നു. ഇത്തരം ആചാരങ്ങൾക്ക് വേണ്ടിയാണ് വാളുകൾ ദൈവപ്പുരയിൽ സൂക്ഷിക്കുന്നത്. ഇതാണ് സന്തോഷിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുമുള്ളത്.

അതുകൊണ്ട് തന്നെ ആയുധ ശേഖരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണ്. വക്കം കേന്ദ്രീകരിച്ച് ആയുധ ശേഖരണം നടക്കുന്നുവെന്ന ആശങ്കയാണ് പൊലീസ് അന്വേഷണത്തിലൂടെ മാറ്റുന്നത്. ഇവിടെ നിന്ന് അഞ്ചിൽ താഴെ വാളുകൾ മാത്രമേ സന്തോഷും സംഘവും കൊണ്ടു പോയിട്ടുള്ളൂ. ക്ഷേത്രത്തിൽ ആചാരപരമായ ആവശ്യങ്ങൾക്കുപയോഗിക്കുന്ന വാളുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ക്ഷേത്രകമ്മറ്റിക്ക് പൊലീസ് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇനി ഇതെല്ലാം പൊലീസ് നിരീക്ഷിക്കുകയും ചെയ്യും. വേണ്ട മുൻകരുതലെടുക്കാമെന്ന് ക്ഷേത്രം ഭാരവാഹികളും പൊലീസിനെ അറിയിച്ചതായാണ് സൂചന.

2015 മാർച്ചിലാണ് സതീഷ് വാളുകളുടെ ചിത്രം ഫെയ്‌സ് ബുക്കിൽ കവർ ഫോട്ടോ ആക്കിയിരുന്നത്. ആയുധങ്ങളുമായി സുഹൃത്തുക്കൾക്കൊപ്പം നിൽക്കുന്ന ചിത്രവുമുണ്ട്. ഈ സാഹചര്യത്തിലായിരുന്നു പൊലീസ് അന്വേഷണം. വാളുകൾ മാത്രമുള്ള ചിത്രമാണെങ്കിൽ ഗൂഗിളിൽ നിന്ന് കിട്ടിയെന്ന വാദം ഉയർത്താൻ കഴിയുമായിരുന്നു. എന്നാൽ ആയുധ ശേഖരത്തിന് അടുത്ത് സതീഷും കൂട്ടുകാരും നിൽക്കുന്നുവെന്ന ചോദ്യം സോഷ്യൽ മിഡീയയിൽ വലിയ ചർച്ചയായിരുന്നു. ഇതോടെയാണ് പൊലീസ് സത്യം കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ഷബീർ കൊലക്കേസിൽ ഏഴു പ്രതികളിൽ അഞ്ചു പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

വക്കം ഷബീർ വധക്കേസിൽ വക്കം മൂന്നാലുംവീട്ടിൽ സതീഷ്(22), സഹോദരൻ സന്തോഷ് (23), കുഞ്ചംവിളാകം വീട്ടീൽ ഉണ്ണിക്കുട്ടൻ എന്നുവിളിക്കുന്ന വിനായക് (21), ഈച്ചവിളാകത്ത് പൊട്ടുവിളാകം വീട്ടിൽ വാവ എന്നു വിളിക്കുന്ന കിരൺകുമാർ ഇവരുടെ സഹായി അപ്പി എന്ന രാജു (25) എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന കണ്ടാലറിയാവുന്ന രണ്ടു പേർക്കെതിരേയും കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP