Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന് സെന്റിന് 52ന് പകരം 80 ലക്ഷം വീതം കൊടുക്കാൻ കലക്ടറുടെ ഒത്തുകളി; സാധാരണക്കാരന് കൊടുത്തതിന്റെ ഇരട്ടി കൊടുത്തിട്ടും കൊച്ചി മെട്രോ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ശീമാട്ടി ഉടമയുടെ നീക്കം തുടരുന്നു: രാജമാണിക്യത്തോട് കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് കൊച്ചി മെട്രോ

ശതകോടികളുടെ ഭൂമി 'വെറുതേ കൊടുത്തു' മാതൃകയായ ബീനാ കണ്ണന് സെന്റിന് 52ന് പകരം 80 ലക്ഷം വീതം കൊടുക്കാൻ കലക്ടറുടെ ഒത്തുകളി; സാധാരണക്കാരന് കൊടുത്തതിന്റെ ഇരട്ടി കൊടുത്തിട്ടും കൊച്ചി മെട്രോ ഭൂമിയിൽ അവകാശം സ്ഥാപിക്കാൻ ശീമാട്ടി ഉടമയുടെ നീക്കം തുടരുന്നു: രാജമാണിക്യത്തോട് കരാർ റദ്ദാക്കാൻ ആവശ്യപ്പെട്ട് കൊച്ചി മെട്രോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയുടെ മാതൃകയാണ് ബീനാ കണ്ണൻ എന്നാണ് മുഖ്യധാരാ പത്രങ്ങളും ചാനലുകളും എഴുതുന്നത്. കൊച്ചിയുടെ ഹൃദയഭാഗത്തെ ശതകോടികൾ വിലമതിക്കുന്ന 32 സെന്റ് സ്ഥലം മെട്രോയ്ക്ക് വേണ്ടി വെറുതെ വിട്ടുകൊടുത്താണേ്രത ശീമാട്ടി മുതലാളി മാതൃകയായത്. എന്നാൽ ഈ മാതൃക വെറും വ്യാജ ബിംബം ആണെന്ന് മറുനാടൻ പല റിപ്പോർട്ടുകളിലൂടെ വ്യക്തമാക്കി. വെറുതെയല്ലെന്നും സെന്റിന് 52 ലക്ഷം വീതം 13 കോടിയോളം രൂപ നൽകിയെന്നുമായിരുന്നു രേഖകളുടെ അടിസ്ഥാനത്തിൽ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നത്.

ഇപ്പോൾ വെളിയിൽ വരുന്ന രേഖകൾ അനുസരിച്ച് വെറുതെ കൊടുത്തില്ല എന്ന് മാത്രമല്ല ഭൂമി ഏറ്റെടുത്ത മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കാൾ കൂടിയ വില കൊടുക്കാൻ ശ്രമം നടക്കുന്നു എന്നും വ്യക്തമാണ്. കൊച്ചി മെട്രോ മുടക്കാൻ അനവധി തവണ ശ്രമം നടത്തിയ ബീനാ കണ്ണനാണ് സെന്റിന് പരമാവധി കൊടുക്കാവുന്ന വില 52 ലക്ഷമായി നിജപ്പെടുത്തിയിട്ടും രഹസ്യമായി അത് വർദ്ധിപ്പിക്കാൻ കളക്ടർ രാജമാണിക്യം ശ്രമം നടത്തി എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ബീനാ കണ്ണനുമായുള്ള കരാറിൽ ആണ് നിയമവിരുദ്ധമായി 80 ലക്ഷം കൂടി കൊടുക്കാം എന്ന വാചകം കളക്ടർ രാജമാണിക്യം ചേർത്തിരിക്കുന്നത്.

കൊച്ചി മെട്രോയ്ക്ക് വേണ്ടി ഭൂമി വിട്ടുനൽകിയവർക്ക് സെന്റിന് 52 ലക്ഷം പോലും ലഭിക്കുക ഉണ്ടായില്ല. ഇതിൽ നിന്നും കുറഞ്ഞ തുക വിലപേശിയാണ് സ്ഥലം ഏറ്റെടുപ്പ് നടന്നത് എന്നിരിക്കേയാണ് വൻകിട മുതലാളിക്ക് വേണ്ടി നിയമം പോലും കാറ്റിൽപ്പറത്തുന്നത്. എങ്ങനെ സ്ഥലം ഏറ്റെടുക്കണെന്ന നിർദ്ദേശം ബീനാ കണ്ണന് വേണ്ടി രാജമാണിക്യം മറികടക്കുകയായിരുന്നു. ശീമാട്ടിക്ക് അനൂകലമായ വിധത്തിലാണ് കരാർ വ്യവസ്ഥകൾ തയ്യാറാക്കിയത് എന്നാണ് വിവരാവകാശ രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

കൊച്ചി മെട്രോയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുമ്പോൾ ഏറ്റവും അധികം എതിർപ്പുയർത്തിയത് ശീമാട്ടി ഉടമ ബീന കണ്ണനായിരുന്നു. സ്ഥലം വിട്ടുനൽകാൻ മടി കാണിച്ചതിനെ തുടർന്ന് 20ലേറെ തവണ കെഎംആർഎൽ ബീനാ കണ്ണനുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും ധാരണയിൽ ആകാത്തതിനെ തുടർന്നാണ് ജില്ലാ ഭരണകൂടം ഇടപെട്ട് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കരാർ ഉണ്ടാക്കിയത്. എന്നാൽ, ഇങ്ങനെയുണ്ടാക്കിയ കരാറിൽ ശീമാട്ടിക്ക് വേണ്ടി പ്രത്യേകം ഇളവുകൾ നൽകിയെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കരാറില ചില വ്യവസ്ഥകൾ പുനപരിശോധിക്കണെന്ന് ആവശ്യപ്പെട്ട് കെഎംആർഎൽ ജില്ലാ കലക്ടർക്ക് കത്തയച്ചു.

ശീമാട്ടിയുടെ എം.ജി റോഡിലെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപെട്ട് ജില്ലാ ഭരണകൂടം ഉണ്ടാക്കിയ പ്രത്യേക വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്നും ഇതെല്ലം മാറ്റി പുതിയകരാർ ഉണ്ടാക്കണമെന്നുമാണ് കെഎംആർഎല്ലിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് ജില്ല ഭരണകൂടത്തിനും റെവന്യൂ സെക്രട്ടറിക്കും കത്തയച്ചു. ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനും ഐടി ഉദ്യോഗസ്ഥനുമായ ധനരാജിന് വിവരാവകാശം വഴി കിട്ടിയ രേഖകൾ സഹിതമാണ് ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കലിന്റെ കൂടുതൽ വിശദാംശങ്ങൾ മറുനാടൻ മലയാളി നേരത്തെ പ്രസിദ്ധീകരിച്ചത്.

ഈ വാർത്തയിൽ ഒപ്പം പ്രസിദ്ധീകരിച്ച വിവരാവകാശ രേഖയിൽ സ്ഥലവില സംബന്ധിച്ചുള്ള പരാമർശവും ഒപ്പം ഏറ്റെടുത്ത സ്ഥലത്ത് മെട്രോ ഗതാഗതതിനല്ലാതെ ഭാവിയിൽ മറ്റു പ്രവർത്തനങ്ങൾ നടത്താനും മറ്റും ഈ സ്ഥലം ഉപയോഗിക്കാൻ പാടില്ല എന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കെഎംആർഎൽ ഇതുമായി ബന്ധപെട്ട എല്ലാ രേഖകളും വിളിച്ചു വരുത്തി വിശദമായി പരിശോധിച്ചത്. ഇതോടെ ശീമാട്ടിക്ക് നൽകിയ പ്രത്യേക പരിഗണന അംഗീകരിക്കാൻ ആവില്ലെന്ന് കാണിച്ച് കത്തയച്ചത്.

കൊച്ചി മെട്രോയ്ക്കായി വിട്ടുനൽകുന്ന ശീമാട്ടിയുടെ സ്ഥലത്തിന് സെന്റിന് 80 ലക്ഷം വരെ നൽകണമെന്ന് കരാറിൽ എഴുതിയതാണ് കെഎംആർഎല്ലിന്റെ എതിർപ്പിന് ഇടയാക്കിയത്. ഈ മേഖലയിലെ മറ്റുള്ളവർക്ക് 52 ലക്ഷം രൂപവരെയാണ് സെന്റിന് വിലയിട്ടിരുന്നത്. ഇതിലെ വൈരുദ്ധ്യമാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടിയത്. ജില്ലാകലക്ടർ രാജമാണിക്യം മുൻകൈയെടുത്താണ് ഇത്തരമൊരു കരാർ ഉണ്ടാക്കിയത്. അതുകൊണ്ട് തന്നെ ജില്ലാ കലക്ടർക്ക് തിരിച്ചടിയാണ് കെഎംആർഎൽ കത്തയച്ചത്.

ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കാൻ നടപടിയുമായി ബന്ധപെട്ട് കൊച്ചി മെട്രോയുടെ തുടക്കം മുതൽതന്നെ വിവാദങ്ങളുണ്ടായിരുന്നു. സ്ഥലവില കൊടുക്കാതെ സ്ഥലം ഏറ്റെടുക്കാൻ ഒന്നര വർഷമായി ശീമാട്ടിയുമായി കെഎംആർഎൽ ചർച്ചകൾ നടത്തിയെക്കിലും അത് ആദ്യഘട്ടത്തിൽ ഫലവത്തായില്ല. പിന്നീട് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം ഏറ്റെടുത്തു തരാൻ കെഎംആർഎൽ ജില്ല ഭരണകൂടത്തിനോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജില്ല ഭരണകൂടം അംഗീകരിച്ച സ്ഥലവിലക്ക് നിശ്ചിത സ്ഥലം ഏറ്റെടുക്കാൻ ധാരണയാവുകയായിരുന്നു. അതിനെ തുടർന്ന് സ്ഥലം ഏറ്റെടുക്കൽ നടപടിയുമായി മുന്നോട്ടു പോയി. സാധാരണ ഗതിയിൽ സ്ഥലമേറ്റെടുക്കൽ കരാറുകളിൽ നിന്നും വളരെ വത്യസ്തമായ ഒരു കരാറാണ് ജില്ലാ കലക്ടർ ശീമാട്ടിമായി ഉണ്ടാക്കയത് എന്നാണ് കെഎംആർഎൽ കത്തിൽ പറയുന്നത്.

ഏകദേശം 16 കോടിയിൽ അധികം ചെലവാക്കിയാണ് ശീമാട്ടിയുടെ 32 സെന്റ് സ്ഥലം സർക്കാർ ഏറ്റെടുത്തത്. കൊച്ചി മെട്രോ ലാഭകരമായി നടത്തികൊണ്ട് പോവാൻ ഈസ്ഥലവുമായി ബന്ധപെട്ടു ഒരു പാട് നടപടികൾ ഭാവിയിൽ ആവിശ്യമായിവരുമെന്നും നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ഈ സ്ഥലത്ത് വേറൊരു പ്രവർത്തനവും പാടില്ല എന്നുപറഞ്ഞു കെഎംആർഎൽനെ തടയുന്നത് ഭാവിയിൽ മെട്രോ പ്രൊജക്ടിന്റെ സാമ്പത്തിക നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് കെഎംആർഎൽ പറയുന്നു.

ബീന കണ്ണന്റെ ഉടമസ്ഥലയിലുള്ള ശീമാട്ടിയുടെ സ്ഥലം വിവരാവകാശ നിയമം വഴി കിട്ടിയ വിവരങ്ങൾ പ്രകാരം സ്ഥലത്തിന് സെന്റ് ഒന്നിന് 52 ലക്ഷം വച്ചു 32 സെന്റിന് 16 കോടി രൂപ ശീമാട്ടിക്കു നൽകണം എന്നായിരുന്നു. 52 ലക്ഷം രൂപ സെന്റിന് വിലയിട്ടു വാങ്ങിയ ഈ സ്ഥലത്തിന് വേണമെങ്കിൽ സെന്റിന് 80 ലക്ഷം രൂപ വരെ ശീമാട്ടിക്ക് ആവശ്യപ്പെടാമെന്ന വ്യവസ്ഥയാണ് അംഗീകരിക്കാനാവില്ലെന്ന് കെഎംആർഎൽ പറയുന്നത്. കൊച്ചി മെട്രോയുടെ സ്ഥലം ഏറ്റെടുക്കുന്നതിനായി ഒരു ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നിശ്ചയിച്ചിരുന്ന വിലയേക്കാൾ കൂടുതൽ വില സ്ഥലത്തിന് കിട്ടുമെന്ന് പറയാൻ ജില്ല ഭരണകൂടത്തിന് അനുവാദമില്ലെന്നാണ് കെഎംആർഎൽ ചൂണ്ടിക്കാട്ടുന്നത്.

മെട്രോ റെയിലിനായി ഏറ്റെടുത്ത മറ്റു സ്ഥലങ്ങളെ സംബദ്ധിച്ച് ശീമാട്ടിയുമായുള്ള കരാറിലേത് പോലൊരു പരാമർശം ജില്ലാ ഭരണകുടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല. അതുകൊണ്ട് തന്നെ ശീമാട്ടിയുടെ സ്ഥലത്തിന് മാത്രം അധിക വില കിട്ടുമെന്ന പരാമർശവും കെഎംആർഎൽ കത്തിൽ ചോദ്യം ചെയ്യുന്നു. സംസ്ഥാനത്തെ ചീഫ് ്ര്രെസകട്ടറിയുടെ കീഴിലുള്ള ഉന്നതാധികാര സമിതി അംഗീകരിച്ച വിലയേക്കാൾ കൂടുതൽ കിട്ടാം ശീമാടിയുടെ സ്ഥലതിനു എന്നുള്ള ജില്ല ഭരണകൂടത്തിന്റെ കണ്ടെത്തൽ മാറ്റണമെന്നുമാണ് കെഎം ആർഎൽ ആവശ്യപ്പെടുന്നത്. കൊച്ചി മെട്രോയുടെ സ്ഥലം ഏറ്റെടുക്കലിനെ സംബന്ധിച്ച് നിലവിൽ ഒരു മാതൃക കരാർ നിലവിലുണ്ട്. ഈ കരാറിൽ നിന്നും മാറി ഒരു പാട് വ്യത്യാസങ്ങൾ ഉണ്ടാകരുതെന്നാണ് കെഎംആർഎല്ലിന്റെ ആവശ്യം.

നിലവിൽ കരാർ വ്യവസ്ഥകൾ പ്രകാരം മൊത്തം മൊത്തം തുകയുടെ 80% അതായതു 13,17,86,535 രൂപയിൽ ഒരു ശതമാനം ടി.ഡി.സ് കഴിച്ചു ബീനാ കണ്ണന് കെ.എം.ആർ.എൽ നൽകി കഴിഞ്ഞുവെന്നാണ് വിവരാവകാശ രേഖകളിൽ നിന്നും വ്യക്തമാക്കുന്നത്. ബാക്കി വരുന്ന തുക കോടതിയുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് നൽകാൻ ഒരുങ്ങുകയാണ്. എന്നാൽ സമൂഹത്തിന്റെ താൽപ്പര്യം മാനിച്ച് ഭൂമി വെറുതെ നൽകുന്നുവെന്ന തരത്തിലാണ് ശീമാട്ടി കാര്യങ്ങൾ പ്രചരിപ്പിച്ചത്. പരസ്യത്തിൽ കണ്ണുള്ള മുഖ്യധാരാ മാദ്ധ്യമങ്ങളും സത്യം തുറന്നു പറഞ്ഞില്ല. ഇതിന്റെ കരുത്തിലാണ് അധിക സൗകര്യങ്ങൾ നേടിയെടുക്കാൻ ശ്രമിച്ചത്.

കൊച്ചി മേട്രോക്കായി സ്ഥലം നല്കുനതും മറ്റും തനിക്കു ഭീമമായ നഷ്ടം വരുമെന്നും 32 സെന്റ് കൊടുത്താൽ ആകെ കിട്ടുന്നത് 2 തൂണുകൾ ഇരിക്കുന്ന സ്ഥലത്തെ പൈസ മാത്രം എന്നാണു എന്നും ഇത് വിവാദമായ സമയത്ത് ബീന കണ്ണൻ പറഞ്ഞിരുന്നു. ഇതാണ് വിവരാവകാശ മറുപടിയിലൂടെ പൊളിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP