Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നടന്നത് ആസൂത്രിത കൊലപാതകം; ആയിരങ്ങൾ മരിച്ചോ ഒരാൾ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം; ഭീകരപ്രവർത്തനം ആണോ എന്നതു മാത്രമാണെന്നു കോടതി; സിപിഎം നേതാവിനു കീഴടങ്ങാതെ മറ്റു വഴികളില്ല

കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; നടന്നത് ആസൂത്രിത കൊലപാതകം; ആയിരങ്ങൾ മരിച്ചോ ഒരാൾ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡം; ഭീകരപ്രവർത്തനം ആണോ എന്നതു മാത്രമാണെന്നു കോടതി; സിപിഎം നേതാവിനു കീഴടങ്ങാതെ മറ്റു വഴികളില്ല

കൊച്ചി: ആർഎസ്എസ് നേതാവ് കതിരൂർ മനോജ് വധക്കേസിൽ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് കുരുക്കിലാകുമെന്ന കാര്യം ഉറപ്പായി. കേസിൽ അറസ്റ്റ് ഒഴിവാക്കാൻ വേണ്ടി പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് കെ.ടി. ശങ്കരനും ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയത്.

തലശ്ശേരി സെഷൻസ് കോടതി ജാമ്യാപേക്ഷ നിരസിച്ചതിനെതിരെയാണ് സിപിഐ(എം). കണ്ണൂർ ജില്ല സെക്രട്ടറി ജയരാജൻ അപ്പീൽ നൽകിയത്. നേതാവിനെതിരെ യുഎപിഎ ചുമത്തിയ സാഹചര്യത്തിൽ ജയരാജനെ അറസ്റ്റു ചെയ്യേണ്ട സാഹചര്യം ഉറപ്പാണ്. ജയരാജൻ ഒഴികെ മറ്റാർക്കും മനോജിനോട് വൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് ഹൈക്കോടതി കേസ് പരിഗണിക്കവേ വ്യക്തമാക്കി. ക്രൂരമായ കൊലപാതകമാണ് നടന്നത്. വിക്രമന് പി ജയരാജനുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. ആസൂത്രിതമായ കൊലപാതമാണ് നടന്നതെന്നും ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വ്യക്തമാക്കി.

ആയിരങ്ങൾ മരിച്ചോ ഒരാൾ മരിച്ചോ എന്നതല്ല യുഎപിഎയുടെ മാനദണ്ഡമെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭീകരപ്രവർത്തനം ആണോ എന്നുതുമാത്രമാണ്. മരണം ഉറപ്പാക്കുന്നതു വരെ മനോജിനെ കുത്തി. സംഭവത്തിൽ ജയരാജന്റെ പങ്കാളിത്തം കേസ് ഡയറിയിൽ വ്യക്തമാണ്. ഉപയോഗിച്ച ബോംബ് നാടനായാലും ഫാക്ടറി നിർമ്മിതമായാലും ഒന്നുതന്നെ. കുറ്റകൃത്യം ചെറുതായാലും വലുതായാലും മാറ്റമില്ല. നിയമം എല്ലാവർക്കും ഒന്നുപോലെ. സമ്പന്നനായാലും ദരിദ്രനായാലും മാറ്റമില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു കൊലപാതകം. കേസിൽ ഇടപെടേണ്ടതില്ല. രാഷ്ട്രീയക്കാരൻ ആയതുകൊണ്ട് ജയരാജന് പ്രത്യേക പരിഗണനയില്ല. കേസിലെ മുഖ്യ പ്രതി വിക്രമൻ, പി. ജയരാജന്റെ ഉറ്റസഹായിയാണെന്നും കൊലപാതകം ആസൂത്രണം ചെയ്തത് വിക്രമനാണെന്നും കോടതി നിരീക്ഷിച്ചു.

കതിരൂർ മനോജിന്റെ വധശ്രമക്കേസ് ഗൂഢാലോചനക്കേസിലാണ് പി ജയരാജനെ സിബിഐ പ്രതിചേർത്തിരുന്നത്. യുഎപിഎ പ്രകാരമാണ് കേസ്. അതുകൊണ്ട് തന്നെ സിബിഐ അറസ്റ്റ് ചെയ്താൽ ജയരാജന് ജയിലിൽ പോകേണ്ടി വരും. കേസിൽ ഇരുപത്തിയഞ്ചാം പ്രതിയാണ് ജയരാജൻ. അതിനൊപ്പം യു.എ.പി.എ (ഭീകര വിരുദ്ധ പ്രവർത്തനം തടയൽ നിയമം) ചുമത്തിയ കേസിൽ വകുപ്പ് 43 ഡി നാല് പ്രകാരം മുൻകൂർ ജാമ്യം അനുവദിക്കാനാവില്ലെന്നും സിബിഐ അഭിഭാഷകർ ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു.

കൊലപാതകത്തിന് മുമ്പും ശേഷവും സ്‌ഫോടനം നടന്നതിനാൽ യുഎപിഎ ചുമത്തിയതിനെതിരെയുള്ള ജയരാജന്റെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. നിയമത്തിന് മുന്നിൽ എല്ലാവരും സമന്മാരാണെന്നും കോടതി പറഞ്ഞു. ജയരാജന്റെ ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും അതൊന്നും നിയമത്തിന് മുന്നിൽ നിലനിൽക്കില്ല. കേസ് ഡയറി പരിശോധിച്ചതിൽ പി.ജയരാജന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കോടതിക്ക് ബോധ്യമുണ്ടെന്നും എന്നാൽ കേസിന്റെ മെറിറ്റിലേക്ക് കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

കതിരൂർ മനോജ് വധക്കേസിൽ പി ജയരാജന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് സിബിഐ നിരത്തിയ മറ്റു വാദങ്ങൾ ഇവയാണ്. ആർഎസ്എസ് പ്രവർത്തകനായിരുന്ന മനോജിനെ വകവരുത്തിയതിന്റെ മുഖ്യസൂത്രധാരനും ബുദ്ധികേന്ദ്രവും ജയരാജനാണ്. കൃത്യത്തിനുള്ള ഒരുക്കങ്ങൾക്ക് സഹായം ചെയ്തതും ജയരാജൻ തന്നെ. സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ ജയരാജൻ ഉൾപ്പെട്ടിട്ടുണ്ട്. സിബിഐ നടത്തുന്ന അന്വേഷണത്തെ തടായാനുള്ള ആസുത്രിത നീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരുക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ കേഡർ സംവിധാനം ഉപയോഗിച്ച് അന്വേഷണം തന്നിലേക്കും കൂട്ടുപ്രതികളിലേക്കും എത്തുന്നത് തടയാനായി കടുത്ത പ്രതിരോധമാണ് ജയരാജൻ തീർത്തിരിക്കുന്നത്. ഇരുപത്തിയഞ്ചാ പ്രതിയായ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ യുഎപിഎയും ചുമത്തിയിട്ടുണ്ട്. ജയരാജൻ ആരോപിക്കുന്നതുപോലെ കേസും അന്വേഷണവും രാഷ്ട്രീയ പ്രേരിതമല്ല. അന്വേഷണത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതി നടത്തിക്കൊണ്ടിരിക്കുന്നത്. ജയരാജനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ്. എങ്കിൽമാത്രമേ ക്രൂരമായ ഈ കൊലപാതകത്തിന്റെ ഗൂഢാലോചന പൂർണമായി പുറത്തുവരൂ.അതുകൊണ്ടുതന്നെ പി ജയരാജനെ അറസ്റ്റു ചെയ്‌തേ പറ്റൂ എന്നായിരുന്നു സിബിഐയുടെ നിലപാടെന്നും സിബിഐ അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.

നേരത്തെ അറസ്റ്റുണ്ടാകുമെന്ന് വ്യക്തമായതോടെ പി ജയരാജൻ എകെജി ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. ഇവിടെ നിന്നും പരയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. അറസ്റ്റിലാകുമെന്ന സഹചര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ ചുമതല എം വി ജയരാജനാണ് വഹിക്കുന്നത്.

കതിരൂർ മനോജ് വധ ഗൂഢാലോചനക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ജയരാജൻ അറിയാതെ കൊലപാതകം നടക്കില്ലെന്ന സൂചന നേരത്തെ തന്നെ സിബിഐ നൽകിയിട്ടുണ്ട്. ചില രേഖകൾ ഹാജരാക്കണമെന്നും അവർ ജയരാജനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരേയും ജയരാജൻ അവ നൽകിയിട്ടില്ലെന്ന് സിബിഐ. വൃത്തങ്ങൾ പറയുന്നു. കയ്യിലില്ലാത്ത രേഖകൾ ഹാജരാക്കാനാണ് സിബിഐ. തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും ജയരാജനും പറയുന്നു. ഈ രേഖകൾ നൽകാത്ത സാഹചര്യത്തിലാണ് പ്രതിചേർക്കൽ എന്നാണ് സൂചന.

ആർ.എസ്. എസ്. നേതാവായിരുന്ന കതിരൂർ മനോജ് 2014 സെപ്റ്റംബർ ഒന്നിനു രാവിലെയാണ് കൊല്ലപ്പെട്ടത്. വാനിൽ സഞ്ചരിക്കുകയായിരുന്ന മനോജിനെ ബോംബെറിഞ്ഞും വെട്ടിയും ഒരു സംഘം പേർ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ 19 സിപിഐ.(എം). പ്രവർത്തകരെ പ്രതികളാക്കി സിബിഐ. ഭാഗിക കുറ്റപത്രം നേരത്തേ തന്നെ നൽകിയിരുന്നു. ഇതിലെ വിവരങ്ങളിലാണ് ജയരാജനുമായി ബന്ധപ്പെട്ട പരമാർശം ഉള്ളത്. സിബിഐ, മനോജ് വധക്കേസിലെ ഗൂഢാലോചനയാണ് ഇപ്പോൾ അന്വേഷിച്ചു വരുന്നത്. നേരത്തെ പി.ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമായതെന്ന് മുഖ്യപ്രതി വിക്രമൻ സിബിഐ. ക്ക് മൊഴി നൽകിയിട്ടുണ്ട്.

വിക്രമനുമായി മനോജ് വധത്തിൽ അജ്ഞാതനായ ഒരാൾ ഗൂഢാലോചന നടത്തിയിരുന്നുവെന്ന് കോടതിയിൽ സിബിഐ.യും വ്യക്തമാക്കിയിരുന്നു. ഇത് ജയരാജനാണെന്നാണ് സിബിഐയുടെ സംശയം. കിഴക്കെ കതിരൂരിലെ ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേകാവിനു സമീപത്തു വച്ചാണ് മനോജ് വധത്തിന്റെ ഗൂഢാലോചന നടന്നതെന്ന് അറസ്റ്റിലായവർ നേരത്തെ മൊഴി നൽകിയിരുന്നു. ഇതിൽ ജയരാജനും, മറ്റ് രണ്ടുനേതാക്കളും സംബന്ധിച്ചതായും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ കേസിലെ ഒന്നാംപ്രതിയായ വിക്രമനുമായി നിരവധി തവണ ജയരാജൻ ഫോൺ സംഭാഷണം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേസിൽ ജയരാജൻ പ്രതിയാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP