Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടതി വിധികൾ വിശ്വാസികൾക്ക് പുല്ലുവില; സഭാ തർക്കം നിലനിൽക്കുന്ന കോലഞ്ചേരിയിൽ കനത്ത സംഘർഷം; പരസ്പരം തല്ലാൻ ഒത്തുകൂടിയവരിൽ വൈദികരും; ഓർത്തഡോക്‌സ്-യാക്കോബായ തർക്കം പുതിയ തലത്തിലേക്ക്

കോടതി വിധികൾ വിശ്വാസികൾക്ക് പുല്ലുവില; സഭാ തർക്കം നിലനിൽക്കുന്ന കോലഞ്ചേരിയിൽ കനത്ത സംഘർഷം; പരസ്പരം തല്ലാൻ ഒത്തുകൂടിയവരിൽ വൈദികരും; ഓർത്തഡോക്‌സ്-യാക്കോബായ തർക്കം പുതിയ തലത്തിലേക്ക്

കോലഞ്ചേരി: യാക്കോബായ, ഓർത്തഡോക്‌സ് തർക്കം നിലനിൽക്കുന്ന കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിലെ സംഘർഷം കോലഞ്ചേരിയെ കലാപഭൂമിയായി. യാക്കോബായ, ഓർത്തഡോക്‌സ് തർക്കത്തിന് ഇനിയും പരിഹാരമായിട്ടില്ല. ഇന്നലെ സംഘർഷത്തെത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. ഇരുവിഭാഗത്തിലെയും വൈദികരും വിശ്വാസികളുമടക്കം നിരവധി പേർക്കു പരുക്കേറ്റു. ഓർത്തഡോക്‌സ് വിഭാഗം വൈദികനു പൊലീസ് സംരക്ഷണം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയാണ് സംഘർഷം പുതിയ തലത്തിലെത്തിച്ചത്. കോടതിവിധിയെത്തുടർന്ന് ജില്ലാ കലക്ടർ ഇരുവിഭാഗത്തെയും തിങ്കളാഴ്ച ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. അതുവരെ പ്രകോപനങ്ങളുണ്ടാക്കരുതെന്നു കലക്ടറും എസ്‌പിയും ഇരുവിഭാഗത്തോടും നിർദേശിച്ചിരുന്നു.

അവകാശ തർക്കത്തെതുടർന്ന് വർഷങ്ങളായി പൂട്ടികിടക്കുന്നതാണ് കോലഞ്ചേരി പള്ളി. ഓർത്തഡോക്‌സ് പക്ഷത്തിന് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ച്‌കൊണ്ടുള്ള ഹൈക്കോടതി വിധി വന്നിരുന്നെങ്കിലും മറുപക്ഷത്തുനിന്നുള്ള എതിർപ്പിനെ തുടർന്ന് സംഘർഷം ഉടലെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കളക്ടർ പ്രദേശത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. തുടർന്ന് കോടതി വിധിയുടെ അടിസ്ഥാനത്തിൽ പള്ളിയിൽ ആരാധനയർപ്പിക്കാൻ പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്‌സ് പക്ഷം കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേൽ അനുകൂലവിധി വന്നതോടെയാണ് പള്ളിയും പരിസരവും സംഘർഷഭരിതമായത്. വിധിവന്നയുടനെ ഓർത്തഡോക്‌സ് പക്ഷത്തുള്ള വികാരിയും വിശ്വാസികളും ചേർന്ന് പള്ളി തുറന്ന് അകത്തുകയറി ആരാധനയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.എന്നാൽ ഇതറിഞ്ഞെത്തിയ യാക്കോബായ വിഭാഗക്കാർ പള്ളിക്കകത്തുള്ളവരെ പുറത്താക്കണമെന്നാവശ്യവുമായി പള്ളിമുറ്റത്ത് വന്ന് ആക്രോശിച്ചു. കൂടാതെ പള്ളിക്കുനേരെ കല്ലേറും ആരംഭിച്ചു. ഇത് കണ്ടുനിന്ന മറുപക്ഷത്തുള്ളവർ പ്രതികരിച്ചതോടെയാണ് തല്ല് കൂട്ടത്തല്ലായത്.

എല്ലാ സംഘർഷത്തിനും വൈദികരാണ് നേതൃത്വം നൽകുന്നതെന്നതാണ് പൊലീസിനെ കുഴക്കുന്നത്. വിധി വ്ന്നതോടെ ഓർത്തഡോക്‌സ് വിഭാഗം വികാരി ഫാ. ജേക്കബ് കുര്യന്റെ നേതൃത്വത്തിൽ നൂറോളം പേർ പള്ളി തുറന്ന് ഉള്ളിൽ കയറി. ചാപ്പലിലുണ്ടായിരുന്ന യാക്കോബായ വിഭാഗം പ്രതിഷേധവുമായി എത്തിയതോടെ ഓർത്തഡോക്‌സ് വിഭാഗം പള്ളി അകത്തുനിന്നു പൂട്ടി. യാക്കോബായ വിഭാഗം വികാരി ഫാ. ഏലിയാസ് കാപ്പുംകുഴിയിൽ, ഫാ. എൽദോ കക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ നൂറുകണക്കിനു വിശ്വാസികൾ പള്ളിയുടെ പൂമുഖത്തു നിലയുറപ്പിച്ചു. ഇതോടെ സംഘർഷാവസ്ഥ കനത്തു. പൊലീസ് ഇരുവിഭാഗവുമായും ചർച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കോലഞ്ചേരി പള്ളിത്തർക്കം സംബന്ധിച്ച് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പൊലീസ് സംരക്ഷണം നൽകാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവുണ്ടായത്.

നിരപ്പാമല ലക്ഷംവീട് കോളനി പൗലോസി(54)ന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെച്ചൊല്ലിയും തർക്കം നീണ്ടു. ശുശ്രൂഷകൾക്കായി മൃതദേഹം പള്ളിക്കകത്തു കയറ്റാൻ അനുവദിക്കില്ലെന്നു യാക്കോബായ വിഭാഗം അറിയിച്ചു. പള്ളിക്കകത്തുനിന്നു ചിലർ മുളകുപൊടി എറിഞ്ഞു. ചിലർ പള്ളിക്കുള്ളിലേക്കു പെട്രോളൊഴിച്ചു. പട്ടിമറ്റത്തുനിന്നു അഗ്‌നിശമന സേന എത്തി പള്ളിക്കകം വൃത്തിയാക്കി. ഉച്ചയ്ക്കുശേഷം മൂന്നോടെ പള്ളിയുടെ പൂമുഖത്തു ശുശ്രൂഷകൾ നടത്തിയശേഷം പൗലോസിന്റെ മൃതദേഹം സംസ്‌കരിച്ചു. മൃതദേഹം സംസ്‌കരിച്ചതിനുശേഷം പള്ളിക്കകത്തുള്ളവർക്കു വെള്ളം കൊടുക്കാൻ ശ്രമിച്ച ഓർത്തഡോക്‌സ് വിഭാഗത്തെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തെത്തുടർന്നു പൊലീസ് തടഞ്ഞു.

വെള്ളം കൊടുക്കാനെത്തിയ ഓർത്തഡോക്‌സ് വൈദികരടക്കമുള്ളവരുമായി ഉണ്ടായ തർക്കത്തിനിടയിൽ പൊലീസ് ലാത്തിച്ചാർജ് നടത്തുകയായിരുന്നു. ആദ്യം ഓർത്തഡോക്‌സ് വിഭാഗത്തിനും പിന്നീട് പള്ളിയുടെ പൂമുഖത്തുണ്ടായിരുന്ന യാക്കോബായ സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ അടക്കമുള്ളവർക്കും നേരേ ലാത്തിവീശി. നിരവധി വൈദികർക്കും മർദനമേറ്റു. സംഘർഷത്തിനിടെ യാക്കോബായ വിഭാഗത്തിന്റെ പ്രാർത്ഥനാപ്പന്തൽ ഓർത്തഡോക്‌സ് വിഭാഗം പൊളിച്ചു തീയിട്ടു. പിന്നേയും ചർച്ച നടന്നു. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ ഈവാനിയോസ്, യൂഹന്നോൻ മോർ പോളികാർപ്പോസ് എന്നീ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തിൽ യാക്കോബായ വിഭാഗം പള്ളിവളപ്പിൽ നിലയുറപ്പിച്ചു. രാത്രി ഏഴരയോടെ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽനിന്നു പുറത്തിറങ്ങിയതോടെ യാക്കോബായ വിഭാഗവും പിരിഞ്ഞുപോകുകയായിരുന്നു.

ഒരുവിധത്തിലുള്ള ചർച്ചകൾക്കും നിന്നുകൊടുക്കില്ലെന്ന നിലപാട് ഇരുവിഭാഗങ്ങളും സ്വീകരിച്ചതോടെ വരും ദിവസങ്ങളിൽ പ്രശ്‌നം കൂടുതൽ വഷളാകാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP