Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രേഖകൾ കൈവശമില്ല; പലരും സ്ഥിരമായി ചെയ്യുന്നത് തനിക്ക് മാത്രം കുറ്റമാകുന്നത് എങ്ങനെ? എട്ട് വർഷം മുമ്പത്തെ അവധിയെടുക്കലിൽ ജേക്കബ് തോമസ് വിശദീകരണം നൽകും; തെരഞ്ഞെടുപ്പ് കാലത്ത് സസ്‌പെൻഷന് സർക്കാരില്ല; നടപടി ഭരണത്തുടർച്ച യാഥാർത്ഥ്യമായാൽ മാത്രം

രേഖകൾ കൈവശമില്ല; പലരും സ്ഥിരമായി ചെയ്യുന്നത് തനിക്ക് മാത്രം കുറ്റമാകുന്നത് എങ്ങനെ? എട്ട് വർഷം മുമ്പത്തെ അവധിയെടുക്കലിൽ ജേക്കബ് തോമസ് വിശദീകരണം നൽകും; തെരഞ്ഞെടുപ്പ് കാലത്ത് സസ്‌പെൻഷന് സർക്കാരില്ല; നടപടി ഭരണത്തുടർച്ച യാഥാർത്ഥ്യമായാൽ മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2008ൽ അവധിയെടുത്ത് ഗവേഷണം ചെയ്ത സംഭവത്തിലെ കാരണം കാണിക്കൽ നോട്ടീസിന് ചീഫ് സെക്രട്ടറി ജിജി തോംസണ് ഡിജിപി ജേക്കബ് തോമസ് ഉടൻ വിശദീകരണം നൽകും. എട്ട് വർഷം മുമ്പത്തെ കാര്യമായതിനാൽ രേഖകളൊന്നും സൂക്ഷിച്ചു വച്ചിട്ടില്ല. സർക്കാരിൽ നിന്നും രേഖകൾ നൽകിയുമില്ല. ഈ സാഹചര്യത്തിൽ കരുതലോടെയാണ് ജേക്കബ് തോമസ് മറുപടി തയ്യാറാക്കുന്നത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യക്തിപരമായ ലക്ഷ്യത്തോടെയാണെന്ന് ജേക്കബ് തോമസ് സമർത്ഥിക്കും. പലരും സ്ഥിരമായി ചെയ്യുന്ന ഒരു കാര്യം തനിക്ക് മാത്രം കുറ്റമാകുന്നത് എങ്ങനെ എന്ന ചോദ്യമാകും ജേക്കബ് തോമസ് ഉയർത്തുക.

സത്യം പറഞ്ഞതിൽ സർക്കാരിനുള്ള അനിഷ്ടമാണ് പകപോക്കലിന് കാരണമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കാനാണ് സാധ്യത. എട്ട് വർഷം മുമ്പത്തെ വിഷയം ഇപ്പോൾ ചർച്ചയാക്കുന്നത് അതുകൊണ്ട് തന്നെയാണ്. മൈക്രോ സ്‌കോപ്പിലൂടെ നോക്കി ജേക്കബ് തോമസ് എന്ന ഉദ്യോഗസ്ഥനെ നശിപ്പിക്കാനാണ് ശ്രമം. അതിന്റെ ഭാഗമായി ഉയരുന്നത് മാത്രമാണ് ആരോപണങ്ങളെന്ന നിലപാട് വിശദീകരണത്തിൽ എടുക്കുമെന്നും സൂചനയുണ്ട്. എട്ട് വർഷം മുമ്പത്തെ സംഭവമായതിനാൽ തെളിവുകളൊന്നും സൂക്ഷിച്ചില്ലെന്നും വിശദീകരിക്കും. ഇത്തരമൊരു വിശദീകരണത്തിൽ ചീഫ് സെക്രട്ടറി എന്ത് നിലപാട് എടുക്കുമെന്നതാണ് ശ്രദ്ധേയം. അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്താലും സർക്കാർ അതിന് തയ്യാറാകില്ലെന്നും സൂചനയുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ജേക്കബ് തോമസിന്റെ ഫയൽ മാറ്റി വയ്ക്കും. എന്നാൽ ഭരണത്തുടർച്ചയുണ്ടായാൽ ജേക്കബ് തോമസിനെ വെറുതെ വിടുകയുമില്ല. ഇതാണ് സർക്കാരിലെ പൊതു ധാരണ.

സർക്കാരിനെ ഇത്രയും പ്രതിസന്ധിയിലാക്കിയത് ഡിജിപി ജേക്കബ് തോമസാണ്. ബാർ കോഴയിൽ ആരും പറഞ്ഞത് ജേക്കബ് തോമസ് തയ്യാറായില്ല. അന്ന് മുതൽ ഉമ്മൻ ചാണ്ടി സർക്കാരിന് പിന്നാലെ ഊരാക്കുടുക്കുകളാണ്. ഭരണ തുടർച്ചയെന്ന മോഹവും നടക്കില്ല. അതുകൊണ്ട് തന്നെ ഡിജപി ജേക്കബ് തോമസിനോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട്. എന്നാൽ ജനകീയനായ ഉദ്യോഗസ്ഥനെ 2008ലെ കേസു പറഞ്ഞ് സസ്‌പെന്റ് ചെയ്താൽ ജനവികാരം എതിരാകും. ഇടതുപക്ഷം പ്രചരണത്തിന് പോലും ജേക്കബ് തോമസിനെ ഇറക്കും. സസ്‌പെൻഷൻ വന്നാൽ രാജിവച്ച് രാഷ്ട്രീയത്തിൽ സജീവമാക്കാനും ജേക്കബ് തോമസ് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കരുതലോടെ തീരുമാനം എടുത്താൽ മതിയെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പക്ഷം.

സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ കോളജിൽ ജോലിചെയ്തു എന്ന ആരോപണത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടു ചീഫ് സെക്രട്ടറി അയച്ച നോട്ടീസിനു മറുപടി നൽകാൻ കൂടുതൽ സമയവും രേഖകളും തെളിവുകളും ആവശ്യപ്പെട്ടു ജേക്കബ് തോമസ് മറുപടി നൽകിയിരുന്നു. എന്നാൽ, കൂടുതൽ സമയം നൽകാനാവില്ലെന്നും രേഖകൾ ആവശ്യമെങ്കിൽ ഓഫിസിൽ വന്നു പരിശോധിക്കണമെന്നുമാണു ചീഫ് സെക്രട്ടറിയുടെ നിലപാട്. കൃത്യസമയത്തു വിശദീകരണം നൽകുന്നില്ലെങ്കിൽ നടപടികളുമായി മുന്നോട്ടുപോകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കരുതലോടെ മറുപടി ജേക്കബ് തോമസ് തയ്യാറാക്കുന്നത്. നേരത്തെ ഫയർ ഫോഴ്‌സ് മേധാവി സ്ഥാനം ഒഴിഞ്ഞപ്പോൾ നടത്തിയ പരാമർശങ്ങളുടെ പേരിൽ ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.

എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾക്കെതിരെ ജേക്കബ് തോമസ് നിയമനടപടിക്ക് ഒരുങ്ങിയപ്പോൾ അച്ചടക്ക നടപടി വേണ്ടെന്ന് വച്ചു. ആഭ്യന്തര മന്ത്രിക്ക് ജേക്കബ് തോമസിനോട് പ്രത്യേക പരിഗണനയുണ്ടെന്ന വാദം കോൺഗ്രസിൽ സജീവമാണ്. അതിന്റെ പ്രതിഫലനമാണ് അന്നുണ്ടായതെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവർ പറയുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഗവേഷണ വിവാദത്തിൽ ഡിജിപിയ്‌ക്കെതിരെ നടപടി ഉറപ്പാണെന്നും ഉമ്മൻ ചാണ്ടി പക്ഷം പറയുന്നു. ചീഫ് സെക്രട്ടറി ജിജി തോംസണും ജേക്കബ് തോമസിന് എതിരാണ്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജിജി തോംസണ് കാലാവധി നീട്ടി നൽകാൻ സർക്കാർ ആലോചിക്കുന്നുണ്ട്.

ജേക്കബ് തോമസ് 2008ൽ അവധിയെടുത്ത് ഗവേഷണം ചെയ്ത സംഭവത്തിലാണ് സർക്കാർ ഇപ്പോൾ ഇടപെടുന്നത്. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിട്ടുണ്ട്. പൊലീസിന്റെ തലപ്പത്ത് ജേക്കബ് തോമസ് എത്തുന്നത് തടയാനാണ് ഇത്. ഭരണ മാറ്റമുണ്ടായാൽ ജേക്കബ് തോമസ് പൊലീസ് ഡിജിപിയാകാൻ സാധ്യതയുണ്ട്. അത് മനസ്സിലാക്കിയാണ് നീക്കം. ജേക്കബ് തോമസ് സ്വയം രാജിവയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പിനെ ജേക്കബ് തോമസ് വിഷയം സ്വാധീനിക്കുമോ എന്നതാണ് സർക്കാരിനെ നിലവിൽ അലട്ടുന്നത്. സസ്‌പെന്റ് ചെയ്താലും ഇടതു സർക്കാർ തിരിച്ചു വന്നാൽ ജേക്ക്‌ബ തോമസിനെ കുറ്റവിമുക്തനാക്കി തിരിച്ചെടുക്കും. ഈ സാഹചര്യത്തിൽ കരുതലോടെ തീരുമാനം എടുക്കാനാണ് നീക്കം.

സർക്കാരിന്റെ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സർക്കാർ, ചീഫ് സെക്രട്ടറിയോടു റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു കഴിഞ്ഞ 27നാണു ജേക്കബ് തോമസിനു ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചത്. ഡിജിപി ടിപി സെൻകുമാർ വഴിയാണ് ഇത് ജേക്കബ് തോമസിന് ലഭിച്ചത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരോപണത്തിനു കാരണമായ കൂടുതൽ രേഖകളും തെളിവുകളും വേണമെന്നു ജേക്കബ് തോമസ് മറുപടിയിൽ ആവശ്യപ്പെട്ടു. സമാന സാഹചര്യത്തിൽ ഇപ്പോഴത്തെ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിട്ടുണ്ട്. അദ്ദേഹത്തോടു വിശദീകരണം ചോദിച്ചിട്ടുണ്ടോ, എന്തു നടപടിയെടുത്തു എന്നിവ സംബന്ധിച്ച രേഖകളുടെ പകർപ്പു വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കെ എം എബ്രാഹാമിനൊപ്പം മറ്റ് ചില വ്യക്തികളുടെ വിവരങ്ങളും ജേക്കബ് തോമസിന് ലഭിച്ചിട്ടുണ്ട്. അതും അന്തിമ വിശദീകരണത്തിൽ ഒപ്പം ചേർക്കും. ഇതിലൂടെ വ്യക്തിവൈരാഗ്യം തീർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് ജേക്കബ് തോമസ് സ്ഥാപിച്ചെടുക്കും. മുഖ്യമന്ത്രിക്ക് എതിരെ നിയമനടപടിക്ക് കത്ത് നൽകിയ സാഹചര്യവും ഉയർത്തിക്കാട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP