Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണീരൊഴുക്കിയും കണ്ഠമിടറിയും പിന്നെ കരുത്തു വീണ്ടെടുത്തും സ്മൃതി ഇറാനി; ജെഎൻയു, രോഹിത് വെമുല വിഷയങ്ങളിൽ കേന്ദ്ര മന്ത്രിയുടെ ലോക്‌സഭയിലെ പ്രസംഗം കേൾക്കാം

കണ്ണീരൊഴുക്കിയും കണ്ഠമിടറിയും പിന്നെ കരുത്തു വീണ്ടെടുത്തും സ്മൃതി ഇറാനി; ജെഎൻയു, രോഹിത് വെമുല വിഷയങ്ങളിൽ കേന്ദ്ര മന്ത്രിയുടെ ലോക്‌സഭയിലെ പ്രസംഗം കേൾക്കാം

ന്യൂഡൽഹി: ജെഎൻയു, രോഹിത് വെമുല വിഷയങ്ങളിൽ പ്രതിപക്ഷം ഇന്നലെ ലോക്‌സഭയിൽ ആഞ്ഞടിച്ചു. കേന്ദ്ര സർക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കി ഇരുവിഷയങ്ങളിലും പ്രതിപക്ഷ എംപിമാർ കടുത്ത ആരോപണങ്ങളുന്നയിച്ചു. കണ്ണീരൊഴുക്കിയും കണ്ഠമിടറിയും പിന്നെ കരുത്തു വീണ്ടെടുത്തും അതിവൈകാരികമായിട്ടായിരുന്നു കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി മറുപടി നൽകിയത്. അമ്പതു മിനിട്ട് നീണ്ട മറുപടി പ്രസംഗത്തിൽ പഴയ അഭിനേത്രി കൂടിയായ മന്ത്രി എല്ലാ ഭാവങ്ങളിലും പ്രതികരിച്ചു.

സർക്കാർ നിലപാടു വ്യക്തമാക്കി മന്ത്രി സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും മറ്റും ഉയർത്തിയ ചോദ്യങ്ങൾക്ക് അരിയെത്രയെന്ന ചോദ്യത്തിന് പയറഞ്ഞാഴിയെന്ന മട്ടിലായിരുന്നു മറുപടി. ഉത്തരം മുട്ടുകയും മുട്ടുകുത്തുകയും ചെയ്ത പ്രതിപക്ഷം സഭ വിട്ടിറങ്ങിപ്പോയി. കോൺഗ്രസ് പക്ഷത്തുനിന്ന് സംസാരിച്ച ജ്യോതിരാദിത്യ സിന്ധ്യമാത്രമാണ് എന്തെങ്കിലും പറഞ്ഞ് പിടിച്ചു നിന്നത്. അതും ബിജെപിആർഎസ്എസ് ആക്ഷേപങ്ങൾക്കപ്പുറം എത്തിയില്ല. മന്ത്രി സ്മൃതി ഇറാനിയുടെ വിശദീകരണങ്ങൾ ജെഎൻയുഹൈദരാബാദ് വിഷയങ്ങളിൽ രാജ്യത്തിന്റെ മുഴുവൻ കണ്ണുതുറപ്പിക്കുന്നതായെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് പ്രശംസിച്ചു. 370 പേജുകൾ ഉള്ള തെളിവുകൾ നിരത്തി സ്മൃതി ഇറാനി 50 മിനിറ്റ് ലോക്‌സഭയിൽ ഇന്നലെ കത്തിക്കയറിയെന്നാണ് ബിജെപി വിലയിരുത്തൽ.

കലാലയവിദ്യാർത്ഥികളെ രാഷ്ട്രീയ നേട്ടങ്ങൾക്കുള്ള ആയുധമാക്കി, വോട്ടുബാങ്കാക്കരുതെന്ന് കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി അഭ്യർത്ഥിച്ചു. എൽപി സ്‌കൂളുകളിലെ പാഠപുസ്തകങ്ങളിലുൾപ്പെടെ രാഷ്ട്രീയവും വർഗീയതയും തിരുകിക്കയറ്റാനുള്ള ശ്രമങ്ങളാണ് വിദ്യാർത്ഥികളെ വഴിതെറ്റിക്കുന്നതെന്നും സ്മൃതി ഇറാനി ലോക്‌സഭയിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി. എന്റെ പേര് സ്്മൃതി ഇറാനിയെന്നാണ്. ആർക്കെങ്കിലും എന്റെ ജാതിയെന്തെന്ന് കണ്ടെത്താൻ പറ്റുമോ, സ്മൃതി ചോദിച്ചു. രോഹിത് വെമുലയുടെ മൃതദേഹം പോലും രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിച്ചു. തെലങ്കാന പ്രക്ഷോഭത്തിന്റെ ഭാഗമായി 600 വിദ്യാർത്ഥികളാണ് കൊല്ലപ്പെട്ടത്. രാഹുൽഗാന്ധി ആസമയത്ത് അവിടെ പോയിട്ടുണ്ടോ. ഇവിടെ രാഷ്ട്രീയ അവസരവാദപരമായ നിലപാട് രാഹുൽ സ്വീകരിച്ചെന്നും ഇറാനി കുറ്റപ്പെടുത്തി.

ജെഎൻയു സർവ്വകലാശാല അധികൃതരെ ഉമർ ഖാലിദ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കവിത വായിക്കാനുള്ള പരിപാടിയാണെന്നാണ് ഉമർ നൽകിയ അപേക്ഷയിലുള്ളത്. ജെഎൻയു അധികൃതരാണ് അഫ്‌സൽ ഗുരു അനുസ്മരണത്തിന്റെ പേരിൽ കനയ്യകുമാറിനെയും ഉമർ ഖാലിദിനെയും മറ്റുള്ളവരെയും സസ്‌പെന്റ് ചെയ്യാൻ തീരുമാനിച്ചത്. ജെഎൻയുവിൽ നടന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കൈവശമുണ്ട്. വിദ്യാഭ്യാസത്തെ രാഷ്ട്രീയ യുദ്ധക്കളമാക്കി മാറ്റരുതെന്നും നമ്മുടെ കുട്ടികൾ വോട്ടുബാങ്കുകളല്ലെന്നും ഇറാനി പറഞ്ഞു.

ആത്മഹത്യചെയ്ത ഹൈദരാബാദ് സർവകലാശാല വിദ്യാർത്ഥി രോഹിത് വെമുലയ്ക്കു ദളിതനായതുകൊണ്ടു വിവേചനം നേരിട്ടു എന്നാരോപിച്ച പ്രതിപക്ഷത്തിനു നേരെ വിരൽ ചൂണ്ടി രോഷം കൊണ്ടാണു സ്മൃതി ഇറാനി പ്രതികരിച്ചത്. വിദ്യാർത്ഥിക്കെതിരേ നടപടിയെടുക്കാൻ താൻ സമ്മർദം ചെലുത്തിയെന്ന ആരോപണം മന്ത്രി നിഷേധിച്ചു. താൻ തന്റെ ജോലിയാണു ചെയ്തതെന്നും അതിൽ പശ്ചാത്താപമില്ലെന്നും അവർ പറഞ്ഞു. രോഹിത് വെമുലയുടെ ആത്മഹത്യയെ പ്രതിപക്ഷം രാഷ്ട്രീയ ഉപകരണമാക്കി ഉപയോഗിക്കുകയാണെന്നു സ്മൃതി ഇറാനി ആരോപിച്ചു.

ജെഎൻയു സംഭവത്തിലെ അന്വേഷണത്തിൽ സർക്കാർ ഇടപെടുന്നില്ല. യുപിഎ സർക്കാരിന്റെ കാലത്തു നിയമിച്ച വൈസ് ചാൻസലർമാരാണു പല സർവകലാശാലകളിലും ഇപ്പോഴുമുള്ളത്. കാവിവത്കരണത്തിനു വേണ്ടി സമ്മർദം ചെലുത്തിയെന്ന് ഇവരിൽ ആരെങ്കിലും ആരോപിക്കുകയാണെങ്കിൽ താൻ രാഷ്ട്രീയ പ്രവർത്തനം നിർത്തുമെന്നും മന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP