Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അഞ്ചാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ അഞ്ചാം ഭാഗം

ജീ മലയിൽ

പാതിരാത്രി കഴിഞ്ഞിരിക്കുന്നു. വിനോദ് ഉറങ്ങിയില്ല. കുറെ നേരം കിടന്നു നോക്കിയിട്ടും ഉറക്കം വന്നില്ല. എഴുന്നേറ്റു ജനലരികിൽ പോയിനിന്നുകൊണ്ട് വെറുതെ വെളിയിലേക്ക് നോക്കി. ഹോസ്റ്റലിന്റെ ഒന്നാം നിലയിൽ മുറി കിട്ടിയതിനാലാണ് രാത്രിയിൽ ഇതുപോലെ വെളിയിലേക്കു നോക്കിനില്ക്കാൻ സാധിക്കുന്നത്. വെറുതെയുള്ള ആ നില്പിന് ഒരു സുഖമുണ്ട്. ദൂരെ കാഴ്ചകൾകണ്ടുകൊണ്ട് നിൽക്കാം. അങ്ങങ്ങു ദൂരെ കുന്നുകളും മലകളും കാണാം. അവിടെ നിന്നും ചിലപ്പോൾ പ്രകാശഗോളങ്ങൾ ഉയരുന്നതു കണ്ടിട്ടുണ്ട്. എന്താകും അവ? മരങ്ങളുടെ നിഴലുകൾ രാത്രിയിൽ കണ്ടു കൊണ്ടു നിൽക്കാൻ ഒരു രസമുണ്ട്. പല രൂപങ്ങളും ഭാവനകളും അപ്പോൾ ഉള്ളിൽ വിരിഞ്ഞു വരും. പല ചിത്രങ്ങളും ചിറകു വിരിച്ചുയരും.

നിശ്ശബ്ദമായിരിക്കുന്നു, ഹോസ്റ്റൽ. എങ്കിലും ഇടയ്ക്കിടയ്ക്ക് ചില ശബ്ദങ്ങൾ ഉയർന്നു കേൾക്കാം.

വിനോദ് വെളിയിലേക്ക് നോക്കി നിൽക്കുമ്പോൾ ചെറിയ ചാറ്റൽ മഴ പെയ്തു തുടങ്ങി. അതും നോക്കി നില്ക്കുമ്പോൾ സുഖം പകരുന്ന കാറ്റ് ശരീരത്തെ തഴുകിക്കൊണ്ട് പരന്നൊഴുകി. ചാറ്റൽ മഴ വീഴുമ്പോൾ കേൾക്കുന്ന ശബ്ദം ശ്രദ്ധിച്ചു നിന്നാൽ അതിലെ താളം നമ്മെ ഉയർത്തിക്കൊണ്ടു പോകും. പിന്നെ അന്തരീക്ഷത്തിലൂടെ ഒഴുകി നടക്കാം.

ആ ചിന്തയിൽ ലയിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് മാഷ് അവന്റെ മുമ്പിൽ തെളിഞ്ഞു വന്നു. അയാൾ കുണുങ്ങി കിലുങ്ങി ചിരിക്കുന്നു. വല്ലാത്ത ഒരു ചിരി തന്നെ. തന്റെ ഉള്ളിലെ എല്ലാ ദുഷ്ടതയും ആ ചിരിയിൽ തെളിഞ്ഞു കാണാം ആ ചിരിയുടെ ശബ്ദത്തിൽ അയാളിലെ എല്ലാ ക്രൂരതയും വ്യക്തമായി കേൾക്കാം.

തന്നെ വരിഞ്ഞുമുരുക്കിയിരിക്കുന്ന മാഷിന്റെ നീരാളി പിടുത്തത്തെപ്പറ്റി അവൻ ഓർത്തു. എങ്ങനെയാണ് അയാളുടെ നീരാളി പിടുത്തത്തിൽ നിന്നും രക്ഷപ്പെടുക. തന്നെ അയാൾ ഉപദ്രവിക്കുന്നില്ല. ശാരീരികമായി പീഡിപ്പിക്കുന്നില്ല. ഒരു ശത്രുവിനെപ്പോലെ ഞെക്കി കൊല്ലുന്നില്ല പക്ഷേ ഒരു മിത്രത്തെപ്പോലെ നക്കി കൊല്ലുന്നു. അയാളുടെ പിടിത്തം തന്നെ മാനസികമായി വല്ലാതെ തളർത്തുന്നു. ആ ദുഷ്ടന്റെ പിടിത്തത്തിൽ നിന്നും എങ്ങനെ വിടുതൽ നേടാം? അതിനു തക്കതായ ഒരു അവസരം കിട്ടുന്നതു വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. അവസരം കിട്ടിയാലും വിടുതൽ പ്രാപിക്കാൻ സാധിക്കുമോ എന്നറിയില്ല. എങ്ങനെയും വിടുതൽ ലഭിച്ചേ മതിയാകൂ. അല്ല, എങ്കിൽ ഞാൻ വിമ്മിട്ടപ്പെട്ടു ശ്വാസം മുട്ടി മരിച്ചു പോകും. തങ്ങളുടെ ഏകമകനിലുള്ള മാതാപിതാക്കളുടെ സ്വപ്‌നങ്ങൾ കരിഞ്ഞു പോകും. തന്റെ ആഗ്രഹം നടക്കാതെ പോകും. തന്റെ സഹോദരിക്ക് ഈ ഭൂമിയിലുള്ള ഏക സഹോദരബന്ധം നഷ്ടപ്പെടും. രക്ഷപ്പെടണം. അതിന് ഒരു അവസരം വീണു കിട്ടണം. ഒരു മാലാഖ അതിനായി തന്നെ സഹായിക്കാൻ ഇറങ്ങി വരണം ഒരു മാലാഖയെ ദൈവം ഈ ദൗത്യം നൽകിതന്നെ അയക്കണം. തക്ക അവസരം ഉചിതമായ സമയത്തു വരും. അതുപയോഗിക്കണം. പക്ഷേ എപ്പോൾ? എങ്ങനെ? ഭീരുവായ തനിക്ക് ആ അവസരം ശരിയായി ഉപയോഗിക്കാൻ സാധിക്കുമോ? ആ ദുഷ്ടന്റെ നോട്ടത്തിനു മുമ്പിൽ എന്തിന്, ആ സാന്നിദ്ധ്യത്തിൽ തന്നെ പതറി തളർന്നു പോകും. എങ്കിലും ആത്മവിശ്വാസത്തോടെ കാത്തിരിക്കുക... തനിക്കുവേണ്ടി അയക്കപ്പെടുന്ന മാലാഖ ഇറങ്ങി വരുന്നതുവരെ. താൻ ഹോസ്റ്റലിലേക്ക് വന്ന ആദ്യ ദിനത്തെപ്പറ്റി വിനോദ് അപ്പോൾ ഓർത്തു.

നീലാംബരത്തിന്റെ ഒരു കോണിൽ എരിഞ്ഞടങ്ങുന്ന സൂര്യഗോളത്തെനോക്കി, അന്തരീക്ഷത്തിലൂടെ തുളഞ്ഞു പായുന്ന സൂര്യകിരണങ്ങളെനോക്കി, പ്രകൃതിരമണീയമായ മലയോരങ്ങളുടെ പച്ചപ്പരവതാനികളിൽ തുളച്ചു കയറുന്നസൂര്യകിരണങ്ങളിൽ നിന്നുമുതിരുന്ന ചുവന്ന തീപ്പൊരികളെനോക്കി, വിനോദ് കാറിൽ ഇരുന്നു. പ്രകൃതിയുടെ ശ്വാസനാളങ്ങളിലൂടെ പരന്നൊഴുകുന്ന ജീവവായു അവനെ തഴുകിഒഴുകുന്നു.

ഒരുയർന്ന മലയോരത്തിൽ നിലകൊള്ളുന്നപട്ടണംഅതിന്റെ മാറിടം പോലെ നിലകൊള്ളുന്ന ഒരു കൊച്ചു മൊട്ടക്കുന്ന്. അതിനു മാറ്റുകൂട്ടാനായി സൃഷ്ടിച്ച പടുകൂറ്റൻ കെട്ടിടങ്ങൾ. രാഷ്ട്രശില്പികളെ രൂപപ്പെടുത്തി ഇറക്കുന്ന മനോഹരമായ മണിസൗധം. അതിന്റെ പിറകിലായി നിലകൊള്ളുന്ന ഹോസ്റ്റൽ കെട്ടിടങ്ങൾ. ആ കാഴ്ചകൾ ഒന്നൊന്നായി വിനോദിന്റെ കണ്മുനമ്പിൽ വന്നു കൊണ്ടിരുന്നു.

കാർ വളഞ്ഞു കിടക്കുന്ന ടാറിട്ട വീഥിയിലൂടെ മൊട്ടക്കുന്നിലെ കയറ്റം കയറി, ഹോസ്റ്റൽ കെട്ടിടങ്ങളെ ലക്ഷ്യമാക്കി പോകുന്നു. ആ വീഥിയുടെ ഇരുവശങ്ങളിലും ചെറിയ വൃക്ഷങ്ങളും പുൽപ്പടർപ്പുകളും.

കാറിന്റെ ഉള്ളിലേക്കു ആഞ്ഞടിച്ചു കയറുന്ന കാറ്റിനോടു കിന്നാരം പറഞ്ഞുകൊണ്ട് അവന്റെ ചിന്തകൾ അലക്ഷ്യമായി പാഞ്ഞു നടന്നു.

'റാഗിങ്! എന്താണത്? ആ വാക്കു കേട്ടിട്ടുണ്ടെന്നു മാത്രം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മനസ്സിൽ കിടന്നു പുളയുന്ന വാക്കാണത്. ചിലപ്പോഴൊക്കെ അത് ഉറക്കത്തിൽ പോലും കടന്നു വരുന്നു. എഞ്ചിനീയറിംഗിനു പോകണമെന്ന ആഗ്രഹത്തോടു കൂടി പ്രീഡിഗ്രിക്കു ചേർന്ന നാൾ മുതൽ ആ വാക്കു ശ്രദ്ധിക്കുന്നു. അതേപ്പറ്റി വരുന്ന വാര്ത്ത്കൾ എല്ലാം വായിക്കുന്നു. എങ്കിലും ശരിയായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. പ്രൊഫഷണൽ കോളേജിലെ അന്തേവാസിയായി അംഗീകാരം കിട്ടുവാൻ റാഗിങ് എന്ന പരിണാമചക്രത്തിലൂടെ കടന്നു പോകണം പോലും. റാഗിംഗിനെക്കുറിച്ചു എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടാതെമനസ്സു വിഷമിക്കുന്നു.' കണ്ടിട്ടില്ലാത്തതു കാണാൻ പോകുന്നതിന്റെ ആകാംക്ഷയാണോ?കേട്ടിട്ടുള്ളത് അനുഭവിക്കാൻ പോകുന്നതിന്റെ വെപ്രാളമാണോ? മനസ്സ് കിടന്നു പരതുകയാണ്.

ആരോ പറഞ്ഞ കാര്യം ഓർമ്മയിൽ വന്നു. പണ്ട് മദ്രാസിലൊക്കെ റാഗിങ് ഉണ്ടായിരുന്നു. അതെന്നു വച്ചാൽ, പുതിയ വിദ്യാർത്ഥികളെ കളിയാക്കാനായി വെള്ളത്തിൽ കൊണ്ടിടുക. പുതുവിദ്യാർത്ഥികൾ നനഞ്ഞ വസ്ത്രത്തിൽ നിന്നു പരുങ്ങുതുകണ്ട് സീനിയർ വിദ്യാർത്ഥികൾ കൈകൊട്ടി ആർത്തു ചിരിക്കുക. ഇതൊക്കെയാകുമോ ഇവിടെ? ഒരെത്തും പിടിയും കിട്ടുന്നില്ല.

എവിടെയോ വായിച്ചതായി ഓർക്കുന്നു. റാഗിങ് എന്നുപറയുന്നത്, നാണംകുണുങ്ങികളായ ഇന്ത്യൻ വിദ്യാർത്ഥികളുടെ ലജ്ജാശീലം മാറ്റിയെടുത്ത് തങ്ങളുടെ പ്രൊഫഷന് അനുയോജ്യരാക്കി തീർക്കാൻ വേണ്ടിപണ്ടെങ്ങാണ്ട് ബ്രിട്ടീഷ് വിദ്യാർത്ഥികൾ നടപ്പാക്കിയ ഏർപ്പാടാണെന്ന്. വെറുതെ കളിയാക്കുക. പിന്നെപരിഹസിക്കുക. കുറെക്കാലം പരിഹാസം ഏറ്റുകഴിഞ്ഞാൽ ഏതൊരുവനും അതിനെ നേരിടാനുള്ള മനോധൈര്യം അവനറിയാതെ തന്നെ കിട്ടുമല്ലോ. പരിഹസിക്കുന്നതിനുവേണ്ടിനിർബന്ധിച്ചു പാട്ടി പാടിക്കുക, പ്രസംഗിപ്പിക്കുക, ഡാൻസ് കളിപ്പിക്കുക തുടങ്ങിയവയും. ഇവിടെയും അങ്ങനെയൊക്കെയാണോ?

കഴിഞ്ഞവർഷം പത്രത്തിൽ കണ്ടു. ഒരു മെഡിക്കൽ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെക്കൊണ്ടു പച്ചമാംസം തീറ്റിച്ചുവെന്ന്. ഇവിടെ അതൊന്നും കാണില്ലായിരിക്കും. എന്തും വരട്ടെ. കാണുക തന്നെ.

ആ മൊട്ടക്കുന്നിൽ എഞ്ചിനീയറിങ് കോളേജും ഹോസ്റ്റലുകളും വളരെ അടുത്ത് ദൃഷ്ടിയിൽ പെട്ടു. അപ്പോൾ വിനോദിന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻ തുടങ്ങി.

'ഇപ്പോൾ അവിടെ റാഗിങ് നടക്കുകയാകുമോ? എന്നെപ്പോലെ, പുതിയ കുട്ടികൾ അവിടെ എത്തിയിട്ടുണ്ടാകുമോ? എനിക്കും റാഗിങ്അനുഭവിക്കാനുള്ള യോഗം ഉണ്ടാകാൻ പോകുന്നു. മസ്തിഷ്‌കത്തിന്റെ നേർമ്മയുള്ള തന്തുക്കളെ ആ ചിന്ത നൊമ്പരപ്പെടുത്തുന്നു.

അവിടെ ഇന്റർവ്യൂവിനു വന്ന ദിവസംഅവന്റെ ഓർമ്മയിൽ ഓടിയെത്തി. ഒരു എഞ്ചിനീയറിങ് കോളേജിൽ അഡ്‌മിഷൻ കിട്ടുമ്പോഴത്തെ അടക്കാനാവാത്ത ആഹ്ലാദം അന്നു മുഖത്തുണ്ടായിരുന്നു. താൻ പുഞ്ചിരിച്ചുകൊണ്ടു ഓഫീസിന്റെ വരാന്തയിൽ നില്ക്കുമ്പോൾ, കുറെ വിദ്യാർത്ഥികൾസമീപത്തു വന്നു നിന്നു. എല്ലാവരും വൃത്തിയായുംആകര്ഷകകമായും വസ്ത്രധാരണം ചെയ്തവർ,യുവതലമുറയുടെ എല്ലാ അലങ്കാരങ്ങളും ഉൾക്കൊണ്ടവർ.

''ഹലോ! എന്താ ആശാനെ ചിരിക്കുന്നത്?''അതിലൊരുവൻ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
താൻ മൗനം ദീക്ഷിച്ചു നിന്നതേയുള്ളു.പരിചയമില്ലാത്തവരോട് എന്തുത്തരം പറയാൻ?

''വരുന്നോ ഹോസ്റ്റലിലേക്കൊക്കെ?'' വേറൊരുവന്റെ ക്ഷണം.

'എന്തിനായിരുന്നു ആ ക്ഷണം? ഒരു ക്ഷണനത്തിനുള്ള രംഗവേദി ഒരുക്കാനായിരുന്നോ? അങ്ങനെയാകും പുതിയ കുട്ടികളോട്.' അവർ ചിരിച്ചുകൊണ്ടു നില്ക്കുന്നതു കണ്ടപ്പോൾ താൻ പ്രീ ഡിഗ്രിക്കു പഠിച്ച ആർട്‌സ് കോളേജിലെ പ്രക്ഷുബ്ധമായ അന്തരീക്ഷമായിരുന്നു ഓർമ്മയിൽ ഓടിയെത്തിയത്. ആരുടെയൊക്കെയോ പിണിയാളുകളായി കത്തിയും കുറുവടിയും ഇടിക്കട്ടയുമായി പഠിക്കാനെന്ന പേരിൽ എത്തുന്നവർ. എന്നും അടിപിടി. എന്നും കല്ലേറ്. ഒരു ദിവസം പോലും സമാധാനമുള്ള ഒരു അന്തരീക്ഷം താൻ അവിടെ കണ്ടിട്ടില്ല. മുദ്രാവാക്യം വിളികളുടെ ചീറിപ്പായുന്ന ശബ്ദങ്ങൾ മിക്കദിവസങ്ങളിലും കേൾക്കാം.

ഇവിടെ ഈ കോളേജിൽ ഒരു നവാഗതനെപ്പോലും എത്ര മധുരമായി സ്വാഗതം ചെയ്യുന്നു. 'ഹോസ്റ്റലിലേക്കു വരുന്നോ' എന്നു പോലും സീനിയർ വിദ്യാർത്ഥികൾ ചോദിക്കുന്നു. ആ ദിവസത്തെ ഓർമ്മ സന്തോഷം തരുന്നതാണ്.'

വിനോദിന്റെ മുമ്പിൽ താൻ താമസിക്കാൻ പോകുന്ന ഹോസ്റ്റൽ കെട്ടിടം വലുതായി വലുതായി വന്നുകൊണ്ടിരുന്നു.'ജീവിതത്തിലാദ്യമായി വീട്ടിൽ നിന്നും മാറിത്താമസിക്കാൻ പോകുകയാണ്. അമ്മയുടെ ലാളനയിലും അപ്പയുടെ ശാസനയിലും കൂട്ടിലിട്ടു വളർത്തപ്പെട്ട ഒരു കിളിയായിരുന്നു, താൻ. ഇന്നിതാ ആ കൂടു തുറന്ന് വിശാലമായ ലോകത്തിലേക്ക്, ബന്ധനങ്ങളില്ലാത്ത അന്തരീക്ഷത്തിലേക്ക് തന്നെ കൊണ്ടുവിടാൻ അപ്പയും അമ്മയും കൂടെ വരുന്നു.' അവൻ അറിയാതെഅപ്പയുടെയും അമ്മയുടെയും മുഖങ്ങളിലേക്കൊന്നു നോക്കി. അവർ തങ്ങളുടെ മകൻ പഠിക്കാൻ പോകുന്ന കോളേജിന്റെയും ചുറ്റുപാടുകളുടെയും സൗന്ദര്യം ആസ്വദിക്കുകയായിരുന്നു.

കാർ ഹോസ്റ്റലിനു മുമ്പിൽ നിന്നു. അവർ കാറിൽ നിന്നുമിറങ്ങി. കൂട്ടം കൂട്ടമായി നില്ക്കുന്ന വിദ്യാർത്ഥികളെ അങ്ങിങ്ങായി കാണാം.

അവർ ഹോസ്റ്റൽ വാർഡന്റെ മുറിയിലേക്കു കയറി. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഹോസ്റ്റൽ ബോയിയെ പിന്തുടർന്ന് വിനോദ്തന്റെ മുറിയിലേക്കു നടക്കുകയായിരുന്നു. പെട്ടെന്ന് പുറകിൽ നിന്ന് ആരോ ഷർട്ടിനു പിടിച്ചു വലിക്കുന്നതുപോലെതോന്നി. തിരിഞ്ഞുനോക്കി. ഒന്നല്ല, ഒരുപറ്റം വിദ്യാർത്ഥികൾ കള്ളച്ചിരിയുമായി തന്നെ പിന്തുടരുന്നു.

''നിന്റെ പേരെന്താ?'' അതു കേട്ടപ്പോൾ അവന്റെ നടപ്പിനു വേഗം കുറഞ്ഞു. മറുപടി പറയാൻ വന്ന നാവു കുഴയുമോ എന്നുള്ള ഭയം..

''വിനോദ്.'' തൊണ്ടയിടറി, എങ്കിലും വെപ്രാളത്തോടെഎങ്ങനെയോ അവൻ പറഞ്ഞൊപ്പിച്ചു.
''ഓ.... വിനോദ്.''കൂടി നിന്നതിലൊരുവൻ ഏറ്റു ചൊല്ലി.''എല്ലാവരേയും വിനോദിപ്പിക്കാൻ വന്നതായിരിക്കും.''
അയാൾ വീണ്ടുംപറയുന്നതു കേട്ട് മറ്റുള്ളവർപൊട്ടിച്ചിരിച്ചു. വിനോദിനു ചിരിക്കാൻ കഴിഞ്ഞില്ല.

''നിന്റെ കൂടെയുള്ളവർ ആരൊക്കെയാണ്?''

''അപ്പയും അമ്മയും.''അപ്പോഴേക്കും വിനോദ്തന്റെമുറിയിലെത്തിയിരുന്നു. ഹോസ്റ്റൽ ബോയി പെട്ടിയും കിടക്കയും യഥാസ്ഥാനങ്ങളിൽ വച്ചു.

തന്നെയെന്തിന് എല്ലാവരും വളഞ്ഞു നില്ക്കുന്നു? എന്തോ അതിശയമുള്ള കാഴ്ച കാണുമ്പോലെ. അവൻ ചിന്തിച്ചുകൊണ്ടു നിന്നു.

''നിന്റെ തന്തപ്പടിയുടെ സ്വന്തമാണോ കാറ്?''

'എത്ര സംസ്‌കാരസമ്പന്നമായ ഭാഷ!'അവന്റെ മനസ്സ് അവനോടു മന്ത്രിച്ചു. ആ സംസ്‌കാരം അവനു മനസ്സിലായില്ല. അതിനാൽ അവൻ തികച്ചും വിഷണ്ണനായി. അവന്റെസ മുഖം ചുരുങ്ങി ചെറുതായി. മുഖത്ത് അത്ര നേരം തെളിഞ്ഞു നിന്നിരുന്ന മങ്ങിയ പ്രസാദം കൂടി നഷ്ടപ്പെട്ടു.
''അല്ല. ടാക്‌സിയാണ്.'' ദയനീയമായി അവൻ മറുപടി പറഞ്ഞു.

''അവനും അവന്റെ വീട്ടുകാരും കാറിലേ നടക്കൂ. പണച്ചാക്കുകളാ...''

അവൻ ഉത്തരം പറയാതെ മൗനം ഭജിച്ചു നിന്നതേയുള്ളു.'എന്തുപറയാൻ?ഓ! ഇതായിരിക്കും റാഗിങ്. അതോ റാഗിംഗിന്റെ തുടക്കമോ?'

''ഈ റാഗിങ് എന്നു പറന്നയുതെന്തുവാ?'' എന്നു ചോദിച്ചപ്പോൾ എഞ്ചിനീയറിങ് കോളേജിൽ രണ്ടാം വർഷം പഠിക്കുന്നഒരു സ്‌നേഹിതൻപറഞ്ഞ കാര്യം അപ്പോൾഓർമ്മയിൽ ഓടിയെത്തി.
''ഓ! അതൊക്കെ ഒരു രസമാ. പുതിയ പിള്ളാരെ അല്പം കളിയാക്കി വിടുന്ന ഒരേർപ്പാടാണ്. ഒരുകാര്യം പറഞ്ഞു തരാം. സീനിയേഴ്‌സ് പറയുന്നതുപോലെ അങ്ങ് അനുസരിച്ചേക്കണം. ധിക്കാരം കാട്ടാൻ പോകരുത്.പിന്നെപേടിക്കാനൊന്നുമില്ല.'' ഒരു കള്ളച്ചിരിയോടെയാണ് അവൻ വിശദീകരിച്ചത്.

''ധിക്കരിച്ചാൽഎന്തു ചെയ്യും? പിടിച്ചു തിന്നുമോ?''

''അവർക്ക് ദേഷ്യം വരും.റാഗിങ് രൂക്ഷമാകും.''

അവന്റെ് കള്ളച്ചിരിയുടെ അര്ത്ഥം ഇപ്പോഴാണ് മനസ്സിലായിത്തുടങ്ങുന്നത്.

'ഇങ്ങനെയൊക്കെയാവും കളിയാക്കുന്നത്. അവർ പറയുന്നതു കേട്ടുകൊണ്ടു നില്ക്കാം. പിന്നെ പ്രശ്‌നമൊന്നുമില്ലല്ലോ.'

മെഡിക്കൽ കോളേജിലെപ്പോെല ഇവിടെ പച്ചമാംസം തീറ്റിക്കില്ലായിരിക്കും. എന്തും വരട്ടെ.കാണുക തന്നെ. അവൻ അറിയാതെ ഒന്നു പുഞ്ചിരിച്ചു.
''എന്താടാ നിന്നു സ്‌ഫൊണയ്ക്കുന്നത്?'' അതുകേട്ട്ആ നവാഗതൻ ഒന്നു ഞെട്ടി.
''ചോദിച്ചതു മനസ്സിലായില്ല.'' ദയനീയമായിരുന്നു അവന്റെസ്വരം.
''മനസ്സിലാക്കിത്തരാം. നിന്റെ തന്തയൊക്കെ ഒന്നു പോട്ടെ.'' വേറൊരുവൻപറഞ്ഞത്ഒരമ്പുപോെല അവനിൽആഞ്ഞുതറച്ചു.

പരിചയമില്ലാത്ത മുഖങ്ങൾ. അവരുടെ ക്രൂരമായ ദൃഷ്ടികൾ. വിനോദ് വല്ലാതെ വിഷമിച്ചു. അവൻ അറിയാതെ പരുങ്ങി. പെട്ടെന്ന് ഹോസ്റ്റൽ ബോയി അവിടെ എത്തി. ''വിനോദ് സാറിനെ വാർഡൻ വിളിക്കുന്നു.''
ഹോസ്റ്റൽ ബോയിയുടെ ദൃഷ്ടികൾ അതു പറയുമ്പോൾ തന്നിലായിരുന്നതിനാൽ അവൻ ചോദിച്ചു. ''എന്നെയാണോ?''
ഹോസ്റ്റൽ ബോയി തലയാട്ടി.
''നീയാണോടാ സാറ്?''
''എവിടുത്തെ സാറാടാ?''
''കേട്ടോ കുട്ടികളെ...അവൻ വലിയ സാറായിട്ടാണിങ്ങെത്തിയിരിക്കുന്നത്. അവൻ നമ്മുടെ സാറാ.... അവന്റെയൊരു.......''

അവിടെ കൂടി നില്ക്കുന്ന സീനിയർ വിദ്യാർത്ഥികളുടെ നാവുകൾ ഒന്നൊന്നായി ചലിച്ചു. ശരീരമാകെ വിറയലിന്റെ ആരംഭം പോലെ തോന്നി, അവന്.
ഹോസ്റ്റൽ ബോയി കണ്ണുകൾകൊണ്ട് അവിടെ നിന്നും പോരാൻ അവനോടു പറഞ്ഞു. അവൻ നടന്നു.
''എടാ അവിടെയല്ല വാർഡൻ...ഇതിലെ പോടാ'' വേറൊരു ദിക്കിലേക്കു വിരൽ ചൂണ്ടിഒരുവൻആവശ്യപ്പെട്ടു.

അവൻ ഹോസ്റ്റൽ ബോയിയുടെ മുഖത്തേക്കു നോക്കി. വളരെദയനീയമായി. ഹോസ്റ്റൽ ബോയി ചിരിച്ചുകൊണ്ട് തന്റെ പിന്നാലെ വരാൻഅവനെ ആംഗ്യം കാണിച്ചു. അവൻ നടന്നു. ആരും പറയുന്നതൊന്നും ശ്രദ്ധിക്കാതെ.

അവൻ വാർഡന്റെ മുറിയിലേക്കു കയറി. മകന്റെ ദയനീയമായ മുഖഭാവം കണ്ട് ആ മാതാപിതാക്കൾക്കു ദുഃഖം തോന്നി.

'തങ്ങളെ വേർപിരിയുന്നതിലുള്ള ദുഃഖമായിരിക്കും. ജീവിതം തുടങ്ങുന്നതിനു പഠിക്കണം. അപ്പോൾ മാതാപിതാക്കളിൽ നിന്നും മാറി താമസിക്കേണ്ടി വരും. അതിനു ദുഃഖിച്ചാൽ എന്തു ചെയ്യും?' അമ്മയുടെ വിചാരങ്ങൾ മുഖഭാവങ്ങളിലൂടെ വാചാലമായത്അവൻകേട്ടു.
പക്ഷേ അവന്റെ ചിന്ത അവിടെഅരങ്ങേറാൻ പോകുന്നറാഗിംഗിനെ ചുറ്റിപ്പറ്റിയായിരുന്നു. അവൻ തന്റെ ദുഃഖം മൗനഭാഷയിൽ മാതാപിതാക്കൾക്കു വിവരിച്ചു കൊടുക്കുകയായിരുന്നു. പക്ഷേ ആ ഭാഷ അവർക്കു മനസ്സിലായില്ല.

അവൻ വാർഡന്റെ മുഖത്തേക്കു നോക്കി. അദ്ദേഹം പറയുന്നതു പോലെ മനസ്സിൽ ആരോ മന്ത്രിക്കുന്നു 'എടോ, ഞങ്ങളും ഇതനുഭവിച്ചാണ് എഞ്ചിനീയറായിഇറങ്ങിയത്. താനും ഇതനുഭവിച്ചേ പറ്റൂ.'

വാർഡൻ പറഞ്ഞു ''വിനോദ്, സീനിയേഴ്‌സ് ചോദിക്കുന്നതിനൊക്കെ ഉത്തരം പറയണം. കേട്ടോ? അവരെല്ലാം പരിചയപ്പെടാൻ വരും.'' വാർഡൻ ചിരിച്ചു.
''ഞങ്ങളിനിയും പോകട്ടെ.'' വിനോദിന്റെ പിതാവ് അത്രയും പറഞ്ഞിട്ട് വാർഡന്റെ സമ്മതം പ്രതീക്ഷിക്കുന്നതു പോലെ അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കി.
''ശരി, നിങ്ങൾ പോകൂ. ഇവിടെ എല്ലാവരുമായി കമ്പനിയായിക്കൊള്ളും വിനോദ്. അല്ലേ വിനോദേ?'' വിനോദ് തലയാട്ടി.

''അവനാദ്യമായിട്ടാണ് ഞങ്ങളെ പിരിഞ്ഞു താമസിക്കുന്നത്.'' മാതൃസ്‌നേഹത്തിൽ പൊതിഞ്ഞ ആ വാക്കുകൾ കേട്ടപ്പോൾ അവന്റെ കണ്ണുകൾ നിറയുന്നതുപോലെ തോന്നി.
അവൻ ചുണ്ടുകൾ കടിച്ചു. സ്വയം നിയന്ത്രിക്കാൻ പാടുപെട്ടു.
''അതൊക്കെ ചെറുകെ മാറിക്കൊള്ളും. പിന്നെ വീട്ടിൽ വന്നു താമസിക്കുന്നതാകും വിനോദിനു വിഷമം. അല്ലേവിനോദേ??'' വാർഡൻ വിനോദിന്റെ ചുവന്നു തുടുക്കുന്ന മുഖത്തേക്കു നോക്കി.
അവൻ മൗനം ഭജിച്ചു നിന്നതേയുള്ളു. ആ മാതാപിതാക്കൾ കാറിനെ ലക്ഷ്യമാക്കി നടന്നു. കാർ നീങ്ങി. മകനോടുള്ള വേർപാടിൽ അമ്മയുടെ കണ്ണുകൾ നനയുകയായിരുന്നു. മകനും മൂകനായി നിന്നുകൊണ്ട് അവരോടു യാത്ര പറഞ്ഞു.
കാർ നീങ്ങിത്തുടങ്ങുമ്പോൾ ആ പിതാവ് അവിടെ കൂടി നിന്നവിദ്യാർത്ഥികളെ നോക്കി പറഞ്ഞു. ''അവനെക്കൂടി നോക്കിക്കൊള്ളണേ. ഇവിടുത്തെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.''

''അത് ഞങ്ങളോടു പറയണോ? ഞങ്ങളേറ്റു....'' ആ വാക്കുകൾ കേട്ടു മാതാപിതാക്കൾ ചിരിച്ചു. അവിടെ കൂടി നിന്നവരെല്ലാം ചിരിച്ചു. വിനോദും ചിരിച്ചു. വിരഹദുഃഖത്തിൽ ആ ചിരികളേൽപ്പിച്ച മങ്ങൽ കണ്ടിട്ടാകാം, കാർ മുന്നോട്ടു നീങ്ങി. കണ്ണുകളും കണ്ണുകളും തമ്മിലിടഞ്ഞു. കാറിന്റെ പുകപടലം ശ്രദ്ധിച്ച് വിനോദ് നിന്നു. ദൃഷ്ടിയിൽ നിന്നും അതു മറയുന്നതിനു മുമ്പ് ഒരു പറ്റം വിദ്യാർത്ഥികൾ അവനെ വളഞ്ഞു.
''എന്താടാ നിന്റെ പേര്?''

''എവിടെടാ വീട്?''
ഒരേ സമയത്ത് പലരോട് ഉത്തരം പറയാൻ കഴിയാതെ അവൻ കുഴങ്ങി. ഒന്നിനു പുറകേ ഒന്നായി ആക്രോശങ്ങൾ. ആദ്യം ചോദിച്ച ആളോട് ഉത്തരം പറയാമെന്നു കരുതി അവൻ അയാളുടെ മുഖത്തേക്കു നോക്കി. മറ്റേയാൾ അവന്റെ മുഖം ശക്തിയായി പിടിച്ച്, തന്റെ നേരേ തിരിച്ചുകൊണ്ടു ചോദിച്ചു.

''ചോദിച്ചത് കേട്ടില്ലേടാ? എവിടെടാ വീട്?''അതൊരലർച്ചയായിരുന്നു.
മാതാപിതാക്കളെ വേർപിരിഞ്ഞതിലുണ്ടായ ദുഃഖകണങ്ങളെല്ലാം ധാരധാരയായി കണ്ണുകളിൽ നിന്നും പ്രവഹിച്ചു തുടങ്ങി.

''കരയുവാണോ ചക്കരമോൻ.''കൂടി നിന്നവരിലൊരുവൻ കളിയാക്കി.
''നടക്കെടാ നിന്റെ മുറിയിലേക്ക്.'' അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഭദ്രൻആജ്ഞാപിച്ചു.
അവൻ ഭയപ്പെട്ടു പോയി. കുറ്റവാളിയായി പിടിക്കപ്പെട്ടവൻ പരുങ്ങുന്നതു പോലെ, അവനും പരുങ്ങി. എങ്കിലും നടന്നു. അവന്റെ കൂട്ടുകാരൻ പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട്. 'പറയുന്നതെല്ലാം അതു പോലെ അനുസരിച്ചേക്കണം.'
''ഇവനെക്കൂടി നമുക്ക് മറ്റവന്റെ അടുത്തേക്കു കൊണ്ടുപോകാം.''ഭദ്രന്മറ്റുള്ളവരോടായി പറഞ്ഞു.വിനോദ് തന്റെ മുറിയെ ലക്ഷ്യമാക്കി നടക്കുകയായിരുന്നു.
''ശരി.'' അതുകേട്ട് എല്ലാവരും സമ്മതം മൂളി.

''ഇതിലെ നടക്കെടാ.'' മറ്റൊരിടത്തേക്കു കൈചൂണ്ടി അയാൾ ആജ്ഞാപിച്ചു. കൈചൂണ്ടിയ ഭാഗത്തേക്ക് അവൻ നടന്നു. മറ്റൊരു മുറിയുടെ വാതിൽക്കൽ എത്തിയപ്പോൾ അവനെ ആ മുറിക്കുള്ളിലേക്ക് ഒരു തള്ളു കൊടുത്തു. അവൻ ദയനീയമായി തള്ളിയവനെ നോക്കി.
''എന്താടാ നോക്കുന്നത്?''അവന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.ഭദ്രൻ അവനെതള്ളി അകത്തു കയറ്റി.
ആ കാഴ്ച കണ്ട് അവൻ അമ്പരന്നു. പിന്നെ ഭയവും തോന്നി. 'ജീവിതത്തിൽ ഇന്നുവരെയും കണ്ടിട്ടില്ലാത്ത കാഴ്ച!'

ഒരുവൻ നഗ്നനായി നില്ക്കുന്നു. അവന്റെ കണ്ണുകൾ കലങ്ങി കിടക്കുന്നു. ഏതാനും പേർ കട്ടിലിലും കസേരകളിലും ഇരുന്ന്, അവൻ ചെയ്യുന്നതു ദർശിച്ചു രസിച്ചിരിക്കുന്നു.
വിനോദിന്റെ കൂടെയുണ്ടായിരുന്നവർ ഉപവിഷ്ടരായി.
''പോയി നില്ലെടാ അവന്റെ കൂടെ.'' മീശ താഴേക്കു വളഞ്ഞു വളർന്നിരിക്കുന്ന, വികൃതനായ, ക്രൂര മുഖഭാവമുള്ള ഒരുവൻ ആജ്ഞാപിച്ചു.

അവൻ നീങ്ങി നിന്നു. എന്നിട്ടു ചിന്തിച്ചു. 'എന്നെയും അവർ നഗ്നനാക്കുമോ? എന്നെ അവർ നഗ്നനാക്കല്ലെ ഈശ്വരാ.' അവൻ അറിയാതെ പ്രാർത്ഥിച്ചു പോയി.
''കണ്ടോടാ ആ നില്ക്കുന്നവനെ.'' വളഞ്ഞ മീശക്കാരൻ ചോദിച്ചു.
'കണ്ടു' എന്നർത്ഥത്തിൽ അവൻ തലയാട്ടി.
''വേഗം അതു പോലെ നില്ല്.'' അടുത്ത ആജ്ഞ.

അവൻ വല്ലാതെ വിഷമിച്ചു.'ചെയ്യണോ?വേണ്ട. ഒരു പക്ഷേ അവർ വെറുതെ പറയുകയായിരിക്കും.'
''ചെയ്യടാ വേഗം.'' ഒരുവൻ ചാടിയെഴുന്നേറ്റ് അവന്റെ നേരേയടുത്തു.
പുതിയ ഇരയെ കിട്ടിയതുകൊണ്ട് ആദ്യത്തെ ഇരയ്ക്ക് അല്പം ആശ്വാസം കിട്ടി. അവനിൽ നിന്നും ഒരു നെടുവീർപ്പുതിർന്നു.

വിനോദ് തന്റെ ഷർട്ട് അഴിച്ചിട്ടു. എന്നിട്ട് ആജ്ഞാപിച്ചവന്റെ മുഖത്തേക്ക് 'ഇനിയും അഴിപ്പിക്കല്ലേ' എന്ന അപേക്ഷ ഉൾക്കൊള്ളിച്ച് ഒന്നു നോക്കി.

''ചെയ്യടാ വേഗം.'' ആ മുറിയിൽ ഉണ്ടായിരുന്ന ലൂയിആജ്ഞാപിച്ചു;
''വീക്കു വാങ്ങിയെങ്കിലേ ചെയ്യുള്ളോ?'' വളഞ്ഞ മീശക്കാരന്റെ ക്രൂരമായ ചോദ്യം. അവരുടെ മുമ്പിൽ അവൻ കുഴഞ്ഞു. ബനിയൻ കൂടി ഊരിയിട്ടു.

തന്റെ മാറും വയറും മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിച്ചപ്പോൾ അവന്റെ ശരീരമാകെ ഒരു വിറയൽ. അവൻ വീണ്ടും നിർത്തി. ലൂയി ചാടിച്ചെന്ന് അവന്റെ തലക്കൊരു കിഴുക്കു കൊടുത്തു. എന്നിട്ടൊരലർച്ചയും. ''വേഗം അഴിയെടാ നിന്റെ കോപ്പെല്ലാം.''

അയാൾ അവന്റെ മുണ്ടിനു പിടിച്ചുവലിച്ചു.അതു ഊർന്നിറങ്ങിപ്പോയി. അവൻ കരഞ്ഞു. ഈ ഭൂമിയിലുള്ള സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ചു. ഇനിയും അവശേഷിച്ചിരിക്കുന്ന തന്റെ ഏകമറ കൂടി അഴിപ്പിക്കല്ലേ എന്നവൻ വീണ്ടുംപ്രാർത്ഥിച്ചു.

''അവന് കേൾക്കാൻ വല്യപ്രയാസമാ, അല്യോടാ.'' അലറിക്കൊണ്ട് മീശക്കാരൻ ചാടിയെഴുന്നേറ്റടുത്തു. അവന്റെ വയറിനു കൂട്ടിപ്പിടിക്കാൻ. അതുകണ്ടു ഭയന്ന് അവൻ തന്റെ അണ്ടർവെയർ താഴേക്കു വലിക്കാൻതുനിഞ്ഞു.അപ്പോഴേക്കും വേറൊരുവന്റെ ആജ്ഞ ഉയർന്നു, ആദ്യത്തെ ഇരയുടെ നേരേ നോക്കി.

''എടോ, അയാളെ ഒന്നു സഹായിച്ചു കൊട്.''

ആദ്യത്തെ ഇര രണ്ടാമത്തെ ഇരയുടെ അടുത്തേക്കു നടന്നടുത്തു. അവന് ഒട്ടും ലജ്ജ തോന്നിയില്ല. അവൻ കൂട്ടുകാരന്റെ അണ്ടർവെയറിനു പിടിച്ചു താഴേക്കു വലിച്ചു. വിനോദിനു ദേഷ്യം തോന്നി. തന്റെ അടിവസ്ത്രത്തിൽ പിടിച്ചു വലിച്ചവന്റെ കൈയ്ക്ക് ഒരു തട്ടു കൊടുത്തു. അവൻ മാറി നിന്നു. അതുകണ്ടു വളഞ്ഞ മീശക്കാരൻ വീണ്ടും ചാടിയടുത്തു.
''എന്തിനാടാ അവനെ തട്ടിയത്?'' ഭീകരമായിരുന്നു ആ മുഖഭാവം. വിനോദ് നിന്നു വിറച്ചു.
''അതൂരുന്നെ അയാൾക്കു വിഷമമാണെങ്കിൽ നമുക്കു മുറിച്ചെടുക്കാം.'' ഭദ്രൻപുതിയ ആശയവുമായി നടന്നു വന്നു, കയ്യിൽ ഒരു ബ്ലേഡ് ഉയർത്തി പിടിച്ചുകൊണ്ട്. അയാൾ അവന്റെ അടിവസ്ത്രത്തിന്റെ ഒരു കാൽ നെടുകെ മുറിച്ചെടുത്തു.അപ്പോൾ മറ്റേ ഭാഗം ഊർന്നിറങ്ങി.
അങ്ങനെ അവൻ അനാച്ഛാദനം ചെയ്യപ്പെട്ടു. അവിടെ കൂടി ഇരിക്കുന്നവരുടെ കണ്ണുകൾ അവന്റെ നഗ്നതയിൽ പതിക്കുമ്പോൾ അവൻ ചൂളി. വിനോദ് ലജ്ജയോടെ മറ്റേ നഗ്നമേനിക്കാരനെ ഒന്നൊളിഞ്ഞു നോക്കി.

''താഴെ കിടക്കുന്ന ആ തുണിയെടുത്ത് കയ്യിൽ പിടിയെടാ.'' വളഞ്ഞ മീശക്കാരൻ പുതിയ ആജ്ഞ തൊടുത്തു വിട്ടു. അവൻ അതെടുത്തു കയ്യിൽ പിടിച്ചു.
''ഒന്നു മണപ്പിച്ചു നോക്യേ.'' അവൻ മണപ്പിക്കാതെ പരുങ്ങിനില്ക്കുന്നതു കണ്ട് വീണ്ടും അതേ ആജ്ഞഉയർന്നപ്പോൾ അവൻ മണപ്പിച്ചു.
''എങ്ങനെയുണ്ട് നല്ല മണമാണോ?'' അവൻ ഉത്തരം പറഞ്ഞില്ല.
''മറ്റേ ഭാഗം എടുക്കെടോ.'' ലൂയിആവശ്യപ്പെട്ടു. അവൻ ബാക്കി തുണിക്കഷണവും എടുത്തുകയ്യിൽ പിടിച്ചു.
''അത് ഒരു തൊപ്പിപോലെ വെയ്.''അവൻ അതു തലയിൽ വച്ചപ്പോൾഒരുവൻ കണ്ണാടി നീട്ടിക്കൊടുത്തു.

''ദാ, ഈ കണ്ണാടിയിൽ കൂടി ഒന്നു നോക്കിയേ.''
അവൻ കണ്ണാടിയിലേക്കു നോക്കി. അവന്റെ മുഖത്ത് ഒരു മന്ദസ്മിതം പ്രത്യക്ഷപ്പെട്ടതു പോലെഅവർക്കുതോന്നി.
''അവന് ചിരി വരുന്നല്ലോ.'' കസേരയിലിരുന്ന് അവനെ ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരുവന്മറ്റുള്ളവരെ നോക്കി വിളിച്ചു പറഞ്ഞു.

''ചിരി, ഇപ്പോ മാറ്റിക്കളയാം.'' ലൂയിയുടെ കമന്റു കേട്ട് അവന്റെ മുഖം ഇരുണ്ടു.
ഒരു സീനിയർ വിദ്യാർത്ഥി കയ്യിലൊരു കത്രികയും കൊണ്ടടുത്തു. അതിന്റെ വളയങ്ങളിൽ രണ്ടുവിരലുകൾ കയറ്റി ചലിപ്പിച്ചു ശബ്ദമുണ്ടാക്കി. ആ ലോഹഭാഗങ്ങൾ തമ്മിൽ ഉരസിയുണ്ടാകുന്ന ശബ്ദം അവിടമാകെ നിറഞ്ഞു. അതിന്റെ മൂർച്ചയുള്ള വക്കുകൾ എന്തിനെയും അരിയാമെന്ന ഭാവത്തിൽവിനോദിന്റെള മുമ്പിൽ തെളിഞ്ഞു നിന്നു.

മനോഹരമായി വെട്ടി ഇട്ടിരുന്നവിനോദിന്റെ മുടിയുടെമുഴുവൻ ഭാഗങ്ങളും കത്രിക്കപ്പെട്ടു. മുടിയുടെ ഭംഗിയുള്ള ഭാഗങ്ങളെല്ലാം തറയിൽ വീഴുന്നത് അവൻ ഇമ വെട്ടാതെ നിസ്സഹായതയോടെ നോക്കിക്കൊണ്ടു നിന്നു.അവസാനം അവന്റെ രണ്ടു കൃതാവും നീക്കംചെയ്യപ്പെട്ടു. താൻ ഇത്രയും കാലം ഓമനിച്ചു വളർത്തിയ മുടിയുടെ ദയനീയാവസ്ഥയിൽ അവന്റെ മനസ്സു വിങ്ങി. അശ്രുകണങ്ങൾ ധാരധാരയായി പ്രവഹിച്ചുവെങ്കിലും അതു ആരും ഗൗനിച്ചില്ല.അവന്റെ നയനപ്രവാഹം അവരെയാരെയും ആ പ്രവൃത്തികളിൽ നിന്നും വിലക്കാൻ പര്യാപ്തമായിരുന്നില്ല.അതു കണ്ട് ഒരുതരം രസത്തോടെ അവർഅവനെ നോക്കി ഇളിച്ചു കൊണ്ടിരുന്നു.

പുതിയ അന്തേവാസികളെ കൺകുളിരെ കാണാനുള്ള തിടുക്കത്തോടെസീനിയർ വിദ്യാർത്ഥികളുടെ തള്ളിക്കയറ്റം വർദ്ധിച്ചു.നഗ്‌നതയുടെ രസം ആസ്വദിച്ചുകൊണ്ട്എല്ലാവരുടേയും ദൃഷ്ടികൾ അവരിൽ തറഞ്ഞു നിന്നു. തങ്ങളുടെ ഈ വര്ഷിത്തെ ഇരകളാണു വന്നിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ തങ്ങള്ക്കും തൊട്ടു രസിക്കാനും പരിഹസിച്ചു സന്തോഷിക്കാനും ഉള്ള ഇരകൾ.
അവരുടെ ഭാവങ്ങളും ചലനങ്ങളും കണ്ട് അവനു വല്ലാത്ത ദേഷ്യം തോന്നി. എങ്കിലുംഅവന്റെ മനസ്സു കേണുകൊണ്ടിരുന്നു.

ഒരു പറ്റം ചെന്നായ്ക്കളുടെ പിടിയിൽ പെട്ടു പോയ ആട്ടിൻകുട്ടിയെപ്പോലെ, രക്തത്തിനുവേണ്ടി ദാഹിച്ചലറുന്ന കടുവാ കൂട്ടത്തിന്റെ ഇടയിൽ കിടന്നു പിടയുന്ന മാൻപേടയെപ്പോലെ, മാംസദാഹം തീർക്കാൻ വെറിപൂണ്ട്, ബലാൽസംഗം ചെയ്യപ്പെടുന്ന നിസ്സഹായയായ തരുണീമണിയെപ്പോലെഅവനിലെ ധൈര്യംമുഴുവൻ ചോർന്നു പോയിരുന്നു.
ശരീരമാകെ വിറങ്ങലിച്ചുപോയ ഒരു ഭീരുവിന്റെിചിന്താഗതി മാത്രമേ അവനിൽ അപ്പോൾ അവശേഷിച്ചുള്ളു. അതിനു മാത്രമേ അവനിലെ ശക്തി ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നുള്ളു.അതിനാൽഅവൻ എല്ലാം സഹിക്കാൻ തീരുമാനിച്ചു.
'നിസ്സഹായതയിൽ ആത്മാവു ഉൽക്രോശിക്കുമ്പോൾ അത്തരം ഒരു അവസ്ഥയിൽഎന്തു ചെയ്യാൻ കഴിയും?' അവൻ തന്നോടുതന്നെ ചോദിച്ചു.

താൻ വെറുമൊരു കാഴ്ചവസ്തുവായി അവരുടെ മുമ്പിൽ നില്ക്കുമ്പോൾഇടയ്ക്കിടയ്ക്കു അവന്റെ മനസ്സു മന്ത്രിക്കാൻ തുടങ്ങി. ''നീ ഈ നരകത്തിൽ നിന്നും വേഗം പോകൂ. നാളെ...നാളെത്തന്നെ രക്ഷപ്പെടൂ.'' ഉടൻ അവന്റെ മനസ്സു തന്നെ ഉത്തരവും പറയും. ''അപ്പോൾ എന്റെ ജീവിതോദ്ദേശ്യം സഫലമാകുമോ? അതു പാടില്ല. അങ്ങനെ ഭയപ്പെട്ടോടുവാൻ തക്ക ഭീരുവല്ല ഞാൻ.''

അവന്റെ മുടി കത്രിച്ചിറക്കിയ ശേഷം ആ കത്രിക അടുത്ത നവാഗതന്റെ മുടിയും വീഴുങ്ങാൻ തുടങ്ങിയിരുന്നു.വേറൊരുവൻ, ആ കാഴ്ച കണ്ടു രസം കയറിയതിനാൽ ഒരു ബ്ലേഡുമായി എത്തിച്ചേർന്നു. മൂർച്ചയില്ലാത്ത ഒരു ബ്ലേഡ്. അതു 'റേസറിൽ' വച്ചു മുറുക്കിയിട്ട്ആദ്യത്തെ നവാഗതന്റെ മീശമേൽ ചലിപ്പിച്ചു.എങ്കിലും മീശ മുഴുവൻ എടുത്തില്ല. മീശയുടെ പല ഭാഗങ്ങളും അവന്റെ മുഖത്തു വൈകൃതമായിതെളിഞ്ഞു നിന്നു. അതേ പ്രക്രിയ വിനോദിലും ആവർത്തിക്കപ്പെട്ടു.

ഒരു കണ്ണാടി വിനോദിന്റെ മുഖത്തിനഭിമുഖമായി കാട്ടിക്കൊടുത്തുകൊണ്ട് ഒരുവൻ ചോദിച്ചു, ''ഇപ്പോൾ എങ്ങനെയുണ്ട് സാർ?''

വളഞ്ഞ മീശക്കാരൻ ഒരു ഭൂലോകം വെട്ടിപ്പിടിച്ച മട്ടിൽ പൊട്ടിച്ചിരിച്ചു. അണ പൊട്ടിയൊഴുകിയ ദുഃഖം വിനോദിൽ നിന്നും മാഞ്ഞിരുന്നു.പകരം എന്തിനോ വേണ്ടി ജ•ം പൂണ്ട പ്രതികാര ചിന്താഗതി അവന്റെ തലച്ചോറിനുള്ളിൽ വണ്ടനെപ്പോലെ മൂളി നടക്കാൻ തുടങ്ങി. അതിനാൽ ആ ചോദ്യം കേട്ട്അവൻ ചിരിക്കാൻ ശ്രമിച്ചു. സീനിയർ വിദ്യാർത്ഥികളുടെ മുഖങ്ങളിൽ ദേഷ്യം ഇരമ്പിക്കയറി. അസഭ്യ വാക്കുകൾ നിറച്ചു പുറത്തേക്കു വിടുന്ന അവരുടെ നാവുകൾ വേഗം വേഗം ചലിച്ചു.ഇന്നു വരെ കേട്ടിട്ടില്ലാത്ത പുഴുത്ത തെറികൾ!

'മലയാള ഭാഷയുടെ ഒരു നിഘണ്ടുവിലും കണ്ടെത്താൻ കഴിയാത്ത പുതിയ പുതിയ കണ്ടുപിടിത്തങ്ങളോ? ഇതാണോ ഇവരുടെ സംസ്‌ക്കാരം?സംസ്‌ക്കാരവും അറിവും ഉണ്ടെന്നഭിമാനിക്കുന്ന കൂട്ടർ. ഉദ്യോഗം കിട്ടിയാൽ സമൂഹത്തിൽ ഉന്നതസ്ഥാനമുള്ളവരാണെന്നാ ഭാവം. പക്ഷേ പഠിക്കുമ്പോൾ ഇത്രയേറെ അസഭ്യങ്ങൾ തൊടുത്തു വിടാൻ സമർത്ഥരോ?' വിനോദ് അന്തിച്ചു പോയി.

'ഞാൻ മനസ്സിൽ കരുതിയതെല്ലാം അപ്പാടെ തകർന്നടിയുന്നല്ലോ? ആർട്‌സ് കോളേജിലെ വിദ്യാർത്ഥികൾ ഇവരേക്കാൾ എത്രയോ മാന്യരാണ്.'

വിദ്യാഭ്യാസം വര്ദ്ധി ക്കുമ്പോൾ സംസ്‌കാരം വര്ദ്ധി ക്കുന്നില്ലേ? മൃഗങ്ങൾ വസ്ത്രം ധരിക്കുന്നില്ല. ഇവിടെ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിലും വസ്ത്രം ധരിക്കാൻ അനുവാദമില്ല?മൃഗങ്ങൾ മറ്റു മൃഗങ്ങളുടെ നഗ്‌നത കണ്ടാസ്വദിക്കാറുണ്ടോ? മനുഷ്യർ മനുഷ്യരുടെ നഗ്‌നത കണ്ടു ആസ്വദിക്കുന്നു. കാണാൻ തിടുക്കവും ഉത്സാഹവും കാട്ടുന്നു.ഹാ കഷ്ടം!

അവൻ പുഞ്ചിരിച്ചതു വളഞ്ഞ മീശക്കാരനു പിടിച്ചില്ല. അവനെ ഒതുക്കാൻവേണ്ടി ഇത്രയൊക്കെ കാട്ടിയിട്ടും ചിരിക്കുന്നോ?വളഞ്ഞ മീശക്കാരന്റെ വികൃതമായ മുഖത്ത് എവിടെ നിന്നോ ദേഷ്യം സ്ഥാനം പിടിച്ചു. അയാൾ അലറി ''എന്താടാ ചിരിക്കുന്നെ?'' നിന്റെ തന്തയിവിടിരിക്കുന്നോ? അതോ നിന്റെ അമ്മ വന്നു നില്ക്കുന്നോ?''

മനസ്സിലെ ദേഷ്യം മുഴുവൻ പുറത്തേക്കു തൊടുത്തു വിട്ടുകൊണ്ടുള്ള ആ ചോദ്യങ്ങൾ ഏറ്റു വിനോദിന്റെ മനസ്സു പിടഞ്ഞു. ചിരി എവിടേക്കു മാഞ്ഞു പോയി എന്നുപോലും തിട്ടപ്പെടുത്താൻ കഴിയാത്ത വിധത്തിൽ അവന്റെ മുഖഭാവം മാറി. ദയനീയമായ ഒരു ഭാവവിശേഷം അവനിൽ നിഴലിച്ചു വന്നു. ദേഷ്യവും വേദനയും നിസ്സഹായതയും കൂടിക്കലർന്ന ഒരു സങ്കരഭാവം.
അവനോർത്തു, പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒരുവൻ 'തന്ത'ക്കു പറഞ്ഞ സംഭവം.
'തന്തക്കു പറഞ്ഞവൻ തന്നെക്കാൾഎത്രയോ ആരോഗ്യമുള്ളവനായിരുന്നു. പക്ഷേ അപ്പോഴുണ്ടായ ദേഷ്യത്തിൽ അതൊന്നും ഗൗനിക്കാതെ അവനെ ആഞ്ഞൊരടി. അവന്റെ മൂക്കിനും കവിളിനും ഒന്നിച്ചടിയേറ്റതിനാൽ അവൻ ഇരുന്നു പോയി. അപ്രതീക്ഷിതമായുണ്ടായ അടിയുടെ മരവിപ്പിൽ നിന്നും, തളർച്ചയിൽ നിന്നും രക്ഷപ്പെടുന്നതിനു മുമ്പ് വീണ്ടും വീണ്ടും തന്റെൻകൈപ്പത്തി അവന്റെ കവിളിൽ ആഞ്ഞു പതിച്ചു.തന്റെ ദേഷ്യം മുഴുവൻ തീരുന്നതു വരെ. അവസാനം സ്‌നേഹിതർ പിടിച്ചുമാറ്റിക്കൊണ്ടു പോയില്ലായിരുന്നെങ്കിൽ... ഇപ്പോൾ ഒരുവൻ തന്നെ 'തന്ത'ക്കു വിളിച്ചിരിക്കുന്നു.'

അവനിൽ ദേഷ്യം നുരച്ചു പൊന്തി. കൈകൾ തരിച്ചു. പക്ഷേ അവ അനങ്ങിയില്ല.അനക്കാനുള്ള ശക്തിയില്ലായിരുന്നു. ശക്തി മുഴുവൻ ചോർന്നു പോയതുപോലെ. തന്റെ വ്യക്തിത്വം മുഴുവൻ നശിച്ചു പോയതുപോലെ അവൻ മരവിച്ചു നിന്നു.

വിനോദ് വെളിയിലേക്കു തന്റെ ദൃഷ്ടികളെ, ഒന്നു പായിച്ച് വേഗം പിൻവലിച്ചു.രാവിന്റെ ഭീകരനിറം ആ കുന്നിൽ പരന്നുകഴിഞ്ഞിരുന്നു. മിന്നിമിന്നി പ്രകാശിക്കുന്ന അനന്തകോടി നക്ഷത്രങ്ങൾ കണ്ണുകൾ ചിമ്മുന്നു. ആകാശത്തിന്റെ കോണിൽ ഇന്ദുകല.ഇരുട്ടിന്റെ കടന്നാക്രമണം കഴിഞ്ഞിട്ട് ഒരുപാടു നേരം കഴിഞ്ഞുവെന്നു തോന്നി.

'ഇന്നത്തെ പ്രയോഗങ്ങൾ കഴിഞ്ഞു കാണുമോ?'വാച്ചിലേക്കു പെട്ടെന്ന് ഒന്നു നോക്കി. സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു.

'സമയം എത്രവേഗം കടന്നു പോയിരിക്കുന്നു.' അവൻ ചിന്തിച്ചു. 'അത് എന്റെ ശോചനീയാവസ്ഥ കണ്ടു ദുഃഖിച്ചു കടന്നു പോയതാകാം.'

''സമയമൊന്നും നോക്കണ്ടാ. ഇന്ന് നിന്നെയൊന്നും ഉറക്കുന്നില്ല.'' ഒരു സീനിയർ വിദ്യാർത്ഥി ഉറക്കെ പറഞ്ഞു.

അവൻ പതറിയ ചിന്തയിൽ നിന്നും മുക്തിനേടി. 'നാളെയാണ് ഞങ്ങളുടെ ക്ലാസ്സ് തുടങ്ങുന്നത്. ഇവരിന്ന് ഉറക്കിയില്ലെങ്കിൽ എന്തുചെയ്യും? നാളെ എങ്ങനെ ക്ലാസ്സിൽ പോകും. ഹോ! നാളെ രാവിലെ വന്നാൽ മതിയായിരുന്നു. ആരാണ് ഇന്നു വരണമെന്നു നിർദ്ദേശിച്ചത്?ഞാൻ തന്നെ.വേഗം ഹോസ്റ്റലിൽ എത്താനുള്ള തിടുക്കമല്ലേ എന്നെ അതിനു പ്രേരിപ്പിച്ചത്?'

'സ്വർഗ്ഗവും നരകവും എന്നൊന്നുണ്ടെങ്കിൽ അത് ഈ ഭൂമിയിൽ തന്നെയാണോ?' ആരോ അങ്ങനെ പറഞ്ഞിട്ടുള്ള കാര്യം മനസ്സിൽ ഓർത്തുപോയി. 'ഇപ്പോൾ ഞാൻ സ്വർഗ്ഗത്തിലോ, നരകത്തിലോ? സ്വർഗ്ഗസാമ്രാജ്യമെന്ന ധാരണയോടു കൂടിയാണ് ഇവിടേക്ക് ഇറങ്ങി പുറപ്പെട്ടത്. പക്ഷേ എത്തിച്ചേർന്നത് അടിമത്ത മനോഭാവം വച്ചു പുലർത്തുന്ന ഒരുപറ്റം ആത്മാക്കളുടെ ഇടയിൽ.'
ആ അരങ്ങേറ്റത്തിൽ അത്രയും നേരം പങ്കു കൊള്ളാൻസാധിക്കാതിരുന്നവർ, ചായമടിച്ച ആ കൽഭിത്തികൾക്കുള്ളിലേക്കു പ്രവഹിച്ചുകൊണ്ടിരുന്നു. അല്പനേരം നിലയ്ക്കാത്ത പ്രവാഹം ഉണ്ടായി. കണ്ടു മടുത്തവരുടെബഹിർഗ്ഗമനവും കാണാൻ കൊതിക്കുന്നവരുടെ ആഗമനവും. ആകപ്പാടെ വളരെ ശോചനീയമായ നിലയിൽ നിസ്സഹായരായ ആ പുതു വിദ്യാർത്ഥികൾ അമ്പരന്ന്, വിഷമിച്ച്, ലജ്ജിച്ചു നിലകൊണ്ടു. വെറും കാഴ്ചവസ്തുക്കളെപ്പോലെ.

അല്പനേരത്തിനു ശേഷംസീനിയർ വിദ്യാർത്ഥികളിൽ പലരുംആഹാരം കഴിക്കാൻ പോയിത്തുടങ്ങി. റാഗിങ് കൊതിയന്മാരും നവാഗതരെ വസ്ത്രങ്ങൾ അണിയിച്ചു 'മെസ്സിലേക്ക്' എഴുന്നള്ളിച്ചു.

താൽക്കാലികമായെങ്കിലും കിട്ടിയ ആ നിമിഷങ്ങൾ അവർക്കു ആശ്വാസം പകർന്നു നല്കി, അപ്പോൾ.

ഹോസ്റ്റലിന്റെ പല മൂലകളിൽ നിന്നും കണ്ഠനാളങ്ങളിലൂടെ സംഗീതം ഒഴുകി വന്നു. ചിലർ കിടന്ന് അലറി വിളിക്കുന്നു. ചിലർ കൂവുന്നു. ചിലർ പാടുന്നു. എത്രയെത്ര വിഭിന്നതരക്കാരുടെ ആവാസകേന്ദ്രമാണിവിടം.

'ഹോസ്റ്റൽ ജീവിതം എത്ര രസകരമാണെന്നാണു കേട്ടിട്ടുള്ളത്. അതിനാലല്ലേ ഇവിടെയെത്താൻ തിടുക്കം കാട്ടിയത്. ആ ധൃതി എനിക്ക് ഇപ്പോൾ വിനയായി ഭവിച്ചിരിക്കുന്നു.' ആ ഹോസ്റ്റലിലെ ഓരോ ചലനവും ഓരോ ശബ്ദവും അവനു അരോചകമായി തോന്നി. കർണ്ണകഠോര ശബ്ദങ്ങൾ കാതുകളിൽ തുളഞ്ഞു കയറുന്നു.

'ഇന്നു ഞങ്ങൾ രണ്ടു മണ്ടന്മാർ മാത്രമേ എത്തിയിട്ടുള്ളു. തിരുമണ്ടന്മാർ. അല്ലെങ്കിൽ റാഗിങ് എന്നതിനെക്കുറിച്ചു കേട്ടിട്ടും ഈ നരകയാതനകൾ അനുഭവിക്കാൻ ധൃതിപ്പെടുമോ? ഹോ! ഈ വികൃതമായ അലങ്കാരത്തോടു കൂടി നാളെ എങ്ങനെ ക്ലാസ്സിൽ ചെല്ലും.' വിനോദിന്റെ മനസ്സിൽ എവിടെയൊക്കെയോ നീറ്റൽ അനുഭവപ്പെട്ടു. തന്റെ മാതാപിതാക്കളുടെ സ്‌നേഹമസൃണമായ പെരുമാറ്റം അവന്റെ മനസ്സിൽ ഓടിയെത്തി.

അവനോര്ത്തുണ്ട. 'അമ്മ ഇന്നലെ പറഞ്ഞതാണ് ക്ലാസ്സു തുടങ്ങുന്ന ദിവസം കാലത്തു പോയാൽ മതിയെന്ന്. താൻ കേട്ടില്ല. ഒരു ദിവസം നേരത്തേ ഹോസ്റ്റലിൽ എത്തിയാൽ ക്ലാസ്സു തുടങ്ങുന്ന ദിവസം ഫ്രഷ് ആയി ക്ലാസ്സിൽ ചെല്ലാം എന്നു കരുതി. അല്ലെങ്കിൽ യാത്രാക്ഷീണവും റോഡിലെ തടസ്സങ്ങളും ടെന്ഷ്ൻ ഉണ്ടാക്കും. അങ്ങനെ അന്നത്തെ ക്ലാസ്സ് നഷ്ടപ്പെടും. അതൊഴിവാക്കി ഫ്രീ മനസ്സോടുകൂടി ക്ലാസിൽ ചെല്ലാൻ ആഗ്രഹിച്ചത് തനിക്കിപ്പോൾ ശാപം കിട്ടിയതു പോലെയായിരിക്കുന്നു. ഇന്നവർ ഉറക്കില്ലെന്നാണ് പറയുന്നത്.

റാഗിംഗിനെക്കുറിച്ചു ചിലതൊക്കെ കേട്ടിട്ടും താൻ അതെപ്പറ്റിയൊന്നും അമ്മയോടു പറഞ്ഞില്ല. പറഞ്ഞിരുന്നുവെങ്കിൽ അമ്മ കൂടുതൽ ചോദിച്ചറിയാൻ ശ്രമിക്കുമായിരുന്നു. അത് വിഷമങ്ങൾ ഉണ്ടാക്കും. റാഗിങ് എന്ന വാക്കു പറഞ്ഞപ്പോൾ അമ്മ പേപ്പറിൽ വായിച്ച അറിവു വച്ചു പറഞ്ഞത് അത് വെറും പിള്ളേരു കളിയാണെന്നാണ്. അമ്മമാര്ക്ക് അത്രയുമേ അറിയുള്ളൂ. ഒരു വിധത്തിൽ പറഞ്ഞാൽ മാതാപിതാക്കൾ റാഗിംഗിനെപ്പറ്റി കൂടുതൽ അറിയാതിരിക്കുന്നതല്ലേ നല്ലത്? അറിഞ്ഞാൽ ഒരു പക്ഷേ പല മാതാപിതാക്കളും തങ്ങളുടെ മക്കളെ അതിനു വിട്ടുകൊടുക്കാൻ മടി കാണിച്ചെന്നിരിക്കും. പല വിദ്യാര്ഥിംകളും പ്രൊഫഷണൽവിദ്യാഭ്യാസം തന്നെ വേണ്ടെന്നു വയ്ക്കുമായിരുന്നു...താനുള്‌പ്പൊടെ.

ഇന്നു ഞങ്ങളെ റാഗ് ചെയ്ത ആരുടേയും പേരറിയില്ല. ആരാണ് ആ മീശ താഴേക്കു വളഞ്ഞു വളർന്നിരിക്കുന്ന, വികൃതനായ, ക്രൂര മുഖഭാവമുള്ളവൻ? എന്റെക്ക തന്തക്കു പറഞ്ഞവൻ?

തുടരും..........

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP