Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരവൻ പപ്പൻ

പരവൻ പപ്പൻ

രൻപത് വർഷങ്ങൾക്ക് മുൻപ് മനുഷ്യൻ ചന്ദ്രനിൽ കാലു കുത്താൻ കഴിയും എന്നാരെങ്കിലും പറഞ്ഞാൽ അവന് വട്ടാണെന്ന് ജനം പറഞ്ഞേനെ. എന്നാൽ അതിനും വളരെ പണ്ട് മനുഷ്യൻ ഭൂമിയിൽ നിന്നും മുകളിലേക്ക് പോകാൻ പറ്റുമെന്ന് തെളിയിച്ചവർ മരം കയറ്റക്കാർ ആയിരിക്കണം.

അങ്ങനെ നോക്കുമ്പോൾ ആധുനിക മനുഷ്യന്റെ ആകാശത്തേക്കും പിന്നെം ബഹിരാകാശത്തേയ്ക്കുമുള്ള കുതിപ്പിന്റെ കാരണ ദൂതർ മരം കയറ്റക്കാരും തെങ്ങു കയറ്റക്കാരുമൊക്കെയായിരിക്കണം. ചന്ദ്രനിൽ ആദ്യമായി കാലുകത്തിയ ആംസ്ട്രാഗിന്റെയും കൊളിൻസിന്റെയുമൊക്കെ മുതുമൂപ്പന്മാർ തെങ്ങുകയറ്റക്കാരായിരുന്നില്ലെന്ന് ആര് കണ്ടു? ഇങ്ങനെ ചിന്തിക്കുമ്പോഴാണ് ഇപ്പോൾ വംശ നാശം സംഭവിച്ച കൊച്ചു കേരളത്തിലെ തെങ്ങുകയറ്റക്കാരുടെ മഹാത്മ്യം നമുക്ക് ബോധ്യപ്പെടുന്നത്. ഇന്ത്യ ബഹിരാകാശത്തേയ്ക്ക് മനുഷ്യനെ വിടുമ്പോൾ തെങ്ങുകയറ്റക്കാർക്ക് മുൻഗണന കൊടുക്കണം എന്നാണെന്റെ പക്ഷം. ഒന്നുമല്ലെങ്കിൽ ആകാശം മുട്ടി നിൽക്കുന്ന കൊന്ന തെങ്ങിൽ കയറിയ പരിചയം ഇവർക്കില്ലെ.

മുറ്റത്തു നിൽക്കുന്ന കൊന്ന തെങ്ങിൽ നിന്ന് ഒരു ഉണക്കത്തേങ്ങാ പൊഴിച്ച് പൊതൊക്കൊ എന്ന് പാവലിന്റെ മണ്ടേലോട്ടു വീണപ്പോഴാണ് ആ ആകാശ ചിന്തകൾ എന്നിൽ ഉണർന്നത്. സമയാ സമയത്ത് തേങ്ങാ പിരിച്ച കാലം ഇപ്പോൾ ഓർമ്മയിൽ പോലുമില്ലാതായിരിക്കുന്നു. ഓരോ കൊട്ട തേങ്ങാ പൊഴിഞ്ഞു വീഴുമ്പോഴും എന്റെ ചെറുപ്പകാലത്ത് പതിവായി തേങ്ങാ ഇടാൻ വന്നിരുന്ന പരവൻ പപ്പനെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ പൊന്തി വരും. തമിഴിൽ പറയുന്നത് പോലെ അന്തകാലമെല്ലാം പോച്ച് പാവപ്പെട്ട ആ മനുഷ്യൻ കാലയവനികക്കുള്ളിൽ മറഞ്ഞെങ്കിലും ബഹുമുഖ പ്രതിഭായായിരുന്ന ആ കൊച്ചു മനുഷ്യനെ മറക്കാൻ പറ്റത്തില്ല. അൻപത് വർഷങ്ങൾക്ക് മുൻപ് ബിസിനസ് മാനേജ്‌മെന്റ്, മൾട്ടി മാർക്കറ്റിംഗിനെക്കുറിച്ചും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന കാലത്ത് അവ അനായാസം സ്വായത്തമാക്കിയിരുന്ന വല്ലഭൻ.

എന്റെ ചെറുപ്പകാലത്ത് ഞാൻ കരുതിയിരുന്നത് വലിയ തെങ്ങിന്റെ മണ്ട ആകാശത്തിൽ മുട്ടി നിൽക്കുകയാണെന്നാണ്. അന്നൊരിക്കൽ ഞാൻ പപ്പനോടു പറഞ്ഞു തെങ്ങിന്റെ മണ്ടയിലെത്തുമ്പോൾ ആകാശത്തിലൂടെ ഒന്നു തൊട്ടിട്ടു വരണമെന്ന്. അന്നു പപ്പൻ പറഞ്ഞു കുഞ്ഞേ ആകാശം അതിന് ഒത്തിരി മേലേയാണെന്ന്. ഞാൻ സ്‌കൂളിൽ പടിക്കുന്ന കാലം. തേങ്ങയിടേണ്ട സമയമാകുമ്പോൾ പരവൻ പപ്പന്റെ വീട്ടിൽ ചെന്ന് അദ്ദേഹത്തിന്റെ അപ്പോയ്‌മെന്റ് എടുക്കേണ്ട ചുമതല എനിക്കായിരുന്നു. ചെന്നു വിളിക്കുമ്പോൾ നാളെ വരാം എന്നു പറഞ്ഞാലും പല നാളുകൾ കഴിഞ്ഞാലും ചിലപ്പോൾ പപ്പനെ കാണത്തില്ല, വാഗ്ദാന ലംഘനത്തിൽ ഇന്നത്തെ രാഷ്ട്രീയക്കാർ പപ്പന്റെ ശിഷ്യന്മാരാനോ എന്നു ഞാൻ സംശയിക്കുന്നു.

ഇങ്ങനെ പല നാൾ കഴിഞ്ഞ് എന്നെങ്കിലും വന്ന് അദ്ദേഹം തേങ്ങാ ഇടീൽ കർമ്മം നിർവ്വഹിക്കും. പിന്നെ തേങ്ങാ എല്ലാം മുറ്റത്തു കൂട്ടിയിട്ട് അദ്ദേഹത്തിന്റെ വക ഒരു എണ്ണലുണ്ട്. എന്നാൽ അദ്ദേഹം പറയുന്ന എണ്ണവും മാണിയുടെ ബഡ്ജറ്റും യാഥാർത്ഥ്യവും പോലെ വളരെ അന്തരമുണ്ടാകും.

തെങ്ങിനെ വളരെ സ്‌നേഹിച്ചിരുന്ന അയാൾ ദാഹിക്കുമ്പോൾ കരിക്കിൻ വെള്ളമോ, തെങ്ങിൻ കള്ളോ കഴിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. തേങ്ങാ ഇടീൽ കഴിഞ്ഞാൽ നേരെ ഷാപ്പിലേക്ക് വച്ച് പിടിക്കും. കയ്യിലുള്ള കാശ് മിക്കവാറും അവിടെ തീരും. വീട്ടിലേക്കുള്ള അരി പിന്നെ കടം വാങ്ങും. ഒരു ദിവസം വൈകുന്നേരം ഇങ്ങനെ വെള്ളമടിച്ച് പൂസായി സ്വന്തം വീട്ടിലേക്ക് കയറി ചെന്ന പപ്പൻ തിണ്ണയിൽ വെറുതെ ഇരുന്ന ഭാര്യയ്ക്കിട്ട് കാല് മടക്കി ഒരു തൊഴി. ഇതെന്താ മനുഷ്യാ ചുമ്മാതിരിക്കുന്ന എന്നെ തൊഴിക്കുന്നത് എന്നു ചോദിച്ച ഭാര്യയോട് പപ്പൻ പറഞ്ഞത് ''അതു പിന്നെ നീ ആ പരുവത്തിൽ വന്നിരുന്നിട്ടല്ലേ'' എന്നാണ്.
തെങ്ങു കയറ്റം കൊണ്ട് വീട്ടു ചിലവും വെള്ളമടിയും ക്രമേണ നടക്കാതെ വന്നപ്പോൾ അദ്ദേഹം മറ്റു ബിസിനസ്സുകളെക്കുറിച്ച് ആലോചിച്ച് തുടങ്ങി. വരുമാനവും ചിലവും റെയിൽപാളം പോലെ എങ്ങും കൂട്ടി മുട്ടാതായി.

അങ്ങനെയാണ് പപ്പൻ ഒഴിവ് സമയങ്ങളിൽ ചെറിയ ബിസിനസ്സ് കൂടി ആരംഭിച്ചത്. അതായത് തെങ്ങു കയറുന്ന വീടുകളിൽ നിന്ന ആട്, കോഴി മുതലായവയെ കടമായി വാങ്ങി മറിച്ചു വിൽക്കുക. കടമായി വാങ്ങുന്നതുകൊണ്ട് ഉടമസ്ഥർ പപ്പന് മാർക്കറ്റു വിലയേക്കാൾ കൂടിയ വിലയ്‌ക്കേ ഇവ കൊടുക്കൂ. ഒരു മാസം കഴിഞ്ഞ് പണം കൊടുക്കാം എന്നായിരിക്കും കരാർ. ഇങ്ങനെ ആടിനേം കോഴിയേം മറിച്ചു വിറ്റ് പണം കയ്യിൽ വരുമ്പോൾ പപ്പന് ഒന്ന് മിനുങ്ങണം എന്നു തോന്നും. അങ്ങനെ ആ പണം ''വെള്ളത്തിൽ'' പോകുന്നത് കാരണം ഉടമസ്ഥന് ഒരിക്കലും പണം കൊടക്കാൻ സാധിക്കാതെ വരും.

തൽഫലമായി പപ്പന് പലരെയും സമർത്ഥമായി വെട്ടിച്ച് നടക്കേണ്ടി വരും. തേങ്ങാ ഇടാൻ വിളിക്കാൻ ചെന്നാലും ആളിനെ കാണില്ല. മുങ്ങും ''എന്റെ ഒളിവിലെ ഓർമ്മകൾ'' എന്ന് ഒരു ആത്മ കഥ ശരിക്കും പപ്പൻ എഴുതേണ്ടയായിരുന്നു. ഈ തരികിട ഒട്ടും മുന്നോട്ടു പോകാൻ പറ്റാത്ത സ്ഥിതിയിൽ എത്തി നിൽക്കുമ്പോഴാണ് പപ്പന്റെ ജീവിതത്തിലേക്ക് മറ്റൊരു കഥാപാത്രം കടന്നു വരുന്നത്. ഒരു പട്ടി.

പട്ടിയെ പട്ടിയെന്ന് വിളിക്കേണ്ടി വന്നത് പട്ടിയെ നിസ്സാരനായി കാണത്തതുകൊണ്ടല്ല മറിച്ച് വിളിക്കാൻ മറ്റൊരു പേരില്ലാത്തുകൊണ്ടാണ് പട്ടി പ്രേമികൾ ദയവായി ക്ഷമിക്കുക.

നല്ല നിലാവുള്ള ഒരു ദിവസം ഒരു തെങ്ങിൻ തോട്ടത്തിൽ പതിവ് പോലെ തേങ്ങാ ഇടുകയായിരുന്നു. ദാഹശമനത്തിനായി ഒരു കരിക്ക് വെട്ടി കുടിച്ചു കൊണ്ടിരിക്കെ ഒരു പട്ടി ആ വഴി വന്നു. കരിക്കിന്റെ മണമടിച്ച് അവൻ പപ്പനെ ചുറ്റിപ്പറ്റി അൽപ്പം മാറി നിന്നു; തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ചു നിൽക്കുന്ന പാർട്ടി പ്രവർത്തകരെ പോലെ. പട്ടിയുടെ വിശപ്പു മനസ്സിലാക്കിയ അയാൾ അവന് കുറച്ചു കരിക്കിൻ വെള്ളവും കരിക്കും കൊടുത്തു. സന്തോഷത്തോടെ അവനത് അകത്താക്കി വാലാട്ടി.

പപ്പൻ ഏമ്പക്കവും വിട്ട് ഏണിയുമെടുത്ത് നടന്നപ്പോൾ ആ പട്ടിയും കൂടെ കൂടി. പപ്പൻ പല പ്രാവശ്യം ഓടിച്ചിട്ടും അവൻ പിന്നെയും പുറകെ. എംഎൽഎയുടെ പുറകെ പാർട്ടി പ്രവർത്തർ പോലെ അങ്ങനെ ആ പട്ടി പപ്പന്റെ വീട്ടിലെ ഒരംഗമായി. കണ്ടാൽ ഒരു തരക്കേടില്ലാത്ത കുടുംബക്കാരൻ എന്നു തോന്നിക്കുന്ന ആ ശൂനകൻ എവിടെ നിന്നു വന്നെന്നോ അവന്റെ ജാതകമെന്തെന്നോ പപ്പൻ അന്വേഷിച്ചില്ല.

അയാൾ പതിവ് പോലെ പല വീടുകളിലും തെങ്ങുയറിയും പലരെ ഒളിച്ചുമൊക്കെ ചില നാളുകൾ കഴിഞ്ഞു. ആയിടക്ക് തേനെപ്ലാക്കൽ കുഞ്ഞൂട്ടിചേട്ടന്റെ വീട്ടിൽ തേങ്ങാ ഇടാൻ ചെന്നത് ഒരു വഴിത്തിരിവായി. ഒരു പട്ടി ഉണ്ടായിരുന്നത് ചത്തു. വേറെ ഒരെണ്ണത്തിനെ ഒട്ടു കിട്ടുന്നുമില്ല. മറിയാമ്മ ചേടത്തി കുഞ്ഞൂട്ടിചേട്ടനോട് പറയുന്നത് പപ്പൻ കേട്ടു. പെട്ടന്ന് പപ്പനിലെ ബിസിനസ്സുകാരൻ ഉണർന്നു. ഉടനെ പപ്പൻ പറഞ്ഞു ''കുഞ്ഞൂട്ടി മാപ്ലേ, ഒന്നാന്തരം ഒരു പട്ടിയെ ഞാൻ കൊണ്ടു വന്നു തരാം പക്ഷെ ഒരു 50 രൂപ കൊടുക്കേണ്ടി വരും'' എന്നാൽ കൊണ്ടുവാ നോക്കട്ടെ എന്നു കുഞ്ഞൂട്ടി ചേട്ടൻ.

പിറ്റെ ദിവസം രാത്രി പപ്പൻ തന്റെ വീട്ടിലെ പട്ടിയെ ഒരു തുടലിലാക്കി. താൻ ട്രാൻസ്ഫർ ആയി പോവുകയാണെന്ന് പാവം പട്ടിയുണ്ടോ അറിയുന്നു. അവനെ കുഞ്ഞൂട്ടി ചേട്ടന് കൊണ്ടു പോയി കൊടുത്ത് 50 രൂപയും വാങ്ങി. മറിയാമ്മ ചേച്ചിക്കും പട്ടിയെ ഇഷ്ടപ്പെട്ടു. കുറെ ദിവസം ഒന്നിണങ്ങുന്നതു വരെ തുടലിൽ നിൽക്കട്ടെ കുഞ്ഞൂട്ടി ചേട്ടൻ പറഞ്ഞു.

ഉദ്ദേശം ഒരു മാസം കഴിഞ്ഞു കാണും. ഇപ്പോൾ പട്ടി ഇണങ്ങിക്കാണും കുഞ്ഞൂട്ടിചേട്ടൻ വിചാരിച്ചു. അവനെ തുടലിൽ നിന്നും സ്വതന്ത്രനാക്കി. സന്തോഷം കൊണ്ട് അവൻ വീടിനു ചുറ്റും രണ്ടു വട്ടം ഓടി. പിന്നെ വാലുമാട്ടി വന്ന് കുഞ്ഞൂട്ടി ചേട്ടന്റെ മുഖത്ത് നോക്കി നിന്നു. പിന്നെ മുറ്റത്തു കൂടി മണിപ്പിച്ചു നടന്നു.

സൂര്യൻ പടിഞ്ഞാട്ടു ചാഞ്ഞു. പുറകെ രാത്രി വന്നു.സന്ധ്യയും രാത്രിയും പറഞ്ഞ് വിട്ട് സൂര്യൻ പതുക്കെ കിഴക്ക് നിന്ന് എത്തി നോക്കി. തെനീപ്ലാക്കലെ കോഴിക്കൂട്ടിൽ നിന്നും നീണ്ട അങ്കവാലുള്ള ചുവന്ന കോഴി പലകുറി നീട്ടി കൂവി. പ്രഭാത ഭക്ഷണം കഴിഞ്ഞ് മറിയാമ്മ ചേടത്തി പട്ടിയുടെ ഭക്ഷണം പാത്രത്തിലിട്ട് അവൻ കിടന്ന് സ്ഥലത്തുകൊണ്ട് പോയി. പക്ഷെ അവനെ കാണാനില്ല. കൈസർ, കൈസർ, ഇമ്പേ, ഇമ്പേ, അവനെ വിളിച്ചു നോക്കി. കാണാനില്ല. ഇനി ഒരു വേള അവനെങ്ങാൻ പൊതുജന സേവനത്തിനായി തെരിവിലേയ്ക്കിറങ്ങിയോ? ഒന്നും മനസ്സിലാകുന്നില്ല. പക്ഷെ സമയം പെയ്‌ക്കൊണ്ടിരുന്നു. അവൻ വന്നില്ല. വീട്ടുകാർ വിഷണ്ണരായി. കുഞ്ഞൂട്ടിച്ചേട്ടൻ പറഞ്ഞു അവൻ പറമ്പിലോട്ടെങ്ങാനും പോയതായിരക്കും ഇത്തിരി കഴിയുമ്പോൾ വരും. സർക്കാർ ജോലിക്കപേക്ഷിച്ച് ഇന്റർവ്യൂക്കാർഡും നോക്കി ഇരിക്കുന്ന ഉദ്യോഗാർത്ഥിമാതാരി അവർ അവനെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നേരം വൈകിയിട്ടും അവൻ വന്നില്ല.

പപ്പൻ രാവിലെ എഴുന്നേറ്റു കോട്ടുവാ ഇട്ടും പല്ലു തേക്കാൻ ഉമിക്കരി എടുത്തോണ്ടു നിൽക്കുമ്പോൾ പുറകിലൊരനക്കം. തിരിഞ്ഞു നോക്കുമ്പോൾ പുറകിൽ നിൽക്കുന്നവൻ, പപ്പൻ വിറ്റു കാശുവാങ്ങിയ കൈസർ പട്ടി. ശ്ശെടാ ഇവൻ കുഞ്ഞൂട്ടി മാപ്ലേ പറ്റിച്ചിട്ടു ഇങ്ങോട്ടു പോന്നോ. ഇവനെ തിരികെ കൊണ്ടു പോയി വിടണമല്ലോ.

അവനെ വീണ്ടും തുടലിലാക്കി പപ്പൻ കുഞ്ഞൂട്ടി ചേട്ടനെ കൊണ്ടു പോയി ഏൽപ്പിച്ചു. ജയിൽ ചാടിയ കള്ളനെ വീണ്ടും പിടിച്ച് കഷായം വച്ച പൊലീസികാരനെ പോലെ അയാൾ അവനെ വീണ്ടും കുഞ്ഞൂട്ടി ചേട്ടന്റെ തുടലിൽ ആക്കി.

ഇനി ഇവനെ രണ്ടു മൂന്നു മാസം കഴിഞ്ഞട്ടെ അഴിച്ചു വിടുന്നുള്ളൂ നല്ലത് പോലെ ഇണങ്ങട്ടെ. കുഞ്ഞൂട്ടി ചേട്ടൻ പറഞ്ഞു. മഴയും കാറ്റും വെയിലും വേനലും ഒക്കെ വന്നു പോയി അങ്ങനെ നമ്മുടെ കൈസറിന്റെ നീട്ടിയ പ്രമോഷൻ കാലവധി മൂന്ന് മാസം കഴിഞ്ഞു. അവൻ വീട്ടിലുള്ള എല്ലാവരുമായി ഇണങ്ങിയ കുഞ്ഞൂട്ടിച്ചേട്ടൻ രണ്ടാം പ്രാവശ്യം അവനെ തുടലിൽ നിന്നു സ്വതന്ത്രനാക്കി.

അവൻ സന്തോഷത്താൽ വീടിനു ചുറ്റും ഓടിയിട്ട് തിരികെ വന്ന് കുഞ്ഞൂട്ടിചേട്ടന്റെ പാദങ്ങളിൽ മണപ്പിച്ച് വാലാട്ടി നിന്നു. അന്നു വൈകുന്നേരം വരെ തെനേപ്ലാക്കൽ വീട്ടുകാർ അവനെ നിരീക്ഷിച്ചു. രാത്രി എല്ലാവരും ഭക്ഷണം കഴിച്ച് അവനും കൊടുത്തു. വരാന്തയിൽ ഒരു തടുക്ക പായിൽ അവൻ തല താഴ്‌ത്തി കിടന്നു. ഇനി കുഴപ്പമില്ലല്ലോ കുഞ്ഞൂട്ടിചേട്ടൻ ആത്മഗതം കൊണ്ടു. സമാധനമായി എല്ലാവരും ഉറങ്ങാൻ കിടന്നു,

രാവിലെ കോഴി കൂകി, സൂര്യനുദിച്ചു, കാക്ക കരഞ്ഞ..ു പത്രക്കാരൻ പത്രം ഇട്ടിട്ടു പോയി. പത്രം വായിക്കാനെടുത്ത കുഞ്ഞൂട്ടിച്ചേട്ടൻ പെട്ടന്നാന് ഒരു കാര്യം ശ്രദ്ധിച്ചത്. പത്രക്കാർ വന്നിട്ടു പട്ടി കുരച്ചില്ലല്ലോ അവനെവിടെ കൈസറിനെ പല തവണ വിളിച്ചു. അവനെ കാണാനില്ല. കിടന്നിരുന്ന കയറ്റു പായിലും കാണാനില്ല.

അവൻ കടന്നു കളഞ്ഞു എന്ന് ഏതാണ്ട് ഉറപ്പായി. ''ബന്ധൂര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ'' എന്ന കവി വചനം ഇനി അവനും കേട്ടിട്ടുണ്ടാവുമോ എന്തോ?

പിറ്റെ ദിവസം ഏണിയും തോളിൽ വച്ചു പണിക്കു പോയി കൊണ്ടിരുന്ന പപ്പന്റെ ഇടത് ഭാഗത്ത് ഒരാൾ കൂടി നടന്നു നീങ്ങി. അതു മാറ്റാരുമല്ല നമ്മുടെ കൈസർ തന്നെ. അതോടെ പപ്പന് ഒരു കാര്യം മനസ്സിലായി. ഇവൻ സ്വതന്ത്ര്യ ഇന്ത്യയിൽ ജീവിക്കേണ്ടവൻ തന്നെ. അവന് സ്വതന്ത്രമായി നടക്കണം. ആരടെയും വരുതീൽ നിൽക്കുന്നത് ഇഷ്ടമല്ല. ചില സ്വതന്ത്ര സ്ഥാനാർത്ഥികളെ പോലെ ആരുടെ കൊടിയുടെ കീഴിലും ദീർഘകാലം നിൽക്കില്ല.

കുഞ്ഞൂട്ടിച്ചട്ടേൻ കൈസറിനെ കൈയൊഴിഞ്ഞു. കാശു പോയത് മിച്ചം. ഇപ്പോൾ കൈസർ പപ്പന്റെ സന്തത സഹചാര്യയാണ്. പപ്പൻ പോകുന്ന വഴിയെല്ലാം ഒരു നിഴൽ പോലെ കൂടെയുണ്ടാകും. പപ്പൻ തെങ്ങിലായിരിക്കുമ്പോൾ കൈസർ തെങ്ങിൻ ചുവട്ടിൻ ചുറ്റുവട്ടത്തുണ്ടാകും. പപ്പൻ കരിക്കു തിന്നുമ്പോൾ അവനും പങ്കു കിട്ടും. പപ്പനും പട്ടിയുമായുള്ള ആത്മബന്ധം നാൾക്കു നാൾ വളർന്നു വന്നു. വൈകുന്നേരങ്ങളിൽ ഷാപ്പീൽ നിന്ന് ഇറങ്ങി വരുമ്പോൾ കൈസറിന് എന്നും മാടക്കടയിൽ നിന്ന് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാൻ പപ്പൻ മറക്കില്ല.

ഒരു ദിവസം പപ്പൻ രാവിലെ ജോലിക്ക് പോകാൻ റെഡിയായി ഏണി എടുത്തു തോളിൽ വച്ചു. എന്തോ കകൈസറിനെ കാണുന്നില്ല. അല്ലെങ്കിൽ ഇപ്പോൾ അവൻ വാലുമാട്ടി കാൽചുവട്ടിൽ കാണേണ്ടതാണ്. മുറ്റം മുഴുവൻ നടന്നു നോക്കിയ പപ്പൻ കണ്ടത് തെക്കേ മൂലയിൽ കിടക്കുന്ന കൈസറിൻെഖ ചേതനയറ്റ ശരീരമാണ്. സർപ്പ ദംശമേറ്റ അവന്റെ ദേഹമാകെ നീലനിറം വ്യാപിച്ചിരുന്നു. ഹൃദയം നുറുങ്ങിയ പപ്പൻ തലയിൽ കൈ വച്ച് തരിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP