Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉമ്മൻ ചാണ്ടി സമ്പൂർണ്ണ വിജയം അവകാശപ്പെട്ടത് ഹൈക്കമാൻഡിന് അതൃപ്തിക്കിടയാക്കി; എങ്കിൽ ഏറ്റവും കരുത്തനെ തന്നെ വെട്ടാൻ അവസാന വട്ടം തീരുമാനം; മറ്റൊരു നിവൃത്തിയില്ലാതെ പിന്മാറി മാനം രക്ഷിച്ചു ബെന്നി; പകരക്കാരനായി എത്തിയത് ഭൂരിപക്ഷം ഇരട്ടിപ്പിക്കാൻ കരുത്തുള്ള ആദർശവാൻ

ഉമ്മൻ ചാണ്ടി സമ്പൂർണ്ണ വിജയം അവകാശപ്പെട്ടത് ഹൈക്കമാൻഡിന് അതൃപ്തിക്കിടയാക്കി; എങ്കിൽ ഏറ്റവും കരുത്തനെ തന്നെ വെട്ടാൻ അവസാന വട്ടം തീരുമാനം; മറ്റൊരു നിവൃത്തിയില്ലാതെ പിന്മാറി മാനം രക്ഷിച്ചു ബെന്നി; പകരക്കാരനായി എത്തിയത് ഭൂരിപക്ഷം ഇരട്ടിപ്പിക്കാൻ കരുത്തുള്ള ആദർശവാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ വലംകൈയാണ് ബെന്നി ബെഹനാൻ എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രിയുടെ ഏറ്റവും വലിയ ബലവും ബെന്നി ബഹനാൻ തന്നെയാണെന്ന് പറയാൻ. സീറ്റ് ചർച്ചയ്ക്കായി ഡൽഹിയിലേക്ക് തിരിക്കും മുമ്പും ബെന്നിയോട് എല്ലാ കാര്യങ്ങളും സംസാരിച്ച് തന്ത്രങ്ങൾ ഊതിക്കാച്ചിയാണ് ഉമ്മൻ ചാണ്ടി പോയത്. സുധീരന്റെ നീക്കങ്ങളെ എങ്ങനെയും തടയുക എന്നതായിരുന്നു ബെന്നിയുടെ ഉദ്ദേശ്യവും. ഇങ്ങനെ ഡൽഹിയിലെത്തിയ ഉമ്മൻ ചാണ്ടി ഹൈക്കമാൻഡിനെ സമ്മർദ്ദത്തിലാക്കി തന്റെ കര്യങ്ങളെല്ലാം നേടുകയും ചെയ്തു. ഇതോടെ കോൺഗ്രസസ് ഹൈക്കമാൻഡ് ഉമ്മൻ ചാണ്ടിക്ക് വഴങ്ങി എന്ന പൊതു പ്രതീതി ഉണ്ടാകുകയും ചെയ്തു. ഉമ്മൻ ചാണ്ടി മനസു നിറഞ്ഞു ചിരിക്കുകയും ചെയ്തു. ശരിക്കും ഈ ചിരി തന്നെയാണ് ഉമ്മൻ ചാണ്ടിയുടെ വലംകൈ ആയ ബെന്നി ബെഹനാനെ വെട്ടിമാറ്റാൻ രാഹുൽ ഗാന്ധി തീരുമാനിക്കാൻ കാരണവും. സുധീരൻ സമർത്ഥമായി തന്നെ കാര്യങ്ങൾ നീക്കിയതോടെ മറ്റ് കാര്യങ്ങളെല്ലാം നേടിയെടുത്തെങ്കിലും കൂട്ടത്തിൽ കരുത്തനെ തന്നെ മുഖ്യമന്ത്രിക്ക് ബലി കൊടുക്കേണ്ടി വന്നു. തൃക്കാക്കരയിൽ സീറ്റ് പോയെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ മണ്ഡലത്തിൽ അനായാസം വിജയിച്ചു കയറാൻ കെൽപ്പുള്ള സ്ഥാനാർത്ഥി തന്നെയാണ് പി ടി തോമസ്. എങ്കിലും പരിക്കേറ്റ ഉമ്മൻ ചാണ്ടി അവസരം കിട്ടുമ്പോൾ തിരിച്ചടിക്കുക തന്നെ ചെയ്യുമെന്നത് ഉറപ്പാണ്.

തർക്ക സ്ഥാനാർത്ഥികളായിരുന്ന അടൂർ പ്രകാശ്, കെ. ബാബു, കെ.സി. ജോസഫ്, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെ അന്തിമപട്ടികയിൽ ഇടം നൽകാൻ ഉമ്മൻ ചാണ്ടിക്ക് സാധിച്ചു. എന്നാൽ ഹൈക്കമാൻഡിന് മുകളിൽ ആരുമില്ലെന്ന് വ്യക്തമാക്കുന്നതായി ബെന്നിക്ക് സിറ്റിങ് സീറ്റ് നഷ്ടമായത്. ഉമ്മൻ ചാണ്ടിക്കു തന്റെ വിശ്വസ്തനും സിറ്റിങ് എംഎ‍ൽഎയുമായ ബെന്നി ബഹനാന്റെ പുറത്താകൽ താക്കീതുമായി. ഹൈക്കമാൻഡ് നീക്കം മണത്തറിഞ്ഞ ബെന്നി ബെഹനാൻ, കെപിസിസി. അധ്യക്ഷൻ വി എം. സുധീരനെതിരേ വിമർശനമുന്നയിച്ച് സ്ഥാനാർത്ഥിത്വത്തിൽനിന്നു ഇന്നലെ രാവിലെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പുറത്തുവന്ന പട്ടികിൽ നിന്നും ബെന്നി പുറത്താകുകയും ചെയ്തു.

അനുരഞ്ജനങ്ങൾക്കൊന്നും വഴങ്ങാതെ, രാഹുൽ ഗാന്ധിയോടുപോലും എതിർത്തുനിന്ന് ഒടുവിൽ വിജയമാഘോഷിച്ച ഉമ്മൻ ചാണ്ടിക്കു ഹൈക്കമാൻഡിൽനിന്നുള്ള ആദ്യപ്രഹരമായി തൃക്കാക്കര സംബന്ധിച്ച തീരുമാനം. ഉമ്മൻ ചാണ്ടിക്കു മുന്നിൽ പൂർണമായി കീഴടങ്ങിയെന്ന പ്രതീതി ഭാവിയിൽ ഗുരുതരപ്രത്യാഘാതത്തിനിടയാക്കുമെന്ന ആശങ്കയും ഹൈക്കമാൻഡ് നീക്കത്തിനു പിന്നിലുണ്ട്. ഹൈക്കമാൻഡ് നേരിട്ടു നിയോഗിച്ച കെപിസിസി. അധ്യക്ഷൻ വി എം. സുധീരന്റെ നിലപാടുകൾ ഉമ്മൻ ചാണ്ടിയുടെ വാശിക്കുമുന്നിൽ നിഷ്പ്രഭമായതും തൃക്കാക്കരയിലെ നടപടി അനിവാര്യമാക്കി.

മന്ത്രിമാരായ അടൂർ പ്രകാശിനെയും കെ. ബാബുവിനെയും കെ.സി. ജോസഫിനെയുമാണു സുധീരൻ ലക്ഷ്യമിട്ടതെങ്കിലും ഉമ്മൻ ചാണ്ടി ഇടപെട്ട് സംരക്ഷിക്കുകയായിരുന്നു. അദ്ദേഹം കേരളത്തിലേക്കു മടങ്ങിയശേഷം ഇതുസംബന്ധിച്ചു രാഹുലും സുധീരനും ചർച്ചനടത്തി. തുടർന്നു മുതിർന്നനേതാക്കളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രിമാരൊഴികെ മറ്റു രണ്ട് ആരോപണവിധേയരിൽ ഒരാളെ മാറ്റിനിർത്താൻ തീരുമാനമായത്. ഡൊമനിക് പ്രസന്റേഷനെ വെട്ടിയാലും ഉമ്മൻ ചാണ്ടിക്കു പ്രശ്‌നമില്ലെന്നതിനാലാണു ബെന്നിക്കു കുരുക്കിട്ടത്.
സോളാർ കേസ് പ്രതി സരിത എസ്. നായരുടെ ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഉമ്മൻ ചാണ്ടി പ്രതിരോധത്തിലായ അവസരം നോക്കിയാണ്ി ഹൈക്കമാൻഡിന്റെ തിരിച്ചടി.

ബെന്നിയെ നീക്കാനുള്ള തീരുമാനമറിഞ്ഞ് ഉമ്മൻ ചാണ്ടി ഉടക്കിയെങ്കിലും ഇക്കുറി ഹൈക്കമാൻഡ് ഉറച്ചുനിന്നു. സമവായനീക്കവുമായി രമേശ് ചെന്നിത്തലയും ഇടപെട്ടതോടെ ഉമ്മൻ ചാണ്ടിക്കു മറ്റു വഴിയില്ലാതായി. തൃക്കാക്കരയിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയാകുന്ന പി.ടി. തോമസ് എ ഗ്രൂപ്പിന്റെ ശക്തനായ വക്താവായിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനേത്തുടർന്ന് പിൻവാങ്ങിനിൽക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണു സുധീരൻ തൃക്കാക്കരയിൽ അദ്ദേഹത്തെത്തന്നെ നിർദേശിച്ചത്.

ഹൈക്കമാൻഡിനു മുന്നിൽ ഞായറാഴ്ചയോടെ തർക്കം പരിഹരിച്ചതിനാൽ ഇന്നലെ ഇത്തരമൊരു ക്ലൈമാക്‌സ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. എ ഗ്രൂപ്പ് കേന്ദ്രങ്ങളെല്ലാം അതീവ ആഹ്ലാദത്തിൽ നിൽക്കുന്ന വേളയിൽ തന്നെയാണ് കടുത്ത പ്രഹരം ഏൽക്കേണ്ടി വന്നതും. പ്രശ്‌നങ്ങളില്ലെന്ന വിശ്വാസത്തിലാണു നേതാക്കൾ ഡൽഹിയിൽനിന്നു കൊച്ചിയിൽ മടങ്ങിയെത്തിയതും. പ്രശ്‌നമില്ലെന്നു മുഖ്യമന്ത്രി ഉറപ്പുവരുത്തുകയും ചെയ്തു. എന്നാൽ ശേഷം എന്തു സംഭവിച്ചെന്ന് ആർക്കും നിശ്ചയമില്ല.

സ്ഥാനാർത്ഥിത്വം സംശയത്തിലാണെന്നു ഞായറാഴ്ച രാത്രി ബെന്നിക്കു സൂചന ലഭിച്ചിരുന്നു. അദ്ദേഹത്തിന് അനുകൂലമായി മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിന് സന്ദേശം അയച്ചെങ്കിലും രാവിലെ ശുഭസൂചനയല്ല ലഭിച്ചത്. ഇതോടെ പട്ടിക വരും മുൻപു പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. പിന്മാറാനുള്ള ബെന്നിയുടെ തീരുമാനം വൈകാരികമായാണു പ്രവർത്തകർ സ്വീകരിച്ചത്. പ്രവർത്തകരും നേതാക്കളും പിന്തുണയുമായി പ്രവഹിച്ചു. അനുഭാവം പ്രകടിപ്പിച്ചു പ്രവർത്തകർ പ്രകടനം നടത്തി. ഹൈബി ഈഡൻ എംഎൽഎയുടെ സന്ദർശനം ഏറെ വൈകാരികമായി. ബെന്നിയുടെ തോളിലേക്കു ചാഞ്ഞ യുവ എംഎൽഎയെ അദ്ദേഹം ആശ്വസിപ്പിച്ചു. മന്ത്രി കെ. ബാബു, കെ.വി. തോമസ് എംപി, കൊച്ചി മേയർ സൗമിനി ജെയിൻ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവരും എത്തി. ബെന്നിയുടെ പിന്മാറ്റത്തിനിടയാക്കിയ സാഹചര്യം അങ്ങേയറ്റം ദുഃഖകരമാണെന്നായിരുന്നു ബാബുവിന്റെ പ്രതികരണം.

ബെന്നിയോട് അനുഭാവം പ്രകടിപ്പിക്കുമ്പോഴും പുതിയ സ്ഥാനാർത്ഥിയോടു കോൺഗ്രസ് പ്രവർത്തകർക്ക് എതിർപ്പില്ലെന്നതു ശ്രദ്ധേയമാണ്. തൃക്കാക്കര യുഡിഎഫ് കോട്ടയാണെന്നും ആരു മൽസരിച്ചാലും ജയിക്കുമെന്നും ബെന്നി പറഞ്ഞത് ഇതു മനസ്സിൽ വച്ചാണ്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ബെന്നി നേരത്തെ ആരംഭിച്ചിരുന്നു. ബൂത്ത് പ്രസിഡന്റുമാർ മുതൽ മുകളിലോട്ടുള്ള നേതാക്കളെ പങ്കെടുപ്പിച്ചു നേതൃസംഗമത്തോടെയായിരുന്നു തുടക്കം. എല്ലാ ബൂത്തുകളിലും പ്രവർത്തകയോഗം നടത്തിയതു ഞായറാഴ്ചയാണ്. ഒട്ടേറെ യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. മാസങ്ങൾക്കു മുൻപ് പാടിവട്ടത്ത് വീടു വാടകയ്‌ക്കെടുത്ത് ഇലക്ഷൻ കമ്മിറ്റി ഓഫിസ് തുറന്നിരുന്നു.

ആര്യാടൻ മുഹമ്മദ്, സി.എൻ.ബാലകൃഷ്ണൻ, തേറമ്പിൽ രാമകൃഷ്ണൻ, പി.എ.മാധവൻ, ടി.എൻ.പ്രതാപൻ എന്നിവർ നേരത്തേ പിന്മാറിയിരുന്നു. തർക്ക സീറ്റുകളിലെ മറ്റ് എംഎൽഎമാരെക്കാൾ താരതമ്യേന ലഘുവായ ആരോപണങ്ങൾ നേരിട്ടിട്ടും ബെന്നിക്കു മേൽ വാൾ വീണതെങ്ങനെയെന്നതിനു വ്യക്തമായ മറുപടിയില്ല. മുഖ്യമന്ത്രിയുടെ വാദങ്ങൾ ഏകപക്ഷീയമായി അംഗീകരിക്കപ്പെട്ടെന്നും ഹൈക്കമാൻഡ് കീഴടങ്ങിയെന്നുമുണ്ടായ വ്യാഖ്യാനങ്ങൾ പുനർവിചിന്തനത്തിനു കാരണമെന്നത് വ്യക്തമാണ്.

'കെപിസിസി പ്രസിഡന്റ് വി എം.സുധീരന്റെ നിലപാടു പൂർണമായി തള്ളുന്നത് അദ്ദേഹത്തെ അപമാനിക്കലാവുമെ'ന്ന വിശദീകരണമാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് നൽകിയത്. തീരുമാനം നീതിപൂർവകമെന്നു സ്ഥാപിക്കുന്നതിന് ഒരാളെ ബലികഴിക്കുന്നുവെന്നല്ലാതെ 'എന്തുകൊണ്ടു ബെന്നി ബഹനാൻ' എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം പാർട്ടി വൃത്തങ്ങൾ നൽകുന്നില്ല.

ഡൽഹിയിൽ ചർച്ചകൾ പൂർത്തിയാക്കി മുഖ്യമന്ത്രി കേരളത്തിലേക്കു മടങ്ങിയശേഷമുണ്ടായ സംഭവവികാസങ്ങളാണു ബെന്നി ബഹനാന്റെ പിന്മാറ്റത്തിനു പിന്നിൽ. തർക്കസീറ്റുകളിൽ ഒന്നിൽപോലും സ്ഥാനാർത്ഥിയെ മാറ്റാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തിനു ഹൈക്കമാൻഡിൽ സ്വീകാര്യത ലഭിച്ചെന്ന ധാരണയിലാണു മുഖ്യമന്ത്രിയും സംഘവും ഡൽഹിയിൽനിന്നു മടങ്ങിയത്. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ തന്റെ അഭിപ്രായങ്ങളും മാനിക്കപ്പെടണമെന്നു വി എം. സുധീരനും ശക്തമായ നിലപാടെടുത്തെന്നാണു സൂചന.

രാത്രിയിൽ പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിൽ ബെന്നിക്കു പകരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടുവരെ താനുൾപ്പെടെയുള്ളവർക്കു സീറ്റ് ഉണ്ടായിരുന്നെന്നും രാത്രി എന്തു സംഭവിച്ചെന്ന് അറിയില്ലെന്നുമായിരുന്നു ബെന്നിയുടെ പ്രതികരണം. സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലാക്കാൻ താൽപര്യമില്ലാത്തതിനാലാണു മാറിനിൽക്കുന്നത്. ചർച്ചകൾ നീട്ടിക്കൊണ്ടുപോയി മൊത്തം പട്ടിക വൈകിപ്പിക്കാനോ, പ്രതിസന്ധിയുണ്ടാക്കോനോ ആഗ്രഹമില്ല.

ഡൽഹിയിൽ എത്തുംവരെ തൃക്കാക്കരയിൽ തന്റെ പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ. ജില്ലാ സമിതിയും ബൂത്ത് തലം മുതലുള്ള പ്രവർത്തകരും ഒരുപേരേ നിർദേശിച്ചുള്ളൂ. ഡൽഹിയിൽ എത്തിയതോടെയാണു പട്ടികയിൽ വേറെ പേരു കയറ്റിയത്. തൃക്കാക്കരയിൽ ആരു മൽസരിച്ചാലും ജയിക്കും. തൃക്കാക്കര യുഡിഎഫിന്റെ കോട്ടയാണ്. പാർട്ടിയെ അനുസരിക്കുകയെന്നതാണു തന്റെ രാഷ്ട്രീയ സംസ്‌കാരം. കെഎസ്‌യു പ്രവർത്തകനായി പൊതുപ്രവർത്തനം തുടങ്ങിയ തനിക്ക് അതു തുടരാൻ എംഎൽഎ സ്ഥാനം അത്യന്താപേക്ഷിതമല്ലെന്ന് പറഞ്ഞാണ് ബെന്നി പിന്മാറ്റം പ്രഖ്യാപിച്ചത്.

എംഎൽഎ സ്ഥാനം ഇല്ലെങ്കിലും എ ഗ്രൂപ്പിന്റെ കരുത്തനായ വക്തവായി ബെന്നി ബെഹനാൻ തുടരും. എന്നാൽ ഗ്രൂപ്പ് മാനേജർമാർക്കെതിരായ സുധീരന്റെ ആദ്യ വിജയം തന്നെണ് ഇപ്പോഴുണ്ടായിരിക്കുന്നതും. അതുകൊണ്ട് മറ്റുള്ളവർക്കും ഒരു താക്കീത് നൽകാത് ഈ തീരുമാനത്തിലൂടെ സാധിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് തന്നെയാണ് ഏറ്റവും മുകളിൽ എന്ന് അരക്കിട്ടുറപ്പിക്കുന്നത് കൂടിയാണ് ഈ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP