Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

ജോലി തേടി ചൈന വഴി ഹോങ്കോങ്ങിലെത്തി; നാട്ടിലെത്തുമ്പോൾ യാത്ര പഴയ ഓൾട്ടോ കാറിലും; അതി സമ്പന്നനെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് അഞ്ചു കോടിയുടെ വീടുപണി തുടങ്ങിയപ്പോൾ; പനാമാ വെളിപ്പെടുത്തലിൽപ്പെട്ട റാന്നിക്കാരൻ ദിനേശ് പരമേശ്വരൻ നായരുടെ കഥ

ജോലി തേടി ചൈന വഴി ഹോങ്കോങ്ങിലെത്തി; നാട്ടിലെത്തുമ്പോൾ യാത്ര പഴയ ഓൾട്ടോ കാറിലും; അതി സമ്പന്നനെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത് അഞ്ചു കോടിയുടെ വീടുപണി തുടങ്ങിയപ്പോൾ; പനാമാ വെളിപ്പെടുത്തലിൽപ്പെട്ട റാന്നിക്കാരൻ ദിനേശ് പരമേശ്വരൻ നായരുടെ കഥ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പനാമ ആസ്ഥാനമായ മൊസാക്ക് ഫൊൻസേക്ക വഴി നിക്ഷേപം നടത്തിയ ദിനേശ് പരമേശ്വരൻ നായർ (37) റാന്നിക്കടുത്ത് വൈക്കം മന്ദിരം സ്വദേശിയാണ്. ലോകത്തിലെ സമ്പന്നരും പ്രമുഖരും ഉൾപ്പെട്ട കള്ളപ്പണ നിക്ഷേപ പട്ടികയിൽ ദിനേശും ഉൾപ്പെട്ടിരിക്കുന്നുവെന്ന വാർത്ത നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. സാമ്പത്തികമായി ഇടത്തരം കുടുംബത്തിൽപ്പെട്ട ദിനേശ് വർഷങ്ങൾക്ക് മുൻപ് ജോലി തേടി ചൈനയിലേക്ക് പോയതാണ്. പിന്നീട് അവിടെ നിന്ന് ഹോങ്‌കോങ്ങിലേക്ക് പോയി. ചൈനയിൽ ഗ്രാനൈറ്റ് കമ്പനിയിൽ പങ്കാളിത്തമുണ്ടെന്നാണ് ദിനേശ് നാട്ടുകാരോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നത്.

നാട്ടിലെത്തിയാൽ തന്റെ പഴയ ഓൾട്ടോ കാറിലായിരുന്നു സഞ്ചാരം. ഇത്രയും വലിയ കോടീശ്വരനാണെന്ന് ഭാവം പുറമേ കാണിച്ചിരുന്നുമില്ല. അടുത്തിടെ കുടുംബവീടിന് അടുത്തായി അഞ്ചു കോടിയോളം വിലമതിക്കുന്ന വീട് പണി ആരംഭിച്ചതോടെയാണ് ദിനേശ് സമ്പന്നനാണെന്ന് നാട്ടുകാർക്കും തോന്നിത്തുടങ്ങിയത്. രണ്ടു വർഷം മുൻപ് ആരംഭിച്ച വീടുപണി ഇതുവരെ പൂർത്തിയായിട്ടില്ല. കള്ളപ്പണ പട്ടികയിൽ ദിനേശിന്റെ പേര് വന്നതറിഞ്ഞ് വീട്ടിലുള്ള ഭാര്യ ജയശ്രീയും രണ്ടു പിഞ്ചുമക്കളും ഭയപ്പാടിലാണ്.

തന്നെ സംബന്ധിച്ച് ഇവിടുത്തെ പത്രങ്ങളിൽ വാർത്ത വന്നുവെന്ന് അറിഞ്ഞ് ദിനേശ് ജയശ്രീയെ വിളിച്ചിരുന്നു. പേടിക്കാൻ ഒന്നുമില്ലെന്നും സാമ്പത്തിക സ്രോതസ് തെളിയിക്കുന്നതിനുള്ള രേഖകൾ തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞതായി ജയശ്രീ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ ദിനേശിനെ ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നാണ് ജയശ്രീ പറയുന്നത്. വൈബർ മുഖേനെയാണ് കോൾ വിളിച്ചു കൊണ്ടിരുന്നത്. നിലവിൽ ദിനേശ് ഹോങ്‌കോങ്ങിൽ തന്നെയുണ്ട്.

ഗൽഡിങ് ട്രേഡിങ് കമ്പനി ഡയറക്ടറാണ് ദിനേശ് എന്നായിരുന്നു വാർത്ത. രഹസ്യനിക്ഷേപകരുടെ പട്ടികയിൽ സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോർജ് മാത്യുവിന്റെ പേരും ഉൾപ്പെട്ടിരുന്നു. 12 വർഷം മുമ്പ് സിംഗപ്പൂരിലേക്ക് പോയ മലയാളിയാണ് തിരുവനന്തപുരം സ്വദേശിയും ചാർട്ടേഡ് അക്കൗണ്ടന്റുമായ ജോർജ് മാത്യു. 12 വർഷം മുമ്പ് ഇന്ത്യ വിട്ടതിനാൽ റിസർവ് ബാങ്കിന്റെ അധികാരപരിധിയിൽപ്പെടില്ലെന്നാണ് ജോർജ് മാത്യു പറയുന്നത്. പാനമക്കമ്പനികൾ സിംഗപ്പൂരിലെ തന്റെ ഇടപാടുകാരുടേതാണെന്നും ഇന്ത്യയുടെ ആദായനികുതി നിയമങ്ങൾ ഇവയ്ക്കു ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെയാണ് ദിനേശിന്റെ പേര് ഉയർന്ന് വന്നത്. അമിതാഭ് ബച്ചൻ അടക്കമുള്ള പലപ്രമുഖരുടെ പേരും പുറത്തുവന്നിരുന്നു.

കള്ളപ്പണം വെളുപ്പിക്കുന്നതിന് സഹായിക്കുന്നതിന് പനാമ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മൊസാക് ഫോൻസെക എന്ന കന്പനിയുടെ കേന്ദ്ര ഓഫീസിൽ നിന്നാണ് സുപ്രധാന വിവരങ്ങൾ കഴിഞ്ഞ ദിവസം ചോർന്നത്. കള്ളപ്പണ നിക്ഷേപമുള്ള വിവരം പുറത്തു വന്നതിനെ തുടർന്ന് ഐസ്‌ലാൻഡ് പ്രധാനമന്ത്രി സിഗ്മണ്ടർ ഡേവിയോ ഗൺലോഗ്‌സൺ രാജി വച്ചിരുന്നു. പാനമ രേഖകൾ പ്രകാരം വിദേശത്തു നിക്ഷേപം നടത്തിയതായി പറയപ്പെടുന്ന അഞ്ഞൂറോളം ഇന്ത്യക്കാരുടെ വിവരങ്ങൾ കേന്ദ്രസർക്കാർ അന്വേഷിക്കവേയാണ് മലയാളികളുടെ വിവരങ്ങൾ പുറത്തുവരുന്നത്. ഓഫ് ഷോർ ഇൻവെസ്റ്റ്‌മെന്റ്‌സ് എന്ന് വിളിക്കുന്ന ഈ നിക്ഷേപങ്ങൾ കൂടുതലും ബ്രിട്ടിഷ് വെർജിൻ ഐലൻഡ്‌സ്, സെയ്‌ഷെൽസ്, പാനമ, ബഹാമാസ് തുടങ്ങിയ സ്ഥലങ്ങളിലാണ്.

ഇവിടെയെല്ലാം ബെയറർ ഓഹരികൾ ലഭ്യമാണ്. അതായത് ശരിയായ നിക്ഷേപകൻ ആരെന്നു വ്യക്തമാക്കേണ്ട കാര്യമില്ല. ഓഹരി ആരുടെ കൈവശമാണോ ആ വ്യക്തി തന്നെ ഉടമ, പണം ആരു നിക്ഷേപിച്ചു എന്ന് വെളിപ്പെടുന്നില്ല. ഇടപാടുകൾ രഹസ്യമായിരിക്കും. നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയുമില്ല. എൽ.ആർ.എസ് പ്രകാരം നിക്ഷേപം നടത്തിയാൽ ആർക്കും വൻതുക കടത്താനാവില്ല. പരമാവധി രണ്ടു ലക്ഷം ഡോളർ എന്നു പറയുമ്പോൾ ഏതാണ്ട് 1.30 കോടി രൂപയേ വരൂ. കള്ളപ്പണം വെളുപ്പിക്കാനാണ് ഇത് ചെയ്യുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP